മലപ്പുറം ജില്ലാബാങ്ക് ലയനം: റിസര്‍വ് ബാങ്കിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു
മലപ്പുറം ജില്ലാസഹകരണബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിച്ച പ്രശ്‌നത്തില്‍ റിസര്‍വ്‌ബാങ്കിന്റെ അപ്പീല്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. ജസ്‌റ്റിസ് പാമിഡിഗണ്ടം ശ്രീനരസിംഹയും ജസ്റ്റിസ് അലോക് ആരാധെയും ആണു അപ്പീല്‍ ഫയലില്‍ സ്വീകരിച്ചത്. സ്റ്റാറ്റസ്‌കോയില്‍ ചെറിയ ഭേദഗതി വരുത്തി അന്തിമതീര്‍പ്പുവരെ മലപ്പുറം ജില്ലാസഹകരണബാങ്കിന്റെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ താല്‍കാലികജീവനക്കാരെ വെക്കാന്‍ കോടതി അനുവദിച്ചിട്ടുണ്ട്.
ലയനം കേരളഹൈക്കോടതി ശരിവെച്ചിരുന്നു. സഹകരണമേഖലയെ ശക്തമാക്കുന്ന നയതീരുമാനമെന്നു വിലയിരുത്തിയാണു ഹൈക്കോടതി ലയനം അംഗീകരിച്ചിരുന്നത്. എന്നാല്‍, മലപ്പുറം ജില്ലാസഹകരണബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലായിരുന്നുവെന്നു റിസര്‍വ് ബാങ്ക് അപ്പീലില്‍ ബോധിപ്പിച്ചു. മറ്റു 13 ജില്ലാസഹകരണബാങ്കുകളുടെ കാര്യത്തില്‍ തത്വത്തില്‍ അനുമതിയുണ്ടായിരുന്നു.
കേരളസഹകരണനിയമത്തിലെ 74എച്ച് വകുപ്പുപ്രകാരമാണു മലപ്പുറം ജില്ലാസഹകരണബാങ്കിനെ ലയിപ്പിച്ചത്. മുന്‍കൂര്‍അനുമതിയില്ലാത്തതിനാല്‍ മലപ്പുറംജില്ലാബാങ്ക് `യോഗ്യമായ സഹകരണസംഘ’ത്തിന്റെ നിര്‍വചനത്തില്‍ വരില്ലെന്നും അതുകൊണ്ടു നിക്ഷേപങ്ങള്‍ക്കു നിക്ഷേപഇന്‍ഷുറന്‍സ്-വായ്‌പാഗ്യാരന്റി കോര്‍പറേഷന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്നുമാണു റിസര്‍വ് ബാങ്കിന്റെ മറ്റൊരു വാദം. സര്‍ക്കാരിനു സഹകരണസംഘങ്ങളുടെമേല്‍ അധികാരമുണ്ടെങ്കിലും ബാങ്കിങ് ലൈസന്‍സ് ഉള്ള സഹകരണബാങ്കുകളുടെ ബാങ്കിങ് കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിനാണ് അധികാരം. പൊതുയോഗത്തിലെ കേവലഭൂരിപക്ഷത്തിന്റെയോ രജിസ്‌ട്രാറുടെ ഉത്തരവിന്റെയോ അടിസ്ഥാനത്തില്‍ ലയനമാവാമെന്ന കേരളസഹകരണനിയമഭേദഗതി റിസര്‍വ് ബാങ്കിന്റെ കേന്ദ്രറെഗുലേറ്റര്‍ പദവിയെ മറികടക്കുന്നതാണ് എന്നാണു റിസര്‍വ് ബാങ്കിന്റെ മറ്റൊരു വാദം.

മലപ്പുറം ജില്ലാസഹകരണബാങ്ക് ഇപ്പോള്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്നു കോടതി ചോദിച്ചിരുന്നു. കേരളബാങ്കാണു പ്രവര്‍ത്തനം നിയന്ത്രിക്കുന്നതെന്നു കേരളബാങ്കും ഇപ്പോഴും കണക്കുകള്‍ വെവ്വേറെയാണെന്നും ലയനം നിയമപരമായി പൂര്‍ത്തിയായിട്ടില്ലെന്നും മറുഭാഗവും പറഞ്ഞു. അതിനാലാണു സ്റ്റാറ്റസ്‌കോയില്‍ ചെറിയ മാറ്റം വരുത്തി അന്തിമതീര്‍പ്പുവരെ മലപ്പുറംജില്ലാസഹകരണബാങ്കിന്റെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ താല്‍കാലികജീവനക്കാരെ വെക്കാന്‍ സുപ്രീംകോടതി അനുവദിച്ചത്. ഇനി ഒന്നുരണ്ടുമാസത്തിനകം ബന്ധപ്പെട്ടവര്‍ മറുപടികള്‍ നല്‍കണം. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ആയിരിക്കും ഇനി കേസ് പരിഗണിക്കുക.

