സഹകരണ സംഘങ്ങള്‍ക്ക് അധിക സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കരുത്: ആക്ഷന്‍ കൗണ്‍സില്‍

Deepthi Vipin lal

സഹകരണ സംഘങ്ങള്‍ ഗവണ്‍മെന്റിലേക്ക് നല്‍കേണ്ട ഓഡിറ്റ് ഫീസ്, ആര്‍ബിട്രേഷന്‍ ഫീസ്, ഇലക്ഷന്‍ ഫീസ്, തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫീസ് നിരക്കുകള്‍ യാതൊരു കാരണവുമില്ലാതെ വര്‍ധിപ്പിച്ച് സംഘങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് മിസ്സലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

വായ്പ എടുക്കുന്നവര്‍ക്കും സംഘങ്ങള്‍ക്കും സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുവാന്‍ സാധിക്കുന്നതല്ല. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ തന്നെ സംഘങ്ങള്‍ വളരെ സാമ്പത്തിക നഷ്ടം സഹിച്ചു കൊണ്ടിരിക്കുകയാണ്. വായ്പക്കാര്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ അവരില്‍ നിന്നും കൂടുതല്‍ തുക ഈടാക്കുവാന്‍ നിര്‍ദ്ദേശിക്കുന്ന നടപടി വായ്പാ പിരിവിനെ ദോഷകരമായി ബാധിക്കും.

ഗവണ്‍മെന്റിന്റെ വിവേചനപരമായ നടപടി മൂലം മിസ്സലേനിയസ് സഹകരണ സംഘങ്ങള്‍ വമ്പിച്ച പലിശ നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് സംഘങ്ങള്‍ക്ക് ബാധ്യതയാണുണ്ടാക്കുന്നത്. ഇതുമൂലം ബിസിനസ് നടത്തി ലാഭകരമാക്കാന്‍ കഴിയുന്നുമില്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്ത് സംഘങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കാനിടയാക്കുന്ന ഫീസ് വര്‍ധന നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നെല്ലിമൂട് പ്രഭാകരനും കണ്‍വീനര്‍ കരുംകുളം വിജയകുമാറും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News