സഹകരണത്തിലൂടെ സമൃദ്ധി : ലക്ഷ്യ പ്രാപ്തിക്കായി പത്തിന പരിപാടി

Deepthi Vipin lal

‘ സഹകരണത്തിലൂടെ സമൃദ്ധി ‘ എന്ന ലക്ഷ്യം നേടാനായി കേന്ദ്ര സഹകരണ വകുപ്പ് പത്തിന പരിപാടി നടപ്പാക്കിവരികയാണെന്നു സഹകരണ മന്ത്രി അമിത് ഷാ എഴുതിക്കൊടുത്ത മറുപടിയില്‍ രാജ്യസഭയെ അറിയിച്ചു.

സുതാര്യത, ആധുനികീകരണം, കമ്പ്യൂട്ടര്‍വത്കരണം എന്നിവ നടപ്പാക്കി സംഘങ്ങളെ മത്സരക്ഷമമാക്കി, രാജ്യത്തുടനീളം താഴെത്തട്ടില്‍പ്പോലും സഹകരണാശയം എത്തിച്ച് സഹകരണ മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണു ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. ഇതിനുവേണ്ടി നടപ്പാക്കിവരുന്ന പരിപാടികള്‍ അദ്ദേഹം ഒന്നൊന്നായി എണ്ണിപ്പറഞ്ഞു.

സര്‍ക്കാരിന്റെ ജെം ( ഗവണ്‍മെന്റ് ഇ- മാര്‍ക്കറ്റ് പ്ലേസ് ) പദ്ധതിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനു സഹകരണ സംഘങ്ങള്‍ക്കും പ്രവേശനം നല്‍കിയെന്നു മന്ത്രി അറിയിച്ചു. സംഘങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങളും സേവനങ്ങളും ഇങ്ങനെ ഇനി ഓണ്‍ലൈനായി വാങ്ങാം. ഉപഭോക്താവായി സംഘങ്ങള്‍ ജെമ്മില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. രാജ്യമെങ്ങും 40 ലക്ഷം വില്‍പ്പനക്കാരാണു ജെമ്മില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഘങ്ങളുടെ സംഭരണ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്ന ഈ വാങ്ങല്‍രീതിയിലൂടെ കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കിട്ടും.

രാജ്യത്തെ 63,000 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ഡിജിറ്റലൈസ് ചെയ്യാനുള്ള പദ്ധതിയാണു മറ്റൊരു നടപടി. ജൂണ്‍ 29 നു തുടക്കമിട്ട ഈ പദ്ധതിക്കു 2516 കോടി രൂപയാണു കേന്ദ്രം നീക്കിവെക്കുന്നത്. ഗ്രാമീണതലത്തില്‍ സംഘങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രാഥമിക വായ്പാ സംഘങ്ങള്‍ക്കു വേണ്ടി ഒരു മാതൃകാ നിയമാവലി കേന്ദ്രം തയാറാക്കി അഭിപ്രായം തേടിവരികയാണ്.

കരിമ്പു കര്‍ഷകര്‍ക്ക് അധികം നല്‍കുന്ന വിലയ്ക്കു സഹകരണ പഞ്ചസാര മില്ലുകള്‍ കൂടുതല്‍ ആദായനികുതി നല്‍കേണ്ടതില്ലെന്നു 2021 ഒക്ടോബര്‍ 26 നു ഉത്തരവിട്ടിട്ടുണ്ടെന്നു അമിത് ഷാ അറിയിച്ചു. ഇതു സഹകരണ പഞ്ചസാര മില്ലുകള്‍ക്കു വലിയൊരു ആശ്വാസമാണ്. ഒരു കോടിയിലധികം ( പത്തു കോടി രൂപവരെ ) വരുമാനമുള്ള സഹകരണ സംഘങ്ങളുടെ സര്‍ച്ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമാക്കി കുറച്ചിട്ടുണ്ട്. അതുപോലെ സംഘങ്ങള്‍ക്കുള്ള മിനിമം ആള്‍ട്ടര്‍നേറ്റ് ടാക്‌സ് ( MAT )  18.5 ശതമാനത്തില്‍ നിന്നു 15 ശതമാനമാക്കി.

സഹകരണ സ്ഥാപനങ്ങള്‍ക്കു ന്യായമായ നിരക്കില്‍ മതിയായ വായ്പ തക്ക സമയത്തു കിട്ടാന്‍വേണ്ടി നോണ്‍ ഷെഡ്യൂള്‍ഡ് അര്‍ബന്‍ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവയെ ഗാരണ്ടി ഫണ്ട് ട്രസ്റ്റ് പദ്ധതിയില്‍ വായ്പാ സ്ഥാപനങ്ങളായി വിജ്ഞാപനം ചെയ്തതാണു മറ്റൊരു നടപടി. ജൂണ്‍ 22 ന് എടുത്ത തീരുമാനപ്രകാരം അര്‍ബന്‍ ബാങ്കുകള്‍, ഗ്രാമീണ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ ബാങ്കുകള്‍ എന്നിവ വ്യക്തികള്‍ക്കു നല്‍കുന്ന ഭവനനിര്‍മാണ വായ്പയുടെ പരിധി ഇരട്ടിയാക്കി. സഹകരണ സംഘങ്ങളുടെ മൊത്തത്തിലുള്ള വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിക്കും സഹകരണ വിദ്യാഭ്യാസം നവീകരിച്ച് പൊഫഷണലാക്കുന്നതിനുള്ള പദ്ധതിക്കും തുടക്കമിടാന്‍ പോവുകയാണ് – മന്ത്രി അമിത് ഷാ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News