കോടികള്‍ നല്‍കാനാവശ്യപ്പെട്ട് സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

[email protected]

ആദായനികുതി വകുപ്പ് വീണ്ടും സഹകരണ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങി. സംഘങ്ങളുടെ ലാഭത്തിനനുസരിച്ച് ആദായനികുതി നല്‍കേണ്ടതുണ്ട്. എന്നാല്‍, ഇല്ലാത്ത ലാഭത്തിന് നികുതി ഒടുക്കണമെന്ന് കാണിച്ചാണ് ഇപ്പോള്‍ ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇതിനെ നിയമപരമായി പ്രതിരോധിക്കാനാണ് സഹകരണ സംഘങ്ങളുടെ തീരുമാനം.

സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റില്‍നിന്ന് എല്ലാ സംഘങ്ങളുടെയും ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയാണ് ആദായനികുതി വകുപ്പിന്റെ നടപടി. ഓഡിറ്റില്‍ കരുതലായി മാറ്റിവെച്ച തുക ലാഭമായി കണക്കാക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ നിലപാട്. ഇങ്ങനെവരുമ്പോള്‍ നഷ്ടത്തിലുള്ള സ്ഥാപനങ്ങള്‍ പോലും ആദായ നികുതി നല്‍കേണ്ടിവരും.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളാണ് കേരളത്തില്‍ സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നത്. കാര്‍ഷികാവശ്യത്തിന് അംഗങ്ങള്‍ക്ക് മാത്രം വായ്പ നല്‍കുന്നതാണ് ഈ സംഘങ്ങള്‍ എന്നനിലയില്‍ അവയെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, കാര്‍ഷിക വായ്പയല്ലാത്തവയാണ് ഈ ബാങ്കുകള്‍ ഏറെയും നല്‍കുന്നതെന്നാണ് ആദായനികുതി വകുപ്പിന്റെ വാദം. അതിനാല്‍, കാര്‍ഷികവായ്പയില്‍നിന്നൊഴികെയുള്ള വായ്പയില്‍നിന്നുള്ള വരുമാനം ആദായനികുതിയുടെ പരിധിയില്‍ വരുമെന്നും പറയുന്നു.

അംഗങ്ങളുടെ ക്ഷേമം, സ്ഥാപനത്തിന്റെ ധനസ്ഥിതി ഉറപ്പാക്കാനായി കിട്ടാക്കടത്തിനനുപാതികമായി മാറ്റിവെക്കുന്ന തുക, അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ സഹായം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ബാങ്കുകള്‍ വരുമാനത്തില്‍നിന്ന് കരുതല്‍ വെക്കാറുണ്ട്. ഇതൊഴിവാക്കിയാണ് ഓഡിറ്റില്‍ ബാങ്കുകളുടെ ലാഭം നഷ്ടം കണക്കാക്കുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള കരുതല്‍ ധനം ലാഭമായി കണക്കാക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ നിലപാട്. ഇതിനെതിരെയാണ് സഹകരണ ബാങ്കുകള്‍ കോടതിയെ സമീപിക്കുന്നത്. കരുതല്‍ ധനം ലാഭമായി കണക്കാക്കി സംഘത്തില്‍നിന്ന് നികുതി ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിക്കാനായി തിരുവനന്തപുരം മേഖലയിലെ സഹകരണ സംഘങ്ങളുടെ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഇതിന്റെ ചെലവിനുള്ള തുക സംഘങ്ങളില്‍ നിന്ന് പിരിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!