ക്ഷീരസംഘങ്ങളില്‍ ശമ്പളപരിഷ്‌കരണം: 2024 മുതല്‍ പ്രാബല്യം
പ്രാഥമികക്ഷീരസഹകരണസംഘം ജീവനക്കാരുടെ നാലാംശമ്പളപരിഷ്‌കരണത്തിന് 2024 ജനുവരി ഒന്നുമതല്‍ പ്രാബല്യം നല്‍കി. സേവനവേതനവ്യവസ്ഥകളും പുതുക്കി. എല്ലാ സംഘത്തിലും ഇതു നടപ്പാക്കിയെന്നുറപ്പാക്കേണ്ടതു ക്ഷീരസംഘങ്ങളുടെ രജിസ്‌ട്രാറായ ക്ഷീരവികസനഡയറക്ടറാണ്. നിരക്കുനിര്‍ണയിക്കാനുള്ള മാസ്റ്റര്‍ സ്‌കെയില്‍ 101100-150-11000-200-12000-250-13250-300-15050-350-16800-400-18800-450-21050-520-23650-600-26650-700-30150-800-34150-900-38650-1000-43650-1100-49150-1200-55150-1300-61650-1400-68650-1500-76150-1600-84150-1700-92650-1800-101650-1900-111150-2000-121150 എന്നതായിരിക്കും. പ്രീറിവൈസ്‌ഡ് നിരക്കിലെ ക്ഷാമബത്ത 28% ആണ്. ആ തുകയിലെ അടിസ്ഥാനശമ്പളത്തോട് ഇപ്പോഴത്തെ ക്ഷാമബത്ത ലയിപ്പിച്ചാല്‍ കിട്ടുന്ന തുകയും അടിസ്ഥാനശമ്പളത്തിന്റെ 2%ഫിറ്റ്‌മെന്റും കൂട്ടിയാല്‍ കിട്ടുന്ന തുക പരിഷ്‌കരിച്ച മാസ്റ്റര്‍സ്‌കെയിലിലെ ഒരു സ്റ്റേജ് ആണെങ്കില്‍ ആ തുകയിലും അല്ലെങ്കില്‍ അടുത്ത സ്റ്റേജിലും അടിസ്ഥാനശമ്പളമായി നിശ്ചയിക്കാം. ശമ്പളപരിഷ്‌കരണത്തിനു 2024ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31വരെയുള്ള (രണ്ടുദിവസവും അടക്കം) ഏതെങ്കിലും തിയതി ഓപ്‌ഷന്‍ തിയതിയായി സ്വീകരിക്കണം. ഓപ്‌ഷന്‍ നല്‍കിയാല്‍ പിന്നെ മാറ്റാന്‍ പറ്റില്ല. ഈ ശമ്പളപരിഷ്‌കരണഉത്തരവുതിയതിമുതല്‍ മൂന്നുമാസത്തിനകം പുതിയ നിരക്ക് ഓപ്‌ഷന്‍ നല്‍കിയവര്‍ക്കേ ശമ്പളപരിഷ്‌കരണക്കുടിശ്ശികയ്‌ക്ക് അര്‍ഹതയുള്ളൂ. അതിനുവിരുദ്ധമായി കുടിശ്ശിക അനുവദിച്ചാല്‍ അതു ഭരണസമിതിയുടെ ബാധ്യതയായിരിക്കും. മൂന്നുമാസത്തിനകം ഓപ്‌ഷന്‍ തിയതി അറിയിക്കാത്തവരുടെ ഓപ്‌ഷന്‍ തിയതി 2024 ജുവരി ഒന്ന് എന്നു കണക്കാക്കി ഭരണസമിതി പുതിയനിരക്കില്‍ ശമ്പളം നിര്‍ണയിച്ച് ജില്ലാഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അംഗീകാരത്തിനു നല്‍കണം. ശമ്പളം നിര്‍ണയിച്ച തിയതിമുതല്‍ ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് അടുത്ത വാര്‍ഷികഇന്‍ക്രിമെന്റ് കിട്ടുക.

ഉത്തരവുതിയതിമുതലുള്ള നിയമനങ്ങള്‍ക്കു പുതിയ നിരക്കായിരിക്കും ബാധകം. 2024 ജനുവരിഒന്നിനോ ശേഷമോ നിയമിച്ചവര്‍ക്ക് ഈ ഉത്തരവുപ്രകാരം ശമ്പളം നല്‍കണം. 5, 10, 15, 20 വര്‍ഷം സേവനത്തിന് ഓരോ ഇന്‍ക്രിമെന്റ് സര്‍വീസ് വെയിറ്റേജ് നല്‍കാം. നാലില്‍കൂടുതല്‍ പാടില്ല. അടിസ്ഥാനശമ്പളം പരമാവധി തുകയില്‍ കൂടിയാല്‍ പരമാവധി തുക അടിസ്ഥാനശമ്പളമായി കണക്കാക്കി ബാക്കി പേഴ്‌സണല്‍ പേയായി നിലനിര്‍ത്താം. പേഴ്‌സണല്‍ പേ പിന്നീടുള്ള ശമ്പളനിര്‍ണയത്തിനും അവധിശമ്പളത്തിനു ക്ഷാമബത്തക്കും പെന്‍ഷനും കണക്കാക്കും. നിരക്കിന്റെ പരമാവധിയെത്തിയതുമൂലം വാര്‍ഷികഇന്‍ക്രിമെന്റ് ്‌അനുവദിക്കാന്‍ പറ്റാതെ വന്നാല്‍ അവസാനം വാങ്ങിയ ഇന്‍ക്രിമെന്റ് നിരക്കില്‍ പ്രതിവര്‍ഷം ഒന്ന് വച്ച് ആദ്യ നാലുവര്‍ഷം ഇന്‍ക്രിമെന്റിന് അര്‍ഹതയുണ്ടായിരിക്കും. തുടര്‍ന്ന് രണ്ടുവര്‍ഷത്തിന് ഒരു ഇന്‍ക്രിമെന്റിനായിരിക്കും അര്‍ഹത. ഇങ്ങനെയുള്ള സ്റ്റാഗ്നേഷന്‍ ഇന്‍ക്രിമെന്റ്‌കൂടി ചേര്‍ത്ത പരമാവധിഅടിസ്ഥാനശമ്പളം പരമാവധി മാസ്റ്റര്‍ സ്‌കെയിലായ 121150രൂപയില്‍ കൂടരുത്. 2024 ജനുവരി ഒന്നുവരെ അനുവദിച്ച ക്ഷാമബത്തയില്‍ 28% ലയിപ്പിച്ചാണ് പുതിയ ശമ്പളനിരക്കു നിശ്ചയിച്ചത്. 2026 ഫെബ്രുവരി നാലിലെ ഉത്തരവു പ്രകാരം പ്രീറിവൈസ്‌ഡ് നിരക്കില്‍ പ്രഖ്യാപിച്ച 3% ക്ഷാമബത്ത 2024 ജനുവരി ഒന്നിനു പ്രാബല്യത്തില്‍വരുന്ന റിവൈസ്‌ഡ് നിരക്കില്‍ 2% ആയി കണക്കാക്കണം. സംഘത്തിന്റെ അപേക്ഷ പരിഗണിച്ചു ശമ്പളം നിര്‍ണയിച്ച് അംഗീകരിക്കേണ്ടതു ക്ഷീരവികസനജില്ലാഡെപ്യൂട്ടിഡയറക്ടറാണ്. എല്ലാ സംഘവും ഉത്തരവുതിയതിമുതല്‍ ആറുമാസത്തിനകം ഇതു നടപ്പാക്കിയെന്നും അദ്ദേഹം ഉറപ്പാക്കണം. നടപ്പാക്കാത്ത സമിതിക്കെതിരെ നടപടിയെടുക്കയും വേണം. എന്നാല്‍,സാമ്പത്തികം അനുകൂലമല്ലാത്തതിനാല്‍ മുന്‍ശമ്പളപരിഷ്‌കരണങ്ങള്‍ നടപ്പാക്കാത്ത സംഘങ്ങളിലെ ജീവനക്കാര്‍ക്കാരുടെ കാര്യത്തില്‍ മുന്‍ശമ്പളപരിഷ്‌കരണഉത്തരവനുസരിച്ചു ഭരണസമിതി അംഗീകരിച്ച ഓപ്‌ഷന്‍ ഫോമുകളും ഫിക്‌സേഷന്‍ സ്റ്റേറ്റുമെന്റുകളും സഹിതം നാലംശമ്പളപരിഷ്‌കരണഅപേക്ഷ ജില്ലാഡെപ്യൂട്ടി ഡയറക്ടര്‍ക്കു സമര്‍പ്പിക്കാം. അതു പരിശോധിച്ചു ബോധ്യപ്പെട്ടാല്‍ ജില്ലാഡെപ്യൂട്ടിഡയറക്ടര്‍ നാലാംശമ്പളപരിഷ്‌കരണം അനുവദിക്കണം. അപ്പോള്‍ മുന്‍ശമ്പളപരിഷ്‌കരണങ്ങളുടെ കുടിശ്ശികക്ക് ജീവനക്കാര്‍ക്ക് അര്‍ഹതയില്ല.സാമ്പത്തികബുദ്ധിമുട്ടുമൂലം ശമ്പളപരിഷ്‌കരണം നടപ്പാക്കാനാവില്ലെങ്കില്‍ ഭരണസമിതി തീരുമാനിച്ചു കാര്യകാരണസഹിതം ജില്ലാഡെപ്യൂട്ടിഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം. അദ്ദേഹത്തിനു ബോധ്യമായാല്‍ താല്‍കാലികഇളവനുവദിക്കാം. അടിസ്ഥാനശമ്പളത്തിന്റെ ഏഴുശതമാനം (കുറഞ്ഞത് 1000, പരമാവധി 5000) വീട്ടുവാടകഅലവന്‍സ് നല്‍കാം.ക്ഷീരസഹകരണരജിസ്‌ട്രാറുടെ ഉത്തരവുകള്‍ക്കു വിധേയമായി മെഡിക്കല്‍ അലവന്‍സുമാകാം.സര്‍ക്കാര്‍ജീവനക്കാരുടെ നിരക്കില്‍ കണ്ണടഅലവന്‍സ് റീഇമ്പേഴ്‌സ് ചെയ്യാം. അനുവദനീയമായഇടങ്ങളില്‍ മാസം 400 രൂപ ഹില്‍ട്രാക്ട് അലവന്‍സ് അനുവദിക്കാം. ശമ്പളം നിര്‍ണയിച്ച മാസത്തെക്കാള്‍ അടുത്തമാസം കൂടുതല്‍ സംഭരിക്കുന്ന ഒരോലിറ്റര്‍ പാലിനും ഒരുരൂപവച്ച്, അടിസ്ഥാനശമ്പളാനുപാതത്തിനനുസരിച്ചു പ്രൊഡക്ഷന്‍ ആന്റ് പ്രൊക്യൂര്‍മെന്റ് എന്‍ഹാന്‍സ് അലവന്‍സ് കൊടുക്കാം. ശമ്പളം നിര്‍ണയിച്ച മാസത്തെക്കാള്‍ സംഭരണം കുറയുമ്പോള്‍ ഈ അലവന്‍സ് കിട്ടില്ല. സംഘങ്ങള്‍ വ്യാപാരലാഭത്തിന്റെ 80%ലേറെ വാര്‍ഷികഎസ്റ്റാബ്ലിഷ്‌മെന്റിനു ചെലവാക്കരുത്. ഭരണസമിതി ഓരോ ആറുമാസവും ഇതു നോക്കണം. ചെലവ് അധികമായാല്‍ ഭരണസമിതിയംഗങ്ങളില്‍നിന്നു പിടിക്കും. വിരമിക്കുമ്പോള്‍ ജീവനക്കാര്‍ക്കു കൊടുക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് അതാതുവര്‍ഷം കരുതല്‍ വെക്കണം. പെന്‍ഷന്‍ഫണ്ട്, ക്ഷേമഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയവ സമയത്ത് അടക്കാതെ ഒരുമിച്ചടക്കേണ്ടിവന്നാല്‍ അത് അക്കൊല്ലത്തെ എസ്റ്റാബ്ലിഷ്‌മെന്റ് ചെലവായി കണക്കാക്കും. അങ്ങനെ ചെലവ് 80ശതമാനത്തില്‍ കൂടിയാലും ഭരണസമിതിക്കും സെക്രട്ടറിക്കുമായിരിക്കും ബാധ്യത. ഉത്തരവു പ്രകാരം നിശ്ചയിച്ചതിനെക്കാള്‍ കൂടുതല്‍ ജീവനക്കാര്‍ ഏതെങ്കിലും തസ്‌തികയില്‍ നിലവിലുണ്ടെങ്കില്‍ അധികമുള്ളതു സൂപ്പര്‍ന്യൂമററിയായി കണക്കാക്കാം. സഹകരണസംഘംനിയമവും ചട്ടവും പ്രകാരം കിട്ടിക്കൊണ്ടിരിക്കുന്ന മറ്റാനുകൂല്യങ്ങള്‍ തുടരും. കൂട്ടിയതിലെ തെറ്റോ നിര്‍ണയിച്ചതിലെ പിഴവോ മൂലം ആര്‍ക്കെങ്കിലും കൂടുതല്‍ കിട്ടിയിട്ടുണ്ടെങ്കില്‍ ഭരണസമിതി അതു തിരിച്ചീടാക്കണം. പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റ്, സെയില്‍സ് അസിസ്റ്റന്റ്, അറ്റന്റര്‍, പ്യൂണ്‍, ക്ലീനര്‍ തുടങ്ങിയ സബ്‌സ്റ്റാഫിന് സേവനത്തിന്റെ 8,15,22,27 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഓരോ ഹയര്‍ഗ്രേഡ് കൊടുക്കാം. ഇതു നാലില്‍ കൂടരുത്. സെക്രട്ടറി ഉള്‍പ്പെടെ സ്ഥാനക്കയറ്റസാധ്യതയില്ലാത്ത സബ്‌സ്റ്റാഫിനുമുകളിലുള്ളവര്‍ക്ക് 8,15, 22 വര്‍ഷസേവനങ്ങള്‍ക്ക് ഒരോന്നുവീതം മൂന്നുഹയര്‍ഗ്രേഡുവരെ അനുവദിക്കാം. ഇപ്പോള്‍ വാങ്ങുന്ന ശമ്പളനിരക്കിന്റെ തൊട്ടുയര്‍ന്ന ശമ്പളനിരക്കില്‍ ഹയര്‍ഗ്രേഡ് അനുവദിക്കാം. ജോലിക്കുചേര്‍ന്ന അന്നുമുതലുള്ള സേവനകാലം ഹയര്‍ഗ്രേഡ് സ്ഥാനക്കയറ്റത്തിന് അര്‍ഹമാണ്. ഭരണസമിതി തീരുമാനിച്ചു ജില്ലാഡെപ്യൂട്ടിഡയറക്ടറുടെ അനുമതി വാങ്ങണം. ശമ്പളപരിഷ്‌കരണം നടപ്പാക്കിയ ജീവനക്കാരുടെ അപേക്ഷയില്‍ അര്‍ഹത പരിശോധിച്ചേ ഹയര്‍ഗ്രേഡ് അനുവദിക്കാവൂ. അനുവദിക്കുമ്പോള്‍ വാര്‍ഷികഎസ്‌റ്റാബ്ലിഷ്‌മെന്റ് ചെലവ് വ്യാപാരലാഭത്തിന്റെ 80ശതമാനത്തില്‍ കൂടരുതുതാനും. പാല്‍സംസ്‌കരണസംവിധാനം ഉള്ള സംഘങ്ങളെ 11 ക്ലാസും ഇല്ലാത്തവയെ നാലു ക്ലാസ്സായും തിരിച്ചിട്ടുണ്ട്. ഭരണസമിതികള്‍ സാമ്പത്തികവര്‍ഷം അവസാനിച്ചു മൂന്നുമാസത്തിനകം തൊട്ടുമുമ്പത്തെ സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി ക്ലാസ് നിശ്ചയിച്ചു ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ അംഗീകാരം വാങ്ങണം. മുന്‍ശമ്പള പരിഷ്‌കരണഉത്തരവുകള്‍ പ്രകാരം തസ്‌തിക പുനര്‍നാമകരണം നടത്തിയിട്ടില്ലാത്ത സംഘങ്ങള്‍ അതു നടത്തണം. എങ്കിലേ സ്ഥിരംജീവനക്കാര്‍ക്ക് ഉത്തരവു പ്രകാരമുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും കിട്ടൂ. പരമ്പരാഗതസംഘങ്ങളും ഇങ്ങനെ തസ്‌തികപുനര്‍നാമകരണം നടത്തി ക്ഷീരവികസനജില്ലാഡെപ്യൂട്ടി ഡയറക്ടറുടെ അംഗീകാരം വാങ്ങണം. 188-ാം ചട്ടപ്രകാരമുള്ള സ്റ്റാഫ്‌പാറ്റേണില്‍ കൂടുതല്‍ തസ്‌തിക വേണ്ടവര്‍ക്ക് ആ ചട്ടത്തിനു വിധേയമായി ഭരണസമിതിയുടെയും പൊതുയോഗത്തിന്റെയും തീരുമാനപ്രകാരവും ക്ഷീരവികസനജില്ലാഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെയും നടപടിക്രമം പാലിച്ചും സാമ്പത്തികനില നോക്കിയും നിയമിക്കാം. ഡയറിപ്ലാന്റും കാലിത്തീറ്റപ്ലാന്റും ഡയറി ഫാമും പാല്‍സംഭരണകേന്ദ്രങ്ങളും ഡിപ്പോകളും സംഘംനിയമപ്രകാരമുള്ള മറ്റുസ്ഥാപനങ്ങളുമുള്ള പ്രാഥമികക്ഷീരസംഘങ്ങള്‍ സ്റ്റാഫ് പാറ്റേണും ചട്ടങ്ങളും തയ്യാറാക്കി ക്ഷീരവികസനജില്ലാഡെപ്യൂട്ടി ഡയറക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. സാമ്പത്തികവര്‍ഷം അവാസനിച്ചു മൂന്നുമാസത്തിനകം ഭരണസമിതി തൊട്ടുമുമ്പത്തെ സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി ക്ലാസ് നിശ്ചയിച്ചു കഷീരവികസനജില്ലാഡെപ്യൂട്ടിഡയറക്ടറുടെ അംഗീകാരം വാങ്ങണം. താഴ്‌ന്ന ക്ലാസില്‍ വാങ്ങിയിരുന്ന അടിസ്ഥാനശമ്പളത്തെക്കാള്‍ കൂടുതലാണ് ഉയര്‍ന്ന ക്ലാസിന്റെ നിരക്കിലെ മിനിമമെങ്കില്‍ ആ തുക അടിസ്ഥാനശമ്പളമായി നിശ്ചയിക്കണം; കുറവാണെങ്കില്‍ വാങ്ങിയിരുന്ന അടിസ്ഥാനശമ്പളത്തോടൊപ്പം ഉയര്‍ന്ന നിരക്കിലെ ഒരു ഇന്‍ക്രിമെന്റിനും അര്‍ഹതയുണ്ടായിരിക്കും. ഉയര്‍ന്നശമ്പളനിരക്കില്‍ അടിസ്ഥാനശമ്പളം നിര്‍ണയിക്കപ്പെട്ടയാള്‍ക്കു താഴ്‌ന്ന ക്ലാസില്‍ തുടര്‍ന്നിരുന്നെങ്കില്‍ വാര്‍ഷികഇന്‍ക്രിമെന്റ് കിട്ടുമായിരുന്ന തിയതിക്കു തന്നെ ഉയര്‍ന്ന ക്ലാസ്സിലും വാര്‍ഷികഇന്‍ക്രിമെന്റ് കിട്ടും. ഉയര്‍ന്നക്ലാസില്‍ വാങ്ങിയ അടിസ്ഥാനശമ്പളത്തില്‍നിന്ന് അവസാനം വാങ്ങിയ ഇന്‍ക്രിമെന്റ് കുറച്ച തുകയാണു താഴ്‌ന്ന ക്ലാസിലെ അടിസ്ഥാനശമ്പളമായി നിശ്ചയിക്കേണ്ടത്. അദ്ദേഹത്തിന് ഉയര്‍ന്ന ക്ലാസില്‍ തുടര്‍ന്നെങ്കില്‍ വാര്‍ഷികഇന്‍ക്രിമെന്റ് കിട്ടുമായിരുന്ന തിയതിക്കുതന്നെ താഴ്‌ന്ന ക്ലാസിലും അതു കിട്ടും. സംഘംനിലനില്‍പിനെ ബാധിക്കാതെവേണം പരിഷ്‌കരണം നടപ്പാക്കാന്‍. നടപ്പാക്കാന്‍വേണ്ട വരുമാനം ഇല്ലെങ്കില്‍ ശമ്പളം തൊട്ടുതാഴെയുള്ള നിരക്കിലേക്കു ക്ഷാമബത്ത ക്രമീകരിച്ച് ക്ഷീരവികസനജില്ലാഡെപ്യൂട്ടിഡയറക്ടറുടെ അനുമതിയോടെ മാറ്റിനിശ്ചയിക്കാം. അദ്ദേഹത്തിന്റെ അംഗീകാരം വാങ്ങി ഫീസടച്ചു ക്ലാസ്‌മാറ്റവുമാകാം. ക്ലാസ് ഒമ്പതിലെ സംഘങ്ങള്‍ക്കു സാമ്പത്തികബുദ്ധിമുട്ടുണ്ടെങ്കില്‍ ഭരണസമിതികള്‍ക്കു ജില്ലാഡെപ്യൂട്ടിഡയറക്ടര്‍മാരുമായി ആലോചിച്ചു ജീവനക്കാരെ നിശ്ചയിച്ചു കണ്‍സൊളിഡേറ്റഡ് തുകമാത്രം നല്‍കാം. ക്ലാസ് ഉയരുമ്പോള്‍ ശമ്പളനിര്‍ണയത്തില്‍ ഇതു പരിഗണിക്കില്ല. പുതിയനിരക്കിന്റെ മിനിമത്തിലാവും പേ ഫിക്‌സ് ചെയ്യുക. ക്ലാസിഫിക്കേഷന്‍, തസ്‌തികകള്‍, വിദ്യാഭ്യാസയോഗ്യതകള്‍, ശമ്പളഫിക്‌സേഷന്‍, സ്റ്റാഫ് പാറ്റേണ്‍, നിലവിലുള്ള ശമ്പളനിരക്ക്, പരിഷ്‌കരിച്ച ശമ്പളനിരക്ക്, എന്നിവയുടെ പട്ടികയും ഉത്തരവിന്റെ സംഗ്രഹവും ഇതൊടൊപ്പം.

