തെറ്റിപ്പോയ തീരുമാനവും നേരിടുന്ന പ്രതിസന്ധിയും

Deepthi Vipin lal

ഹകരണം എന്നത് ജനകീയ സാമ്പത്തിക ബദലും ജനാധിപത്യ കൂട്ടായ്മയുമാണ്. ജനഹിതമാണ് അതിന്റെ രാഷ്ട്രീയം. ഗ്രാമീണ മേഖലയുടെ അഭിവൃദ്ധിയും കര്‍ഷകരുടെ ക്ഷേമവുമാണ് ഇന്ത്യയിലെ ഭൂരിഭാഗം സഹകരണ സംഘങ്ങളുടെയും പ്രധാന ലക്ഷ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇന്നു സ്വീകരിക്കുന്ന നിലപാടും കൈക്കൊള്ളുന്ന തീരുമാനവും തെറ്റിപ്പോകുമ്പോള്‍ അതിന്റെ ആഘാതം ഏറ്റുവാങ്ങേണ്ടിവരുന്നതും ഈ അടിസ്ഥാന ജനവിഭാഗങ്ങളാവും. സഹകരണ സംഘങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ പ്രാധാന്യമേറുന്നത് ഇതുകൊണ്ടാണ്.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് പ്രാഥമിക സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് നിര്‍ദേശിച്ചത് റിസര്‍വ് ബാങ്കും നബാര്‍ഡുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യനാഥന്‍ കമ്മീഷനും ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിനു പിന്നാലെ കേന്ദ്ര പാക്കേജും ഉണ്ടായത്. 2005 ലായിരുന്നു അത്. അതിലെ പല നിര്‍ദേശങ്ങളോടും കേരളം ശക്തമായി വിയോജിച്ചു. പാക്കേജ് അംഗീകരിച്ചാല്‍ കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് 1600 കോടി രൂപയോളം കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുമായിരുന്നു. എന്നാല്‍, പണം കൊണ്ട് തീര്‍ക്കാവുന്നതിനേക്കാള്‍ വലിയ ആശങ്കയാണ് കേരളത്തിലെ സഹകാരികളും രാഷ്ട്രീയ നേതൃത്വവും ഈ പാക്കേജില്‍ കണ്ടത്. ഒന്നരപ്പതിറ്റാണ്ടിനു ശേഷം നമ്മള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അന്നു എതിര്‍ത്തതിനെയെല്ലാം ഇന്നു സ്വീകരിച്ച് ആനയിക്കുന്നത് തിരിച്ചറിയാനാവും. അതിനു പ്രധാനമായും വഴിയൊരുക്കിയത് കേരള ബാങ്കാണെന്നത് മറ്റൊരു വസ്തുതയാണ്. അനിവാര്യമായ മാറ്റങ്ങള്‍ക്ക് കീഴടങ്ങേണ്ടിവന്നതാണെന്ന് ഇതിന് ഒരു മറുവാദം ഉയര്‍ന്നേക്കാം. എന്നാല്‍, ഭാവിയില്‍ വരാനിരിക്കുന്ന അനിവാര്യത മുന്‍കൂട്ടി കാണാനായില്ലെന്നത് ഒരു വീഴ്ചയായെങ്കിലും നമ്മള്‍ ഉള്‍ക്കൊള്ളേണ്ടിവരും.

സാങ്കേതികമായും സാമ്പത്തികമായും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് വലിയ മാറ്റത്തിനുള്ള അവസരമാണ് കേന്ദ്ര പാക്കേജിലുണ്ടായിരുന്നത്. അതുപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്നത്തെ ഡിജിറ്റല്‍ ഇക്കണോമിയില്‍ മുന്‍നിരയില്‍ സഹകരണ സംഘങ്ങളുണ്ടാകുമായിരുന്നു. കഴിഞ്ഞുപോയതിന്റെ പോസ്റ്റ് മോര്‍ട്ടവും അതിലെ കുറ്റവാളികളെ തേടുകയുമല്ല ഇപ്പോള്‍ വേണ്ടത്. വര്‍ത്തമാനകാലത്ത് വസ്തുതകളെ വിലയിരുത്തുന്നതില്‍ വീഴ്ച പറ്റാതിരിക്കാനുള്ള ജാഗ്രതയാണുണ്ടാവേണ്ടത്.

സഹകരണ മേഖല ഒട്ടേറെ വെല്ലുവിളികള്‍ നേരിടുകയാണ് . അതില്‍നിന്ന് ഒളിച്ചോടാനാണ് ഇപ്പോഴും നമ്മള്‍ ശ്രമിക്കുന്നത്. ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന്റെ കുത്തും കോമയും പരിശോധിച്ച് നമ്മളെ ബാധിക്കുകയേയില്ലെന്ന് വാദിക്കുന്നവര്‍ കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കാന്‍ തയാറാവേണ്ടതുണ്ട്. റിസര്‍വ് ബാങ്ക് ബാങ്കിങ് സ്ഥാപനങ്ങളുടെ നിയന്ത്രണം കര്‍ശനമാക്കുകയാണ്. പണമിടപാട് പരിമിതപ്പെടുത്തുകയാണ്. കേന്ദ്ര നിയമ ഭേദഗതി ഇതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തണം. അപ്പോള്‍, കുത്തിലും കോമയിലും കാര്യമില്ലെന്നു മനസ്സിലാകും. നാളെ ഇതൊക്കെ നമ്മള്‍ അംഗീകരിക്കേണ്ടിവരുമെന്ന് ഉറപ്പാണ്. അത് തിരിച്ചറിയാനായില്ലെങ്കില്‍ വൈദ്യനാഥന്‍ പറഞ്ഞതിനെ അന്ന് എതിര്‍ക്കുകയും ഇന്ന് താലം നീട്ടി സ്വീകരിക്കുകയും ചെയ്ത അവസ്ഥ നമുക്ക് ആവര്‍ത്തിക്കേണ്ടിവരും.

ഇനി ഈ ഘട്ടത്തില്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം ഏതു രീതിയില്‍ മാറണമെന്നതാണ് ചിന്തിക്കേണ്ടത്. അതിനുള്ള അവസരവും ഏറെയുണ്ട്. സഹകരണ സംഘങ്ങള്‍ അവ പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തിന്റെ വികസനത്തിനാണ് ഊന്നല്‍ നല്‍കേണ്ടത് എന്നതാണ് പുതിയ കാഴ്ചപ്പാട്. ഇതിനനുസരിച്ചുള്ള പദ്ധതികള്‍ തയാറാക്കാനാണ് നബാര്‍ഡ്, എന്‍.സി.ഡി.സി. പോലുള്ള ഏജന്‍സികളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനു പുറമെ ഒരു ലക്ഷം കോടിയുടെ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടും പ്രഖ്യാപിച്ചു. ഇതെല്ലാം ഉപയോഗപ്പെടുത്തി വളരാനാണ് സഹകരണ സംഘങ്ങള്‍ ശ്രമിക്കേണ്ടത്. അതിന് ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം. വിശദമായ പദ്ധതിരേഖ തയാറാക്കി സമര്‍പ്പിച്ച് സാമ്പത്തിക സഹായം നേടാനാവണം. പ്രതിസന്ധിയെന്ന് വിലപിച്ചതുകൊണ്ടുമാത്രം ഒരു പ്രതിസന്ധിയേയും മറികടക്കാനാവില്ല. ലാഭമല്ല, ഒരു ജനതയുടെ ക്ഷേമമാണ് മുഖ്യമെന്ന് ചിന്തിക്കുന്ന സഹകരണ സംഘത്തിന് പ്രതിസന്ധികള്‍ നേരിടാന്‍ പ്രയാസമുണ്ടാവില്ല. മാറ്റം ഉള്‍ക്കൊണ്ട് സ്വയം നവീകരിക്കുകയാണ് വേണ്ടത്. അത് പുതിയ സാധ്യതകള്‍ തുറക്കും. ചരിത്രം പാഠം മാത്രമല്ല, പഠനം കൂടിയാണ്. ഇനിയെങ്കിലും അതുള്‍ക്കൊള്ളാന്‍ കേരളത്തിലെ സഹകരണ മേഖല തയാറാവണം.

-എഡിറ്റര്‍

Leave a Reply

Your email address will not be published.

Latest News