കേന്ദ്ര,കേരള സര്‍ക്കാരുകള്‍ സഹകരണമേഖലയെ തകര്‍ക്കുന്നു: പി.കെ. ഫൈസല്‍
സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങളാണു കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെതെന്നു കാസര്‍ഗോഡ് ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസല്‍ പറഞ്ഞു. കേരളസഹകരണഫെഡറേഷന്‍ (കെ.എസ്.എഫ്) ഒമ്പതാം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ‘സഹകരണമേഖല -വര്‍ത്തമാനവും ഭാവിയും’ എന്ന സെമിനാര്‍ കാസര്‍ഗോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണമേഖല മുമ്പില്ലാത്തവിധം വിശ്വാസ്യത നഷ്ടപ്പെടുന്ന അവസ്ഥയില്‍ എത്തിയതു സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടണ്. എം.വി. രാഘവന്‍ സഹകരണമന്ത്രിയായിരുന്ന കാലമാണു സഹകരണമേഖലയുടെ ഏറ്റവും നല്ല കാലം. അന്നു സഹകരണമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കു തങ്ങള്‍ സഹകരണമേഖലയിലെ തൊഴിലാളികളാണെന്ന് അഭിമാനപൂര്‍വം പറയാമായിരുന്നു. ഇടതുസര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ആ അവസ്ഥ ഇല്ലാതാക്കിയെന്ന് ഫൈസല്‍ പറഞ്ഞു.
ഷിരൂര്‍ദുരന്തത്തിന് ഇരയായ അര്‍ജുനുവേണ്ടിയുള്ള തിരച്ചിലിനായി അഹോരാത്രം പ്രയത്‌നിച്ച മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫിനെ കെ.എസ്.എഫ് സംസ്ഥാനചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ആദരിച്ചു. കെ.എസ്.എഫ്. ജനറല്‍ സെക്രട്ടറി അഡ്വ. എം.പി. സാജു സെമിനാറില്‍ വിഷയം അവതരിപ്പിച്ചു. സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷനായി. വി.കെ. രവീന്ദ്രന്‍ മോഡറേറ്ററായി. കെ.വി. കൃഷ്ണന്‍, യു.ഡി.എഫ്. ജില്ലാചെയര്‍മാന്‍ എ. ഗോവിന്ദന്‍, സി.എ. അജീര്‍, കെ. ശ്രീകാന്ത്, അഡ്വ. സ്വാതികുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി.വി. ഉമേശന്‍ സ്വാഗതവും ടി.കെ. വിനോദ് നന്ദിയും പറഞ്ഞു.
സമ്മേളനത്തിന്റെ രണ്ടാംദിവസമായ ഞായറാഴ്ച കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രതിനിധിസമ്മേളനം മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍സഹകരണമന്ത്രി ജി. സുധാകരനെ ആദരിക്കും. സി.പി. ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, സി.ടി. അഹമ്മദലി, കെ. സതീഷ്ചന്ദ്രന്‍, പി.കെ. ഫൈസല്‍, കല്ലട്ര മാഹിന്‍ഹാജി, സി.എ. അജീര്‍, അജയകുമാര്‍ കോടോത്ത് എന്നിവര്‍ സംസാരിക്കും.
കേരളസഹകരണഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ എ.കെ.എം. അഷ്‌റഫിനെ സി.എന്‍. വിജയകൃഷ്ണന്‍ ആദരിക്കുന്നു.