തട്ടിപ്പുകള്‍ കൂടുന്നു; ഇതുവരെ നഷ്ടമായത് 10,000 കോടി, ഒരുദിവസം തുറക്കുന്നത് 4000 വ്യാജ അക്കൗണ്ടുകള്‍
അക്കൗണ്ടില്‍നിന്ന് പണം തട്ടുന്ന സംഭവങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരുക്കുന്നു. ഏതെങ്കിലും അക്കൗണ്ട് തട്ടിപ്പിനായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് തോന്നിയില്‍ അത് മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് തന്നെ അധികാരം നല്‍കാനാണ് ആലോചന. പരാതിയും കേസും ഉണ്ടായി, അന്വേഷണ ഏജന്‍സികളുടെ ആവശ്യത്തിന് അനുസരിച്ച് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമ്പോഴേക്കും പണം നഷ്ടമായിട്ടുണ്ടാകുമെന്നതാണ് ഈ പരിഷ്‌കാരത്തിന് കാരണമാകുന്നത്.
സംശയകരമായ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശം ഉടനുണ്ടാകുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 മുതല്‍ ഇതുവരെ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകാര്‍ക്ക് തട്ടിപ്പിലൂടെ 10,000 കോടിയിലധികം നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്. ഓരോ ദിവസവും 4000ത്തോളം വ്യാജ അക്കൗണ്ടുകളാണ് രാജ്യത്ത് തുറക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴിയും പേയ്‌മെന്റ് ആപ്പുകള്‍ വഴിയും തട്ടിപ്പ് നടത്തുന്നവരില്‍നിന്ന് നിരവധി പരാതികളാണ് ദിവസവും ഉണ്ടാകുന്നത്.
ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് പലതലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. ബാങ്കുകളും റിസര്‍വ് ബാങ്കും നേരിട്ടും ബാങ്കേഴ്‌സ് സമിതികളുമെല്ലാം ഇത്തരം പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇതെല്ലാം നടന്നിട്ടും തട്ടിപ്പുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബാങ്കുകള്‍ക്ക് സവിശേഷ അധികാരം നല്‍കുന്നത് പരിഗണിക്കുന്നത്. ഏതെങ്കിലും തരത്തില്‍ തട്ടിപ്പ് നടത്തിയെന്ന് തെളിയിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നത്. പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുമാസത്തിനിടെ രണ്ടരലക്ഷത്തോളം അക്കൗണ്ടുകളാണ് സര്‍ക്കാര്‍ റദ്ദാക്കിയത്.