മാറുന്ന കാലത്തിനൊപ്പം ഇരിണാവ് ബാങ്ക്

moonamvazhi

1955 ല്‍ 24 അംഗങ്ങളും 255 രൂപ ഓഹരി മൂലധനവുമായി
പ്രവര്‍ത്തനം ആരംഭിച്ച ഇരിണാവ് സഹകരണ
ബാങ്കിനിപ്പോള്‍ 12,792 എ ക്ലാസ് അംഗങ്ങളുണ്ട്.
ഓഹരിമൂലധനം 1.9 കോടി രൂപയായി. അഞ്ചു
ശാഖകളുണ്ട്. വനിതകള്‍ക്കു ഡ്രൈവിങ് പരിശീലനവും
വാഹനവായ്പയും നല്‍കാനുള്ള ബാങ്കിന്റെ പദ്ധതിയില്‍
നാനൂറോളം പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

വനിതകള്‍ക്കു ഡ്രൈവിങ് പരിശീലനവും വാഹനം വാങ്ങാന്‍ വായ്പയുമായി കണ്ണൂര്‍ ജില്ലയിലെ ഇരിണാവ് സര്‍വീസ് സഹകരണ ബാങ്ക്. ഡ്രൈവിങ് പരിശീലനപദ്ധതിയില്‍ ഇതിനകം പേര് രജിസ്റ്റര്‍ ചെയ്തതു നാനൂറോളം വനിതകളാണ്. ഇതില്‍ 125 പേര്‍ പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

സൗജന്യനിരക്കില്‍ വനിതകളെ ഡ്രൈവിങ് പഠിപ്പിക്കാനുള്ള പദ്ധതിക്കു ആവേശകരമായ പ്രതികരണമാണു തീരദേശഗ്രാമമായ ഇരിണാവില്‍ നിന്നുണ്ടായത്. ഇന്‍സ്ട്രക്ടര്‍മാരെ ബാങ്ക് നേരിട്ട് കണ്ടെത്തിയാണു ചിട്ടയായ പരിശീലനം നല്‍കുന്നത്. ബാങ്കിന്റെ കീഴില്‍ പരിശീലനം നേടുന്നവര്‍ക്കു നാലായിരം രൂപയോളം ചെലവ് ചുരുക്കാന്‍ കഴിയും. ലൈസന്‍സ് നേടുന്നവര്‍ക്കു ടൂവീലര്‍ വാങ്ങാന്‍ 90 ശതമാനം വരെ വായ്പയും ബാങ്ക് നല്‍കുന്നുണ്ട്. ഒരു ലക്ഷം രൂപ വായ്പ എടുക്കുന്നവര്‍ പ്രതിമാസം 3230 രൂപയാണു തിരിച്ചടയ്‌ക്കേണ്ടത്. വീട്ടമ്മമാര്‍, വിവിധ തൊഴില്‍മേഖലകളില്‍ പണിയെടുക്കുന്നവര്‍, വിദ്യാര്‍ഥിനികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരൊക്കെ ഡ്രൈവിങ് പരിശീലനപദ്ധതിയില്‍ ചേരാന്‍ അതിയായ ഉത്സാഹം കാണിക്കുന്നുണ്ട്.

തുടക്കം
1955 ല്‍

പഴയ ഇരിണാവ് വില്ലേജ് പ്രവര്‍ത്തനപരിധിയായി 1955 ഒക്ടോബര്‍ നാലിനു രജിസ്റ്റര്‍ ചെയ്യുകയും അക്കൊല്ലം ഡിസംബര്‍ 11 നു പ്രവര്‍ത്തനമാ രംഭിക്കുകയും ചെയ്ത വിവിധോദ്ദേശ്യ ഐക്യ നാണയ സഹകരണ സംഘമാണ് ഇന്നത്തെ ഇരിണാവ് സര്‍വീസ് സഹകരണ ബാങ്കായി രൂപാന്തരപ്പെട്ടത്. 1967 ലെ വില്ലേജ് പുനസ്സംഘടനയെത്തുടര്‍ന്ന് ഇരിണാവ് വില്ലേജ് ഇല്ലാതായി. ഈ വില്ലേജിലെ ഇരിണാവ് ദേശം കല്യാശ്ശേരി വില്ലേജിലും മടക്കര, തെക്കുമ്പാട് ദേശങ്ങള്‍ മാട്ടൂല്‍ വില്ലേജിലും ലയിപ്പിച്ചു. ഇതോടെ, ബാങ്കിന്റെ പ്രവര്‍ത്തനപരിധി കല്യാശ്ശേരി, മാട്ടൂല്‍ പഞ്ചായത്തുകളിലെ ആറു വാര്‍ഡുകളായി. ബാങ്ക് രൂപവത്കരണവേളയില്‍ 24 അംഗങ്ങളും 255 രൂപയുടെ ഓഹരി മൂലധനവുമാണുണ്ടായിരുന്നത്. ഇന്നിപ്പോള്‍ 12,792 എ ക്ലാസ് മെമ്പര്‍മാര്‍ ബാങ്കിനുണ്ട്. 1.9 കോടി രൂപയാണു ബാങ്കിന്റെ ഇപ്പോഴത്തെ ഓഹരിമൂലധനം. 121.41 കോടി രൂപയുടെ നിക്ഷേപവും 70.96 കോടിയുടെ വായ്പാ നീക്കിയിരിപ്പുമുണ്ട്. 25 സ്ഥിര ജീവനക്കാരും 19 ബില്‍ കലക്ടര്‍മാരും അഞ്ച് അപ്രൈസര്‍മാരും മൂന്നു സെയില്‍സ്മാന്‍മാരും ബാങ്കിനുണ്ട്. അഞ്ചു ശാഖകളാണുളളത്.

ഇരിണാവിലും മടക്കരയിലുമായി രണ്ടു പൊതുവിതരണകേന്ദ്രങ്ങള്‍ ബാങ്ക് നടത്തുന്നുണ്ട്. കൂടാതെ ഇരിണാവില്‍ നീതി സ്റ്റോര്‍, വളം വില്‍പ്പന കേന്ദ്രം എന്നിവയുമുണ്ട്. ഓണം, വിഷു തുടങ്ങിയ ഉത്സവനാളുകളില്‍ പ്രത്യേക ചന്തകള്‍ ബാങ്ക് നടത്തും. എല്ലാ വര്‍ഷവും മെയ് മുതല്‍ ജൂലായ് വരെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സ്റ്റുഡന്റ്മാര്‍ക്കറ്റും നടത്തുന്നുണ്ട്. വലിയ വിറ്റുവരവാണ് ഇവിടെയുണ്ടാകുന്നത്. പുതുതായി അലോപ്പതി ക്ലിനിക്ക്, നീതി മെഡിക്കല്‍സ്, കെട്ടിട നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കേന്ദ്രം എന്നിവ തുടങ്ങാന്‍ നടപടിയായിട്ടുണ്ട്. ഇതോടൊപ്പം, ടൂറിസം മേഖലയിലേക്കും ചുവടുവെക്കാനുളള തയാറെടുപ്പിലാണു ബാങ്ക്. കുപ്പം പുഴയിലെ തെക്കുമ്പാട് ദീപിനു ടൂറിസം സാധ്യതയേറെയാണ്. ഇത് ഉപയോഗപ്പെടുത്താനുളള ആലോചനയാണു നടക്കുന്നത്.

കൃഷിയും
മീന്‍പിടിത്തവും

കണ്ണൂര്‍ പട്ടണത്തില്‍നിന്നു 15 കിലോ മീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തീരദേശഗ്രാമമാണ് ഇരിണാവ്. കൃഷിയും മീന്‍പിടിത്തവു മാണു ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗവും മുഖ്യതൊഴിലും. ചെറുകിട വ്യവസായിക രംഗത്ത് ഏതാനും കൈത്തറി നെയ്ത്തുശാലകളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കര്‍ഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നെയ്ത്തുതൊഴിലാളികളും കര്‍ഷകരുമടങ്ങിയ ജനസമൂഹത്തിന്റെ സാമ്പത്തിക അത്താണിയായി മാറാന്‍ ഇരിണാവ് സര്‍വീസ് സഹകരണ ബാങ്കിനു സാധിച്ചിട്ടുണ്ട്. പ്രദേശത്തെ പ്രമുഖ കര്‍ഷകനും ചെറുകിട വ്യവസായിയുമായിരുന്ന പരേതനായ മാടവളപ്പില്‍ കുഞ്ഞപ്പയായിരുന്നു ഈ സഹകരണ സംഘത്തിന്റെ പ്രഥമ പ്രസിഡന്റ്. പി.വി. നാരായണന്‍ നമ്പ്യാരായിരുന്നു ആദ്യസെക്രട്ടറി. പിന്നീട് ഇരിണാവിലെ സാമൂഹികപ്രവര്‍ത്തകരായിരുന്ന പി. ഗോപാലന്‍ നമ്പ്യാര്‍, പി. ലക്ഷ്മണന്‍ നമ്പ്യാര്‍, എ.കെ. അച്യുതന്‍, പി.കെ. നാരായണന്‍ മാസ്റ്റര്‍, അഡ്വ. സി. കൃഷ്ണന്‍, പി. കുഞ്ഞഹമ്മദ്, പി. ഗോവിന്ദന്‍, ടി. ചന്ദ്രന്‍, പി. മനോഹരന്‍ എന്നിവര്‍ പ്രസിഡന്റ്ുമാരായി പ്രവര്‍ത്തിച്ചു.

വിവിധോദ്ദേശ്യ ഐക്യ നാണയ സംഘമായി പ്രവര്‍ത്തനമാരംഭിച്ച സംഘം 1962 ഫെബ്രുവരി 16 നു സര്‍വീസ് സഹകരണ സംഘമായും 1977 ഏപ്രില്‍ ഒന്നിനു സര്‍വീസ് സഹകരണ ബാങ്കായും മാറി. കൃഷിക്കാര്‍ക്കാവശ്യമായ കാര്‍ഷിക വായ്പ നല്‍കലും വിത്ത്, വളം,
കാര്‍ഷികോപകരണങ്ങള്‍ എന്നിവയുടെ വിതരണവുമായിരുന്നു ആദ്യകാലത്തെ പ്രവര്‍ത്തനങ്ങള്‍. കാര്‍ഷികരംഗത്തു വലിയ മുന്നേറ്റം ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ടെന്നു സെക്രട്ടറി കെ. രാജീവന്‍ പറഞ്ഞു. 2014 ല്‍ തരിശുനിലത്തു പച്ചക്കറിക്കൃഷി വ്യാപിപ്പിച്ചുകൊണ്ട് ബാങ്ക് നടത്തിയ പ്രവര്‍ത്തനം ശ്രദ്ധേയമായി. പ്രദേശത്തെ കര്‍ഷകരെ അണിനിരത്തി ക്ലസ്റ്റര്‍ രൂപവത്കരിച്ച് ഇരിണാവില്‍ 15 ഏക്കറോളം സ്ഥലത്താണു പച്ചക്കറിക്കൃഷി നടത്തിയത്. ഇതു വന്‍ ലാഭമായിരുന്നു. പച്ചക്കറിക്കൃഷിക്കാവശ്യമായ വളം, വിത്ത് എന്നിവ ബാങ്ക് സൗജന്യമായി നല്‍കി. ഇപ്പോള്‍ കര്‍ഷകര്‍ സ്വന്തം നിലയില്‍ സംഘം രൂപവത്കരിച്ച് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്താണു പച്ചക്കറിക്കൃഷി നടത്തുന്നതെങ്കിലും സാമ്പത്തികസഹായം നല്‍കുന്നത് ഇരിണാവ് സഹകരണ ബാങ്കാണ്. 2019 ല്‍ തരിശായിക്കിടന്ന 30 ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്തു നെല്‍ക്കൃഷിയും ബാങ്ക് നേരിട്ടു നടത്തിയിരുന്നു. നെല്‍ക്കൃഷി ലാഭകരമായതോടെ ഇപ്പോള്‍ ഭൂവുടമകള്‍തന്നെ ബാങ്കിന്റെ സഹകരണത്തോടെ നെല്‍ക്കൃഷി നടത്തുകയാണ്. ഇരിണാവ് തെക്കുമ്പാട് ഭാഗത്തെ വയലിലാണു നെല്‍ക്കൃഷി.

ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും നിക്ഷേപ സമാഹരണത്തിനുളള പുരസ്‌കാരവും ബാങ്കിനു മുമ്പ് ലഭിച്ചിട്ടുണ്ട്. കലാ- സാംസ്‌കാരിക രംഗത്തും ബാങ്ക് നിറഞ്ഞുനില്‍ക്കുന്നുണ്ട്. ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ സമന്വയത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷം പോലുളള പരിപാടികള്‍, ഉല്ലാസയാത്ര എന്നിവ നടത്താറുണ്ട്.

പി. കണ്ണനാണു ബാങ്കിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്. പി.പി. ഭാസ്‌കരന്‍, ടി. നാരായണന്‍, കെ.പി. ഗോപിനാഥന്‍, എം.ടി. കുഞ്ഞിരാമന്‍, കെ. കുഞ്ഞിരാമന്‍, ഇ. ചന്ദ്രന്‍, വി. മുഹമ്മദലി, ടി.കെ. ഭരതന്‍, ഒ. ശശിധരന്‍, വി. ജയന്തി, കെ. സുശീല, എം. ശാന്ത എന്നിവര്‍ ഡയരക്ടര്‍മാരും കെ. രാജീവന്‍ സെക്രട്ടറിയുമാണ്.

 

Leave a Reply

Your email address will not be published.

Latest News