ബജറ്റില്‍ സഹകരണ പങ്കാളിത്ത പദ്ധതികള്‍ ഏറെ

moonamvazhi

നവനീത് രാജ്

(2021 ഫെബ്രുവരി ലക്കം)

സഹകരണ സംഘങ്ങളുടെ മൂലധനവും അടിസ്ഥാന സൗകര്യവും ഭക്ഷ്യസംസ്‌കരണ മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ കേരള ബജറ്റ് ലക്ഷ്യമിടുന്നു. ഓരോ ജില്ലയിലും ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ സ്ഥാപിച്ച് സഹകരണ മേഖലയെ വികസിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. എല്ലാ പഞ്ചായത്തിലും
സഹകരണ സംഘങ്ങളിലൂടെ കോ – ഓപ് മാര്‍ട്ട് തുറക്കും.

സഹകരണ മേഖലയ്ക്ക് എന്തുണ്ട് സംസ്ഥാന ബജറ്റില്‍ എന്നു തേടിയാല്‍ 150 കോടി രൂപ വകയിരുത്തിയതാണ് അടയാളമായി കാണിക്കാനുള്ളത്. എന്നാല്‍, സഹകരണ മേഖലയുടെ പങ്കാളിത്തം ബജറ്റില്‍ അങ്ങോളമിങ്ങോളമുണ്ടെന്നതാണ് പ്രത്യേകത. പ്രാദേശിക വികസനത്തിന്, പ്രത്യേകിച്ച് ജിവനോപാധി പദ്ധതികളിലെല്ലാം, സഹകരണ മേഖലയ്ക്ക് പങ്കാളിത്തം നല്‍കിയ ബജറ്റാണ് ധനമന്ത്രി ടി.എം. തോമസ് ഐസക്ക് അവതരിപ്പിച്ചത്. കഴിഞ്ഞ ബജറ്റില്‍ ഈ സമീപനത്തിനു തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍, അതു വേണ്ടത്ര വിജയിച്ചില്ല. കോവിഡ് വ്യാപനം അതിനു തടസ്സമായെന്നു പറയാമെങ്കിലും കോവിഡ് അതിനു സാധ്യത ഒരുക്കുകകൂടി ചെയ്തുവെന്നു വിലയിരുത്തേണ്ടിവരും. ഭക്ഷ്യോല്‍പ്പാദനത്തിലും ഭക്ഷ്യസംസ്‌കരണ മേഖലയിലും സ്വയംപര്യാപ്തത എന്ന ആവശ്യം നമ്മളെ ബോധ്യപ്പെടുത്തിയതു കോവിഡാണ്. അങ്ങനെയാണ് ‘സുഭിക്ഷ കേരളം’ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിലുടനീളം പങ്കാളിയായത് സഹകരണ സംഘങ്ങളാണ്. ബജറ്റില്‍ നിര്‍ദേശിച്ച പദ്ധതികള്‍ക്ക് സഹകരണ പങ്കാളിത്തം വര്‍ധിപ്പിച്ചിരിക്കുന്നത് ഇതിന്റെ തുടര്‍ച്ചയായാണ്. കഴിഞ്ഞ ബജറ്റില്‍ തുടക്കമിട്ടതിനു ഈ ബജറ്റിലൂടെ മുന്നേറ്റമുണ്ടാക്കാനായാല്‍ അതു സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് മാത്രമല്ല, പ്രാദേശികമായി ജനജീവിതത്തിന്റെ ഉന്നതിക്കും വികസനത്തിനും വഴിയൊരുക്കും.

കേന്ദ്ര തലത്തില്‍ പദ്ധതി നിര്‍വഹണരീതി ഈ മട്ടിലേക്ക് മാറിയിട്ട് രണ്ടു വര്‍ഷമായി. നബാര്‍ഡ്, നാഫെഡ്, എന്‍.സി.ഡി.സി. എന്നിവയുടെയെല്ലാം പദ്ധതികള്‍ പരിശോധിച്ചാല്‍ ഇതു ബോധ്യമാകും. കര്‍ഷക കൂട്ടായ്മകള്‍, സ്വയംസഹായ സംഘങ്ങള്‍, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ എന്നിങ്ങനെ രൂപവത്കരിച്ച് ഉല്‍പ്പാദനക്ഷമത കൂട്ടുകയെന്നതാണ് സമീപനം. ഈ ഉല്‍പ്പാദനത്തിനു സംഭരണവും വിപണനവും ഒരുക്കാനുള്ള പദ്ധതികളാണ് മറ്റൊന്ന്. ഇതിനു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. അതില്‍ത്തന്നെ സഹകരണ സംഘങ്ങള്‍ സ്വന്തം നിലയില്‍ തയാറാക്കുന്ന കര്‍ഷക സഹായ പദ്ധതികള്‍ക്കു സബ്‌സിഡിയോടെയുള്ള വായ്പകളാണ് നബാര്‍ഡും എന്‍.സി.ഡി.സി.യും നല്‍കുന്നത്. ഇത്തരം കേന്ദ്രാവിഷ്‌കൃത പദ്ധതികളെ കൂടുതല്‍ സമര്‍ഥമായും സഹകരണ സംഘങ്ങളെ കൂടുതല്‍ പ്രായോഗികമായും ഉപയോഗപ്പെടുത്തുകയെന്ന സമീപനമാണ് സംസ്ഥാന ബജറ്റില്‍ സ്വീകരിച്ചിട്ടുള്ളത്.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കു കേന്ദ്രവിഹിതമായി പ്രതീക്ഷിക്കുന്നതും എന്‍.സി.ഡി.സി. സഹായവും ഉള്‍പ്പടെ 3704.91 കോടി രൂപയുടെ അടങ്കലാണ് ബജറ്റിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ ഉള്‍പ്പടെ പ്രത്യേക ഘടക പദ്ധതികള്‍ക്ക് 2708.54 കോടിയും പട്ടിക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്ക് 781.36 കോടിയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെത്തുടര്‍ന്നു തകര്‍ക്കപ്പെട്ട അവസരങ്ങള്‍ വീണ്ടെടുക്കല്‍, ഭക്ഷ്യസുരക്ഷയും ജീവനോപാധിയും ഉറപ്പാക്കല്‍, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, മഹാമാരി മൂലം ഉരുത്തിരിഞ്ഞ അവസരങ്ങള്‍ പ്രയോജനപ്പെടുത്തല്‍, ദുര്‍ബല വിഭാഗങ്ങള്‍ക്കു പിന്തുണ നല്‍കല്‍ എന്നിവയ്ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഇതിലെല്ലാം സഹകരണ മേഖലയ്ക്കു പങ്കാളിത്തവും ഉത്തരവാദിത്തവും ഏറ്റെടുക്കാനുണ്ടെന്ന നിര്‍ദേശം ബജറ്റ് മുന്നോട്ടുവെക്കുന്നുണ്ട്.

സഹകരണ സംരംഭകത്വം

സഹകരണ സംഘങ്ങളിലൂടെ ഉല്‍പ്പാദന സംരംഭങ്ങള്‍ രൂപവത്കരിക്കുക എന്ന നിര്‍ദേശമാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്. സുഭിക്ഷ കേരളത്തിന്റെ വിപുലീകരണം എന്നുവേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ഏതു സംരംഭം തുടങ്ങുന്നതിനും ഓരോ രീതിയിലുള്ള രജിസ്‌ട്രേഷന്‍ നടപടികളാണുള്ളത്. ഇതാണ് സഹകരണ സംഘങ്ങള്‍ക്കും ബാധകം. ഒരാഴ്ചകൊണ്ട് സംരംഭങ്ങള്‍ തുടങ്ങാനുള്ള അനുമതി കിട്ടുന്നവിധം ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട്. നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈനാക്കി. 26 വകുപ്പുകളില്‍ നിന്നുള്ള അനുമതികള്‍ ഒറ്റ അപേക്ഷയില്‍ തീര്‍പ്പാക്കുന്ന ക്രമീകരണമാണ് ‘ ഈസ് ഓഫ് ഡൂയിങ് ബിസിനസി’ന്റെ ഭാഗമായി തയാറാക്കിയിട്ടുള്ളത്.

സഹകരണ സംഘങ്ങള്‍ക്കു മൂലധനവും അടിസ്ഥാന സൗകര്യവും ഏറെയുണ്ട്. ഇത് ഭക്ഷ്യസംസ്‌കരണ മേഖലയിലേക്ക് ഉപയോഗപ്പെടുത്തുകയെന്ന കാഴ്ചപ്പാടാണ് ബജറ്റ് പുലര്‍ത്തുന്നത്. കേന്ദ്ര സ്‌കീമുകള്‍ക്കും ഇതേ മാനദണ്ഡമാണുള്ളത്. ഓരോ പ്രദേശത്തെയും കാര്‍ഷിക വിളകളെ അടിസ്ഥാനമാക്കി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ചുമതല സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കണമെന്നാണ് നിര്‍ദേശം. ഇതിനായി സര്‍ക്കാര്‍ ഏറെ സഹായവും മുന്നോട്ടുവെക്കുന്നുണ്ട്. മൂന്നു കോടി രൂപയാണ് ഇതിന്റെ നടപടികള്‍ക്കായി ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. കാര്‍ഷിക – ഭക്ഷ്യസംസ്‌കരണ മേഖലയില്‍ മുന്നേറ്റമുണ്ടാക്കുക എന്നതിനൊപ്പം തൊഴിലവസം സൃഷ്ടിക്കാനുള്ള പദ്ധതിയായാണ് സഹകരണ സംരംഭകത്വം എന്നതിലൂടെ ബജറ്റ് നിര്‍ദേശിക്കുന്നത്.

ഉല്‍പ്പാദന ക്ലസ്റ്റര്‍

ഓരോ ജില്ലയിലും ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ സ്ഥാപിച്ച് സഹകരണ മേഖലയെ വികസിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമായി ബജറ്റില്‍ പറയുന്നത്. പ്രാദേശികമായി ലഭിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളെ ആസ്പദമാക്കി ഉല്‍പ്പാദന ക്ലസ്റ്റര്‍ തുടങ്ങണമെന്നാണ് നിര്‍ദേശിക്കുന്നത്. എല്ലാ ജില്ലകളിലും ശക്തമായ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ തിരഞ്ഞെടുത്താകും ഇതിനുള്ള ചുമതല നല്‍കുക. ക്ലസ്റ്റര്‍ രൂപവത്കരണത്തിനും കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ഇതിനാണ് ബജറ്റില്‍ മൂന്നു കോടി രൂപ വകയിരുത്തിയിട്ടുള്ളത്.

നാളികേരം ഏറെ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാല്‍, നാളികേരാധിഷ്ഠിത സംരംഭങ്ങള്‍ക്ക് ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. നാളികേര കര്‍ഷകരുടെ ക്ലസ്റ്ററുകള്‍ രൂപവത്കരിക്കുക, ഈ ക്ലസ്റ്ററുകള്‍ അടിസ്ഥാനമാക്കി മൂല്യവര്‍ധിത ഉല്‍പ്പന്ന സംരംഭങ്ങള്‍ തുടങ്ങുക എന്നാണ് നിര്‍ദേശിക്കുന്നത്. ക്ലസ്റ്ററുകളും സംരംഭങ്ങളും തുടങ്ങാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. മൂല്യവര്‍ധന, സംസ്‌കരണം, വിപണനം എന്നീ മേഖലകളിലാണ് ക്ലസ്റ്ററുകള്‍ തുടങ്ങാനാകുന്നത്. പാലക്കാട് നെല്ല് സംഭരണ-സംസ്‌കരണ-വിപണന സഹകരണ സംഘങ്ങള്‍ക്കുള്ള സഹായവും ഈ പദ്ധതിയ്ക്കു കീഴില്‍ വകയിരുത്തിയിട്ടുണ്ട്.

വിപണന സംഘങ്ങള്‍ക്കും സഹായം

ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കുമ്പോഴാണ് ഏതു സംരംഭവും വിജയിക്കുന്നത്. ഇതിനുള്ള നിര്‍ദേശവും ബജറ്റിലുണ്ട്. എല്ലാ പഞ്ചായത്തിലും സഹകരണ സംഘങ്ങളിലൂടെ കോ-ഓപ് മാര്‍ട്ട് തുറക്കുമെന്നാണ് പ്രഖ്യാപനം. അത് സഹകരണ വിപണന-വിതരണ സംവിധാനത്തിനു വലിയ ശൃംഖലയൊരുക്കും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കായി വിപണന-അടിസ്ഥാന സൗകര്യവികസനത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്നു ബജറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനുള്ള പണവും നീക്കിവെച്ചിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ സാമ്പത്തിക വളര്‍ച്ചയും വരുമാനം ഉറപ്പാക്കുന്നതുമായ പദ്ധതികളാണ് സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കേണ്ടത്. സംഘങ്ങളുടെ പ്രവര്‍ത്തനം, പദ്ധതികളുടെ പ്രായോഗികത എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കിയായിരിക്കും സര്‍ക്കാര്‍ സഹായം അനുവദിക്കുക.

സംരംഭങ്ങള്‍ക്കു മാത്രമല്ല അതിന്റെ ഉല്‍പ്പന്നങ്ങളുടെ വിപണന – വിതരണ സംവിധാനം ഒരുക്കുന്നതിനും പ്രായോഗിക പഠനം വേണമെന്നതാണ് മറ്റൊരു കാര്യം. പദ്ധതിരേഖയുടെ അടിസ്ഥാനത്തില്‍ സഹായധനം അനുവദിക്കുകയെന്നതാണ് ഈ ബജറ്റ് പുലര്‍ത്തുന്ന കാഴ്ചപ്പാട്. ഒരു സംരംഭം പല മേഖലകളാക്കി തിരിച്ച് വിവിധ സ്‌കീമില്‍നിന്നു സഹായം ഉറപ്പുവരുത്താന്‍ സംഘങ്ങള്‍ക്കാവും. ബജറ്റില്‍ നിര്‍ദേശിക്കുന്ന പദ്ധതിയനുസരിച്ച് സഹകരണ സംഘങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ എന്താണെന്നും നിശ്ചയിച്ചിട്ടുണ്ട്. തരംതിരിക്കല്‍, ഗ്രേഡിങ്, പാക്കിങ്, കാര്‍ഷിക സംസ്‌കരണ യൂണിറ്റുകളുടെ ലേബലിങ് എന്നിവയാണത്. ഇവയുടെ സാധ്യതകള്‍ പരിശോധിച്ചാവണം ഓരോ സംഘവും ഇതിലേക്ക് ഇറങ്ങേണ്ടത്. പ്രൊജക്ട് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് സഹായവും സംസ്ഥാന സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷനു വിപണനവുമായി ബന്ധപ്പെട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായവും നല്‍കുന്നു. രണ്ടരക്കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.

കാര്‍ഷിക മേഖലയില്‍ ഇടപെടല്‍

പരമാവധി കാര്‍ഷികോല്‍പ്പാദനം എന്നതാണ് ബജറ്റ് മുന്നോട്ടുവെക്കുന്ന നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ കൃഷിവകുപ്പിനെയും സഹകരണ സംഘങ്ങളെയും കൂട്ടിയോജിപ്പിച്ച് കാര്‍ഷികോല്‍പ്പാദനത്തിലേക്ക് ഇറങ്ങാനാണ് നിര്‍ദേശിക്കുന്നത്. ഇതിനു ബ്ലോക്ക് തലത്തില്‍ കര്‍ഷക സഹായ കേന്ദ്രങ്ങള്‍ തുടങ്ങുക, കാര്‍ഷിക ഉപകരണങ്ങള്‍ നല്‍കാനുള്ള കേന്ദ്രം തുടങ്ങുക എന്നിവയെല്ലാം സഹകരണ സംഘങ്ങള്‍ക്ക് ഏറ്റെടുക്കാമെന്നു പറയുന്നുണ്ട്. ഇത്തരത്തില്‍ കര്‍ഷകരെ സഹായിക്കാനുള്ള കേന്ദ്രങ്ങള്‍ക്കു അടിസ്ഥാന സൗകര്യമൊരുക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും.

ഭക്ഷ്യവിള ഉല്‍പ്പാദനത്തിനു നാല് പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെല്ല് വികസനം, പ്രാദേശിക പ്രാധാന്യമുള്ള വിളകളുടെ വികസനം, പച്ചക്കറി വികസനം, കിഴങ്ങ് – പയര്‍വര്‍ഗങ്ങളുടെ വികസനം എന്നിവ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും പരിചയസമ്പത്തുള്ളതുമായ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ എന്നിവയുടെ സഹായത്തോടെയാകും ഇതു നടപ്പാക്കുന്നത്. 190.62 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിട്ടുള്ളത്. കോവിഡ് കാലത്താണ് ഭക്ഷ്യ സ്വയംപര്യാപ്തതയുടെ ആവശ്യം നമ്മള്‍ തിരിച്ചറിഞ്ഞത്. ഇതിനുവേണ്ടിയാണ് സുഭിക്ഷ കേരളം പദ്ധതി പ്രഖ്യാപിച്ചത്. ഒരു തുണ്ടു ഭൂമിപോലും തരിശിടാതെ കൃഷിക്കുപയുക്തമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സ്വയംസഹായ ഗ്രൂപ്പ് വിപുലമാക്കുന്നു

സ്വയം സഹായ ഗ്രൂപ്പുകള്‍ എന്നത് കുടുംബശ്രീ തലത്തില്‍ ഒതുക്കാതെ വിപുലമായ രീതിയില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള കൃഷിരീതി കര്‍ഷകനു നഷ്ടമുണ്ടാക്കാന്‍ സാധ്യത ഏറെയാണ്. ഇതിനു പരിഹാരമായാണ് ഗ്രൂപ്പ് ഫാമിങ് കൊണ്ടുവരുന്നത്. സഹകരണ സംഘങ്ങള്‍ക്കു കീഴില്‍ സ്വയം സഹായ സംഘങ്ങള്‍ രൂപവത്കരിച്ചോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ കര്‍ഷക കൂട്ടായ്മ ഉണ്ടാക്കിയോ ഇത്തരം കൃഷിയിലേക്ക് നീങ്ങണമെന്നാണ് നിര്‍ദേശം. ഒറ്റയ്ക്കുള്ള കൃഷിയാണെങ്കിലും ഭൂമി തരപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാക്കണം. ഇതിനു യന്ത്രവല്‍ക്കരണം കൊണ്ടുവരണം. ഇങ്ങനെ കര്‍ഷകര്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനാണ് അവ സഹകരണ സംഘങ്ങള്‍ക്കു വാങ്ങി വാടകയ്ക്ക് നല്‍കാമെന്നു നിര്‍ദേശിക്കുന്നത്. സംഘങ്ങള്‍ക്കു ഇങ്ങനെ ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. സഹകരണ സംഘങ്ങള്‍ കാര്‍ഷിക വായ്പയുടെ വിതരണം വ്യാപിപ്പിക്കണമെന്നു ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മൊത്തം വായ്പയുടെ 40 ശതമാനമെങ്കിലും കാര്‍ഷിക വായ്പയാകണമെന്നാണ് നിര്‍ദേശം.

കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു സഹായം

* സ്വാശ്രയ സഹായ സംഘങ്ങളെ പ്രോത്സാഹിപ്പിക്കും. കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘങ്ങള്‍ക്ക് ഓരോന്നിനും 1000 രൂപ വീതം സര്‍ക്കാര്‍ സഹായം നല്‍കും. പ്രാഥമികച്ചെലവുകള്‍ക്കുള്ള സഹായവും ഉറപ്പു വരുത്തും. സ്വയം സഹായ സംഘങ്ങളിലൂടെ കാര്‍ഷിക സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനു ഓഹരിയായോ സബ്‌സിഡിയായോ സഹായം നല്‍കും.

* കഴിഞ്ഞ വര്‍ഷം നല്‍കിയ മൊത്തം കാര്‍ഷിക വായ്പയേക്കാള്‍ 20 ശതമാനത്തില്‍ കൂടുതല്‍ തുക നെല്‍ക്കൃഷിക്കായി വായ്പ നല്‍കുന്ന ഓരോ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘത്തിനും 25,000 രൂപ വീതം നല്‍കും. കൊയ്ത്തുയന്ത്രം വാങ്ങാന്‍ നാലു ലക്ഷം രൂപ വരെ നല്‍കും. വീടുകളില്‍ സൗരോര്‍ജ , ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാനായി കൊടുക്കുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും.

* വായ്പാ സഹകരണ സംഘങ്ങളുടെ ആധുനികീകരണത്തിനു 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കോര്‍ബാങ്കിങ് സൊല്യൂഷന്റെ വികസനത്തിനും നിലവിലുള്ള സാങ്കേതിക വിദ്യയുടെ നിലവാരം ഉയര്‍ത്തുന്നതിനും ഈ സഹായം കിട്ടും. ദേശീയതലത്തിലുള്ള ഐ.ടി വിദഗ്ധരെ താല്‍ക്കാലികമായി നിയമിക്കുന്നതിനും ദേശീയ തലത്തിലുള്ള സ്ഥാപനങ്ങളുടെ സാങ്കേതിക സഹായം സ്വീകരിക്കുന്നതിനും ഈ പദ്ധതിയില്‍നിന്നു സംഘങ്ങള്‍ക്കു സാമ്പത്തിക സഹായം തേടാം. ഇതിനു പ്രത്യേക അനുമതി വാങ്ങണം. കേരള ബാങ്ക്, പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവ ഈ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിരിക്കും. ഇതിനായി 400 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കേരള ബാങ്കിനുവേണ്ടിമാത്രം ഒരു കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

* പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ഒഴികെയുള്ള മറ്റ് സഹകരണ സംഘങ്ങള്‍ക്ക് ആധുനികീകരണത്തിനും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനും സഹായം നല്‍കും. ഇതിനു ഒന്നരക്കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

* പുതിയ സംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങാനും ദുര്‍ബലമായ യൂണിറ്റുകളെ ശക്തിപ്പെടുത്താനും സഹായം കിട്ടും. മൊത്തം ചെലവിന്റെ 50 ശതമാനം എന്‍.സി.ഡി.സി. വായ്പയായി ലഭ്യമാക്കും. 30 ശതമാനം സര്‍ക്കാര്‍ ഓഹരിയായും 10 ശതമാനം സബ്‌സിഡിയായും നല്‍കും. 10 ശതമാനം സംഘത്തിന്റെ വിഹിതമാണ്. പുതിയ സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കല്‍, മൂലധനാടിസ്ഥാനം ശക്തിപ്പെടുത്തല്‍, നിലവിലുള്ള യൂണിറ്റുകളുടെ വ്യാപനം, നവീകരണം, പുനരുദ്ധാരണം, വൈവിധ്യവല്‍ക്കരണം എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനതല കമ്മോഡിറ്റി ഫെഡറേഷനും മാര്‍ക്കറ്റിങ് സഹകരണ സ്ഥാപനങ്ങള്‍ക്കും വ്യാപാരം മെച്ചപ്പെടുത്താന്‍ മാര്‍ജിന്‍ മണിയും ഈ പദ്ധതിയില്‍ നല്‍കും.

* പ്രായോഗികമായി വാണിജ്യ പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്ന സഹകരണ സംഘങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഏഴരക്കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സംഘങ്ങള്‍ക്കു അവരുടെ പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സാമ്പത്തിക സഹായം നല്‍കുന്നത്. 10 ശതമാനം സബ്‌സിഡി, 20 ശതമാനം ഓഹരി, 20 ശതമാനം വായ്പ എന്നിങ്ങനെ പദ്ധതിച്ചെലവിന്റെ 50 ശതമാനമാണ് പരമാവധി സഹായം. ബാക്കിത്തുക സംഘത്തിന്റെ സ്വന്തം ഫണ്ടില്‍നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നോ കണ്ടെത്തണം.

അമൂല്‍ മാതൃകയില്‍ റബ്ബര്‍ സംഘങ്ങള്‍

അമൂല്‍ മാതൃകയില്‍ സഹകരണ സംഘങ്ങള്‍ തുടങ്ങുകയും അതിനൊരു കേന്ദ്ര സ്ഥാപനമുണ്ടാക്കുകയും ചെയ്യുമെന്നാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. ക്ഷീര സംഘങ്ങള്‍ക്കു സമാനമായി പ്രാദേശികമായി റബ്ബര്‍ സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് കേരള റബ്ബര്‍ ലിമിറ്റഡ് എന്ന കമ്പനിക്കു കീഴിലാകും.

സര്‍ക്കാര്‍ ഓഹരി 26 ശതമാനവും ബാക്കി സ്വകാര്യ നിക്ഷേപകരുടെ വിഹിതവും ചേര്‍ത്ത് സിയാല്‍ മോഡലിലുള്ള ഒരു കമ്പനിയാണ് കേരള റബ്ബര്‍ ലിമിറ്റഡ്. ഇത് ലാറ്റക്‌സ് അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളുടെ ഹബ്ബായും അമൂല്‍ മോഡലില്‍ സ്വാഭാവിക റബ്ബര്‍ സംഭരണത്തിനുള്ള സഹകരണ സംഘമായും പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് റബ്ബറധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പ്പാദനത്തിനു പ്രോത്സാഹനം നല്‍കിക്കൊണ്ട് റബ്ബര്‍ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ 1050 കോടി രൂപയുടെ ഒരു ബൃഹത് പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രാദേശിക റബ്ബര്‍ സഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍നിന്നു റബ്ബര്‍ ഷീറ്റുകളും മറ്റും വാങ്ങും. സര്‍ക്കാരിന്റെ സബ്‌സിഡി കൂടി കര്‍ഷകര്‍ക്കു നല്‍കിയാകും ഇവ വാങ്ങുക. ഇങ്ങനെ സംഘങ്ങള്‍ വാങ്ങുന്ന റബ്ബര്‍ കമ്പനി ഏറ്റെടുക്കും. എന്നിട്ട്് ഉല്‍പ്പന്നങ്ങളാക്കി വിപണിയിലെത്തിക്കും. ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകര്‍ക്കു പരമാവധി വില കിട്ടുമാറാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്നു ഘട്ടമായാണ് ഈ പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ സോളിഡ് ഒ.ടി.ആര്‍. ടയറുകളും ( 50 മെട്രിക് ടണ്‍ ), ഹീറ്റ് റെസിസ്റ്റന്‍സ് ലാറ്റക്‌സ് ട്രഡും ( പ്രതിദിനം 10 മെട്രിക് ടണ്‍ ) നിര്‍മിക്കാനാണ് കമ്പനി വിഭാവനം ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ സോളിഡ് ഒ.ടി.ആര്‍. ടയറുകളുടെ ശേഷി പ്രതിദിനം 100 മെട്രിക് ടണ്ണായി ഉയര്‍ത്തും. രണ്ടാംഘട്ടത്തിനു 425 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. മൂന്നാം ഘട്ടത്തില്‍ സോളിഡ് ഒ.ടി.ആര്‍. ടയറുകളുടെയും ന്യുമാറ്റിക് ഒ.ടി.ആര്‍. ടയറുകളുടെയും ഇന്‍സ്റ്റാള്‍ ചെയ്ത ശേഷി പ്രതിദിനം 50 മെട്രിക് ടണ്ണാക്കും. മൊത്തം പദ്ധതിച്ചെലവാണ് 1050 കോടി. ആദ്യഘട്ടമാണ് 2021-2022 ല്‍ നടപ്പാക്കുന്നത്. ഇതിനു 450 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കേരള ബാങ്കിന്റെ സാധ്യത

കേരള ബാങ്കിന്റെ സാധ്യതയും പദ്ധതി നിര്‍വഹണത്തിലെ പങ്കാളിത്തത്തില്‍ അതിനുള്ള പ്രാധാന്യവും വിവരിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. 61,000 കോടി നിക്ഷേപമാണ് കേരള ബാങ്കിനുള്ളത്. പ്രവാസി നിക്ഷേപത്തിനു റിസര്‍വ് ബാങ്കില്‍നിന്ന് അനുമതി കിട്ടിയാല്‍ ഈ നിക്ഷേപം ഇരട്ടിയാകും. കാര്‍ഷിക വികസന വായ്പകള്‍ക്കു മാത്രമല്ല കൃഷിക്കാരുടെ സംരംഭങ്ങളിലൂടെ മൂല്യവര്‍ധിത ഉല്‍പ്പന്ന വ്യവസായങ്ങള്‍ വളര്‍ത്തുന്നതിനും ഈ നിക്ഷേപം ഉപയോഗിക്കാനാകുമെന്നു ധനമന്ത്രി പ്രതീക്ഷിക്കുന്നു. പദ്ധതി നിര്‍വഹണത്തില്‍ സാമ്പത്തിക സഹായം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഉറപ്പാക്കുകയെന്ന കാഴ്ചപ്പാടാണ് കേരള ബാങ്കിലൂടെ പുലര്‍ത്തുന്നത്. സേവന മേഖലകളില്‍ സഹകരണ പങ്കാളിത്തം കേരള ബാങ്കിനു നിര്‍വഹിക്കുന്നതിനുള്ള തടസ്സമാണ് ഇത്തരമൊരു പരിഷ്‌കാരത്തിലേക്ക് പദ്ധതി നിര്‍വഹണം മാറ്റാന്‍ കാരണം.

കേരള ബാങ്കിനു പൂര്‍ണമായും സഹകരണ തത്വങ്ങളിലും മൂല്യങ്ങളിലും ഉറച്ചുനില്‍ക്കുമ്പോഴും റിസര്‍വ് ബാങ്കിന്റെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. അതുകൊണ്ട് നേരിട്ട് ബാങ്കിങ് ഇതര സേവനങ്ങള്‍ ഏറ്റെടുക്കാനാവില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക സംഘങ്ങളിലൂടെ നിര്‍വഹിക്കാനാണ് ലക്ഷ്യമിടുന്നത്. ഉല്‍പ്പാദന മേഖലയില്‍ വേണ്ടത്ര മുന്നേറ്റമുണ്ടാക്കാന്‍ കേരളത്തിനായിട്ടില്ല. പ്രാദേശിക തലത്തില്‍ സര്‍വീസ് സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും ക്ലസ്റ്ററുകള്‍ അടിസ്ഥാനത്തില്‍ സംരംഭകത്വത്തിലേക്ക് മാറണമെന്നാണ് ബജറ്റ് നിര്‍ദേശിക്കുന്നത്. ഇതിനുള്ള സാമ്പത്തിക സഹായം കേരള ബാങ്കിലൂടെ നല്‍കാനാകും. കേരളത്തിന്റെ ബദല്‍ സാമ്പത്തിക സംവിധാനമാണ് കേരള ബാങ്ക് എന്നും ധനമന്ത്രി പറയുന്നു.

സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകളുടെ ലയനം പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കുന്നതിനു ഒരു കോടി രൂപ പ്രത്യേകമായി കേരള ബാങ്കിനു വകയിരുത്തിയിട്ടുണ്ട്. ഇതിനൊപ്പം, സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിനുള്ള പ്രാധാന്യവും ബജറ്റ് ചൂണ്ടിക്കാട്ടുന്നുണ്ട്. കേരള ബാങ്കിന്റെ സേവനം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലൂടെ ജനങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ കോര്‍ബാങ്കിങ് സോഫ്റ്റ്‌വെയര്‍ നെറ്റ്‌വര്‍ക്കും ഒരുക്കേണ്ടതുണ്ട്. ഇതിനൊപ്പം, പ്രവാസി നിക്ഷേപം സ്വീകരിക്കാനുള്ള അനുമതിയും കേരള ബാങ്ക് കരസ്ഥമാക്കണം. ഇതോടെ, സംരംഭകത്വ വികസന പദ്ധതികള്‍ക്ക് കേരള ബാങ്ക് കേരളത്തിന്റെ ഒരു ബദല്‍ ധനകാര്യ സ്ഥാപനമായി വളരുമെന്ന പ്രതീക്ഷയാണ് ബജറ്റ് പുലര്‍ത്തുന്നത്.

സഹകരണ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റ്   – മന്ത്രി കടകംപള്ളി

സഹകരണ മേഖലയ്ക്ക് കൂടുതല്‍ ശക്തി പകരുന്ന ബജറ്റാണിതെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. സഹകരണ വകുപ്പിനു പ്ലാന്‍ ഇനത്തില്‍ 159 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 40 കോടി രൂപ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാണ് നല്‍കുക. പ്രാഥമിക സംഘങ്ങളെ ഏകീകൃത സോഫ്റ്റ് വെയറില്‍ കൊണ്ടുവന്ന് സമ്പൂര്‍ണ്ണമായും ഡിജിറ്റല്‍വല്‍ക്കരിച്ചതിനു ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബാങ്കാക്കി മാറ്റാന്‍ ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരള ബാങ്കിലൂടെ സംരംഭകത്വ വികസനത്തിനു പിന്തുണ നല്‍കുന്നതിനെ ക്കുറിച്ചും ബജറ്റില്‍ പ്രതിപാദിക്കുന്നുണ്ട്.

കര്‍ഷകരില്‍ നിന്നു റബ്ബര്‍ സംഭരിക്കാന്‍ അമുല്‍ മാതൃകയില്‍ ഒരു സഹകരണസംഘം രൂപവത്കരിക്കും. കേരള റബ്ബര്‍ ലിമിറ്റഡ് എന്ന കമ്പനിക്കു കീഴിലായി ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കും. ബ്ലോക്ക് അടിസ്ഥാനത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ കോള്‍ഡ് സ്റ്റോറേജ് ശൃംഖല സ്ഥാപിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാകും. വായ്പ അടിസ്ഥാനമാക്കി കാര്‍ഷികേതര മേഖലയില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതികള്‍ നടപ്പാക്കുന്നതും സഹകരണ സംഘങ്ങള്‍ക്കു കീഴില്‍ നാളികേര സംസ്്കരണ യൂണിറ്റുകള്‍, കോ-ഓപ്പ് മാര്‍ട്ടുകള്‍ എന്നിവ വ്യാപകമായി ആരംഭിക്കുന്നതും എടുത്തുപറയേണ്ടതാണ്. എസ്.സി / എസ്.ടി സഹകരണ സംഘങ്ങള്‍ പുനഃസംഘടിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഒപ്പം, എസ്.സി / എസ്.ടി. സംഘങ്ങള്‍ മുന്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനും ബജറ്റില്‍ നിര്‍ദേശമുണ്ട് – മന്ത്രി പറഞ്ഞു.

കോ – ഓപ്പ് മാര്‍ട്ടുകള്‍ മുഖേന പച്ചക്കറികള്‍ക്കു തറവില ഉറപ്പാക്കി സംഭരണം നടത്തും. സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്കു കീഴില്‍ കോക്കനട്ട് ക്ലസ്റ്ററുകള്‍ ആരംഭിക്കാന്‍ ഓരോ ക്ലസ്റ്ററിനും 10 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചത് സ്വാഗതാര്‍ഹമാണ്. കേരള സംസ്ഥാന ഹോമിയോപ്പതി സഹകരണ സംഘത്തിന്റെ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുന്നതിലേക്കായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സര്‍വ്വീസ് സഹകരണ സംഘങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള തീരുമാനം ഗുണകരമാണ്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിനു കീഴില്‍ ഭാഷാ – സാഹിത്യ – വിജ്ഞാന മ്യൂസിയം സ്ഥാപിക്കുന്നതിനു തുക വകയിരുത്തിയത് സ്വാഗതാര്‍ഹമാണ്. കേരള ബാങ്കിനെ ബജറ്റില്‍ പ്രത്യേകം പരാമര്‍ശിച്ചതും സന്തോഷകരമാണ്. പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ വാഗ്ദാനം ചെയ്ത കേരള ബാങ്ക് 61,000 കോടി രൂപയുടെ നിക്ഷേപത്തോടെ യാഥാര്‍ഥ്യമായത് കേരള വികസനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നു സൂചിപ്പിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ് – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!