പ്രൊഫഷണല്‍ ജീവനക്കാരെ നിയമിക്കുന്നതിന് കേരളബാങ്കില്‍ സ്ഥിരം ഇന്റര്‍വ്യൂ ബോര്‍ഡ്

moonamvazhi

കേരളാബാങ്കില്‍ പ്രൊഫഷണല്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സ്ഥിരം ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ചു. അഞ്ചുതസ്തികകളിലാണ് കേരളബാങ്കില്‍ ഇത്തരത്തില്‍ നിയമനമുള്ളത്. ഇതിന് നേരത്തെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതിനായി ഒരു ഇന്റര്‍വ്യൂ ബോര്‍ഡും സ്ഥാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ അംഗങ്ങളായ വ്യക്തികളുടെ പേരാണ് ഉണ്ടായിരുന്നത്. ഇത് മാറ്റി, ബോര്‍ഡില്‍ ഉള്‍പ്പെടുന്നവരുടെ തസ്തിക മാത്രം ചേര്‍ത്താണ് സ്ഥിരം ബോര്‍ഡ് രൂപീകരിച്ചിട്ടുള്ളത്. വ്യക്തികള്‍ വിരമിക്കുമ്പോഴോ, സ്ഥാനം ഒഴിയുമ്പോഴോ ബോര്‍ഡില്‍നിന്ന് മാറ്റേണ്ടിവരുന്ന സ്ഥിതി ഒഴിവാക്കാനാണ് തസ്തിക ഉള്‍പ്പെടുത്തി പുതിയ ഉത്തരവിറക്കിയത്.

ചീഫ് ഐ.എസ്. സെക്യുരിറ്റി ആന്‍ഡ് ഐ.ടി. ഓഫീസര്‍, ഹെഡ് ട്രഷറി, ചീഫ് ഫിനാന്‍സ് ഓഫീസര്‍, ചീഫ് റിസ്‌ക് ഓഫീസര്‍, ചീഫ് ലീഗല്‍ ഓഫീസര്‍ എന്നീ തസ്തികളിലാണ് കേരളബാങ്കില്‍ കരാര്‍ നിയമനം ഉള്ളത്. ഇതില്‍ നിയമനം നടത്തുന്നതിനാണ് സ്ഥിരം ഇന്റര്‍വ്യൂ ബോര്‍ഡ് ഉള്ളത്. അഞ്ചുപേരടങ്ങുന്നതാണ് ബോര്‍ഡ്. സഹകരണ സംഘം രജിസ്ട്രാര്‍, കേരളബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍, രണ്ട് വിഷയവിദഗ്ധര്‍ എന്നിവരാണ് സമിതിയിലുള്ളത്.

ഒരു വിഷയവിദഗ്ധന്‍ ഐ.ടി.വിഭാഗത്തില്‍നിന്നായിരിക്കണമെന്ന് പറയുന്നുണ്ട്. ചീഫ് ഐ.എസ്. സെക്യുരിറ്റി ആന്‍ഡ് ഐ.ടി. ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് വേണ്ടിയാണിത്. ബോര്‍ഡിലേക്കുള്ള വിഷയ വിദഗ്ധരെ നിയമിക്കാനുള്ള അധികാരം കേരളബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ അധികാരം നല്‍കണമെന്ന് കേരളാബാങ്ക് ഭരണസമിതിയാണ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

Click here for more details ;MVR-Scheme