ആദ്യസമ്പൂര്‍ണ സൗരോര്‍ജഡെയറിയായി മില്‍മ എറണാകുളം യൂണിയന്‍
രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ഗ്രിഡ് സൗരോര്‍ജഡെയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദകസഹകരണസംഘം (മില്‍മ) മാറി. മില്‍മ എറണാകുളം മേഖലായൂണിയന്‍ തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ടു മെഗാവാട്ടിന്റെ സൗരോര്‍ജപ്ലാന്റ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നാടിനു സമര്‍പ്പിച്ചതോടെയാണിത്. പ്രതിസന്ധികളെ അനുകൂലമാക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ പ്ലാന്റെന്നു മന്ത്രി പറഞ്ഞു. ചതുപ്പുനിലവും കുളവുമായിരുന്ന ഭൂപ്രകൃതി നിലനിര്‍ത്തിത്തന്നെ സൗരോര്‍ജപാനല്‍ സ്ഥാപിക്കാനുള്ള തീരുമാനം പരിസ്ഥിതിയെ തകര്‍ക്കാതെ വികസനം നടപ്പാക്കാമെന്നതിനു തെളിവാണ്.
വിദേശപര്യടനത്തിലുള്ള സംസ്ഥാന കൃഷിമൃഗസംരക്ഷണമന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി പങ്കെടുത്തു. ഉന്നതനിലവാരമുള്ള പാലുല്‍പ്പന്നങ്ങളും അവയുടെ ഗുണമേന്‍മ ഉറപ്പാക്കാനുള്ള സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബും ഇടപ്പള്ളി പ്ലാന്റി്‌ന്റെ നവീകരണവും എടുത്തുപറയേണ്ടതാണെന്നു മന്ത്രി പറഞ്ഞു. കെ. ബാബു എം.എല്‍.എ, ദേശീയ ക്ഷീരവികസനബോര്‍ഡ് ചെയര്‍മാന്‍ ഡോ. മീനേഷ,് സി. ഷാ, മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്. മണി, എം.ഡി. ആസിഫ് കെ. യൂസഫ്, എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍, എം.ഡി. വില്‍സണ്‍ ജെ. പുറവക്കാട്ട്, തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഡെയറിവളപ്പിലെ തടാകത്തില്‍ എട്ട് കെ.വി.യുടെ ഫ്‌ളോട്ടിങ് സൗരോര്‍ജപാനലുകള്‍, കാര്‍ പോര്‍ച്ച് മാതൃകയില്‍ 102 കിലോ വാട്ട് സൗരോര്‍ജപാനലുകള്‍, മൈതാനത്തു സ്ഥാപിച്ചിരിക്കുന്ന 1890 കിലോവാട്ട് സൗരോര്‍ജപാനലുകള്‍ എന്നിങ്ങനെയാണു പ്ലാന്റിലെ സൗരോര്‍ജസംവിധാനം. ഇതുവഴി വര്‍ഷം 2.9 ദശലക്ഷം ഊര്‍ജം ഉല്‍പാദിപ്പിക്കാം. 1.94 കോടിരൂപയുടെ വൈദ്യുതിച്ചെലവ് ലാഭിക്കാം. വര്‍ഷം 2400 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറംതള്ളല്‍ ഒഴിവാക്കാം. അനര്‍ട്ട് ആണ് സാങ്കേതികമേല്‍നോട്ടം വഹിക്കുന്നത്.