സഹകരണബാങ്കുകളുടെ ബാങ്കിങ്‌ പ്രവര്‍ത്തനത്തിനെതിരായ ഹരജി തള്ളി

Moonamvazhi

സഹകരണസംഘങ്ങളുടെ ബാങ്കിങ്‌ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ റിട്ട്‌ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. കുറവിലങ്ങാട്‌ മുട്ടപ്പള്ളില്‍ തോമസ്‌ എം.കെ.യുടെ ഹര്‍ജിയാണു ജസ്‌റ്റിസ്‌ എന്‍. നഗരേഷും ജസ്‌റ്റിസ്‌ ജോണ്‍സണ്‍ ജോണുമടങ്ങിയ ബെഞ്ച്‌ നിരാകരിച്ചത്‌. സംസ്ഥാനസഹകരണനിയമവും സംസ്ഥാനകാര്‍ഷികവികസനബാങ്ക്‌ നിയമവും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണു ഹര്‍ജി.സഹകരണആര്‍ബിട്രേഷന്‍കോടതിയും അതിന്റെ അധികാരപരിധിയും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.2025 സെപ്‌റ്റംബര്‍ 29നു സിംഗിള്‍ജഡ്‌ജ്‌ ഹര്‍ജി തള്ളിയിരുന്നു. അതിനെതിരായ അപ്പീലാണു തള്ളിയത്‌.

1949ലെ ബാങ്കിങ്‌ റെഗുലേഷന്‍ ആക്ടിന്റെ പരിധിക്കുപുറത്തു പ്രവര്‍ത്തിക്കുന്ന സഹകരണബാങ്ക്‌ നിയമവിരുദ്ധമാണെന്നു ഹര്‍ജിക്കാരന്‍ സിംഗിള്‍ജഡ്‌ജ്‌ മുമ്പാകെ വാദിച്ചിരുന്നു. ബാങ്കിങ്‌, ഭരണഘടനയുടെ ഏഴാംപട്ടികയുടെ ഒന്നാംലിസ്‌റ്റില്‍ വരുന്ന കാര്യമാണെന്നും അതിനാല്‍ സഹകരണമേഖലയില്‍ ബാങ്കിങ്‌ സാധ്യമാക്കിക്കൊണ്ടുള്ള സംസ്ഥാനസഹകരണനിയമവും സംസ്ഥാനസഹകരണകാര്‍ഷികവികസനബാങ്ക്‌ നിയമവും നിയമസഭയുടെ നിയമനിര്‍മാണാധികാരം ലംഘിച്ചുകൊണ്ടുവന്നതാണെന്നുമാണു ഹര്‍ജിക്കാരന്‍ വാദിച്ചത്‌. ഭരണഘടനയുടെ പതിമൂന്നാംവകുപ്പിലെ രണ്ടാംഉപവകുപ്പു പ്രകാരം ഭരണഘടനയുടെ പാര്‍ട്‌ മൂന്നു പ്രകാരമുള്ള അധികാരങ്ങള്‍ എടുത്തുകളയുന്നതോ കുറയ്‌ക്കുന്നതോ ആയ ഏതുനിയമവും അസാധുവാണ്‌. ഭരണഘടനയുടെ 254-ാംവകുപ്പുപ്രകാരം കേന്ദ്രനിയമത്തോടു പൊരുത്തപ്പെടാത്ത സംസ്ഥാനനിയമവും അസാധുവാണ്‌. അതിനാലാണു സംസ്ഥാനസഹകരണനിയമവും സംസ്ഥാനസഹകരണകാര്‍ഷികവികസനബാങ്ക്‌ നിയമവും അസാധുവാക്കണമെന്ന്‌ ആവശ്യപ്പെടുന്നതെന്നാണ്‌ ഹര്‍ജിയിലുണ്ടായിരുന്നത്‌.

എന്നാല്‍ സഹകരണബാങ്കുകളും സംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കും ലൈസന്‍സില്ലാതെയും ബാങ്കിങ്‌ റെഗുലേഷന്‍ ആക്ട്‌ പ്രകാരം റെഗുലേറ്റ്‌ ചെയ്യപ്പെടാതെയുമാണു പ്രവര്‍ത്തിക്കുന്നതെന്ന ഹര്‍ജിയിലെ വാദം നിലനില്‍ക്കുന്നതല്ലെന്നു സിംഗിള്‍ജഡ്‌ജ്‌ വ്യക്തമാക്കി. സിവില്‍കോടതികളുടെ അധികാരപരിധി എക്‌സ്‌ക്ലൂഡ്‌ ചെയ്യുന്നതോ സിവില്‍കോടതികളുടെ അധികാരം അഡ്‌ജുഡിക്കേറ്റിങ്‌ അധികാരസ്ഥാപനങ്ങള്‍ക്കു നല്‍കുന്നതോ അതുസംബന്ധിച്ച വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാന്‍ മതിയായ കാരണങ്ങളല്ലെന്നും സിംഗിള്‍ ജഡ്‌ജ്‌ വ്യക്തമാക്കിയിരുന്നു. സിവില്‍ കോടതികളുടെ അധികാരപരിധികളുടെ എക്‌സക്ലൂഷന്‍ നിയമപ്രകാരം അനുവദനീയമാണെന്നും വ്യക്തമാക്കിയാണു സിംഗിള്‍ജഡ്‌ജ്‌ ഹര്‍ജി തള്ളിയത്‌.

ഇതിനെതിരെയാണ്‌ അപ്പീല്‍. ബാങ്കിങ്‌ ബിസിനസ്‌ ഭരണഘടനയുടെ യൂണിയന്‍ലിസ്റ്റില്‍ പെടുന്ന കാര്യമാണ്‌, കേന്ദ്രസര്‍ക്കാര്‍ ബാങ്കിങ്ങുമായി ബന്ധപ്പെട്ടു രൂപവല്‍കരിക്കുന്ന ചട്ടങ്ങള്‍ പ്രകാരമേ ഏതൊരു ബാങ്കിനും പ്രവര്‍ത്തിക്കാനാവു, സംസ്ഥാനലിസ്റ്റില്‍ വരുന്ന സഹകരണസംഘം ബാങ്കിങ്‌ ബിസിനസ്‌ നടത്തുന്നത്‌ സാധുവല്ല, സംസ്ഥാനസഹകരണനിയമത്തിലും സംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കുനിയമത്തിലും പൗരര്‍ക്കു സിവില്‍കോടതികളെ സമീപിക്കാനുള്ള അവകാശം ഒഴിവാക്കപ്പെടുന്നു, അഡ്‌ജുഡിക്കേഷനുള്ള അധികാരം ആര്‍ബിട്രേറ്റര്‍മാരെ ഏല്‍പിച്ചിരിക്കുന്നു, ഇതു സിവില്‍ കോടതികള്‍ വഴി അഡ്‌ജിഡിക്കേഷനുള്ള പൗരരുടെ അടിസ്ഥാനാവകാശത്തിന്റെ ലംഘനാണ്‌, സംസ്ഥാനസഹകരണനിയമവും സംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്ക്‌ നിയമവും സാധാരണക്കാരെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്നു, നിയമവിരുദ്ധബാങ്കിങ്ങിനായി സഹകരണഭരണസംവിധാനത്തില്‍ സ്ഥാപിതതാല്‍പര്യങ്ങള്‍ നുഴഞ്ഞുകടന്നിരിക്കുന്നു, കര്‍ഷകരുടെയും ഉല്‍പാദകരുടെയും റവന്യൂറിക്കവറിയുടെ രൂപത്തിലാണിതു പ്രത്യേകിച്ചും സംഭവിക്കുന്നത്‌, സഹകരണസംഘങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു, അവ അംഗങ്ങളെ കടക്കെണിയിലാക്കുന്നു എന്നിവയാണു അപ്പീല്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്‌.

പാണ്ഡുരംഗ്‌ ഗണ്‍പതി ചൗഗുളെയും വിശ്വാസ്‌ റാവു പാട്ടീല്‍ മുര്‍ഗുഡ്‌ സഹകാരിബാങ്കും തമ്മിലുള്ള കേസിലെ വിധിക്കുശേഷം ബാങ്കിങ്‌ റെഗുലേഷന്‍ ആക്ടിന്റെ മൂന്നാംവകുപ്പു ഭേദഗതി ചെയ്‌തിട്ടുണ്ടെന്നു ഡിവിഷന്‍ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. ഗ്രേറ്റര്‍ ബോംബെ സഹകരണബാങ്കും യുണൈറ്റഡ്‌ യാണ്‍ ടെക്‌സും തമ്മിലുള്ള കേസില്‍ സഹകരണസംഘങ്ങളുടെ മതിയായ സാമ്പത്തികത്തിനും ഫലപ്രദമായ പ്രവര്‍ത്തനത്തിനും മറ്റുസഹകരണസംഘങ്ങളുമായി ബാങ്കിങ്‌ ബിസിനസ്‌ നടത്തുന്ന സഹകരണസംഘങ്ങള്‍ ആവശ്യമാണെന്നു സുപ്രീംകോടതി വിലയിരുത്തുകയുണ്ടായി. ബാങ്കിങ്‌ ബിസിനസ്‌ നടത്തുന്നതുകൊണ്ടുമാത്രം അവ സഹകരണസംഘങ്ങളല്ലാതാകുന്നില്ല. പ്രത്യേകിച്ച്‌ സഹകരണസംഘം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുകയും അതുപ്രകാരമുള്ള ചുമതലകളും ബാധ്യതകളും ഏറ്റെടുക്കുകയും അതുപ്രകാരമുള്ള നിയന്ത്രണങ്ങള്‍ക്കു വിധേയമായിരിക്കുകയും ചെയ്യുമ്പോള്‍.

സഹകരണബാങ്കുകളും സഹകരണകാര്‍ഷികഗ്രാമവികസനബാങ്കുകളും ലൈസന്‍സില്ലാതെയും ബാങ്കിങ്‌ റെഗുലേഷന്‍ ആക്ടിനാല്‍ റെഗുലേറ്റ്‌ ചെയ്യപ്പെടാതെയുമാണു പ്രവര്‍ത്തിക്കുന്നതെന്ന വാദവും സ്വീകാര്യമല്ല. സിംഗിള്‍ജഡ്‌ജ്‌ ചൂണ്ടിക്കാട്ടിയതുപോലെ സിവില്‍കോടതിയുടെ അധികാരപരിധിയുടെ എക്‌സ്‌ക്ലൂഷന്‍ നിയമപ്രകാരം അനുവദനീയമാണ്‌. സിപിസിപ്രകാരം സിവില്‍കോടതിക്കുള്ള പ്രത്യേകഅധികാരങ്ങള്‍ അഡ്‌ജുഡിക്കേറ്റിങ്‌ അധികാരസ്ഥാപനങ്ങള്‍ക്കു നല്‍കുന്നതു നിരവധി സ്റ്റാറ്റിയൂട്ടുകളുടെ കാര്യത്തില്‍ സാധാരണമാണ്‌. അതുകൊണ്ടു സംസ്ഥാനസഹകരണനിയമവും സംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കുനിയമവും നിയമവിരുദ്ധമാണെന്നു പറയാനാവില്ല. സിംഗിള്‍ബെഞ്ച്‌ വിധിയില്‍ നിയമവിരുദ്ധമായി ഒന്നും തങ്ങള്‍ കാണുന്നില്ലെന്നു ഡിവിഷന്‍ബെഞ്ച്‌ വ്യക്തമാക്കി. റിട്ട്‌ ഹര്‍ജിയിലെ ആവശ്യങ്ങള്‍ പൊതുതാല്‍പര്യഹര്‍ജിയുടെ സ്വഭാവത്തിലുള്ളതാണ്‌. സഹകരണബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍മൂലം തനിക്കു വളരെ ബുദ്ധിമുട്ടുകളുണ്ടായെന്നു ഹര്‍ജിക്കാരന്‍ പറയുന്നുണ്ടെങ്കിലും അത്തരം പരാതികള്‍ക്കൊന്നും പരിഹാരം ഹര്‍ജിയില്‍ തേടിയിട്ടില്ല. ചില നിയമങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാത്രമാണ്‌ ആവശ്യം. ആ നിലയ്‌ക്കു റിട്ട്‌ഹര്‍ജിക്കു പൊതുതാല്‍പര്യനിയമനടപടിയുടെ സ്വഭാവമാണുള്ളത്‌. എന്നാല്‍ പൊതുതാല്‍പര്യഹര്‍ജി ഫയല്‍ചെയ്യേണ്ട വിധത്തിലല്ല ഹര്‍ജി നല്‍കിയിരിക്കുന്നത്‌. ഇക്കാരണങ്ങളാല്‍ റിട്ട്‌ അപ്പീല്‍ നിലനില്‍ക്കാന്‍ യോഗ്യമായി കാണുന്നില്ലെന്നും തള്ളുകയാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.

കേന്ദ്രസഹകരണമന്ത്രാലയസെക്രട്ടറിയും റിസര്‍വ്‌ ബാങ്ക്‌ സിജിഎം ഇന്‍ചാര്‍ജും അടക്കമുള്ളവരെ എതിര്‍കക്ഷികളാക്കിയാണു ഹര്‍ജി നല്‍കിയത്‌. ഇവര്‍ എഴും എട്ടും എതിര്‍കക്ഷികളാണ്‌. സംസ്ഥാന ചീഫ്‌ സെക്രട്ടറി, സഹകരണവകുപ്പുസെക്രട്ടറി, സഹകരണസംഘം രജിസ്‌ട്രാര്‍ (ജനറല്‍), അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍), സ്‌പെഷ്യല്‍ സെയില്‍ ഓഫീസര്‍, കുറവിലങ്ങാട്‌ സര്‍വീസ്‌ സഹകരണബാങ്ക്‌ സെക്രട്ടറി എന്നിവരാണ്‌ മറ്റ്‌ എതിര്‍കക്ഷികള്‍. കേന്ദ്രസര്‍ക്കാരിന്റെ വക്കീലും റിസര്‍വ്‌ ബാങ്കിന്റെ സ്റ്റാന്റിങ്‌ കൗണ്‍സലും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഗവണ്‍മെന്റ്‌ പ്ലീഡറും കുറവിലങ്ങാട്‌ സഹകരണബാങ്ക്‌ സെക്രട്ടറിക്കുവേണ്ടി ഹാജരായ സ്റ്റാന്റിങ്‌ കൗണ്‍സലും ഹര്‍ജിക്കാരന്റെ വക്കീലും അടക്കമുള്ളവരുടെ വാദങ്ങള്‍ കേട്ടശേഷമാണു റിട്ട്‌ അപ്പീല്‍ തള്ളിയത്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 1039 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!