നിക്ഷേപ സമാഹരണ യജ്ഞം 21 നു തുടങ്ങുന്നു; ഇത്തവണത്തെ ലക്ഷ്യം 6000 കോടി രൂപ

Deepthi Vipin lal

സഹകരണ വകുപ്പിന്റെ 42 -ാമതു നിക്ഷേപ സമാഹരണ യജ്ഞവും അംഗത്വ കാമ്പയിനും 2022 ഫെബ്രുവരി 21 നാരംഭിക്കും. മാര്‍ച്ച് 31 വരെ നീളുന്ന യജ്ഞത്തില്‍ 6000 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു സഹകരണ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമരൂപം നല്‍കി.

‘ സഹകരണ നിക്ഷേപം നാടിന്റെ വികസനത്തിനായി ‘ എന്നതാണു 2022 ലെ നിക്ഷേപ സമാഹരണ കാമ്പയിനിന്റെ മുദ്രാവാക്യം. കേരള ബാങ്ക് എല്ലാ ജില്ലകളില്‍ നിന്നുമായി 1025 കോടി രൂപ സമാഹരിക്കണം. മലപ്പുറം ജില്ലാ ബാങ്ക് ഉള്‍പ്പെടെയുള്ള മറ്റു സഹകരണ സ്ഥാപനങ്ങള്‍ 4975 കോടി രൂപയും സമാഹരിക്കണം.

കേരള ബാങ്ക്, മലപ്പുറം ജില്ലാ ബാങ്ക്, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍, ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, മറ്റു വായ്പാ സംഘങ്ങള്‍, അംഗങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കുന്ന മറ്റു വായ്‌പേതര സംഘങ്ങള്‍ എന്നിവ കാമ്പയിനിന്റെ ഭാഗമാകേണ്ടതാണെന്നു വകുപ്പു നിര്‍ദേശിക്കുന്നു.

കേരള ബാങ്കൊഴികെയുള്ള സംഘങ്ങള്‍ക്കു ഓരോ ജില്ലയിലും സമാഹരിക്കേണ്ട തുക നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് മലപ്പുറം ജില്ലയില്‍ നിന്നാണ് കൂടുതല്‍ തുക സമാഹരിക്കേണ്ടത് ( 500 കോടി രൂപ ). മറ്റു ജില്ലകളിലെ കണക്ക് ഇപ്രകാരമാണ് : എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ( 450 കോടി വീതം ), തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ( 400 കോടി വീതം ), പാലക്കാട് ( 350 കോടി ), കൊല്ലം ( 300 കോടി ), പത്തനംതിട്ട, ആലപ്പുഴ ( 250 കോടി വീതം ), വയനാട്, കാസര്‍കോട്, ഇടുക്കി ( 200 കോടി വീതം). സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് 100 കോടി രൂപയും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് 75 കോടി രൂപയും സമാഹരിക്കണം.

ലക്ഷ്യത്തിന്റെ 30 ശതമാനമെങ്കിലും CASA നിക്ഷേപമായിരിക്കണം. കറന്റ് അക്കൗണ്ട്, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍ അനുമതിയുള്ള സഹകരണ സംഘങ്ങള്‍ സ്വരൂപിക്കുന്ന ആകെ നിക്ഷേപങ്ങളുടെ 30 ശതമാനത്തില്‍ കുറയാത്ത തുക കറന്റ്, സേവിങ്‌സ് മുതലായ നിക്ഷേപമായി സമാഹരിക്കണം. സ്‌കൂള്‍ / കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക നിക്ഷേപപദ്ധതികള്‍ ആരംഭിക്കുകയും പ്രവര്‍ത്തന പരിധിയിലെ എല്ലാ വിദ്യാര്‍ഥികളെയും ഈ നിക്ഷേപ പദ്ധതിയില്‍ അംഗങ്ങളാക്കുകയും വേണം. പ്രവര്‍ത്തന പരിധിയിലെ ഒരു വീട്ടില്‍ നിന്നു ഒരാളെയെങ്കിലും പുതുതായി സംഘത്തില്‍ അംഗമാക്കണം. കാമ്പയിനിന്റെ ഭാഗമായി വാര്‍ഡ്തല നിക്ഷേപ സദസ്സുകള്‍ സംഘടിപ്പിക്കണം.

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2022/02/66-1.pdf” title=”66 (1)”]

Leave a Reply

Your email address will not be published.

Latest News
error: Content is protected !!