തൊഴിലാളികളുടെ ഉടമസ്ഥതയില്‍ ബിസിനസുകള്‍ സ്ഥാപിക്കാനും വികസിപ്പിക്കാനും നീക്കം

moonamvazhi
  • പുതുസംവിധാനത്തിനായി ബജറ്റില്‍ 205 ദശലക്ഷം ഡോളര്‍
  • തങ്ങളുടെ അധ്വാനംമൂലമുണ്ടാകുന്ന ലാഭത്തിന്റെ ന്യായമായൊരു പങ്കു തൊഴിലാളികള്‍ക്കും കിട്ടും

ബിസിനസില്‍ തൊഴിലാളികളുടെ ഉടമസ്ഥത പ്രോത്സാഹിപ്പിക്കാനുള്ള സംരംഭവുമായി യു.എസ്.തൊഴില്‍വകുപ്പ്. തൊഴിലാളിആനുകൂല്യസുരക്ഷാസംവിധാനത്തിനു (എംപ്ലോയീ ബെനിഫിറ്റ്‌സ് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ – ഇ.ബി.എസ്.എ) കീഴിലാണിത്. ഇ.ബി.എസ്.എ.യുടെ ജനസമ്പര്‍ക്ക- വിദ്യാഭ്യാസ-സഹായകാര്യ ഓഫീസില്‍ തൊഴിലാളിഉടമസ്ഥതാവിഭാഗം (ഡിവിഷന്‍ ഓഫ് എംപ്ലോയീ ഓണര്‍ഷിപ്പ്) തുടങ്ങാനാണു പരിപാടി. ഹിലരി ആബേലിനെ തൊഴിലാളിഉടമസ്ഥതാസംരംഭവിഭാഗത്തിന്റെ മേധാവിയായി നിയമിച്ചു. പ്രോജക്ട് ഇക്വിറ്റി എന്ന തൊഴിലാളിഉടമസ്ഥതാസംരംഭം സ്ഥാപിക്കുന്നതില്‍ പങ്കുവഹിച്ചയാളാണ് ആബേല്‍. ഈക്വല്‍ എക്‌സ്‌ചേഞ്ച് എന്ന സംരംഭത്തിന്റെ തൊഴിലാളി-ഉടമകളിലൊരാളുമായിരുന്നു. 2023ലെ ഫെഡറല്‍ അപ്രോപ്രിയേഷന്‍സ് ആന്റ് ഫണ്ടിങ് ബില്ലിന്റെ തൊഴിലാളിഉടമസ്ഥത-സന്നദ്ധത-വിജ്ഞാനനിയമ പ്രകാരമാണു പുതിയ സംരംഭം സ്ഥാപിച്ചിട്ടുള്ളത്.

തൊഴിലാളികളുടെ ഉടമസ്ഥതയില്‍ ബിസിനസുകള്‍ സ്ഥാപിക്കാനും വികസിപ്പിക്കാനും പുതിയ സംരംഭം സഹായിക്കും. തൊഴിലാളിഉടമസ്ഥതയിലുള്ള സംരംഭങ്ങളെ സഹായിക്കല്‍, പുതിയവ നടപ്പാക്കാന്‍ സൗകര്യപ്പെടുത്തല്‍, ഇവയ്ക്കായി ക്ലിയറിങ്ഹൗസ് വികസിപ്പിക്കല്‍, ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരുകളുമായി പങ്കുവയ്ക്കല്‍ എന്നിവയായിരിക്കും തൊഴിലാളിഉടമസ്ഥതാഡിവിഷന്റെ ചുമതലകള്‍. തൊഴിലാളിഉടമസ്ഥതയുടെ സാധ്യതകളെയും മെച്ചങ്ങളെയും ബിസിനസ് പിന്തുടര്‍ച്ചാരീതികളെയുംപറ്റി ജീവനക്കാരെയും തൊഴിലുടമകളെയും ബോധവല്‍ക്കരിക്കുകയും പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യുക, ബിസിനസ്ഉടമകളായി മാറാനുള്ള ജീവനക്കാരുടെ ശ്രമങ്ങള്‍ക്കു സാങ്കേതികസഹായം നല്‍കുക, ഭാഗികമായോ പൂര്‍ണമായോ ഉടമസ്ഥത ജീവനക്കാര്‍ക്കു കൈമാറുന്നതിന്റെ ഫലക്ഷമത ആരായാന്‍ തൊഴിലുടമകളെയും തൊഴിലാളികളെയും സഹായിക്കുക എന്നീ പ്രവര്‍ത്തനങ്ങളും നടത്തും.

തൊഴിലുടമസ്ഥാതാവിഭാഗത്തിന്റേത് അടക്കമുള്ള ഇ.ബി.എസ്.എ.യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 205 ദശലക്ഷം ഡോളറാണു യുഎസ്. പ്രസിഡന്റിന്റെ ബജറ്റ്അഭ്യര്‍ഥനകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തങ്ങളുടെ അധ്വാനംമൂലമുണ്ടാകുന്ന ലാഭത്തിന്റെ ന്യായമായൊരു പങ്കു തൊഴിലാളികള്‍ക്കു കിട്ടാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാനും തൊഴിലിടത്തില്‍ തൊഴിലാളികളുടെ ശബ്ദം മുഴങ്ങാനും ചര്‍ച്ചകളില്‍ അവര്‍ക്കു പ്രാതിനിധ്യം ലഭിക്കാനുമുള്ള ബൈഡന്‍-ഹാരിസ് ഭരണകൂടത്തിന്റെ പോരാട്ടത്തില്‍ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കാന്‍ തൊഴിലാളിഉടമസ്ഥതാവിഭാഗത്തിനു കഴിയുമെന്ന് ആക്ടിങ് ലേബര്‍ സെക്രട്ടറി ജൂലീ എ. സു പറഞ്ഞു. തൊഴിലാളികളെ ശക്തരാക്കാനും, മുകള്‍ത്തട്ടിനുപകരം താഴേത്തട്ടിലും ഇടത്തട്ടിലുംനിന്നു സമ്പദ്‌വ്യവസ്ഥയെ വളര്‍ത്താനുമുള്ള പ്രസിഡന്റ് ജോബൈഡന്റെ സാമ്പത്തികപദ്ധതിയില്‍ ഈ സംരംഭം പ്രധാനപ്പെട്ട ഒരു ചുവടുവയ്പാണെന്നും ജൂലീ എ.സു കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ തൊഴിലിടങ്ങളിലെ അധികാരസന്തുലനത്തിനും വിജയകരമായി ബിസിനസ് നടത്താനുള്ള തൊഴിലുടമകളുടെ ഇന്ധനമായ തൊഴിലാളികളെ ശാക്തീകരിക്കാനും തൊഴിലാളിഉടമസ്ഥത ബിസിനസിന് എങ്ങനെ ഉപകാരപ്പെടുമെന്നു തൊഴിലുടമകളെ ബോധവത്കരിക്കാനും സഹായിക്കുകയാണു തങ്ങള്‍ ഈ സംരംഭംവഴി ചെയ്യുന്നതെന്ന് ഇ.ബി.എസ്.എ. അസിസ്റ്റന്റ് സെക്രട്ടറി ലിസാ എം. ഗോമസ് പറഞ്ഞു. അമേരിക്കന്‍ഭരണകൂടത്തിന്റെ അസാധാരണനീക്കമെന്നാണ് പുതിയ വിഭാഗത്തിന്റെ മേധാവി ഹിലരി ആബേല്‍ അമേരിക്കയിലെ തൊഴിലാളിസഹകരണസ്ഥാപനങ്ങളുടെ ഫെഡറേഷനോട് (യു.എസ്. ഫെഡറേഷന്‍ ഓഫ് വര്‍ക്കര്‍ കോ-ഓപ്പറേറ്റീവ്‌സ് – യു.എസ്.എഫ്.ഡബ്ലിയു.സി) പ്രതികരിച്ചത്. അടുത്തകാലത്തു ശക്തിപ്രാപിച്ച തൊഴിലാളിഉടമസ്ഥതാനീക്കങ്ങളെ ഇതു ശക്തിപ്പെടുത്തുമെന്നും തൊഴിലാളികളുടെ ശബ്ദം കൂടുതല്‍ മുഴങ്ങുന്നതിന്റെയും തൊഴിലാളിഉടമസ്ഥതയുടെയും നേട്ടങ്ങള്‍ കൂടുതലാളുകള്‍ അറിയാന്‍ ഇതു പ്രയോജനപ്പെടുമെന്നും ആബേല്‍ അഭിപ്രായപ്പെട്ടു. ആബേലിന്റെ നിയമനത്തെ യു.എസ്.എഫ്.ഡബ്ലിയു.സി.യുടെ നയകാര്യഡയറക്ടര്‍ മോ മാങ്ക്‌ലാങ് സ്വാഗതം ചെയ്തു.