ജപ്തി ഒഴിവാക്കാന്‍ അവസരം; ഇളവു നല്‍കുന്നതിനു ഭരണസമിതിക്ക് അധികാരം നല്‍കി രജിസ്ട്രാര്‍

moonamvazhi
  • ഒറ്റത്തവണ തീര്‍പ്പാക്കല്‍  ജൂണ്‍ 15 മുതല്‍ ജൂലായ് 31 വരെ
  • ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍  കേസുകളില്‍പ്പെട്ടവര്‍ക്ക്  മാത്രമാണു  ആനുകൂല്യം കിട്ടുക

പ്രാഥമിക സഹകരണസംഘങ്ങളിലും ബാങ്കുകളിലും നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കാതെ ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍കേസുകള്‍ക്കു വിധേയരായവര്‍ക്കുമാത്രമായി ജൂണ്‍ 15 മുതല്‍ ജൂലായ് 31 വരെ ഒറ്റത്തവണതീര്‍പ്പാക്കല്‍ നടപ്പാക്കും. 2024 മാര്‍ച്ച് 31 ലെ ബാക്കിനില്‍പിലെ ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍ കേസുകളുടെ കാര്യത്തിലാണിത്. കേരള സഹകരണനിയമത്തിലെ 66 (എ), 74 (എഫ്) വകുപ്പുകള്‍ക്കു വിധേയമായാണിതു നടപ്പാക്കുക. ഈ കേസുകളില്‍ അടിയന്തരനടപടിക്കു കര്‍മപദ്ധതി തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുമുമ്പ് ഒരവസരംകൂടി നല്‍കുകയാണ് ഉദ്ദേശ്യം. ഇത്തരം കേസില്‍പെട്ട എല്ലാ വായ്പക്കാരെയും ഇക്കാര്യം യഥാസമയം അറിയിക്കണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ സുഭാഷ് ടി.വി. സര്‍ക്കുലറില്‍ അറിയിച്ചു. സംഘങ്ങളെ പരമാവധി കുടിശ്ശികരഹിതമാക്കലും സഹകാരികള്‍ക്ക് ആശ്വാസമേകലുമാണു ലക്ഷ്യം.

ഒറ്റത്തവണതീര്‍പ്പാക്കല്‍പദ്ധതിയെപ്പറ്റി സംഘം-താലൂക്ക്-ജില്ലാതലങ്ങളില്‍ പ്രചാരണം നടത്തണം. ചെലവുകുറഞ്ഞ പരസ്യങ്ങള്‍വരെ ആകാം. തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ നടത്തണം. അദാലത്തിന്റെ വിശദവിവരം നേരിട്ടോ തപാലിലോ വായ്പക്കാരെ അറിയിക്കണം. വായ്പക്കാരുടെ നിലവിലെ സാഹചര്യം, സാമ്പത്തികസ്ഥിതി, തിരിച്ചടക്കാനുള്ള ശേഷി എന്നിവ ഭരണസമിതി വിലയിരുത്തി ഉചിതമായ തീരുമാനമെടുത്തു വായ്പക്കാരുമായി ധാരണയിലെത്തി തിരിച്ചടക്കാന്‍ അവസരം കൊടുക്കണം. സാധാരണപലിശനിരക്കില്‍ പലിശ കണക്കാക്കിയാല്‍ മതി. പിഴപ്പലിശ പാടില്ല. സ്വര്‍ണപ്പണയവായ്പയും നിക്ഷേപത്തിന്‍മേലുള്ള വായ്പയും പദ്ധതിയില്‍പെടില്ല. ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍ ഫീസ്, കോടതിച്ചെലവുകള്‍, പരസ്യച്ചെലവുകള്‍ എന്നിവ ഈടാക്കാം. രണ്ടു ലക്ഷം രൂപവരെയുള്ള വായ്പകളില്‍ ഇവ ഈടാക്കുന്നതില്‍ ഇളവു നല്‍കുന്നകാര്യം സംഘത്തിന്റെ ധനസ്ഥിതി നോക്കി ഭരണസമിതിക്കു തീരുമാനിക്കാം.

കോവിഡ്മൂലം തിരിച്ചടവു മുടങ്ങുകയും സഹകരണസ്ഥാപനങ്ങളുടെ കുടിശ്ശികയും നിഷ്‌ക്രിയആസ്തിയും കൂടുകയും ചെയ്തിരുന്നു. പ്രതിസന്ധിമൂലം കേസുകള്‍ തീര്‍പ്പാക്കാന്‍ വൈകി. അങ്ങനെയും കേസുകള്‍ ഏറി. കുടിശ്ശിക തീര്‍ക്കാന്‍ 2024 ലടക്കം ഇളവുകളോടെ നവകേരളീയം പദ്ധതി നടപ്പാക്കിയിരുന്നു. എന്നിട്ടും നിരവധിപേര്‍ കുടിശ്ശിക തീര്‍ത്തിട്ടില്ല. അതിനാലാണു കേസുകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കാന്‍ തീരുമാനം. അതിനുമുമ്പ് ഒരവസരംകൂടി നല്‍കാനാണ് ഒറ്റത്തവണതീര്‍പ്പാക്കല്‍.

കേരളബാങ്കും ഭവനസഹകരണസംഘങ്ങളും സഹകരണ കാര്‍ഷികഗ്രാമവികസനബാങ്കുകളും ഒഴികെ, സഹകരണസംഘംരജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ളതും വായ്പ നല്‍കുന്നതുമായ എല്ലാ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും സഹകരണബാങ്കുകള്‍ക്കും ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി ബാധകമാണ്. കേരളബാങ്കിനും ഭവനസഹകരണസംഘങ്ങള്‍ക്കും ഹൗസ്‌ഫെഡിനും സംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കിനും പ്രാഥമികസഹകരണകാര്‍ഷികഗ്രാമവികസനബാങ്കുകള്‍ക്കും ഇക്കാലത്ത് വേറെ ഒറ്റത്തവണതീര്‍പ്പാക്കല്‍ നടപ്പാക്കാവുന്നതാണ്. അതതു മേഖലകളിലെ ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍ കേസുകളിലെ കുടിശ്ശിക ഈടാക്കാന്‍ പറ്റിയ പദ്ധതികള്‍ സംഘങ്ങളും ബാങ്കുകളും രജിസ്ട്രാര്‍ക്കു സമര്‍പ്പിക്കണം.

പദ്ധതി നടപ്പാക്കുമ്പോള്‍ സംഘത്തിന്റെയും ബാങ്കിന്റെയും സാമ്പത്തികസ്ഥിതി നോക്കണമെന്നു സര്‍ക്കുലറിലുണ്ട്. കേസുകളില്‍പെട്ട വായ്പകളുടെ കാര്യത്തില്‍ അനുവദിക്കാവുന്ന സാധാരണഇളവുകളുടെയും വിവധകാലപ്പഴക്കത്തിന്റെ കാര്യത്തില്‍ പരിഗണിക്കാവുന്ന പ്രത്യേകഇളവുകളുടെയും ശതമാനം നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ വിവിധരോഗങ്ങള്‍ ബാധിച്ചവര്‍, അവരുടെ കുടുംബാംഗങ്ങള്‍, വായ്പക്കാരുടെ സംരക്ഷണത്തിലുള്ളവര്‍, അച്ഛനമ്മമാരുടെ മരണത്തെത്തുടര്‍ന്ന് അവരുടെ വായ്പയുടെ ബാധ്യത ഏറ്റെടുക്കേണ്ടിവന്നവര്‍ തുടങ്ങിയവരുടെ കാര്യത്തില്‍ ഓരോ ആളിന്റെയും സ്ഥിതി കണക്കിലെടുത്ത് പലിശയില്‍ അധികഇളവു നല്‍കാം. 50,000രൂപവരെ 15%, അതിനുമുകളില്‍ ഒരു ലക്ഷംവരെ 12%, അതിനുമുകളില്‍ അഞ്ചു ലക്ഷംവരെ അഞ്ചു ശതമാനം, അതിനുമുകളില്‍ 25 ലക്ഷംവരെ മൂന്നു ശതമാനം, അതിനുമുകളിലുള്ള തുകയ്ക്കു രണ്ടു ശതമാനം എന്നിങ്ങനെയാണ് അധികഇളവു നല്‍കാവുന്നത്. ഇളവുകള്‍ അനുവദിക്കാന്‍ സംഘം/ബാങ്ക് തലത്തില്‍ പ്രസിഡന്റ് അധ്യക്ഷനായും താലൂക്കുതലത്തില്‍ സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ അധ്യക്ഷനായും ജില്ലാതലത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അധ്യക്ഷനായും സമിതികള്‍ രൂപവത്കരിക്കണം.

അഞ്ചു ലക്ഷം രൂപവരെയുള്ള വായ്പയുടെ കേസുകളുടെ കാര്യത്തില്‍ സംഘതലസമിതിക്കും 10 ലക്ഷംവരെയുള്ളവയില്‍ താലൂക്കുതലസമിതിക്കും അതിനുമുകളിലുള്ളവയില്‍ ജില്ലാതലസമിതിക്കുമായിരിക്കും ഇളവും അധികഇളവും അനുവദിക്കാന്‍ അധികാരം. തുക അടച്ചാല്‍ ഫയല്‍നടപടി അവസാനിപ്പിച്ചു രജിസ്റ്ററുകളില്‍ രേഖപ്പെടുത്തണം. സെയില്‍ ഓഫീസര്‍മാരും എആന്റ് ഇ ഇന്‍്‌സ്‌പെക്ടര്‍മാരുമാണു കേസുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇല്ലെങ്കില്‍ നടപടിയുണ്ടാകും. ഉദ്യോഗസ്ഥരാണ് അദാലത്തു നടത്തേണ്ടത്. അധികഇളവിനു ബന്ധപ്പെട്ട അധികാരികളുടെയും സ്ഥാപനങ്ങളുടെയും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സമിതി നിശ്ചയിക്കുന്ന തിയതിക്കുമുമ്പു തുക പൂര്‍ണമായി അടക്കുന്നവര്‍ക്കേ ആനുകൂല്യം കിട്ടൂ. മുമ്പു വായ്പയില്‍ അടച്ച മുതലും പലിശയും കണക്കിലെടുക്കില്ല. പുന:പരിശോധിക്കയുമില്ല. ബാക്കിനില്‍ക്കുന്ന മുതലിന്റെ പലിശയില്‍മാത്രമായിരിക്കും ഇളവ്.

പദ്ധതിയില്‍ പ്രസിഡന്റ് അടക്കമുള്ള ഭരണസമിതിയംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിര്‍ബന്ധമായി പങ്കെടുക്കണം. വായ്പക്കാരുടെ സ്ഥിതി, വായ്പയുടെ തരംതിരിവ്, കാലാവധി, വായ്പക്ക് ഓഡിറ്റില്‍ വച്ചിട്ടുള്ള കരുതല്‍ എന്നിവ കണക്കിലെടുത്തുവേണം തീരുമാനമെടുക്കാന്‍. ഇളവിനുള്ള കാരണം രേഖപ്പെടുത്തണം. പദ്ധതിയുടെ പുരോഗതി സംഘം-താലൂക്ക്-ജില്ലാതലങ്ങളില്‍ നിര്‍ദിഷ്ടമാതൃകയില്‍ തയ്യാറാക്കണം. പുരോഗതി റിപ്പോര്‍ട്ട് ജില്ലാജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍)മാര്‍ സഹകരണരജിസ്ട്രാറെ ഇ-മെയിലില്‍ അറിയിക്കണം. ഒപ്പം കാര്യങ്ങള്‍ എം.എല്‍.എ.മാരെയും തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികളെയും അറിയിക്കുകയും വേണം. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍)മാര്‍ സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍മാര്‍, സംഘങ്ങളുടെയും ബാങ്കുകളുടെയും പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം വിളിച്ചു കുടിശ്ശിക വിലയിരുത്തി തീരുമാനങ്ങളെടുക്കണം. അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍)മാര്‍, സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍, താലൂക്കിലെ വായ്പസംഘങ്ങളുടെയും ബാങ്കുകളുടെയും പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വകുപ്പുദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഓരോ സംഘത്തിന്റെയും ആര്‍ബിട്രേഷന്‍-എക്‌സിക്യൂഷന്‍ കുടിശ്ശികയുടെ സ്ഥിതി വിലയിരുത്തണം. എന്നിട്ടു സംഘംതലത്തിലും ബാങ്കുതലത്തിലും അദാലത്തു നടത്താന്‍ രൂപരേഖ തയ്യാറാക്കണം. അദാലത്തിനുവേണ്ട ഉദ്യോഗസ്ഥരെ നിയോഗിക്കയും വേണം.

ഓരോ സംഘവും ബാങ്കും ഒരു ഉദ്യോഗസ്ഥനെ ഈ പദ്ധതിയുടെ നോഡല്‍ ഓഫീസറാക്കണം. കുടിശ്ശികക്കാര്‍ക്കുള്ള നോട്ടീസില്‍ അദ്ദേഹത്തിന്റെ ഫോണ്‍നമ്പര്‍ കൊടുക്കണം. നോട്ടീസ് അടക്കല്‍മുതല്‍ എല്ലാകാര്യവും നടപ്പാക്കുന്നകാര്യം ഉറപ്പുവരുത്തേണ്ടതു നോഡല്‍ ഓഫീസറാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഭരണസമിതി വിലയിരുത്തണം. കേസിലുള്ള ഒരാള്‍ക്കും അവസരം നഷ്ടമാകരുത്. ഓരോസംഘത്തിന്റെയും യൂണിറ്റ് ഇന്‍സ്‌പെക്ടറാണു സംഘംതല മോണിറ്ററിങ് നടത്തേണ്ടത്. പ്രാഥമിക കാര്‍ഷികഗ്രാമവികസനബാങ്കുകളുടെ കാര്യത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍/വാല്യുവേഷന്‍ ഓഫീസര്‍മാര്‍ ഇക്കാര്യം പരിശോധിക്കണം. ഈ തസ്തിക ഇല്ലാത്തവയില്‍ ആ ചുമതലയുള്ളയാള്‍ക്കൊപ്പം സ്‌പെഷ്യല്‍ സെയില്‍സ് ഓഫീസര്‍ക്കും ഇതിന്റെ ചുമതല നല്‍കണം.

സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) ആയിരിക്കും ജില്ലാ നോഡല്‍ ഓഫീസര്‍. സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിലെ അഡീഷണല്‍ രജിസ്ട്രാര്‍ (ക്രെഡിറ്റ്) സംസ്ഥാന നോഡല്‍ ഓഫീസറും. അവിടത്തെ ഡെപ്യൂട്ടി രജിസ്ട്രാര്‍ (ക്രെഡിറ്റ്്) ഡെപ്യൂട്ടി നോഡല്‍ ഓഫീസറായിരിക്കും. ഓരോ സംഘവും അനുവദിക്കുന്ന ഇളവ് നിര്‍ദിഷ്ടമാതൃകയില്‍ പ്രത്യേകരജിസ്റ്ററില്‍ എഴുതണം. ആസ്ഥാനഓഫീസിലും ശാഖകളിലും ഈ രജിസ്റ്റര്‍ വേണം. കേസുകള്‍ തീര്‍പ്പാക്കിയതിന്റെ പുരോഗതിറിപ്പോര്‍ട്ട് (കേരളബാങ്ക് ഒഴികെ) ആഗസ്റ്റ് പത്തിനകം നിര്‍ദിഷ്ടമാതൃകയില്‍ ഇ-മെയിലിലും തപാലിലും സഹകരണസംഘം രജിസ്ട്രാര്‍ക്കു നല്‍കണം. ഇതിലെ താലൂക്കുതലപുരോഗതി നിര്‍ദിഷ്ടമാതൃകയില്‍ താലൂക്കുതലത്തിലും സൂക്ഷിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

സർക്കുലറിന്റെ പൂർണ്ണരൂപം ഇതോടൊപ്പം ചേർക്കുന്നു : circular 18-2024