നഷ്ടത്തിലെങ്കിലും പ്രവര്‍ത്തനം മികച്ചത്; കല്‍പ്പറ്റ ലേബര്‍ സംഘത്തിന് ഇനി 25 കോടിക്കും കരാറെടുക്കാം

Deepthi Vipin lal

അറ്റനഷ്ടത്തിലാണെങ്കിലും മികച്ച പ്രവര്‍ത്തനം നടത്തുന്ന വയനാട്ടിലെ കല്‍പ്പറ്റ സോണ്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് സര്‍ക്കാരിന്റെ പിന്തുണ. സംഘത്തിന് ഏറ്റെടുക്കാവുന്ന കരാറിന്റെ പരിധി 25 കോടി രൂപയായി ഉയര്‍ത്തി. അഞ്ചു കോടി രൂപവരെയുള്ള ഒറ്റ പ്രവൃത്തി ഏറ്റെടുക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. നേരത്തെ ആകെ 10 കോടി രൂപയുടെ കരാര്‍ ജോലികള്‍ ഏറ്റെടുക്കാനാണ് സംഘത്തിന് അനുമതിയുണ്ടായിരുന്നത്. രണ്ടു കോടിവരെയുള്ള ടെണ്ടറില്‍ മാത്രമേ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. സംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ലാഭക്കണക്ക് നോക്കാതെയുള്ള സര്‍ക്കാര്‍ നടപടി.

എ ക്ലാസിഫിക്കേഷനിലുള്ള സംഘമാണ് കല്‍പ്പറ്റ സോണ്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം. എ ക്ലാസിഫിക്കേഷനിലുള്ള ഒരു സംഘത്തിന് ഏറ്റെടുത്ത് നടത്താവുന്ന കരാര്‍പണികളുടെ അടങ്കല്‍ തുക 80 ലക്ഷം രൂപയാണ്. കരാര്‍ ഏറ്റെടുക്കാവുന്ന പ്രവൃത്തികളുടെ ആകെ തുക നാലു കോടിയുമാണ്. എന്നാല്‍, ഈ പരിധി 2018 ല്‍ സര്‍ക്കാര്‍ ഉയര്‍ത്തി നല്‍കിയിരുന്നു. അങ്ങനെയാണ് നിലവിലുള്ള ഒറ്റക്കരാര്‍ രണ്ടു കോടിയും മൊത്തം കരാര്‍ 10 കോടിയുമെന്ന നിലയിലെത്തിയത്.


വയനാട് ജില്ല മുഴുവന്‍ പ്രവര്‍ത്തനപരിധിയായി കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘമാണിത്. 1996 ആഗസ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ സംഘത്തില്‍ 344 എ ക്ലാസ് അംഗങ്ങളാണുള്ളത്. മൂന്നു വര്‍ഷമായി ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ ബി ആണ്. മുഴുവന്‍ അംഗങ്ങള്‍ക്കും തൊഴില്‍ നല്‍കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കരാര്‍ പരിധി ഉയര്‍ത്തണമെന്ന ആവശ്യവുമായി സംഘം ഭരണസമിതി സര്‍ക്കാരിനെ സമീപിച്ചത്. 12.77 ലക്ഷം രൂപ അറ്റനഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിനു നടപ്പുവര്‍ഷം 17.48 ലക്ഷം രൂപ പ്രവര്‍ത്തനലാഭമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സര്‍ക്കാരിനെ അറിയിച്ചു.


കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 15.87 കോടി രൂപയുടെ പ്രവൃത്തികള്‍ സംഘം ഏറ്റെടുത്ത് നല്ല നിലയില്‍ പൂര്‍ത്തിയാക്കി. 8.56 കോടി രൂപയുടെ പ്രവൃത്തികള്‍ നടന്നുവരികയാണ്. നിലവിലെ അംഗങ്ങളായ തൊഴിലാളികള്‍ക്കെല്ലാം തൊഴില്‍ നല്‍കുന്നതിന് കൂടുതല്‍ പ്രവൃത്തികള്‍ ഏറ്റെടുക്കേണ്ടതുണ്ട്. രണ്ടു കോടിക്ക് മുകളില്‍ അടങ്കല്‍ തുക വരുന്ന ഒരു ടെണ്ടറിലും സംഘത്തിന് പങ്കെടുക്കാനാകാത്ത സ്ഥിതിയാണ്. അതിനാല്‍, അഞ്ചു കോടി വരെയുള്ള കരാര്‍ ഏറ്റെടുക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു സംഘം ഭരണസമിതിയുടെ അപേക്ഷ.


സംഘത്തിന്റെ ആവശ്യം അതേരീതിയില്‍ അംഗീകരിക്കാവുന്നതാണെന്നായിരുന്നു സഹകരണ സംഘം രജിസ്ട്രാറുടെയും റിപ്പോര്‍ട്ട്. സംഘത്തിന്റെ പ്രവര്‍ത്തനവും നിലവിലെ പ്രവൃത്തികളും വിലയിരുത്തിയശേഷമാണു രജിസ്ട്രാര്‍ ഈ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. അഞ്ചു കോടി വരെയുള്ള ഒറ്റപ്രവൃത്തിയും 25 കോടി വരെയുള്ള മൊത്തം കരാര്‍ ജോലികളും ഏറ്റെടുക്കാന്‍ സംഘത്തിന് അനുമതി നല്‍കി സഹകരണ വകുപ്പ് ഉത്തരവിറക്കി.

Leave a Reply

Your email address will not be published.

Latest News