സഹകരണോല്‍പന്നങ്ങള്‍ വില്‍ക്കാന്‍ അങ്ങാടി കേരള ആപ്പ്‌ ഒരുങ്ങുന്നു

[mbzauthor]

സഹകരണസ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ സഹകരണവകുപ്പ്‌ അങ്ങാടി കേരള എന്ന ഡിജിറ്റല്‍ ആപ്പ്‌ പുറത്തിറക്കും. സഹകരണവകുപ്പിന്റെ ഡിജിറ്റല്‍ ശാക്തീകരണവിഭാഗമായ സംസ്ഥാന പ്രോജക്ട്‌ മാനേജ്‌മെന്റ്‌ സമിതിയുടെ ചുമതലയില്‍ ഇത്‌ തയ്യാറായി വരികയാണ്‌. ഒരേഗുണനിലവാരം, ഒരേ അളവ്‌, ഒരേവില എന്ന അടിസ്ഥാനത്തിലാവും ഇതില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാവുക. ഗുണനിലവാരം ഉറപ്പാക്കുന്ന കോപ്പ്‌ കേരള സര്‍ട്ടിഫിക്കേഷന്‍ ഇതിന്‌ ഏറെ സഹായകമാകും. അമിതവില ഈടാക്കാത്തതും എന്നാല്‍ എല്ലാവര്‍ക്കും 12% ലാഭം ഉറപ്പാക്കുന്ന വിധത്തിലുമായിരിക്കും സാധനങ്ങള്‍ക്കു വില നിശ്ചയിക്കുക.

സഹകരണസ്ഥാപനങ്ങള്‍ ഗുണമേന്‍മയുള്ള നിരവധി മൂല്യവര്‍ധിതോല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും പലതിനും വേണ്ടത്ര വില്‍പനയില്ല. ഈ പ്രശ്‌നം പരിഹരിക്കല്‍ അങ്ങാടി കേരള ആപ്പിന്റെ ലക്ഷ്യമാണ്‌. വിവിധ സ്ഥാപനങ്ങളുടെ ഒരേ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളുടെ വിലയില്‍ വലിയ വലിയ വ്യത്യാസമുള്ളതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. വിവിധ സ്ഥാപനങ്ങള്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഒരേ നിലവാരമാനദണ്ഡങ്ങളല്ല സ്വീകരിക്കുന്നത്‌ എന്ന പ്രശ്‌നവും പരിഹരിക്കും. ഉല്‍പന്നങ്ങള്‍ക്കു സ്റ്റാന്റേര്‍ഡൈസേഷന്‍ വരുത്തും. വിവിധ സാങ്കേതികവിദ്യകളും യന്ത്രസംവിധാനങ്ങളും ആണു പല സ്ഥാപനങ്ങളും ഉപയോഗിക്കുന്നത്‌. അതുകൊണ്ട്‌ ഉപയോഗിക്കുന്ന സാങ്കേതികവിദ്യക്കു പൊതുരൂപം നിഷ്‌കര്‍ഷിക്കും. ഇതുവഴി ഒരേനിലയിലുള്ള ഉയര്‍ന്ന ഗുണനിലവാരം എല്ലാ സഹകരണഉല്‍പന്നങ്ങള്‍ക്കും ഉറപ്പുവരുത്താനാകും. വിലകളിലെ വന്‍വ്യത്യാസവും പരിഹരിക്കാനാവും. ഉപഭോക്താക്കള്‍ക്ക്‌ ആവശ്യപ്പെടുന്ന അളവില്‍ സാധനങ്ങള്‍ നല്‍കാന്‍ പല സംഘങ്ങള്‍ക്കു കഴിയാത്ത പ്രശ്‌നവും ആപ്പു വരുമ്പോള്‍ പരിഹൃതമാകും.

കോപ്പ്‌ കേരള സര്‍ട്ടിഫിക്കേഷന്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കേഷനാണ്‌. ഗുണനിലവാരം ഉറപ്പാക്കാന്‍ സഹകരണരജിസ്‌ട്രാര്‍ അധ്യക്ഷനായ സമിതിയുണ്ട്‌. ചരക്കുസേവനനികുതിവിഭാഗം, ഭക്ഷ്യസുരക്ഷാവിഭാഗം, തുടങ്ങി സര്‍ക്കാരിന്റെ വിവിധനിയന്ത്രണ-പരിശോധനാവിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇതില്‍ അംഗങ്ങളാണ്‌. അവര്‍ ഉല്‍പന്നം പരിശോധിച്ചു നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നുണ്ടെന്നു ബോധ്യപ്പെട്ട്‌ ഒപ്പുവച്ചശേഷമാണ്‌ ഈ സര്‍ട്ടിഫിക്കേഷനോടെ ഉല്‍പന്നം വിപണിയിലെത്തുന്നത്‌. അതുകൊണ്ട്‌ അത്തരം ഉല്‍പന്നങ്ങളില്‍ വിപണിയില്‍ വേറെ പരിശോധനകളും തടസ്സങ്ങളും റെയ്‌ഡുകളുമൊക്കെ, അനിവാര്യമല്ലാത്തപക്ഷം, ഒഴിവാക്കപ്പെടും. കോപ്പ്‌ കേരള സര്‍ട്ടിഫിക്കേഷനുള്ള നിരവധി ഉല്‍പന്നങ്ങള്‍ തിരുവനന്തപുരത്തു സഹകരണഎക്‌സ്‌പോയില്‍ വിപണിയിലിറക്കിയിരുന്നു. വിദേശങ്ങളിലേക്ക്‌ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും കോപ്പ്‌കേരള സര്‍ട്ടിഫിക്കറ്റ്‌ പ്രയോജനപ്പെടും. കോപ്പ്‌ കേരള സര്‍ട്ടിഫിക്കറ്റുള്ള ഉല്‍പന്നങ്ങള്‍ അങ്ങാടി കേരള ആപ്പിലൂടെ ലഭിക്കുമ്പോള്‍ അവയ്‌ക്കു വലിയ വിപണി ലഭിക്കുമെന്നാണു പ്രതീക്ഷ. ഉല്‍പന്നം ലഭിക്കുന്ന സ്ഥലം, വില, കോപ്പ്‌ കേരള സര്‍ട്ടിഫിക്കറ്റിന്റെ കാര്യം തുടങ്ങിയ വിവരങ്ങള്‍ ആപ്പിലുണ്ടാകും. പല പ്രമുഖസ്ഥാപനങ്ങളും ചെയ്യുന്നതുപോലെ അളവില്‍ വരുത്തിയ വ്യത്യാസത്തിന്റെയും മറ്റും വിവരങ്ങള്‍ വായിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളത്ര ചെറിയ അക്ഷരങ്ങളില്‍മാത്രം രേഖപ്പെടുത്തുന്ന രീതി ഒഴിവാക്കും. വായിക്കാന്‍ പ്രയാസമില്ലാത്തവിധത്തിലുള്ള അക്ഷരങ്ങളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തും.

അങ്ങാടി കേരള ആപ്പില്‍ ഉല്‍പന്നങ്ങളുടെ വില രേഖപ്പെടുത്തുന്നതിനൊപ്പം യൂണിറ്റ്‌ പ്രൈസിങ്‌ രീതി കൂടി സ്വീകരിക്കും. സാധനങ്ങളുടെ ഒരുമില്ലിഗ്രാംയൂണിറ്റിന്റെ വില കൂടി രേഖപ്പെടുത്തുന്ന രീതിയാണിത്‌. വിവിധസ്ഥലങ്ങളില്‍ അസംസ്‌കൃതസാധനങ്ങളുടെയും മറ്റും ലഭ്യതയിലെ ഏറ്റക്കുറച്ചിലാണു വിലകളിലെ വലിയ വ്യത്യാസത്തിനു കാരണം. യാഥാര്‍ഥഉല്‍പാദനച്ചെലവിന്റെ ശരാശരി എടുത്തശേഷം ശരാശരിവില കണക്കാക്കി അതില്‍നിന്നു 12% ലാഭം എല്ലാവര്‍ക്കും കിട്ടുംവിധമായിരിക്കും വില നിശ്ചയിക്കുക. ഇതിനായി സ്റ്റാന്റേര്‍ഡ്‌ ചെലവ്‌ നിശ്ചയിക്കും.
വില്‍പനശാലകള്‍ക്കുള്ള പണം ലാഭിക്കാം, കൂടുതല്‍ ഉപഭോക്താക്കളെ കിട്ടും, ലോകവിപണിയിലേക്കു വഴി തുറക്കപ്പെടും തുടങ്ങിയവയാണ്‌ അങ്ങാടി കേരള ആപ്പ്‌ വഴി സഹകരണസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നേട്ടങ്ങള്‍. ഡിജിറ്റല്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള സഹകരണവകുപ്പിന്റെ നീക്കങ്ങളുടെ ഫലമാണ്‌ അങ്ങാടി കേരള ആപ്പ്‌. സംസ്ഥാനബജറ്റില്‍ ഇതിനു തുക വകയിരുത്തിയിരുന്നു. കുത്തകകളോടു മല്‍സരിക്കാന്‍ സഹകരണോല്‍പന്നങ്ങള്‍ക്ക്‌ ഇതുവഴി കഴിയും എന്നാണു പ്രതീക്ഷ.

[mbzshare]

Moonamvazhi

Authorize Writer

Moonamvazhi has 338 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!