ദേശീയ സഹകരണ സര്‍വകലാശാല സ്ഥാപിക്കും- മന്ത്രി അമിത് ഷാ

moonamvazhi

രാജ്യത്തു സഹകരണപ്രസ്ഥാനത്തിന്റെ അടിത്തറ ശക്തമാക്കുന്നതിനു ദേശീയതലത്തില്‍ ഒരു സഹകരണ സര്‍വകലാശാല സ്ഥാപിക്കുമെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ ഒരു ചോദ്യത്തിനുത്തരമായി അറിയിച്ചു. പുതിയൊരു ദേശീയ സഹകരണനയവും രൂപവത്കരിക്കുമെന്നു അദ്ദേഹം പറഞ്ഞു.

2022 സെപ്റ്റംബര്‍ രണ്ടിനു മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു ചെയര്‍മാനായി രൂപവത്കരിച്ച ദേശീയതല സമിതിയാണു സഹകരണനയത്തിനു രൂപം നല്‍കുന്നത്. സഹകരണമേഖലയിലെ വിദഗ്ധരും ദേശീയ-സംസ്ഥാന-ജില്ലാതല സംഘങ്ങളുടെ പ്രതിനിധികളും സഹകരണ വകുപ്പ് സെക്രട്ടറിമാരും സഹകരണസംഘം രജിസ്ട്രാര്‍മാരും ഈ സമിതിയില്‍ അംഗങ്ങളാണ്. പുതിയ ദേശീയനയം സഹകരണാധിഷ്ഠിത സാമ്പത്തിക വികസനം ശക്തമാക്കുകയും സഹകരണാശയം താഴെത്തട്ടില്‍വരെ എത്തിക്കുകയും ചെയ്യും. രാജ്യത്തെ വിവിധ സഹകരണ കോളേജുകളെയും പരിശീലനകേന്ദ്രങ്ങളെയും സഹകരണ സര്‍വകലാശാലയുമായി സംയോജിപ്പിക്കും. സഹകരണസംഘങ്ങളുടെ ശോഭനമായ ഭാവിക്കു പ്രൊഫഷണല്‍ മാനേജ്‌മെന്റ് അനിവാര്യമാണ് – അമിത് ഷാ പറഞ്ഞു.

സഹകരണത്തിലൂടെ സമൃദ്ധിയിലേക്ക് എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യത്തിലൂന്നിയാണു സഹകരണ സര്‍വകലാശാല സ്ഥാപിക്കുന്നതെന്നു ദേശീയ സഹകരണ യൂണിയന്‍ ( എന്‍.സി.യു.ഐ. ) ചെയര്‍മാന്‍ ദിലീപ് സംഘാനി പറഞ്ഞു. സഹകരണ പരിശീലനസ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു മികച്ച തൊഴിലവസരം സൃഷ്ടിക്കാന്‍ സര്‍വകലാശാല പ്രയോജനപ്പെടുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. നിര്‍ദിഷ്ട സഹകരണ സര്‍വകലാശാലയുടെ നടത്തിപ്പ് ദേശീയ സഹകരണ യൂണിയനായിരിക്കുമെന്നു കേന്ദ്ര സഹകരണ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. സഹകരണമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരിക്കും സര്‍വകലാശാല.

Leave a Reply

Your email address will not be published.

Latest News