തൊഴില്‍ സഭയ്ക്കായി സംഘങ്ങള്‍ക്ക് ഏറെ ചെയ്യാനുണ്ട്

- ശശികുമാര്‍ എം വി

മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും യോജിച്ച തൊഴില്‍ നല്‍കുക എന്ന
ലക്ഷ്യത്തോടെ നടപ്പാക്കാന്‍ഉദ്ദേശിക്കുന്ന തൊഴില്‍സഭ
എന്ന പദ്ധതി ഇക്കാലത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള
വലിയ ഒരു ശ്രമമാണ്. തൊഴില്‍സംരംഭ സാധ്യതകളെ
വളര്‍ത്തിയെടുക്കാനുള്ള തൊഴില്‍സഭ എന്ന ആശയം
വിജയിപ്പിക്കുന്നതില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കു
വലിയ പങ്ക് വഹിക്കാനുണ്ട്.

 

യുവജനങ്ങള്‍ക്കു പ്രത്യാശ നല്‍കുന്ന രണ്ടു വിഷയങ്ങളാണു സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച വ്യവസായനയത്തിന്റെ കരടും തൊഴില്‍സഭയും. തൊഴില്‍ ലഭിക്കുക എന്നത് ഏതു പൗരന്റെയും ആഗ്രഹവും ആവശ്യവുമാണ്. തൊഴില്‍ മനുഷ്യന്റെ കായികവും മാനസികവും ബുദ്ധിപരവുമായ കഴിവുകളെ ഉല്‍പ്പാദനപരമായ മേഖലയിലേക്കു തിരിച്ചുവിടുന്ന പ്രക്രിയയാണ്. ഉല്‍പ്പാദനപരമായ മേഖലയിലേക്കു തൊഴിലിനെ വിന്യസിക്കുമ്പോള്‍ അതു സാമ്പത്തികവളര്‍ച്ചക്കും സമൂഹത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ഇടയാക്കും. ഇവിടെയാണു കേരളസര്‍ക്കാര്‍ മുന്നോട്ടുവെച്ച തൊഴില്‍സഭ എന്ന ആശയം കരടു വ്യവസായനയത്തിന്റെ സാഹചര്യത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടത്. നാട്ടിലെ മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും യോജിച്ച തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്കു കടമ്പകള്‍ ഉണ്ടാവാമെങ്കിലും ഇക്കാലത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള വലിയ ഒരു ശ്രമമായി ഇതിനെ കാണേണ്ടതുണ്ട്.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കാര്‍ഷിക -വ്യാവസായിക മേഖലകള്‍ക്കു കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി വളര്‍ച്ചനിരക്കില്‍ മികവു പുലര്‍ത്താന്‍ സാധിച്ചിട്ടില്ല. അതേസമയം, സേവനമേഖല ക്രമാതീതമാംവണ്ണം വികസിച്ചതു സംസ്ഥാനത്തിന്റെ തൊഴില്‍ഘടനയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒരുകാലത്തു വലിയൊരു ശതമാനം പേര്‍ തൊഴിലെടുത്ത മേഖല എന്നതില്‍ നിന്നും ചെറിയ ശതമാനം മാത്രം ഇടപെടുന്ന ഒരു മേഖലയായി കൃഷി ഇന്നു ചുരുങ്ങിയിട്ടുണ്ട്. വ്യാവസായിക മേഖലയിലും ഇതേ സ്വഭാവം നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, തൊഴിലെടുക്കുന്നവരില്‍ നല്ലൊരു ശതമാനം കരാര്‍ത്തൊഴിലാളികള്‍ ആണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ത്തന്നെ നിര്‍മാണമേഖലയില്‍ അതിഥിത്തൊഴിലാളികളുടെ എണ്ണം ഏറെ വര്‍ധിച്ചിട്ടുണ്ട് എന്നതു കേരളത്തിലെ തൊഴില്‍മേഖലയിലെ ജനസംഖ്യാപരമായ വ്യത്യസ്തതയാണ്. സേവനമേഖലയുടെ വളര്‍ച്ചനിരക്ക് ഉയര്‍ന്നതായതുകൊണ്ടുതന്നെ ജോലിയെടുക്കുന്നവരില്‍ നല്ലൊരു ശതമാനം ഈ മേഖലയുമായി ബന്ധപ്പെടുന്നു.

ജ്ഞാന
സമ്പദ്‌വ്യവസ്ഥ

ഈയൊരു ചുറ്റുപാടിലാണു ജ്ഞാനസമ്പദ്‌വ്യവസ്ഥയെ വളര്‍ത്തിയെടുക്കുന്നതിന് അനുകൂലമായ കേരളത്തിന്റെ ലഭ്യമായ സൗകര്യത്തെ ഉപയോഗപ്പെടുത്താനും തൊഴില്‍സംരംഭസാധ്യതകളെ വളര്‍ത്തിയെടുക്കാനുമുള്ള തൊഴില്‍സഭ എന്ന ആശയം വിജയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തേണ്ടത്. സഹകരണ സ്ഥാപനങ്ങള്‍ക്ക് ഈ യജ്ഞത്തില്‍ വഹിക്കാനുള്ള പങ്ക് വലുതാണ്. പ്രാദേശികതലത്തില്‍ ഉള്‍ച്ചേര്‍ക്കല്‍പ്രവര്‍ത്തനം നടത്താന്‍ കഴിവുള്ള സ്ഥാപനങ്ങളാണ് ഇവ. അതുകൊണ്ടുതന്നെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലെ ഒരു പ്രധാന ഏജന്‍സി എന്ന നിലയില്‍ ഓരോ സഹകരണ സംഘവും നൈപുണിയുടെയും മനോഭാവത്തിന്റെയും അടിസ്ഥാനത്തില്‍ പ്രദേശത്തെ തൊഴിലന്വേഷകരേയും സംരംഭകരെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു സമീപനം സ്വീകരിക്കേണ്ടതുണ്ട്.

 

കാര്‍ഷിക – കാര്‍ഷികാനുബന്ധ മേഖലകളില്‍ പുതിയ സാങ്കേതികവിദ്യയും അറിവും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രാദേശികസംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം രൂപപ്പെടുത്തുക എന്നതാണു സംഘങ്ങളുടെ മുഖ്യമായ ഉത്തരവാദിത്തം. കാര്‍ഷികവായ്പാ വിതരണ ഏജന്‍സി എന്ന നിലയില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു സംരംഭങ്ങള്‍ക്കുള്ള വായ്പയും അനുബന്ധ സൗകര്യങ്ങളും നല്‍കാന്‍ കഴിയണം. മാത്രമല്ല, കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കാനും വില്‍പ്പന നടത്താനുമുള്ള അഗ്രഗേറ്റര്‍ എന്ന ഉത്തരവാദിത്തം ഏറ്റെടുക്കാനും ഓണ്‍ലൈന്‍ സാധ്യതകളെ ഉപയോഗിച്ചുള്ള പ്ലാറ്റ്‌ഫോം സംവിധാനമൊരുക്കാനും സംഘങ്ങള്‍ക്കു മുന്നോട്ടു വരാവുന്നതാണ്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉറച്ച വിലയും സുസ്ഥിര സംഭരണസംവിധാനവും ഉറപ്പാക്കുകയാണെങ്കില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാവും. പ്രദേശത്തെ വിവിധ വിഭാഗങ്ങളായ കൃഷിക്കാര്‍, യുവാക്കള്‍, പ്രവാസികള്‍, വീട്ടമ്മമാര്‍ എന്നിവരെ അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് പൂര്‍ണ സംരംഭകരായോ പാര്‍ട്ട് ടൈം സംരംഭകരായോ വളര്‍ത്തിയെടുക്കാവുന്നതാണ്. മാര്‍ക്കറ്റിങ് സംവിധാനം ഒരുക്കുന്നതില്‍ മാര്‍ക്കറ്റിങ് സംഘങ്ങള്‍ക്കും ഉയര്‍ന്ന ഉത്തരവാദിത്തം ഏറ്റെടുക്കാവുന്നതാണ്.

സാങ്കേതികവിദ്യക്കു മതിയായ പ്രാധാന്യം നല്‍കിയാലേ ജ്ഞാനസമ്പദ്‌വ്യവസ്ഥയിലെ പുതിയ തലമുറയെ കൃഷിയിലേക്കും കാര്‍ഷികാ നുബന്ധ മേഖലയിലേക്കും ആകര്‍ഷിക്കാനാവൂ. ഹൈഡ്രോപോണിക്, അക്വാപോണിക്, എയറോപോണിക്‌സ്, വെര്‍ട്ടിക്കല്‍ ഫാമിങ് എന്നീ മാര്‍ഗങ്ങള്‍ അവലംബിക്കുകവഴി സ്ഥലപരിമിതിയും സമയപരിധിയും നേരിടുന്ന വിഭാഗങ്ങളെ ആകര്‍ഷിക്കാനുതകുന്ന രീതിയില്‍ കാര്‍ഷിക സംഘങ്ങള്‍ തൊഴില്‍സഭ എന്ന ആശയത്തെ വിഭാവനം ചെയ്യേണ്ടതുണ്ട്.

സഹകരണ സംഘങ്ങളും ജനങ്ങളും ചേര്‍ന്നുകൊണ്ടുള്ള സംയോജിത സംരംഭങ്ങള്‍ കൃഷി അടിസ്ഥാനപ്പെടുത്തിയുള്ള ടൂറിസം പദ്ധതിയിലും പരീക്ഷിക്കാവുന്നതാണ്. ടൂറിസം സഹകരണ സംഘങ്ങള്‍ക്കു മറ്റു പ്രദേശങ്ങളിലെ സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയേണ്ടതുണ്ട്. സഹകരണ ആശുപത്രികള്‍ക്കു ആയുര്‍വേദം, യുനാനി എന്നിവയില്‍ ഊന്നിക്കൊണ്ടുള്ള മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ മേഖലയിലെ തൊഴില്‍സാധ്യതകളെ കണ്ടെത്താവുന്നതാണ്.

 

2026 ആകുമ്പോഴേക്കും മൂന്നു ലക്ഷം ചെറുകിട സംരംഭങ്ങളാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഒരു വികസന നയം സംഘങ്ങള്‍ രൂപവത്കരിക്കേണ്ടതുണ്ട്. ഇതില്‍ എം.എസ്.എം.ഇ. കളെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രാദേശികമായി പ്രോത്സാഹിപ്പിക്കാന്‍ സംഘങ്ങള്‍ക്കു കഴിയണം. ഉല്‍പ്പാദന -തൊഴില്‍ -വരുമാന വര്‍ധനവിന് ഊന്നല്‍ നല്‍കിക്കൊണ്ട് സംഘങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങളുമായി പദ്ധതിആവിഷ്‌കരണത്തിലും നടത്തിപ്പിലും സഹകരിക്കുകവഴി തൊഴില്‍സാധ്യതകള്‍ ഉയര്‍ത്താന്‍ കഴിയും. കൃഷി, മൃഗസംരക്ഷണം, പാലുല്‍പ്പാദനം, മത്സ്യക്കൃഷി തുടങ്ങിയ മേഖലകളില്‍ സ്വയംസഹായ / സംയുക്ത ബാധ്യതാ സംഘങ്ങള്‍ ( ജോയിന്റ് ലയബലിറ്റി ഗ്രൂപ്പ് ) പ്രോത്സാഹിപ്പിച്ചുകൊണ്ട് സംഘങ്ങള്‍ക്കു നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഈ മാതൃക അവലംബിച്ച് പ്രാദേശിക ഉല്‍പ്പാദനവും തൊഴില്‍സാധ്യതകളും വര്‍ധിപ്പിച്ച സംഘങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്.

സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ക്കു സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കിവരുന്നുണ്ട്. സഹകരണമേഖലയ്ക്കു സഹകരണ വ്യവസായ പാര്‍ക്കുകള്‍ എന്ന ആശയത്തിലൂടെ പ്രദേശത്തെ പുതുതലമുറയെ സംരംഭകലോകത്തേക്കു കൊണ്ടുവരാനും അതുവഴി തൊഴില്‍സാധ്യത ഉയര്‍ത്താനും ഗണ്യമായ പങ്ക് വഹിക്കാന്‍ കഴിയും. ഈ ഉദ്യമത്തില്‍ യുവാക്കളുടെ സഹകരണ സംഘങ്ങള്‍ക്കു വഹിക്കാനുള്ള പങ്കും ശ്രദ്ധേയമാണ്. കോവിഡ് നിരവധി കുടുംബങ്ങളില്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ സാഹചര്യംകൂടി സംഘങ്ങളുടെ ഉത്തരവാദിത്തം ഉയര്‍ത്തുന്നുണ്ട്. വരുമാനം ഗണ്യമായ തോതില്‍ ഇടിഞ്ഞ വിവിധ ജനവിഭാഗങ്ങളെയാണു സംഘങ്ങള്‍ ദൈനംദിനം അഭിസംബോധന ചെയ്യുന്നത്. ഉദാഹരണമായി, തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലേക്കു തിരിച്ചുവന്ന ലക്ഷക്കണക്കിനു പ്രവാസികള്‍ക്ക് അത്താണിയാവാന്‍ തൊഴില്‍സഭയെയും വ്യവസായ നയത്തിന്റെ സാധ്യതകളെയും ഉപയോഗപ്പെടുത്താനുള്ള സമീപനം സംഘങ്ങള്‍ സ്വീകരിച്ചേ മതിയാവൂ. പ്രദേശത്തെ വ്യക്തിപരവും കൂട്ടായതുമായ സംരംഭകരെ കണ്ടെത്തി അവരുടെകൂടെ നില്‍ക്കുക എന്നതാണ് ഇന്നത്തെ ആവശ്യം.

ചുരുക്കത്തില്‍, സ്വകാര്യ -പൊതു മേഖലയുടെകൂടെ വരുംകാലത്തു തൊഴില്‍- വരുമാന വികസനപദ്ധതിയില്‍ സഹകരണപ്രസ്ഥാനം ഉയര്‍ന്ന ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. കാര്‍ഷിക- വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം പ്രദേശത്തു സൃഷ്ടിക്കുക എന്ന ഉത്തരവാദിത്തമാണു സഹകരണപ്രസ്ഥാനം ഏറ്റെടുക്കേണ്ടത്. സംരംഭകത്വ പ്രോത്സാഹനത്തിനുള്ള മൂലധനകേന്ദ്രങ്ങളായി സഹകരണ സംഘങ്ങള്‍ക്കു പ്രവര്‍ത്തിക്കാവുന്നതാണ്. തന്മൂലം കേരളത്തിന്റെ കുറഞ്ഞ നിലവാരത്തിലുള്ള സംരംഭകത്വ സ്വഭാവത്തിനു മാറ്റം വരുത്താനും അതുവഴി പ്രാദേശിക ജി.ഡി.പി. ( മൊത്തം അഭ്യന്തരോല്‍പ്പാദനം ) യില്‍ ഉല്‍പ്പാദന മേഖലയില്‍ നിന്നുള്ള സംഭാവന വര്‍ധിപ്പിക്കാനും തൊഴില്‍ സഭയിലൂടെ കഴിയും എന്നു പ്രത്യാശിക്കാം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!