കേരളബാങ്കിന് ഉപാധികളോടെ റിസര്‍വ് ബാങ്കിന്റെ അനുമതി

[email protected]

കേരളബാങ്കിനായി ഉപാധികളോടെ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കി. പൊതുയോഗത്തിന്റെ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ ലയനം വേണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമപരവും സാമ്പത്തികപരവും ഭരണപരവുമായി നിബന്ധനകള്‍ പാലിച്ച് 2019 മാര്‍ച്ച് 31നകം ലയനനടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ബുധനാഴ്ച നല്‍കിയ കത്തിലാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ണായക തീരുമാനം സര്‍ക്കാരിനെ അറിയിച്ചതെന്ന് പറഞ്ഞു.

ലയനത്തിനായി ചില ഉപാധികള്‍ റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ചിട്ടുണ്ട്. കേരള സഹകരണ സംഘം നിയമവും ചട്ടവും പാലിച്ചുവേണം ലയന നടപടി സ്വീകരിക്കേണ്ടതെന്നാണ് ഇതില്‍ പ്രധാനം. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന് തടസ്സമാകുന്നവിധം കോടതി നടപടികള്‍ ഇല്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ലയനനടപടികള്‍ ബാങ്കുകളിലെ അംഗങ്ങളെ അറിയിക്കേണ്ടതുണ്ട്. മാത്രവുമല്ല, ജില്ലാ സഹകരണ ബാങ്കുകളുടെ പൊതുയോഗം വിളിച്ചുചേര്‍ത്ത് അതില്‍ പങ്കെടുത്തവരുടെ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ ലയനത്തിനുള്ള അനുമതി നേടണം. ആസ്തി-ബാധ്യതകളുടെ കൈമാറ്റം സംബന്ധിച്ച് സംസ്ഥാന സഹകരണ ബാങ്കും ജില്ലാസഹകരണ ബാങ്കുകളും തമ്മില്‍ എ.ഒ.യു. ഒപ്പുവെക്കണം. ഇതില്‍ ഉല്‍പ്പെടുത്തേണ്ട വ്യവസ്ഥകളും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എല്ലാനല്ലകാര്യങ്ങളും ഉടയ്ക്ക് വെക്കാന്‍ ചിലരുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ കേരളബാങ്ക് രൂപവ്തകരണം തടയാന്‍ റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിരുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. നാലുപേജുള്ള കത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. സഹകരണ മേഖല നശിക്കാതിരിക്കാന്‍ കേരളത്തിലെ ഹ്രസ്വകാല വായ്പമേഖല രണ്ടുതട്ടില്‍തന്നെ നിലനിര്‍ത്തണമെന്നതാണ് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കത്ത് നല്‍കിയത് ആരാണെന്ന് അദ്ദേഹം പറഞ്ഞില്ല. പേരും പറഞ്ഞും പറയാതെയും കുറെയേറെ കത്തുകള്‍ കേരളബാങ്കിനെതിരെ റിസര്‍വ് ബാങ്കിന് ലഭിച്ചിട്ടുണ്ട്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് മാരുടെ പേരിലാണിതിലൊന്ന്. അതില്‍ പറഞ്ഞ പേരുകാര്‍ പലരും ഇത്തരമൊരു കത്ത് റിസര്‍വ് ബാങ്കിന് നല്‍കിയ കാര്യം അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെയൊരു ഊമ കത്തുണ്ടായതിനെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും സന്തോഷകരവും സഹകരണ മേഖലയ്ക്ക് ഗുണകരവുമായ വാര്‍ത്തിയാണ് റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. നിബന്ധനകള്‍ ഉള്‍പ്പെടുത്തിയ സ്ഥിതിക്ക് ഇനി ഓര്‍ഡിനന്‍സിന്റെ ആവശ്യമുണ്ടോയെന്ന് കാര്യം പരിശോധിക്കണം. അതിന് ശേഷമായിരിക്കും ഇതില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!