സഹകരണസംഘം രജിസ്ട്രാര്‍ക്കു നിയമനാധികാരം നല്‍കുന്ന വ്യവസ്ഥ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി
- നിയമനത്തിനും സ്ഥലംമാറ്റത്തിനും അച്ചടക്കനടപടിക്കുമുള്ള അധികാരം
സഹകരണസംഘത്തിന്റെ പ്രവര്‍ത്തനത്തിന് അടിസ്ഥാനപരമായി വേണ്ട കാര്യം
സഹകരണസംഘത്തില്‍ ജീവനക്കാരെ നിയമിക്കാനും സ്ഥലംമാറ്റാനും അവര്‍ക്കെതിരെ അച്ചടക്കനടപടി എടുക്കാനും കര്‍ണാടക സംസ്ഥാനസഹകരണരജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്ന നിയമവ്യവസ്ഥ കോടതി റദ്ദാക്കി. ഈ വ്യവസ്ഥ ഭരണഘടന പ്രദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു കോടതി അഭിപ്രായപ്പെട്ടു. 1959 ലെ കര്‍ണാടക സഹകരണനിയമത്തിലെ 128-ഏ അനുച്ഛേദമാണു കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയത്. ഭരണഘടനയുടെ 19 (1) (സി) അനുച്ഛേദവും 43-ബി അനുച്ഛേദവും ഉറപ്പുനല്‍കുന്ന സ്വയംഭരാണാധികാരത്തിനു വിരുദ്ധമാണ് ഈ വകുപ്പ് എന്നതാണു കാരണം. ദക്ഷിണകന്നഡയിലെ ഉപ്പിനങ്ങാടി സഹകരണകാര്‍ഷികസംഘവും മറ്റു 45 സംഘങ്ങളും നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റിസ് ആനന്ദ് രാംനാഥ് ഹെഡ്‌ഗേയുടെതാണ് ഉത്തരവ്.
2023ല്‍ നിയമം ഭേദഗതി ചെയ്താണ് 128-എ അനുച്ഛേദം ചേര്‍ത്തത്. നിയമനം നടത്താനുംമറ്റുമുള്ള സംഘത്തിന്റെ അധികാരം പൂര്‍ണമായി എടുത്തുമാറ്റാന്‍ സഹകരണസംഘം രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്ന ഭേദഗതിയാണു സര്‍ക്കാര്‍ കൊണ്ടുവന്നത്. നീതിപൂര്‍വകമായ നിയന്ത്രണങ്ങള്‍ക്കപ്പുറം രജിസ്ട്രാര്‍ക്ക് അമിതാധികാരം നല്‍കുന്ന ഭേദഗതിയാണിതെന്നു സംഘങ്ങള്‍ വാദിച്ചു.
ഭരണഘടനയുടെ 19 (1) (സി) പ്രകാരം സഹകരണസംഘം രൂപീകരിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നു കോടതി ചൂണ്ടിക്കാട്ടി. നിയമനം നടത്താനും സ്ഥലംമാറ്റാനും അച്ചടക്കനടപടി എടുക്കാനും ഉള്ള സംഘത്തിന്റെ അവകാശവും ഇതിന്റെ ഭാഗമാണ്. സഹകരണസംഘം രൂപീകരിക്കാനും നിയമനം നടത്താനുംമറ്റുമുളള അവകാശങ്ങളില്‍ നീതിപൂര്‍വകമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരം സര്‍ക്കാരിനുണ്ടെങ്കിലും ഇത്തരം അധികാരങ്ങള്‍ സംഘത്തില്‍നിന്നു പൂര്‍ണമായി എടുത്തുമാറ്റാന്‍ സര്‍ക്കാരിനാവില്ലെന്നു കോടതി വ്യക്തമാക്കി. പൗരനാണു മൗലികാവകാശമെന്നും സംഘത്തെ വ്യക്തിയായി കണക്കാക്കാനാവില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, സംഘം രൂപീകരിക്കുന്നത് അംഗങ്ങളാണെന്നും രൂപീകരിച്ചശേഷം അംഗങ്ങള്‍ കൂട്ടായി സംഘത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുകയാണു ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സഹകരണസംഘം രൂപീകരിക്കാനുള്ള മൗലികാവകാശത്തില്‍ സ്വയംഭരണാധികാരത്തോടെയുള്ള പ്രവര്‍ത്തനസ്വാതന്ത്ര്യവും ഉള്‍പ്പെടുന്നുണ്ട്. നിയമനത്തിനും സ്ഥലംമാറ്റത്തിനും അച്ചടക്കനടപടിക്കുമുള്ള അധികാരം സഹകരണസംഘത്തിന്റെ പ്രവര്‍ത്തനത്തിന് അടിസ്ഥാനപരമായി വേണ്ട കാര്യമാണ്.
സംഘം രൂപീകരിക്കാനുള്ള അവകാശം മാത്രമാണു മൗലികാവകാശമെന്നും അതിനപ്പുറമുള്ള കാര്യങ്ങള്‍ മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നുമുള്ള ഈ കേസിലെ സര്‍ക്കാരിന്റെ വ്യാഖ്യാനം ഭരണഘടനയുടെ 97-ാംഭേദഗതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ തകര്‍ക്കുന്നതാണെന്നു കോടതി അഭിപ്രായപ്പെട്ടു. 97-ാം ഭരണഘടനാഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ക്കപ്പെട്ട 43-ബി അനുച്ഛേദത്തില്‍ ഉപയോഗിക്കുന്ന ‘ജനാധിപത്യപരമായ നിയന്ത്രണം’ എന്ന വാക്കിന്റെ അര്‍ഥപരിധിയില്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും അച്ചടക്കനടപടികള്‍ക്കുമുള്ള കാര്യങ്ങളും ഉള്‍പ്പെടുമെന്നു കോടതി വ്യക്തമാക്കി.