പത്തിലേറെ സഹകാരികള്‍ നിയമസഭയിലേക്ക്
കേരളനിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരില്‍ പത്തിലേറെപ്പേര്‍ സഹകരണപ്രസ്ഥാനവുമായി ബന്ധപ്പെട്ടവര്‍. തിരുവനന്തപുരത്തുനിന്നു തിരഞ്ഞെടുക്കപ്പെട്ട സിഎംപി നേതാവ് സി.പി. ജോണ്‍, വര്‍ക്കലയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട സി.പി.ഐ(എം) നേതാവ് വി. ജോയ്, വടകരയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ആര്‍.എം.പി. നേതാവ് കെ.കെ. രമ, പേരാവൂരില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി.പ്രസിഡന്റ് സണ്ണി ജോസഫ്, അമ്പലപ്പുഴയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട മുന്‍സിപിഎം നേതാവ് ജി. സുധാകരന്‍, തളിപ്പറമ്പില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട മുന്‍സിപിഎം നേതാവ് ടി.കെ. ഗോവിന്ദന്‍, പയ്യന്നൂരില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട മുന്‍സിപിഎം നേതാവ് വി. കൃഞ്ഞിക്കൃഷ്‌ണന്‍, പീരുമേടുനിന്നു തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സിറിയക് തോമസ്, കാസര്‍കോഡുനിന്നു തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് കെ. നീലകണ്‌ഠന്‍, പൂഞ്ഞാറില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട കേരളകോണ്‍ഗ്രസ് ജോസഫ്‌ഗ്രൂപ്പ് നേതാവ് എം.ജെ. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സഹകരണരംഗത്തു പ്രവര്‍ത്തിക്കുന്നവരാണ്.

രണ്ടുതവണ സംസ്ഥാനആസൂത്രണബോര്‍ഡംഗമായിരുന്നു സിഎംപി സംസ്ഥാനജനറല്‍ സെക്രട്ടറിയായ സി.പി. ജോണ്‍. മിസലേനിയസ് സഹകരണസംഘങ്ങള്‍ക്ക് അപ്പെക്‌സ് സ്ഥാപനം രൂപവല്‍കരിക്കേണ്ടതിന്റെ ആവശ്യകത കഴിഞ്ഞ സഹകരണഎക്‌സ്‌പോ സെമിനാറില്‍ സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘംപ്രസിഡന്റുമാരുടെ സംസ്ഥാനഅസോസിയേഷന്റെ മുന്‍പ്രസിഡന്റുകൂടിയാണ് സി.പി.ഐ(എം) തിരുവനന്തപുരം ജില്ലാ മുന്‍സെക്രട്ടറി വി. ജോയ്. ജില്ലാസഹകരണബാങ്കിന്റെ ബോര്‍ഡംഗവും സംസ്ഥാനസഹകരണബാങ്ക് വൈസ്‌പ്രസിഡന്റുമായിരുന്നിട്ടുണ്ട്. പെരുങ്കുഴി സര്‍വീസ് സഹകരണബാങ്കിന്റെ പ്രസിഡന്റുമായിരുന്നു.
ആര്‍എംപി നേതാവ് കെ.കെ. രമ വടകര സഹകരണറൂറല്‍ ബാങ്കിന്റെ ശാഖാമാനേജരായിരുന്നു.
കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ഉളിക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെയും തലശ്ശേരി പ്രാഥമികകാര്‍ഷികവികസനബാങ്കിന്റെയും പ്രസിഡന്റായിരുന്നിട്ടുണ്ട്.
സിപിഎംമുന്‍സംസ്ഥാനകമ്മറ്റിയംഗവും അമ്പലപ്പുഴയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്വതന്ത്രനുമായ ജി. സുധാകരന്‍ 2006മുതല്‍ 2011വരെ സഹകരണമന്ത്രിയായിരുന്നു. ആലപ്പുഴ അര്‍ബന്‍ സഹകരണബാങ്ക് അംഗമാണ്. ആലപ്പുഴ ജില്ലാസഹകരണസ്‌പിന്നിങ് മില്‍ ചെയര്‍മാനുമായിരുന്നു.
തളിപ്പറമ്പില്‍നിന്നു യുഡിഎഫ് സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം മുന്‍ ജില്ലാസെക്രട്ടേറിയറ്റംഗമായ ടി.കെ. ഗോവിന്ദന്‍ കേരളസ്‌റ്റേറ്റ് ഹാന്റ്‌ലൂം വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി (ഹാന്‍വീവ്) ചെയര്‍മാനായിരുന്നിട്ടുണ്ട്. ഹാന്‍വീവിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ഫോട്ടോയും പേരുമാണു ചെയര്‍മാന്റേതായി കൊടുത്തിട്ടുള്ളത്.
പയ്യന്നൂരില്‍നിന്നു യുഡിഎഫ് സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം മുന്‍ജില്ലാകമ്മറ്റിയംഗം വി. കൃഞ്ഞിക്കൃഷ്‌ണന്‍ 1976ല്‍ കോഴിക്കോട് സഹകരണപരിശീലനകേന്ദ്രത്തില്‍നിന്നു സഹകരണത്തില്‍ ജൂനിയര്‍ ഡിപ്ലോമ നേടിയയാളും സഹകരണജീവനക്കാരനായി വിരമിച്ചയാളുമാണ്. കോഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാനപ്രസിഡന്റായിരുന്ന വി. കുഞ്ഞിക്കൃഷ്‌ണന്‍ സഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡംഗവുമാണ്.
പീരുമേടുനിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സിറിയക് തോമസ് പീരുമേട് സര്‍വീസ് സഹകരണബാങ്കുഡയറക്ടറായിരുന്നിട്ടുണ്ട്.
കാസര്‍ഗോടുനിന്നു തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് കെ. നീലകണ്‌ഠന്‍ പനയാല്‍ സര്‍വീസ് സഹകരണബാങ്കില്‍ ഭാരവാഹിത്വം വഹിച്ചിരുന്നു. സംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കിന്റെ മുന്‍വൈസ്‌പ്രസിഡന്റാണ്.
പൂഞ്ഞാറില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട കേരളകോണ്‍ഗ്രസ് ജോസഫ്‌ഗ്രൂപ്പ് നേതാവ് എം.ജെ. സെബാസ്റ്റ്യന്‍ കോട്ടയം ജില്ലയിലെ ആദ്യ ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് ബാങ്കായ തലപ്പലം സര്‍വീസ് സഹകരണബാങ്കിന്റെ ഭരണസമിതിയംഗമാണ്. സഹകരണസംഘങ്ങള്‍ വിവരാവകാശനിയമപ്രകാരമുള്ള പൊതുഅധികാരസ്ഥാപനത്തിന്റെ നിര്‍വചനത്തില്‍ വരില്ലെന്ന സുപ്രധാനമായ സുപ്രീംകോടതിവിധിയുണ്ടായത് തലപ്പലം സര്‍വീസ് സഹകരണബാങ്ക് നല്‍കിയ ഹര്‍ജിയിലാണ്. സഹകരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരാവകാശക്കേസുകളില്‍ ഏറെ ഉദ്ധരിക്കപ്പെടുന്നതാണ് തലപ്പലം സഹകരണബാങ്കിന് അനുകൂലമായ ഈ കോടതിവിധി.

