ഭരണസമിതി അംഗങ്ങള്‍ക്ക് രണ്ടു ടേം നിബന്ധന എല്ലാ സംഘങ്ങള്‍ക്കും ബാധകമാക്കുന്നു

Deepthi Vipin lal

സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് രണ്ടു ടേം നിബന്ധന കൊണ്ടുവരാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. ഇതനുസരിച്ച് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കരട് തയ്യാറാക്കി. ക്രഡിറ്റ് സംഘങ്ങള്‍ക്ക് മാത്രമായിരുന്നു ഈ വ്യവസ്ഥ കൊണ്ടുവരാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍, എല്ലാ സംഘങ്ങള്‍ക്കും ബാധകമാകുന്ന വിധത്തിലാണ് കരട് തയ്യാറാക്കിയിട്ടുള്ളത്.

പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിനും നിയന്ത്രണം കൊണ്ടുവരുന്നുണ്ട്. ഒരേ സ്വഭാവമുള്ള രണ്ട് സംഘങ്ങളില്‍ ഒരേസമയം പ്രസിഡന്റാവാന്‍ പാടില്ലെന്ന വ്യവസ്ഥയാണ് നിലവിലുണ്ടായിരുന്നത്. ഇത് അതേ രീതിയില്‍ നിലനിര്‍ത്തി. വ്യത്യസ്ത സ്വഭാവത്തിലുള്ള സംഘങ്ങളിലും പ്രസിഡന്റാകുന്നതിന് പരിധി കൊണ്ടുവരികയും ചെയ്തു. വ്യത്യസ്ഥ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ടിലേറെ സംഘങ്ങളില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയാണ് ഉള്‍പ്പെടുത്തിയത്.

സംഘം സെക്രട്ടറിമാരെ ഭരണസമിതിയില്‍ എക്‌സ് ഒഫീഷ്യോ അംഗമാക്കും. ഇവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുകയില്ല. പക്ഷേ, ഭരണസമിതി എടുക്കുന്ന തീരുമാനത്തില്‍ സെക്രട്ടറി എന്ന നിലയില്‍ അവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനാകും. ഭരണസമിതി തീരുമാനം നടപ്പാക്കാന്‍ ഉത്തരവാദിത്തം ഉള്ളപ്പോള്‍തന്നെ, അതിനോട് രേഖാപരമായി വിയോജിപ്പ് ഉറപ്പാക്കാന്‍ സെക്രട്ടറിക്ക് കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ഭരണസമിതി യോഗത്തില്‍ സെക്രട്ടറിമാര്‍ പങ്കെടുക്കുന്നുണ്ടെങ്കിലും അവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ അവകാശമുണ്ടായിരുന്നില്ല.

സംഘം ഭരണസമിതിയില്‍ ഏഴുപേരെങ്കിലും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ മാറ്റി. കുറഞ്ഞത് ഒമ്പത് അംഗങ്ങളുണ്ടാകണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുന്ന വിദഗ്ധരുടെ വ്യവസ്ഥയിലും മാറ്റം വരുത്തുന്നുണ്ട്. നിക്ഷേപകരുടെ പ്രതിനിധിയായി സംഘം ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുന്നയാള്‍ക്ക്, കുറഞ്ഞത് 25,000 രൂപയെങ്കിലും സംഘത്തില്‍ നിക്ഷേപമുണ്ടാകണം. ബാങ്കിങ് വിദഗ്ധരായി സഹകരണ ബാങ്കുകളിലെ ജീവനക്കാരെയോ വിരമിച്ചവരെയോ ഭരണസമിതിയില്‍ ഉള്‍പ്പെടുത്താം.

സഹകരണം, മാനേജ്‌മെന്റ്, കൃഷി, പബ്ലിക് ഫിനാന്‍സ്, ഐ.ടി. എന്നീ മേഖലയില്‍നിന്നുള്ളവരെയാണ് വിദഗ്ധരുടെ പാനലില്‍ ഉള്‍പ്പെടുന്ന മറ്റുള്ളവര്‍. പുതിയ ഭരണസമതി അധികാരത്തിലെത്തി ആറുമാസത്തിനുള്ളില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍, സര്‍ക്കാരിനോ രജിസ്ട്രാര്‍ക്കോ ഇവരെ നോമിനേറ്റ് ചെയ്യാമെന്ന വ്യവസ്ഥയും നിയമത്തില്‍ കൊണ്ടുവരുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News