സഹകരണ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിലെ പൊതു അധികാരി എന്ന നിര്‍വചനത്തില്‍പ്പെടില്ല

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചുവരുന്ന സഹകരണ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്ന പൊതു അധികാരി എന്നതിന്റെ പരിധിയില്‍ വരുന്നതല്ല എന്നു സുപ്രീംകോടതി വിധിച്ചിട്ടുണ്ടെന്നു മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ. വിശ്വാസ് മേത്ത അറിയിച്ചു. സിവില്‍ അപ്പീല്‍ നമ്പര്‍ 9017 / 2013 ലെ വിധിന്യായത്തിലാണു സുപ്രീം കോടതി ഇങ്ങനെ വിധിച്ചിരിക്കുന്നത്.

ഇടുക്കി കോഴിമലയിലെ ജോയി തോമസ് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണു മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഇക്കാര്യമറിയിച്ചത്. കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെക്കുറിച്ചുള്ള ചില വിവരങ്ങളറിയാന്‍ അപേക്ഷ നല്‍കിയ ഹര്‍ജിക്കാരന്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സഹകരണ സംഘം അസി. രജിസ്ട്രാര്‍ ( ജനറല്‍ ) ഓഫീസ് ഇടുക്കി, അപ്പീല്‍ അധികാരി ആന്റ്  അസി. രജിസ്ട്രാര്‍ ( ജനറല്‍ ) എന്നിവരെ എതിര്‍കക്ഷികളാക്കി സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണു മുഖ്യ വിവരാവകാശ കമ്മീഷണറുടെ വിശദീകരണം. താന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കും അപ്പീല്‍ അപേക്ഷയ്ക്കും കിട്ടിയ മറുപടി തെറ്റായതും തെറ്റിദ്ധരിപ്പിക്കാനും വിവരങ്ങള്‍ മറച്ചുവെയ്ക്കാനും ഉദ്ദേശിച്ചിട്ടുള്ളതുമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. താനാവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാനുള്ള നിര്‍ദേശം എതിര്‍കക്ഷികള്‍ക്കു നല്‍കണമെന്നും വിവരാവകാശ നിയമത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമേല്‍ നിയമനടപടി കൈക്കൊള്ളണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

ഹര്‍ജിക്കാരന്റെ അപേക്ഷയ്ക്കു 2022 ഫെബ്രുവരി ഒന്നിനു ഒന്നാം എതിര്‍കക്ഷിയായ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി കൊടുത്തിട്ടുണ്ടെന്നു മുഖ്യ വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി. ഈ മറുപടി തൃപ്തികരമല്ലെന്നും അപൂര്‍ണവും ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നും കാണിച്ചാണു ഫെബ്രുവരി പതിനൊന്നിനു ഹര്‍ജിക്കാരന്‍ അപ്പീല്‍ ഹര്‍ജി നല്‍കിയത്. രണ്ടാം എതിര്‍കക്ഷിയായ അപ്പീല്‍ അധികാരി ഇതിനു മറുപടി കൊടുത്തു. 2021 ഏപ്രില്‍ 12 നു സഹകരണ സംഘം രജിസ്ട്രാറുടെ കത്തിലെ ( ആര്‍.സി.എസ്. 1869 / 2021 – ജി  ( 4 ) ) ആറാം ഖണ്ഡിക ഉദ്ധരിച്ചുകൊണ്ടാണു അപ്പീല്‍ അധികാരി മറുപടി കൊടുത്തത്. സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലറുകള്‍, ഉത്തരവുകള്‍ എന്നിവ പ്രകാരം സഹകരണ സംഘങ്ങള്‍ നിശ്ചിത സമയങ്ങളില്‍ സംഘം രജിസ്ട്രാര്‍ക്കു സമര്‍പ്പിക്കേണ്ട ഡാറ്റ, സംഘങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികള്‍, നിവേദനങ്ങള്‍, അപേക്ഷകള്‍, റിപ്പോര്‍ട്ടുകള്‍, സ്റ്റാറ്റിസ്റ്റിക്കല്‍ വിവരങ്ങള്‍, സംഘങ്ങളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ എന്നിവയൊഴികെ സഹകരണ സ്ഥാപനങ്ങളില്‍ മാത്രം ലഭ്യമായിട്ടുള്ളതും സഹകരണ നിയമം / സര്‍ക്കുലര്‍ /  ഉത്തരവുകള്‍ പ്രകാരം രജിസ്ട്രാര്‍ക്കു സമര്‍പ്പിക്കണമെന്നു നിഷ്‌കര്‍ഷിച്ചിട്ടില്ലാത്തതുമായ വിവരങ്ങള്‍ ശേഖരിച്ചു നല്‍കാന്‍ കഴിയുന്നതല്ലെന്നു രജിസ്ട്രാര്‍ ആറാം ഖണ്ഡികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം എതിര്‍കക്ഷിയുടെ ഓഫീസില്‍ നിന്നു കൊടുക്കാവുന്ന എല്ലാ വിവരവും കൊടുത്തിട്ടുണ്ട് – മുഖ്യ വിവരാവകാശ കമ്മീഷണര്‍ അറിയിച്ചു. ഹര്‍ജിക്കാരന് എതിര്‍കക്ഷികള്‍ നല്‍കിയ മറുപടിയില്‍ അപാകതയില്ലെന്നു വിലയിരുത്തിയാണു അപ്പീല്‍ ഹര്‍ജിയില്‍ മെയ് പതിനൊന്നിനു തീര്‍പ്പുണ്ടാക്കിയിരിക്കുന്നത്.

കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെക്കുറിച്ച് ഇനി പറയുന്ന വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്നാണു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത് : 1. സംഘം ഭരണസമിതിയംഗങ്ങളുടെ പേരും വിലാസവും. 2. 2020 ഏപ്രില്‍ ഒന്നു മുതല്‍ 2021 ഡിസംബര്‍ 31 വരെ പലവക ചെലവുകള്‍, ഓഫീസ് ചെലവുകള്‍, വ്യാപാരച്ചെലവുകള്‍ എന്നിവ സംബന്ധിച്ച തുകകളുടെയും അവയുടെ ഇനം തിരിച്ച വിവരങ്ങളുടെയും പകര്‍പ്പ്. 3. സംഘം ഹെഡ് ഓഫീസ്, ബ്രാഞ്ചുകള്‍ എന്നിവിടങ്ങളില്‍ ദിവസവേതനത്തിലും കരാര്‍ വേതനത്തിലും പരിശീലകര്‍ എന്ന പേരിലും ജോലി ചെയ്യുന്നവരുടെ പേരും വിലാസവും ഓരോരുത്തര്‍ക്കും നല്‍കിയിട്ടുള്ള വേതനം സംബന്ധിച്ച വിവരങ്ങളും മറ്റുമായി 12 ഇനങ്ങളിലുള്ള വിവരങ്ങള്‍.

എതിര്‍കക്ഷികാര്യാലയത്തില്‍ നിന്നു ലഭ്യമാക്കാവുന്ന വിവരങ്ങള്‍ ഹര്‍ജിക്കാരനു എതിര്‍കക്ഷികള്‍ നല്‍കിയിട്ടുണ്ടെന്നു മുഖ്യ വിവരാവകാശ കമ്മീഷണര്‍ അറിയിച്ചു. രണ്ടു മുതല്‍ ഒമ്പതു വരെയുള്ള ഇനങ്ങളിലായി ആവശ്യപ്പെട്ട വിവരങ്ങള്‍ കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ മാത്രം ലഭ്യമായവയാണെന്നു കാണുന്നതിനാല്‍ പ്രസ്തുത വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം സൊസൈറ്റിയില്‍ നിന്നു ശേഖരിച്ചു ഹര്‍ജിക്കാരനു നല്‍കണമെന്ന് എതിര്‍കക്ഷികളോട് നിര്‍ദേശിക്കാന്‍ നിര്‍വാഹമില്ല – മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!