മട്ടാഞ്ചേരി മഹാജനിക്‌ ബാങ്ക്‌ തൃപ്പൂണിത്തുറ പീപ്പിള്‍സ്‌ അര്‍ബന്‍ ബാങ്കില്‍ ലയിക്കുന്നു

Moonamvazhi

കേരളത്തിലാദ്യമായി ഒരു അര്‍ബന്‍ സഹകരണബാങ്ക്‌ മറ്റൊരു അര്‍ബന്‍ സഹകരണബാങ്കില്‍ ലയിക്കുന്നു. കാപ്പിക്കുരുബാങ്ക്‌ എന്ന്‌ പണ്ട്‌ അറിയപ്പെട്ടിരുന്ന മട്ടാഞ്ചേരി മഹാജനിക്‌ സഹകരണഅര്‍ബന്‍ബാങ്ക്‌ ഏപ്രില്‍ 26 ഞായറാഴ്‌ച്‌ തൃപ്പൂണിത്തുറ പീപ്പിള്‍സ്‌ അര്‍ബന്‍ സഹകരണബാങ്കില്‍ ലയിക്കും. ലയനപദ്ധതി റിസര്‍വ്‌ബാങ്ക്‌ കഴിഞ്ഞ ദിവസം അംഗീകരിച്ചു. എംഎംസി ബാങ്ക്‌ സാമ്പത്തികബുദ്ധിമുട്ടിലായതിനെത്തുടര്‍ന്നാണു ലയനം.മട്ടാഞ്ചേരി മഹാജനിക്‌ സഹകരണ (എംഎംസി) അര്‍ബന്‍ ബാങ്കിനെ ഏറ്റെടുക്കാന്‍ കഴിഞ്ഞവര്‍ഷം ഒടുവില്‍ തൃപ്പൂണിത്തുറ പീപ്പിള്‍സ്‌ അര്‍ബന്‍ സഹകരണബാങ്കിന്റെ ഓഹരിയുടമകളുടെ വിശേഷാല്‍പൊതുയോഗം അനുമതി നല്‍കിയിരുന്നു. തുടര്‍ന്നു ലയനതീരുമാനം എംഎംസി ബാങ്ക്‌ വിശേഷാല്‍പൊതുയോഗവും അംഗീകരിച്ചു. മൂന്നുമാസത്തിനകം ലയനം റിസര്‍വ്‌ ബാങ്ക്‌ അംഗീകരിക്കുമെന്നാണു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും ആറുമാസത്തോളമെടുത്തു.

എംഎംസിയുടെ രണ്ട്‌ ഓഹരികള്‍ക്കു പീപ്പിള്‍സ്‌ അര്‍ബന്‍ബാങ്കിന്റെ ഒരു ഓഹരി കിട്ടുമെന്നാണു ലയനധാരണ. എംഎംസിയുടെ അഞ്ചുശാഖകൂടിയാകുമ്പോള്‍ പീപ്പിള്‍സ്‌ അര്‍ബന്‍ ബാങ്കിന്‌ 28 ശാഖയാവുകയും മട്ടാഞ്ചേരിമേഖലയിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാവുകയും ചെയ്യും.

വാണിജ്യനഗരമെന്ന നിലയില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മട്ടാഞ്ചേരിയില്‍ 1947ലാണു മഹാജനിക്‌ സഹകരണബാങ്ക്‌ രൂപവല്‍കരിച്ചത്‌. കാപ്പിക്കുരു സംഭരിക്കാന്‍ അഞ്ചുപേര്‍ ചേര്‍ന്നു തുടങ്ങിയ സംഘമാണു ബാങ്കായി വളര്‍ന്നത്‌. അതിനാല്‍ കാപ്പിക്കുരുബാങ്ക്‌ എന്ന്‌ അറിയപ്പെട്ടു. സഹകരണസംഘമായപ്പോള്‍ തുടക്കത്തില്‍ 50 അംഗങ്ങളായിരുന്നു. ഇന്നു മുപ്പതിനായിരത്തോളം അംഗങ്ങളുണ്ട്‌. തിരിച്ചടവിലെ വീഴ്‌ചയും കോവിഡുമൊക്കെയാണു ബാങ്കിനെ ബുദ്ധിമുട്ടിലാക്കിയത്‌.

കൊള്ളപ്പലിശക്കാരായ ഹുണ്ടിക വ്യാപാരികളില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ തൃപ്പൂണിത്തുറയിലെ പൊതുപ്രവര്‍ത്തകര്‍ 1917 ല്‍ സ്ഥാപിച്ചതാണ്‌ പീപ്പിള്‍സ്‌ അര്‍ബന്‍ സഹകരണബാങ്ക്‌. സി.പി.ഐ.(എം) എറണാകുളം ജില്ലാസെക്രട്ടേറിയറ്റംഗം ടി.സി. ഷിബുവാണു പീപ്പിള്‍സ്‌ അര്‍ബന്‍ സഹകരണബാങ്കിന്റെ ചെയര്‍മാന്‍.

Moonamvazhi

Authorize Writer

Moonamvazhi has 1085 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!