വിനോദ സഞ്ചാര മേഖലയിലേക്ക് ചുവടുവച്ച് പുതുപ്പാടി സഹകരണ ബാങ്ക്

[email protected]

വിനോദ സഞ്ചാര മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് പുതുപ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക്. ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.

കാര്‍ഷിക മേഖല കഴിഞ്ഞാല്‍ സാമ്പത്തിക രംഗത്ത് കൂടുതല്‍ വരുമാനം നല്‍കുന്ന ടൂറിസം മേഖലയിലേയ്ക്ക് സഹകരണ ബാങ്കുകളുടെ വരവ് ഏറെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഈ രംഗത്തേക്കു വരുന്ന സഹകരണ ബാങ്കുകള്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ സഹകരണവകുപ്പ് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ജോര്‍ജ് എം തോമസ് എം.എല്‍.എ. അധ്യക്ഷനായി. പദ്ധതി ഓഫീസ് ഉദ്ഘാടനവും എം.എല്‍.എ നിര്‍വ്വഹിച്ചു. വെബ്‌സൈറ്റ് ഉദ്ഘാടനം ഇ. രമേശ് ബാബുവും ലോഗോ പ്രകാശനം പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്തും നിര്‍വ്വഹിച്ചു. പ്രമോഷന്‍ വീഡിയോ ഫാ. ജോസ് മേലോട്ടു കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. ടൂര്‍ പാക്കേജിന്റെ ആദ്യ ബുക്കിംഗ് സംഘാടക സമിതി ചെയര്‍മാന്‍ ഗിരീഷ് ജോണ്‍ നിര്‍വ്വഹിച്ചു. സെക്രട്ടറി എ.വി. മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പുതുപ്പാടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വയനാടന്‍ ചുരം, വനപര്‍വ്വം ജൈവ വൈവിധ്യ ഉദ്യാനം, കക്കാട് ഇക്കോടൂറിസം, തുഷാരഗിരി വെള്ളച്ചാട്ടം, പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വയനാടിന്റെ സാമിപ്യം തുടങ്ങിയ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി പ്രദേശത്തെ കച്ചവടക്കാര്‍, പ്രൊഫഷണലുകള്‍, കുടുംബശ്രീ സംവിധാനം, ടാക്‌സി ഡ്രൈവര്‍മാര്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ കൂട്ടിയിണക്കിക്കൊണ്ടുള്ള വില്ലേജ് ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇ-കോംപസ്സ് എന്നാണ് പദ്ധതിിയുടെ പേര്.

ചടങ്ങില്‍ ജില്ലാപഞ്ചായത്തംഗം വി.ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം അഷറഫ് ഒതയോത്ത്, വി.ജെ. ജോര്‍ജ്കുട്ടി, ടി.എ. മൊയ്തീന്‍, ബിജു താന്നിക്കാകുഴി, വി.കെ. ഉസ്സയിന്‍കുട്ടി, ജോര്‍ജ് മങ്ങാട്ടില്‍, ശിഹാബ് അടിവാരം, യൂസഫ് കോരങ്ങല്‍, ഗഫൂര്‍ അമ്പുടു, കെ. സിദ്ദിഖ്, ഉസ്മാന്‍ മുസലിയാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News