കേരളബാങ്കിന് ഇന്ന് മൂന്നുവയസ്; 1151 കോടിയില്‍ 77 കോടിയായി നഷ്ടം കുറച്ചുള്ള പ്രയാണം

moonamvazhi

ഒട്ടേറെ വിവാദങ്ങളും തര്‍ക്കങ്ങളും രാഷ്ട്രീയ വാദപ്രതിവാദങ്ങളും വ്യവഹാരങ്ങളും കടന്ന് കേരളബാങ്ക് നിലവില്‍വന്നിട്ട് നവംബര്‍ 29ന് മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്നു. ഒട്ടേറെ പോരായ്മകളുണ്ടെങ്കിലും ഒരുപിടി മുന്നേറ്റങ്ങളും സ്വന്തമാക്കിയാണ് മൂന്നുവര്‍ഷത്തെ കേരളബാങ്കിന്റെ യാത്ര. 2019 നവംബര്‍ 29ന് കേരളബാങ്ക് നിലവില്‍ വരുമ്പോള്‍ 1151 കോടിരൂപയായിരുന്നു അറ്റ നഷ്ടം. 2022 മാര്‍ച്ച് 31ന്റെ കണക്ക് അനുസരിച്ച് ഈ നഷ്ടം 77 കോടിയിലെത്തി. ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതോടെ അറ്റലാഭം നേടി കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്കായി മാറാനുള്ള തീവ്രയജ്ഞത്തിലാണ് കേരളബാങ്ക്.

വായ്പ മേഖലയുടെ ഘടനാമാറ്റമാണ് കേരളബാങ്ക് രൂപീകരണത്തിലൂടെ മുന്നോട്ടുവെച്ചത്. മൂന്നുതട്ടിലായിരുന്നു സഹകരണ വായ്പ മേഖലയെ, ജില്ലാബാങ്കുളെ ഒഴിവാക്കി രണ്ടുതട്ടിലാക്കുന്നതായിരുന്നു അത്. എന്നാല്‍, മലപ്പുറം ഒഴികെയുള്ള ജില്ലാബാങ്കുകള്‍ മാത്രമാണ് കേരളബാങ്കിന്റെ ഭാഗമായത്. മലപ്പുറത്ത് ഇപ്പോഴും മൂന്നുതട്ടിലുള്ള വായ്പ മേഖലയാണ്. മലപ്പുറത്തെ നിര്‍ബന്ധിത ലയനത്തിന് വിധേയമാക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നെങ്കിലും അത് നടപ്പായിട്ടില്ല. കേരളബാങ്ക് മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മലപ്പുറത്തെ ലയിപ്പിക്കാനുള്ള നടപടികളും വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി കഴിഞ്ഞദിവസം വകുപ്പ് സെക്രട്ടറി മിനി ആന്റണി അഡ്വക്കറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തി.

നിക്ഷേപത്തിലും വായ്പയിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇതിനകം കേരളബാങ്കിന് കഴിഞ്ഞിട്ടുണ്ട്. 1,10,857 കോടിരൂപയുടെ ബാങ്കിങ് ബിസിനസാണ് ഇപ്പോള്‍ കേരളബാങ്കിനുള്ളത്. കേരളബാങ്ക് രൂപീകരണത്തിന് മുമ്പ് 3000 കോടിയില്‍ താഴെയായിരുന്നു നബാര്‍ഡില്‍നിന്ന് പുനര്‍വായ്പയായി സ്വീകരിച്ചത്. അത് 2022 മാര്‍ച്ച് 31ലെ കണക്ക് അനുസരിച്ച് 8982 കോടിരൂപയായി വളര്‍ന്നു. ഇതെല്ലാം കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിലൂടെയാണ് വിതരണം ചെയ്യുന്നത്. അതിനാല്‍, കാര്‍ഷികമേഖലയില്‍ വായ്പവിതരണത്തിന്റെ തോത് ഉയര്‍ത്താന്‍ കേരളബാങ്കിലൂടെ കഴിഞ്ഞിട്ടുണ്ട്.

സഹകരണ ബാങ്കിങ് മേഖലയില്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം കേരളബാങ്ക് സ്വന്തമാക്കി. രാജ്യത്ത് 33 സംസ്ഥാന സഹകരണ ബാങ്കുകളാണുള്ളത്. ഇവയുടെ ആകെ ബിസിനസിന്റെ 28.72 ശതമാനം കേരളബാങ്കിന്റെ വിഹിതമാണ്. 12 പൊതുമേഖല ബാങ്കുകളുള്ള കേരളത്തില്‍, മൊത്തം ബാങ്കിങ് ബിസിനസ്സിന്റെ 10 ശതമാനവും കേരളബാങ്കിന്റേതാണ്.

പ്രവര്‍ത്തനത്തില്‍ ഏറെ മുന്നേറ്റം ഉണ്ടാക്കിയപ്പോഴും നിയമനം നിലച്ച അഞ്ചുവര്‍ഷമാണ് കേരളബാങ്ക് സമ്മാനിച്ചതെന്ന വിമര്‍ശനവും ഉണ്ട്. സഹകരണ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ മികച്ച തൊഴിലവസരം നല്‍കിയിരുന്നത് ജില്ലാബാങ്കുകളായിരുന്നു. കേരളബാങ്ക് രൂപീകരണത്തിന് തൊട്ടുമുമ്പ് ഈ നിയമനങ്ങള്‍ നിലച്ചതാണ്. കേരളബാങ്ക് രൂപീകരിച്ച് മൂന്നുവര്‍ഷം പൂര്‍ത്തിയായിട്ടും പി.എസ്.സി. നിയമനം നടത്താനായിട്ടില്ല. ഇത് ഒട്ടേറെ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടമാക്കി.ഇതിനുള്ള നടപടികള്‍ ഇതിനകം കേരളബാങ്ക് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നത് ആശ്വാസമുണ്ടാക്കുന്നതാണ്. സംസ്ഥാന-ജില്ലാബാങ്കുകളിലെ ജീവനക്കാര്‍ കേരളബാങ്കിന്റെ ഭാഗമായപ്പോള്‍ കേഡര്‍ ഏകീകരണം ഒരു കടമ്പയായിരുന്നു. അത് പൂര്‍ത്തിയാക്കി റിക്രൂട്ട്‌മെന്റ് റൂള്‍ തയ്യാറാക്കി കഴിഞ്ഞു. ഇതിന് പി.എസ്.സി. അംഗീകാരം നേടിയിട്ടുണ്ട്. ഇനി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമന നടപടികളിലേക്ക് കടക്കാനാകും.

Leave a Reply

Your email address will not be published.

Latest News