സഹകരണബാങ്കിന്റെ വിഡ്രോവല്‍ സ്ലിപ്പ്‌ ചെക്കിനു തുല്യം: ഹൈക്കോടതി

Moonamvazhi

ബാങ്കിങ്‌ നടത്തുന്ന സഹകരണസംഘത്തിന്റെ പിന്‍വലിക്കല്‍ സ്ലിപ്പ്‌ (വിഡ്രോവല്‍ സ്ലിപ്‌്‌) നെഗോഷ്യബിള്‍ ഇന്‍സ്‌ട്രുമെന്റ്‌സ്‌ ആക്ട്‌ പ്രകാരമുള്ള ചെക്കായി കണക്കാക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കി. പാലാ ഒന്നാംക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ രണ്ടു വ്യക്തികള്‍തമ്മിലുള്ള കേസുമായി ബന്ധപ്പെട്ടു നല്‍കപ്പെട്ട കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ കോഓപ്പറേറ്റീവ്‌ ബാങ്കിന്റെ വിഡ്രോവല്‍ സ്ലിപ്പു സംബന്ധിച്ചു ജസ്റ്റിസ്‌ സി.എസ്‌. ഡയസിന്റെതാണ്‌ ഉത്തരവ്‌. സഹകരണബാങ്കിനെ ബാങ്കര്‍ ആയി കണക്കാക്കാനാവില്ലെന്നും ആര്‍ബിഐ ലൈസന്‍സില്ലെന്നും വിഡ്രോവല്‍ സ്ലിപ്പ്‌ നെഗോഷ്യബിള്‍ ഇന്‍സ്‌ട്രുമെന്റ്‌്‌ ആക്ട്‌ പ്രകാരവും ബാങ്കിങ്‌ റെഗുലേഷന്‍ ആക്ട്‌ പ്രകാരവും ചെക്ക്‌ അല്ലെന്നും ക്ലാര ഡോമിനിക്‌ എന്ന ഹര്‍ജിക്കാരി വാദിച്ചു. ബാങ്കിങ്‌ പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളെല്ലാം ബാങ്കിങ്‌ സ്ഥാപനങ്ങളെ സംബന്ധിച്ച സ്റ്റാറ്റിയൂട്ടറി ചട്ടക്കൂടില്‍ വരുമെന്നും അതുകൊണ്ടു സഹകരണസംഘം ബാങ്കറാണെന്നും മറുഭാഗം വാദിച്ചു. ഈ വാദത്തോടു വിവിധ കോടതിവിധികള്‍ ഉദ്ധരിച്ചുകൊണ്ടു ഹൈക്കോടതി യോജിച്ചു. ബാങ്കര്‍ എന്നതുകൊണ്ടു ബാങ്കിങ്‌ റെഗുലേഷന്‍ ആക്ട്‌ പ്രകാരമുള്ള സ്ഥാപനങ്ങളെമാത്രമല്ല ഉദ്ദേശിക്കുന്നത്‌. ബാങ്കര്‍ ആയി പ്രവര്‍ത്തിക്കുന്ന വ്യക്തിയും സ്ഥാപനവും ഒക്കെ അതിലുള്‍പ്പെടും. നെഗോഷ്യബിള്‍ ഇന്‍സ്‌ട്രുമെന്റ്‌ ആക്ടിനെ സംബന്ധിച്ചിടത്തോളം ബാങ്കിങ്‌ ബിസിനസ്‌ ചെയ്യുന്ന സഹകരണസ്ഥാപനങ്ങളും ബാങ്കര്‍ എന്ന നിര്‍വചനത്തില്‍ വരും.

ലാഭേച്ഛയില്ലെന്നതോ ബാങ്കിങ്‌ റെഗുലേഷന്‍ ആക്ട്‌ പ്രകാരമുള്ള ഔദ്യോഗികലൈസന്‍സ്‌ ഇല്ലെന്നതോ പ്രശ്‌നമല്ല. അതുകൊണ്ടു പണം നല്‍കാനായി അവ കൊടുക്കുന്ന പിന്‍വലിക്കല്‍ സ്ലിപ്പ്‌ അടക്കമുള്ള കാര്യങ്ങള്‍ സാങ്കേതികത്വം കൊണ്ടുമാത്രം ഒഴിവാക്കാനാവില്ല. ഇടപാടിന്റെ സത്തയാണ്‌ അതിന്റെ രൂപവും പദപ്രയോഗവും അല്ല നിര്‍ണായകം. ബാങ്കിങ്‌ നടത്തുന്ന സ്ഥാപനത്തിലെ അക്കൗണ്ടില്‍നിന്നു പണം നല്‍കാനുള്ള രേഖയാണോ അതെന്നതാണു പ്രധാനം. അതുകൊണ്ടു ഹര്‍ജി തള്ളി. എന്നാല്‍ വിചാരണക്കോടതിയില്‍ നിയമപരമായി അനുവദനീയമായ മറ്റെല്ലാന്യായവാദങ്ങളും ഹര്‍ജിക്കാരിക്ക്‌്‌ ഉന്നയിക്കാം. വിചാരണക്കോടതിക്ക്‌ നിയമപ്രകാരം വസ്‌തുതകളുടെ യോഗ്യതയനുസരിച്ചു സ്വയം തീരുമാനമെടുക്കാന്‍ ഹൈക്കോടതിഉത്തരവിലെ നിരീക്ഷണങ്ങള്‍ തടസ്സമല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി.

 

Moonamvazhi

Authorize Writer

Moonamvazhi has 1069 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!