അമുലിന്റെ 75 -ാം വാര്‍ഷികം ആഘോഷിച്ചു

Deepthi Vipin lal

പ്രമുഖ ക്ഷീര സഹകരണ സ്ഥാപനമായ അമുല്‍ ഗുജറാത്തിലെ ആനന്ദില്‍ 75 -ാം സ്ഥാപക വാര്‍ഷികം ആഘോഷിച്ചു.

കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ വാര്‍ഷികാഘോഷച്ചടങ്ങില്‍ സംസാരിച്ചു. 36 ലക്ഷം കുടുംബങ്ങള്‍ക്കു തൊഴില്‍ നല്‍കുന്ന അമുല്‍ ഒരു വടവൃക്ഷമാണെന്നു മന്ത്രി വിശേഷിപ്പിച്ചു. ത്രിഭുവന്‍ ദാസും സര്‍ദാര്‍ പട്ടേലും തുടക്കമിട്ട അമുല്‍ ഇന്ന് ഒരു ആഗോള ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. തുടക്കത്തില്‍ അമുല്‍ പ്രതിദിനം 200 ലിറ്റര്‍ പാലാണു ശേഖരിച്ചിരുന്നത്. ഇന്നു പ്രതിദിനം മൂന്നു കോടി ലിറ്റര്‍ പാലാണു സംസ്‌കരിച്ചു സൂക്ഷിക്കുന്നത്. 18,600 ലധികം ചെറുകിട പാലുല്‍പ്പാദക സഹകരണ സംഘങ്ങളാണ് ഇന്ന് അമുലുമായി ബന്ധപ്പെട്ടിരിക്കുന്നത്. 2020 – 21 ല്‍ അമുലിന്റെ വിറ്റുവരവ് 53,000 കോടി രൂപ കടന്നുകഴിഞ്ഞു – അമിത് ഷാ പറഞ്ഞു.

നിരവധി ആള്‍ക്കാര്‍ ഒരുമിച്ചു ചേര്‍ന്നു ഒരു ലക്ഷ്യത്തിനുവേണ്ടി പ്രയത്‌നിക്കുമ്പോള്‍ അതിനു വലിയ ഫലമുണ്ടാവും. ഇതാണു സഹകരണത്തിന്റെ അടിസ്ഥാന മന്ത്രം. നമ്മള്‍ ചെറിയവരായിരിക്കാം. പക്ഷേ, ചെറിയവരുടെ വലിയൊരു സംഘം ഒരുമിച്ചു ചേര്‍ന്നു ഒരേ ദിശയിലേക്കു നീങ്ങിയാല്‍ അതു വലിയൊരു ശക്തിയാവും. അതാണു സഹകരണം – മന്ത്രി അമിത് ഷാ പറഞ്ഞു.

സഹകരണത്തില്‍ നിന്ന് അഭിവൃദ്ധിയിലേക്കു എന്ന ലക്ഷത്തോടെയാണു കേന്ദ്ര സഹകരണ മന്ത്രാലയം രൂപവത്കരിച്ചതെന്നു മന്ത്രി പറഞ്ഞു. അഞ്ചു ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ഇന്ത്യയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹകരണ പ്രസ്ഥാനം സഹായിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. സഹകരണ മേഖലയുടെ വിജയകഥ കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലും എത്തിക്കണം. രാജ്യത്തെ ധാരാളം കര്‍ഷകര്‍ ജൈവക്കൃഷിയിലേക്കു കടന്നിട്ടുണ്ട്. പക്ഷേ, അവര്‍ക്കു തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിനകത്തും പുറത്തും വിറ്റഴിക്കാനുള്ള പൊതു സംവിധാനമില്ല – മന്ത്രി പറഞ്ഞു.

കേന്ദ്ര മന്ത്രിമാരായ പുരുഷോത്തം രൂപാല, ബി.എല്‍. വര്‍മ, ശ്രീദേവ് സിങ് ചൗഹാന്‍, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, അമുല്‍ ചെയര്‍മാന്‍ രാംസിങ് പാര്‍മര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!