സഹകരണ മേഖലയില്‍ “പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവ് ” വരുന്നു .

adminmoonam

കേരളത്തിലെ സഹകരണ മേഖലയില്‍ ഏറെ സാധ്യതയുള്ള സഹകരണ മാതൃകയാണ് പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവ്. സംസ്ഥാന സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഊബര്‍ മാതൃകയില്‍ ആരംഭിക്കാന്‍ പോകുന്ന ഓണ്‍ലൈന്‍ ടാക്സി സേവനം ഇത്തരത്തിലുള്ള ഒരു സംരംഭമാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം മേഖലയില്‍ ആവിഷ്കരിക്കുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് അടക്കം പ്രയോജനപ്പെടുന്ന ഈ പദ്ധതി പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവ് എന്ന ആശയത്തോട് നീതി പുലര്‍ത്തുന്ന ഒന്നാണ്. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഓണ്‍ലൈന്‍ ടാക്സി സേവനം ഉറപ്പ് വരുത്തുന്നതിനോടൊപ്പം സാധാരണക്കാരായ ടാക്സി തൊഴിലാളികളുടെ ഉന്നമനം കൂടെ ലക്ഷ്യമിട്ടാണ് സഹകരണവകുപ്പ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് വന്നത്.

പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ന്യൂയോര്‍ക്ക് ന്യൂ സ്കൂളിലെ പ്രൊഫ. ട്രബര്‍ സ്കോള്‍സ് ഇന്ന് കേരളത്തില്‍ വന്നിരുന്നു. കേരള നിയമസഭ സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസ് & ട്രെയിനിംഗ് സഹകരണ വകുപ്പിന് കീഴിലെ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ‘Platform Co-operatives & Models for Distributed Governance in Kerala’ എന്ന വിഷയത്തില്‍ ഇന്ന് നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ സംഘടിപ്പിച്ച അദേഹത്തിന്റെ പ്രഭാഷണ പരിപാടി ഈ രംഗത്തെ പോളിസി മേക്കേഴ്സ് ഉള്‍പ്പടെയുള്ള ആളുകള്‍ക്ക് ഏറെ അറിവ് പകരുന്ന ഒന്നായി. പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവ് മാതൃകയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളെ അദ്ദേഹം പരിചയപ്പെടുത്തി.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ രൂപകല്‍പ്പന ചെയ്ത് സേവനം, ഉത്പാദനം, വിതരണം തുടങ്ങിയ മേഖലകളില്‍ സഹകരണ തത്വത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുകയും പങ്കാളിയാവുന്ന അംഗങ്ങള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുകയും മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ബിസിനസ്സ് മാതൃക എന്നതാണ് പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവ് എന്ന ആശയത്തിന്റെ അടിസ്ഥാനം. ‘ഡിജിറ്റല്‍ ഡെമോക്രസി’ എന്ന മുദ്രാവാക്യമാണ് പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവ് മുന്നോട്ട് വയ്ക്കുന്നത്. ഡിജിറ്റല്‍ സാക്ഷരത കൂടിയ, സഹകരണ പ്രസ്ഥാനം വളരെ ശക്തമായ കേരളത്തില്‍ ഈ സഹകരണ മാതൃകയ്ക്ക് സാധ്യതകള്‍ വളരെയേറെയാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ ആശയത്തിലൂന്നിയ സഹകരണ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടെക് പ്ലാറ്റ്ഫോമുകള്‍ക്കും സാമ്പത്തിക സഹായം അടക്കമുള്ള പിന്തുണ ഉറപ്പാക്കും. പ്രഭാഷണ പരിപാടി ധനകാര്യ വകുപ്പ് മന്ത്രി ഡോ:തോമസ്‌ ഐസക്കാണ് ഉദ്ഘാടനം ചെയ്തത്. സഹകരണ വകുപ്പ് മന്ത്രിക്ക് പുറമേ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്ചടങ്ങിൽ പങ്കെടുത്തു.

 

 

 

Leave a Reply

Your email address will not be published.

Latest News