ചെരിപ്പു വ്യവസായത്തില്‍ മായാത്ത ചുവടുമായി വി.കെ.സി.

moonamvazhi

– യു.പി. അബ്ദുള്‍ മജീദ്

വ്യവസായി, സഹകാരി, പൊതുപ്രവര്‍ത്തകന്‍. വി.കെ.സി. ഗ്രൂപ്പിന്റെ തലപ്പത്തുള്ള
വി.കെ.സി. മമ്മദ്‌കോയ ഒരേസമയം പല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 2500 കോടി
രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള ചെരിപ്പു വ്യവസായ സാമ്രാജ്യത്തിന്റെ ഈ അധിപതി
തന്റെ വിജയങ്ങളില്‍ തരിമ്പും അഹങ്കരിക്കുന്നില്ല. വിനയാന്വിതനാണ് എപ്പോഴും.
ബിസിനസ്സിലും രാഷ്ട്രീയത്തിലും ഉയരങ്ങളിലെത്തിയിട്ടും കടന്നുവന്ന വഴി
മറക്കാത്ത മനുഷ്യസ്‌നേഹിയാണു വി.കെ.സി.

 

മരത്തടി വ്യവസായത്തിന്റെ മരണം കണ്ട നാടാണു കല്ലായി. ഓട്ടുകമ്പനികളില്‍ നിന്ന് ഇനിയും പുകയുയരില്ലെന്ന് ഉറപ്പായപ്പോള്‍ കരുവാളിച്ച മുഖവുമായി പടിയിറങ്ങിയ തൊഴിലാളികളുടെ കണ്ണീര്‍ വീണ മണ്ണാണു ഫറോക്ക്. കോഴിക്കോട്ടെ രണ്ടു പരമ്പരാഗത വ്യവസായങ്ങള്‍ മണ്ണടിഞ്ഞ പ്രദേശങ്ങള്‍ക്കിടയിലുള്ള പച്ചപ്പാണു ചെറുവണ്ണൂര്‍ – നല്ലളം. ഇവിടെ പച്ചപിടിച്ച വ്യവസായമാണു ചെരിപ്പ് നിര്‍മാണം. ചെരിപ്പ് വ്യവസായത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന സാധാരണക്കാരനാണു വി.കെ.സി. മമ്മദ് കോയ.

വി.കെ.സി. എന്ന മൂന്നക്ഷരം കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ പാദരക്ഷകളില്‍ ഒന്നാമതായി. പിന്നീട് രാജ്യത്തെ ചെരിപ്പുവിപണി കീഴടക്കിയായിരുന്നു വളര്‍ച്ച. വിദേശികളുടെ പ്രിയപ്പെട്ട ചപ്പല്‍ ബ്രാന്‍ഡില്‍ ഇടം പിടിച്ചാണു മുന്നേറ്റം. 2500 കോടിയുടെ വാര്‍ഷിക വിറ്റുവരവ്. ഇരുപത്തിയയ്യായിരത്തോളം പേര്‍ക്ക് ഉപജീവനത്തിന് ആശ്രയം. അക്ഷരാര്‍ഥത്തില്‍ ചെരിപ്പു വ്യവസായ സാമ്രാജ്യം. എന്നാല്‍, ഈ വ്യവസായ സാമ്രാജ്യത്തിന്റെ അധിപന്‍ വി.കെ.സി. മമ്മദ് കോയ എന്ന ശുഭ്രവസ്ത്രധാരി ലാഭം മാത്രം തലയിലേറ്റി നടക്കുന്ന സംരംഭകനല്ല. ഉയര്‍ച്ചയുടെ പടവുകള്‍ കയറിയപ്പോള്‍ വന്ന വഴി മറന്ന മുതലാളിയുമല്ല. പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും തലയെടുപ്പോടെ വി.കെ.സി.യുണ്ട്. ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് മുതല്‍ എം.എല്‍.എ. വരെ ആയിട്ടുണ്ട്. വലിയ സഹകരണ സ്ഥാപനങ്ങളുടെ തലപ്പത്തുണ്ട്. വ്യാപാരികളുടേയും വ്യവസായികളുടേയും കരാറുകാരുടേയും സംഘടനകളെ നയിക്കുന്നുണ്ട്. എല്ലാറ്റിലുമുപരി എളിമയോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഓടി നടക്കുന്നുമുണ്ട്.

പൂജ്യത്തില്‍ നിന്നു
തുടക്കം

നല്ലളം വെളുത്തേടത്ത് ഇമ്പിച്ചി മോതിയുടേയും ഫാത്തിമാബിയുടെയും മകന്‍ മമ്മദ് കോയ പൂജ്യത്തില്‍ നിന്നാണു തുടങ്ങിയത്. സാമ്പത്തിക പ്രയാസം മൂലം സ്‌കൂള്‍ പഠനം പാതിവഴിയില്‍ മുടങ്ങി. 1955 ല്‍ ചെറുപ്രായത്തില്‍ നാട്ടിലെ തീപ്പെട്ടിക്കമ്പനിയില്‍ തൊഴിലാളിയായി. കമ്പനി ഉടമ രണ്ടു തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ പ്രതികരിച്ചതോടെ തൊഴിലുടമയുടെ നോട്ടപ്പുള്ളിയായി. മമ്മദ് കോയ ക്രമേണ നാട്ടിലെ കമ്യൂണിസ്റ്റ് സഹയാത്രികനായി. അതോടെ പുതിയ ശത്രുക്കളുമുണ്ടായി. നാട്ടില്‍ നില്‍ക്കാന്‍ കഴിയാതായതോടെ തമിഴുനാട്ടിലേക്കു വണ്ടി കയറി. കൂലിവേല ചെയ്തും കരാര്‍പണികള്‍ ചെയ്തുമൊക്കെയായിരുന്നു ജീവിതം. അതിനിടെ തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജീവനക്കാരനായി. അതോടൊപ്പം അവിടെ ചെറിയ ഹോട്ടലും നടത്തി. 1967 ല്‍ കുറച്ച് കാശുമായി നാട്ടില്‍ തിരിച്ചെത്തി. രണ്ടു സുഹൃത്തുക്കളുമായി ചേര്‍ന്നു തീപ്പെട്ടിക്കമ്പനി തുടങ്ങി. തീപ്പെട്ടിയുടെ കൂടും കൊള്ളിയും സപ്ലൈ ചെയ്യുന്ന ഈ സ്ഥാപനം വി.കെ.സി. പ്ലൈവുഡ് ആന്റ് മാച്ച് ഇന്‍ഡസ്ട്രീസ് എന്ന പേരിലാണ് അറിയപ്പെട്ടത്. വെളുത്തേടത്ത് മമ്മദ് കോയയുടെ ഇനീഷ്യല്‍ വി. എന്നായിരുന്നു. പാര്‍ട്ട്ണര്‍മാരായ കുറ്റിയില്‍ സൈതലവിയുടെ കെ. യും ചക്കുങ്ങല്‍ സെയ്താലിക്കുട്ടിയുടെ സി. യും ചേര്‍ന്നാണു വി.കെ.സി. ആയത്. സെയ്താലിക്കുട്ടിയാണ് ആദ്യം പാര്‍ട്ട്ണര്‍ഷിപ്പ് പിരിഞ്ഞത്. ബാക്കിയായ രണ്ടു പേര്‍ പിന്നീട് കമ്പനി നടത്തി. അസംസ്‌കൃത സാധനങ്ങളുടെ ക്ഷാമവും ഉല്‍പ്പന്നത്തിനു ഡിമാന്‍ഡ് കുറവുമായതോടെ സൈതലവിയും ഷെയര്‍ പിരിഞ്ഞു. എന്നാല്‍, വി.കെ.സി. എന്ന ബ്രാന്‍ഡ് നെയിം മമ്മദ് കോയ വാങ്ങി. സ്ഥാപനവുമായി മുന്നോട്ടു പോയപ്പോള്‍ വി. മമ്മദ് കോയ വി.കെ.സി. മമ്മദ് കോയ എന്ന പേരില്‍ നാട്ടില്‍ അറിയപ്പെട്ടു. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ബാലറ്റ് പേപ്പറില്‍ വി.കെ.സി. മമ്മദ് കോയ എന്നു രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കി. പിന്നീട് ഗസറ്റ് വിജ്ഞാപനം നടത്തി വി.കെ.സി. മമ്മദ് കോയ എന്നത് ഔദ്യോഗികമാക്കി. അതിനിടെ തീപ്പെട്ടിക്കമ്പനി പ്രവര്‍ത്തനം നിര്‍ത്തി.

ചെരിപ്പ്
നിര്‍മാണത്തിലേക്ക്

1984 ലാണു മമ്മദ് കോയ രണ്ടു സഹോദന്മാര്‍ക്കൊപ്പം വി.കെ.സി. ചെരിപ്പുകമ്പനിക്കു തുടക്കമിടുന്നത്. 20 ലക്ഷത്തോളം രൂപ മുതല്‍മുടക്കില്‍ 20 തൊഴിലാളികളുമായി പ്രവര്‍ത്തനം തുടങ്ങി. ഹവായ് ചെരിപ്പുകള്‍ക്കാവശ്യമായ ഷീറ്റും സ്ട്രാപ്പുമാണ് ആദ്യം നിര്‍മിച്ചത്. രണ്ടു വര്‍ഷത്തെ പരിചയവും പഠനവുമായപ്പോള്‍ സ്വന്തമായി ചെരിപ്പ് നിര്‍മിക്കാമെന്നായി. ഹവാക്കറും ഫിഷറും പ്രീമിയറുമൊക്കെ അടക്കി വാണിരുന്ന ഹവായ് ചെരുപ്പു മാര്‍ക്കറ്റില്‍ വി.കെ.സി. ഹവായ് പെട്ടെന്നു താരമായി. ഹവായ്പ്രിയരായ തമിഴുതൊഴിലാളികള്‍ വി.കെ.സി. ഉല്‍പ്പന്നത്തിന്റെ പതിവുകാരായി. സാധാരണക്കാര്‍ ഇഷ്ടപ്പെടുന്ന നിറങ്ങളില്‍ ഹവായ് ചെരുപ്പുകള്‍ വിലക്കുറവില്‍ ലഭിച്ചതും മാര്‍ക്കറ്റില്‍ മേധാവിത്വമുറപ്പിക്കാന്‍ കാരണമായി. വലിയ മുന്നേറ്റമായിരുന്നു പിന്നീടുള്ള വര്‍ഷങ്ങളില്‍. തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കുമൊക്കെ വി.കെ.സി. യുടെ ജനകീയ ഹവായ് ചെരിപ്പ് പെട്ടെന്നു വ്യാപിച്ചു. അസംസ്‌കൃത സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ചെറുകിട മേഖലയെ വി.കെ.സി. പ്രോത്സാഹിപ്പിച്ചു. ആയിരങ്ങള്‍ക്കു ചെറുവണ്ണൂര്‍, നല്ലളം ഭാഗത്തു ചെരിപ്പു നിര്‍മാണത്തില്‍ തൊഴിലവസരമായി.

90 കളില്‍ പി.വി.സി. ചെരിപ്പുകള്‍ വിപണിയിലിറങ്ങിയതോടെ വി.കെ.സി. യുടെയും ശ്രദ്ധ അങ്ങോട്ടായി. തായ്വാന്‍, തായ്‌ലന്റ് പോലുള്ള ഇറക്കുമതിരാജ്യങ്ങളുമായി മത്സരിച്ച് ഉല്‍പ്പാദനരീതികളില്‍ അടിമുടി മാറ്റം വരുത്തി. വിദേശയന്ത്രങ്ങള്‍ വാങ്ങി കാലത്തിനൊപ്പം നീങ്ങി. സാങ്കേതിക രംഗത്തു പരീക്ഷണങ്ങള്‍ നടത്തി വിജയമെങ്കില്‍ മുന്നോട്ടു നീങ്ങുന്ന രീതിയായിരുന്നു അന്നത്തേത്. അതിനിടെ പോളി യൂറത്തയിന്‍ (പി. യു ) ചെരിപ്പുകളുടെ കടന്നുകയറ്റമായി. പുതിയ മത്സരത്തിലും വി.കെ.സി. ഒരിഞ്ചു വിട്ടുകൊടുത്തില്ല. വമ്പന്‍ കമ്പനികള്‍ വലിയ വിലയുമായി മാര്‍ക്കറ്റിലേക്കു വന്നപ്പോള്‍ സമാന ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്കു ഗുണമേന്മയും ഫാഷനും ഉറപ്പു വരുത്തി വി.കെ.സി. മാര്‍ക്കറ്റിലിറക്കി. അതു സാധാരണക്കാര്‍ സ്വീകരിച്ചു. അതാണു വിറ്റുവരവില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കിയത്. വി.കെ.സി. യുടെ ബ്രാന്‍ഡ് അംബാസിഡറായി അമിതാ ബച്ചന്‍ വന്നത് ഉത്തരേന്ത്യന്‍ ചെരിപ്പു വിപണിയിലുണ്ടാക്കിയ മാറ്റം ചെറുതല്ല. ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയ പ്രയാസമില്ലാതെ മേധാവിത്വം നിലനിര്‍ത്തിയ വി.കെ.സി. ഉല്‍പ്പന്നങ്ങള്‍ക്ക് ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ ബച്ചന്റെ പരസ്യങ്ങള്‍ ഗുണം ചെയ്തു

വിദേശ
വിപണിയിലും

കേരളത്തിലെ വിവിധ ഉല്‍പ്പാദക യൂണിറ്റുകള്‍ക്കു പുറമെ കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം ബംഗ്ലാദേശിലും ശ്രീലങ്കയിലും വി.കെ.സി. യുടെ ഉല്‍പ്പാദക യൂണിറ്റുകളുണ്ട്. 22 കമ്പനികള്‍ ചേര്‍ന്ന വി.കെ.സി. ഗ്രൂപ്പിനു 32 ഡയറക്ടര്‍മാരുണ്ട്. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ പ്രൊഫഷണലിസത്തിനു പരിഗണന നല്‍കി രൂപപ്പെട്ട സ്ഥാപനമാണു മമ്മദ് കോയ നേതൃത്വം നല്‍കുന്ന വി.കെ.സി. ഗ്രൂപ്പ്. എം.ബി.എ. ബിരുദധാരിയായ മൂത്ത മകന്‍ അബ്ദുല്‍ റസാക്കും പോളിമര്‍ സയന്‍സിലും റബ്ബര്‍ ടെക്‌നോളജിയിലും മാസ്റ്റര്‍ ബിരുദമുള്ള ഇളയ മകന്‍ നൗഷാദും മറ്റു കുടംബാഗങ്ങളും മമ്മദ് കോയക്കൊപ്പം കമ്പനി നടത്തിപ്പില്‍ സജീവമാണ്.

അനുഭവവും അറിവും
പങ്ക് വെയ്ക്കല്‍

ചെരിപ്പു നിര്‍മാണ രംഗത്തു തങ്ങളുടെ അനുഭവവും അറിവും ചെറുകിട നിര്‍മാതാക്കളുമായും പുതിയ സംരംഭകരുമായും പങ്കുവെയ്ക്കുന്ന രീതിയാണു വി.കെ.സി. ഗ്രൂപ്പിനെ മാതൃകാ സ്ഥാപനമാക്കുന്നത്. വി.കെ.സി. മമ്മദ് കോയ മുന്‍കൈ എടുത്ത് സ്ഥാപിച്ച ഫുട്ട്‌വേര്‍ ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ് സെന്റര്‍ ( എഫ്.ഡി.ഡി.സി ) എന്ന സ്ഥാപനം ഈ രംഗത്തു മികച്ച കാല്‍വെപ്പാണ്. ആയിരക്കണക്കിനാളുകള്‍ക്കു ചെരിപ്പു നിര്‍മാണ മേഖലയില്‍ പരിശീലനം നല്‍കാനും അതുവഴി തൊഴില്‍ നല്‍കാനും എഫ്.ഡി.ഡി.സി.ക്കു കഴിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണ രംഗത്തും മാതൃകാ പ്രവര്‍ത്തനമാണ് ഈ സ്ഥാപനം നടത്തുന്നത്. മാറാട് കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടം ആരംഭിച്ച സ്പര്‍ശം പദ്ധതിക്കും എഫ.്ഡി.ഡി.സി. പിന്തുണ നല്‍കി.

തൊഴിലാളിക്ഷേമ
പ്രവര്‍ത്തനം

സംതൃപ്തരായ തൊഴിലാളികളാണ് ഏതൊരു സ്ഥാപനത്തിന്റയും വളര്‍ച്ചക്ക് ഏറ്റവും ആവശ്യമെന്ന തിരിച്ചറിവാണു വി.കെ.സി. ഗ്രൂപ്പിന്റെ തൊഴിലാളിക്ഷേമ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനാശയം. തൊഴിലാളികളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നിരവധി പദ്ധതികള്‍ ഗ്രൂപ്പ് നടപ്പാക്കിയിട്ടുണ്ട്. മലപ്പുറത്തും വയനാട്ടിലുമൊക്കെ ഇതിനു മാതൃകകളുണ്ട്. ഫ്‌ളാറ്റുകള്‍, താമസമുറികള്‍, ഭക്ഷണ ഹാളുകള്‍, കാന്റീന്‍ സൗകര്യങ്ങള്‍, വിനോദ സ്ഥലങ്ങള്‍ തുടങ്ങി ഫാക്ടറി അനുബന്ധ സൗകര്യങ്ങള്‍ വിപുലമാണ്. തൊഴിലാളികളാട് സൗഹാര്‍ദ സമീപനം സ്വീകരിക്കുന്ന വി.കെ.സി. ഗ്രൂപ്പില്‍ തൊഴില്‍ത്തര്‍ക്കങ്ങളും അപൂര്‍വമാണ്. മുതലാളി – തൊഴിലാളി വ്യത്യാസങ്ങളില്ലാത്ത സ്ഥാപനമായി വി.കെ.സി. ഗ്രൂപ്പ് മാറിയതില്‍ മമ്മദു കോയയുടെ വ്യക്തിപരമായ ചില കാഴ്ച്ചപ്പാടുകളുണ്ട്.

വി.കെ.സി. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന കച്ചവടക്കാര്‍ക്കുവേണ്ടി നടപ്പാക്കിയ ക്ഷേമപദ്ധതികളും മറ്റു വ്യവസായികള്‍ കണ്ടു പഠിക്കേണ്ടതാണ്. വി.കെ.സി. ഗ്രൂപ്പ് നാഗരിക് സ്‌കീം ഫോര്‍ റീട്ടയില്‍ ആന്റ് സെയില്‍സ് മെന്‍, ലോക്കല്‍ ഡീലര്‍ കെയര്‍ സ്‌കീം എന്നീ പദ്ധതികള്‍ വഴിയാണു കച്ചവടക്കാരെ ആത്യാവശ്യ ഘട്ടങ്ങളില്‍ സഹായിക്കുന്നത്. വി.കെ.സി. കമ്പനിയുടെ നാല് ജോഡി ചെരിപ്പ് വിറ്റ ഒരു കച്ചവടക്കാരന് അപകടം സംഭവിച്ചാല്‍ കുറഞ്ഞതു 25,000 രൂപ സഹായധനമായി ലഭിക്കും. ഇന്‍ഷൂറന്‍സ് പരിരക്ഷ വേറെയുമുണ്ട്.

ബ്രിട്ടന്‍ ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നം കയറ്റിയയക്കുന്ന വി.കെ.സി. ഗ്രൂപ്പ് ലോകരാജ്യങ്ങളില്‍ പാദരക്ഷാ വിപണിയിലെ ചലനങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്. ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, ചൈന, ജര്‍മനി, സിങ്കപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച വി.കെ.സി. മമ്മദ് കോയ വലിയ അനുഭവ സമ്പത്തുമായാണ് ഇപ്പോഴും ഗ്രൂപ്പിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത്. ബിസിനസ് രംഗത്തു നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും വി.കെ.സി.യെ തേടിയെത്തിയിട്ടുണ്ട്. 2021 ലെ മീഡിയ വണ്‍ ബിസിനസ് എക്സലന്‍സി അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയനാണു വി.കെ.സി.ക്കു സമ്മാനിച്ചത്.

പൊതുരംഗത്തും
സമ്മതന്‍

ആയിരക്കണക്കിനു തൊഴിലാളികള്‍ പണിയെടുക്കുന്ന വലിയ വ്യവസായ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുമ്പോഴും പൊതുരംഗത്തും രാഷ്ടീയ രംഗത്തും നിറഞ്ഞുനില്‍ക്കുന്നു എന്നതാണു വി.കെ.സി. മമ്മദ് കോയയെ വ്യത്യസ്തനാക്കുന്നത്. 1975 ല്‍ സി.പി.എം. അംഗമായ വി.കെ.സി. 1979 മുതല്‍ 84 വരെ ചെറുവണ്ണൂര്‍ – നല്ലളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് അക്കാലത്തു പഞ്ചായത്തു പ്രദേശത്തു നടന്നത്. 1990 ല്‍ ജില്ലാ കൗണ്‍സിലിലും 1995 ല്‍ ജില്ലാ പഞ്ചായത്തിലും അംഗമായി. ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് പദവി വഹിച്ചിരുന്ന 1995 – 2000 കാലത്താണു ചെറുവണ്ണൂരില്‍ മിനി വ്യവസായ എസ്റ്റേറ്റ് ആരംഭിച്ചത്. കോഴിക്കോട് വികസന അതോറിട്ടിയില്‍ അഞ്ചു വര്‍ഷം അംഗമായിരുന്നു. 2001 ല്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ വി.കെ.സി. എന്ന ജനകീയ എം.എല്‍.എ.ക്കു കഴിഞ്ഞു. 2015 ല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി. എന്നാല്‍, 2016 ല്‍ ബേപ്പൂരില്‍ നിന്നു വീണ്ടും മത്സരിക്കാനുള്ള നിയോഗം വന്നതോടെ മേയര്‍ സ്ഥാനം രാജിവെച്ചു. 2021 വരെ ബേപ്പൂരിനെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തു.

കേരളത്തിലെ പ്രമുഖ വ്യാപാരി സംഘടനകളിലൊന്നായ കേരള വ്യാപാരി വ്യവസായി സമിതിയുടെ പ്രസിഡന്റാണു വി.കെ.സി. മമ്മദ് കോയ. കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയന്റെ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതു കഴിഞ്ഞ മാസമാണ്. ചെറുകിട വ്യവസായി അസോസിയേഷന്റേയും മുന്‍ പ്രസിഡന്റാണ്. എഫ്.ഡി.ഡി.സി.യുടെ ചെയര്‍മാനും വി.കെ.സി.യാണ്.

സഹകരണ
മേഖലയില്‍

ദീര്‍ഘകാലമായി സഹകരണ രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട് മമ്മദ് കോയ. 25 വര്‍ഷം ഫറോക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടറായിരുന്നു. കയര്‍ വ്യവസായ സഹകരണ സംഘത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കോഴിക്കോട് സഹകരണ ഹോമിയോ ആശുപത്രിയുടേയും ഇന്‍ഡ്‌സ്ട്രിയല്‍ മര്‍ക്കന്റയില്‍ സഹകരണ സംഘത്തിന്റേയും പ്രസിഡന്റാണ്.

ജീവകാരുണ്യ
പ്രവര്‍ത്തനം

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ സമയം ചെലവഴിക്കുന്ന പൊതുപ്രവര്‍ത്തകനാണു വി.കെ.സി. മമ്മദ് കോയ. ബേപ്പൂര്‍ മണ്ഡലം ഡവലപ്‌മെന്റ് മിഷന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് (ബി.എം.ഡി.എം.സി.ടി ) എന്ന പേരില്‍ വി.കെ.സി. ചെയര്‍മാനായി ആരംഭിച്ച കാരുണ്യ സംഘടനയുടെ കീഴില്‍ കോടികള്‍ ചെലവഴിച്ചാണു സൗജന്യ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 2010 ല്‍ നല്ലളം റെഡ് ക്രസന്റ് ആശുപത്രിയുമായി സഹകരിച്ചാണു പാവപ്പെട്ടവര്‍ക്കു സൗജന്യ ഡയാലിസിസ് നല്‍കാന്‍ ട്രസ്റ്റ് തുടക്കമിട്ടത്. വി.കെ.സി.യും ഹാപ്പി ഖാലിദ് എന്ന എം. ഖാലിദും സൗജന്യമായി നല്‍കിയ 43 സെന്റ് സ്ഥലത്തു പൊതുജനങ്ങളുടെ സഹായത്തോടെ ആറ് കോടി ചെലവില്‍ ഡയാലിസിസ് സെന്ററിനു കെട്ടിടം പണിതിട്ടുണ്ട.് 14 മെഷീന്‍ ഉപയോഗിച്ച് 80 പേര്‍ക്ക് ഇപ്പോള്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. ഇത് ഇരട്ടിയാക്കാനാണു ശ്രമം. 17 ജീവനക്കാരുള്ള ഡയാലിസിസ് സെന്ററിന്റെ ചെലവ് നടത്താന്‍ ജനപങ്കാളിത്തത്തോടെ ഫണ്ട് സ്വരൂപിക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്കു വീടു നിര്‍മിച്ചുനല്‍കുന്ന പദ്ധതിയും ട്രസ്റ്റ് നടപ്പാക്കിയിട്ടുണ്ട്.

വി.കെ.സി. ഗ്രൂപ്പിന്റെ പൊതുനന്മാഫണ്ട് വി.കെ.സി. ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വഴി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി ചെലവഴിക്കുന്നുണ്ട്. ഫൗണ്ടേഷന്‍ സാംസ്‌കാരിക നിലയം നിര്‍മിക്കുന്നുണ്ട്. വായനശാല, വയോജനകേന്ദ്രം, മീറ്റിങ് ഹാള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാവും. പാര്‍ട്ടി നേതാവ് വ്യവസായം നടത്തുമ്പോള്‍ അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളെന്താണ് എന്ന ചോദ്യത്തിനു വി.കെ.സി. മമ്മദ് കോയയുടെ മറുപടി ഇങ്ങനെ: ‘ നിയമവിധേയമല്ലാത്ത ഒരാനുകൂല്യവും ഒരു സര്‍ക്കാറില്‍ നിന്നും ഞങ്ങള്‍ സ്വീകരിക്കുന്നില്ല. നിയമവിരുദ്ധമായി ഒരു കാര്യവും ചെയ്യുന്നുമില്ല. രാഷ്ട്രീയ പ്രവര്‍ത്തനം ബിസിനസ്സുമായി കൂട്ടിക്കുഴക്കാറില്ല. അതുകൊണ്ട് എതു സര്‍ക്കാര്‍ ഭരിച്ചാലും ബിസിനസ് അതിന്റെ വഴിയില്‍ മുന്നോട്ടുപോവും. കൃത്യമായി നികുതി നല്‍കി ബിസിനസ് നടത്തുന്ന സ്ഥാപനമെന്ന നിലയില്‍ ഞങ്ങളുടെ വഴികള്‍ സുതാര്യമാണ് ‘.

വി.കെ.സി. വിനയാന്വിതനാണ്. ആര്‍ക്കും ഏതു സമയത്തും സമീപിക്കാവുന്ന വ്യക്തി. ബിസിനസ്സിലും രാഷ്ടീയത്തിലുമൊക്കെ ഉയരങ്ങളിലെത്തിയിട്ടും താഴെത്തട്ടിലുള്ളവരെ മറക്കാത്ത പ്രകൃതം. കുടുംബ ബന്ധങ്ങള്‍ക്കും സ്‌നേഹ ബന്ധങ്ങള്‍ക്കും വലിയ പരിഗണന നല്‍കുന്ന കാരണവര്‍. പ്രയാസപ്പെടുന്നവര്‍ ആരായാലും അവരെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന മനുഷ്യസ്‌നേഹി. തൊഴിലാളികളുടെ വിയര്‍പ്പിന്റെ വിലയറിയുന്ന വ്യവസായി. വികസന കാര്യങ്ങളില്‍ സ്വന്തം കാഴ്ചപ്പാടുകളുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍. തന്നെ വളര്‍ത്തി വലുതാക്കിയ നാടിനുവേണ്ടി ഇനിയുമേറെ ചെയ്യാനുണ്ടെന്നു കരുതി ഓടിനടക്കുന്ന പൊതുപ്രവര്‍ത്തകന്‍. വ്യത്യസ്തനായ ഈ മനുഷ്യനില്‍ നിന്നു പഠിക്കാനുണ്ട് ഏറെ പാഠങ്ങള്‍.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!