ബികെ ധനലക്ഷ്‌മി മള്‍ട്ടിസ്റ്റേറ്റ്‌ സംഘം നിക്ഷേപം തിരിച്ചുകൊടുക്കണം: ഓംബുഡ്‌സ്‌മാന്‍

Moonamvazhi

തൃശ്ശൂരിലെ ബികെ ധനലക്ഷ്‌മി മള്‍ട്ടിസ്റ്റേറ്റ്‌ അഗ്രികോഓപ്പറേറ്റീവ്‌ സൊസൈറ്റി നിക്ഷേപങ്ങള്‍ പരാതി നല്‍കിയ നിക്ഷേപകര്‍ക്കു പലിശസഹിതം തിരിച്ചുനല്‍കണമെന്നു കേന്ദ്രസഹകരണഓംബുഡ്‌സ്‌മാന്‍ ഉത്തരവായി. തൃശ്ശൂര്‍ കോരത്ത്‌ ലെയിന്‍ കിഴക്കേകോട്ട നെറ്റിക്കാടന്‍ വീട്ടില്‍ സില്‍വി ജോര്‍ജ്‌, പോള്‍ ജോര്‍ജ്‌, പാലക്കാട്‌ അംബികാപുരം വൈദ്യനാഥപുരം വില്ലേജ്‌ രാമചന്ദ്രകോളനി ഗോകുലത്തില്‍ ടി.ആര്‍. ശിവരാമകൃഷ്‌ണന്‍, ആലപ്പുഴ എരമത്തൂര്‍ അനുഗ്രഹയില്‍ അനില്‍കുമാര്‍ എസ്‌, തൃശ്ശൂര്‍ കുരിയച്ചിറ സെന്റ്‌ ആന്റണി സ്‌ട്രീറ്റില്‍ തെക്കിനിയത്ത്‌ ജോസ്‌ സെബാസ്‌റ്റിയന്‍ എന്നിവര്‍ക്കാണു നിക്ഷേപം തിരിച്ചുകൊടുക്കേണ്ടത്‌. 30ദിവസത്തിനകം കൊടുക്കണമെന്നാണ്‌ ഏപ്രില്‍ പതിമൂന്നിലെ ഉത്തരവ്‌.

നാലു സ്ഥിരനിക്ഷേപങ്ങളിലായി 2023 ഓഗസ്‌റ്റ്‌ പത്തിനു അഞ്ചുകൊല്ലത്തേക്കു രണ്ടുലക്ഷം രൂപ ഇട്ടത്‌ 2025 ഒക്ടോബര്‍ 25നു കാലവധിയെത്തുംമുമ്പേ ക്ലോസ്‌ ചെയ്‌തു തിരികെതരാന്‍ അഭ്യര്‍ഥിച്ചെങ്കിലും തന്നില്ലെന്നാണു സില്‍വി ജോര്‍ജിന്റെ പരാതി.

2023 സെപ്‌റ്റംബര്‍ അഞ്ചിനു രണ്ടുകൊല്ലത്തേക്കു ഒരുലക്ഷം രൂപ സ്ഥിരനിക്ഷേപം ഇട്ടതു കാലവധിക്കുശേഷം 2025 ഡിസംബര്‍ ഒന്നിനു തിരിച്ചുചോദിച്ചിട്ടു കിട്ടിയില്ലെന്നാണു പോള്‍ ജോര്‍ജിന്റെ പരാതി.

2025 ഓഗസ്റ്റ്‌ 25ന്‌ ഒരുകൊല്ലത്തേക്ക്‌ രണ്ടുലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയെങ്കിലും യഥാസമയം പലിശ തരാതിരുന്നതിനാല്‍ 2025 ഡിസംബര്‍ 23നു നിക്ഷേപം ക്ലോസ്‌ ചെയ്‌തു പണം തരാന്‍ ആവശ്യപ്പെട്ടെങ്കിലും തന്നില്ലെന്നാണു ടി.ആര്‍ ശിവരാമകൃഷ്‌ണന്റെ പരാതി.

2023 ജൂലൈ പതിനേഴിനു രണ്ടുകൊല്ലത്തേക്ക്‌ ഒന്നരലക്ഷം രൂപയും 2024 ഫെബ്രുവരി 27നു ഒരുലക്ഷം രൂപയും നിക്ഷേപിച്ചയാളാണ്‌ അനില്‍കുമാര്‍ എസ്‌. 2026 ജനുവരി പതിനാറിനു നിക്ഷേപം തിരിച്ചുചോദിച്ചു. പത്തുദിവസത്തിനകം തരാമെന്നു പറഞ്ഞെങ്കിലും തന്നില്ല.

ജോസ്‌ സെബാസ്‌റ്റിയന്‍ 2024 ഓഗസ്റ്റ്‌ ഇരുപതിന്‌ രണ്ടുലക്ഷംരൂപ ഒരുകൊല്ലത്തേക്കു സ്ഥിരനിക്ഷേപം നടത്തിയിരുന്നു. കാലാവധിയായതിനെത്തുടര്‍ന്നു തിരികെ ചോദിച്ചു. 2025 ഒക്ടോബര്‍ ഏഴിനു തരാമെന്നു സംഘം അറിയി്‌ച്ചെങ്കിലും തിരിച്ചുകൊടുത്തില്ല. 2025 ഡിസംബര്‍ ഇരുപത്തേഴിനു വീണ്ടും അപേക്ഷിച്ചിട്ടും നടപടിയുണ്ടായില്ല.

ഓംബുഡ്‌സ്‌മാന്‍ ജനുവരി അഞ്ചിനും 22നും ഫെബ്രുവരി ഒമ്പതിനും ഇരുപതിനും ഇരുപത്തഞ്ചിനും മാര്‍ച്ച്‌്‌ പതിനാറിനും സംഘത്തോടു പ്രതികരണം ചോദിച്ചിരുന്നു. പക്ഷേ നോട്ടീസുകള്‍ക്കും ഇ-മെയിലുകള്‍ക്കും മറുപടി കിട്ടിയില്ല. നിക്ഷേപം തിരിച്ചുകൊടുക്കാന്‍ സംഘത്തിന്‌ ഉദ്ദേശ്യമില്ലെന്നും സംഘം സഹകരണതത്വങ്ങളനുസരിച്ചുള്ള പ്രവര്‍ത്തം നിര്‍ത്തിയിരിക്കയാണെന്നും വ്യക്തമാണെന്ന്‌ ഓംബ്‌ഡ്‌സ്‌മാന്‍ ഉത്തരവില്‍ പറയുന്നു.

 

Moonamvazhi

Authorize Writer

Moonamvazhi has 1066 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!