കേരളബാങ്ക് ദുര്‍ബലര്‍ക്കു നല്‍കിയത് 200 കോടിയുടെ വായ്പാഇളവ്

moonamvazhi

2023-24 സാമ്പത്തികവര്‍ഷം കേരളബാങ്ക് ദരിദ്രരും നിരാലംബരും രോഗികളുമായ ഇടപാടുകാര്‍ക്ക് അനുവദിച്ചത് 200 കോടി രൂപയുടെ ഇളവുകള്‍. 20,474 വായ്പകളിലായാണ് വ്യവസ്ഥകള്‍ക്കു വിധേയമായി ഇളവുകള്‍ അനുവദിച്ചത്.

കാന്‍സര്‍ബാധിതരായ വീട്ടുകാരുടെ വീട് കേരളബാങ്ക് ജപ്തി ചെയ്‌തെന്ന ചില മാധ്യമങ്ങളിലെ വാര്‍ത്ത തെറ്റാണെന്നു വ്യക്തമാക്കി ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലും സി.ഇ.ഒ. ജോര്‍ട്ടി എം. ചാക്കോയും ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്തയില്‍ പറയുന്ന കുടുംബത്തിന് 1,27,008രൂപ പിഴപ്പലിശ ഒഴിവാക്കിക്കൊടുത്തിരുന്നെന്നു ഇരുവരും അറിയിച്ചു. പെരുമ്പളം ഏഴാംവാര്‍ഡ് പുതുവല്‍നികര്‍ത്ത് രാജപ്പന്റെ വീടു ജപ്തി ചെയ്‌തെന്നായിരുന്നു വാര്‍ത്ത. രാജപ്പന്റെ മകന്‍ 2017 ഫെബ്രുവരി 15നു രാജപ്പന്റെ വസ്തു ഈടു നല്‍കി കേരളബാങ്ക് പൂച്ചാക്കല്‍ ശാഖയില്‍നിന്നു രണ്ടു ലക്ഷം രൂപ വായ്പ എടുത്തു. കുടിശ്ശികയായപ്പോള്‍ നോട്ടീസുകളെത്തുടര്‍ന്നു രാജപ്പന്‍ ശാഖാമാനേജരെ കണ്ടു ഭാര്യ കാന്‍സര്‍ ചികില്‍സയിലാണെന്നും മകള്‍ കാന്‍സര്‍മൂലം മരിച്ചെന്നും കൊച്ചുമകള്‍ക്കും കാന്‍സറാണെന്നും അറിയിച്ചു. മാനുഷികപരിഗണനമൂലം ഒരു റിക്കവറി നടപടിയും എടുത്തില്ല. 2024 ജൂലൈ 20നു ഒറ്റത്തവണതീര്‍പ്പാക്കലില്‍ രാജപ്പന്‍ പങ്കെടുത്തപ്പോള്‍ പലിശ പൂര്‍ണമായി ഒഴിവാക്കി ബാക്കി 1,70,000 രൂപ ഒറ്റത്തവണ അടച്ചാല്‍ മതിയെന്ന് അറിയിച്ചു. സെപ്റ്റംബര്‍ 12നു രാജപ്പന്‍ വായ്പ അവസാനിപ്പിക്കാന്‍ അപേക്ഷിച്ചു. തുടര്‍ന്നു 1,27,008 രൂപ പിഴപ്പലിശ ഒഴിവാക്കി. ബാക്കി അടക്കേണ്ട 17,000 രൂപ ലക്ഷ്മിസുരേഷ്‌ഗോപി എന്ന അക്കൗണ്ടില്‍നിന്നു ബാങ്കില്‍ കിട്ടി. അന്നുതന്നെ ഈടുപ്രമാണങ്ങള്‍ മടക്കിക്കൊടുത്തു- ഗോപി കോട്ടമുറിക്കലും ജോര്‍ട്ടി എം. ചാക്കോയും അറിയിച്ചു.