തിരുവനന്തപുരം പോലീസ് സഹകരണസംഘം യു.ഡി.എഫിനൊപ്പം

web desk

തിരുവനന്തപുരം പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. അനുകൂല വിഭാഗത്തിന് വിജയം. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരുന്ന സംഘത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്ലാ അംഗങ്ങള്‍ക്കും വോട്ടു ചെയ്യാനുള്ള അവസരം നിഷേധിക്കുന്നുവെന്ന യു.ഡി.എഫ്. അനുകൂലികളുടെ ആരോപണത്തെത്തുടര്‍ന്ന് ഏറെ തര്‍ക്കങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമിടയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒടുവില്‍, ഭരണാനുകൂല വിഭാഗത്തിലെ എല്ലാവരും തോറ്റു. ജി.ആര്‍. അജിത്താണ് പുതിയ പ്രസിഡന്റ്. ഹരിലാല്‍ ആര്‍. ജിയാണ് വൈസ് പ്രസിഡന്റ്.

നിലവിലെ പോലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എസ്. ബൈജുവും സംസ്ഥാന ഭാരവാഹി ജ്യോതിഷും പരാജയപ്പെട്ട ഭരണാനുകൂല പാനലിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വോട്ടര്‍മാരുടെ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെത്തുടര്‍ന്ന് ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട പാനലിലെ പത്ത് പേരുള്‍പ്പടെ 12 പേര്‍ സസ്പെന്‍ഷനിലാണ്. കേരള പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്തടക്കം സസ്പെന്‍ഷനിലായവരില്‍ ഉള്‍പ്പെടും. അജിത്തിനാണ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത്.

4100 പേരാണ് വോട്ടു ചെയ്തത്. ഇതില്‍ 60 ശതമാനം വോട്ടും യു.ഡി.എഫ്. പക്ഷം നേടി. ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ക്കെതിരെ പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ പോലീസുകാര്‍ വോട്ടുചെയ്യുന്നത് അപൂര്‍വമാണ്. യു.ഡി.എഫ് പാനലിലെ പതിനൊന്നും പേരും വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഓരോരുത്തര്‍ക്കും ലഭിച്ച വോട്ട് ബ്രായ്ക്കറ്റില്‍ : ജി.ആര്‍. അജിത്ത് ( 2421 ) , അനീഷ്.ജി ( 2191 ), വിധുകുമാര്‍.എസ് ( 2093 ), ശോഭന്‍ പ്രസാദ്.വി.പി ( 2066 ), ഷാനവാസ്.ടി.എസ ്( 2026 ), ഹരിലാല്‍. ആര്‍.ജി ( 2136 ), രഞ്ജിത്.ജി.ആര്‍ ( 2336 ), മിനിമോള്‍.എസ്.എം ( 2351 ), ഷീജാദാസ്.ഡി.എല്‍ ( 2329 ), ഷെര്‍ളി.ആര്‍ ( 2202 ), സുരേഷ് കുമാര്‍.പി ( 2234 ), എന്നിവരാണ് ജയിച്ച പാനലിലുള്ളത്. ഇതില്‍ റെയില്‍വേ പോലീസിലുള്ള സുരേഷ് കുമാര്‍ ഒഴിച്ചുള്ള പത്ത് പേരും സസ്പെന്‍ഷനിലാണ്. പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് ബൈജുവിന് 1485 വോട്ട് മാത്രമാണ് ലഭിച്ചത്.

ജി. അര്‍. അജിത്തിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത് 2017 ലാണ്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് വിതരണമടക്കമുള്ള വിഷയങ്ങള്‍ കോടതിയിലെത്തി. നാല് ദിവസം മുമ്പ് സഹകരണ സംഘം ഓഫീസിനു മുന്നില്‍ പോലീസുകാര്‍ തമ്മില്‍ കയ്യാങ്കളി വരെയുണ്ടായി. തുടര്‍ന്ന് പ്രതിഷേധവുമുണ്ടായി. ഇതേത്തുടര്‍ന്നാണ് 12 പേര്‍ക്കെതിരെ നടപടി വന്നത്.

സംഘര്‍ഷ സാധ്യതയുണ്ടായിരുന്നതിനാല്‍ സംഘം തിരഞ്ഞെടുപ്പിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി തിരിച്ചറിയല്‍ കാര്‍ഡുള്ള പോലീസുകാര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ചുമതല ഒഴിവാക്കി നല്‍കിയിരുന്നു.

 

Leave a Reply

Your email address will not be published.

Latest News