സഹകരണമേഖലയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണം: മുഖ്യമന്ത്രി
സഹകരണമേഖലയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കനകക്കുന്ന് കൊട്ടാരമൈതാനത്തു സഹകരണഎക്‌സ്‌പോ 25ന്റെ ഔപചാരികഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ 23000ല്‍പരം സഹകരണസംഘങ്ങളുണ്ട്. കേരളത്തിലെ സഹകരണമേഖലയിലെ നിക്ഷേപം രണ്ടരലക്ഷംകോടിയില്‍പരം രൂപയാണ്. സഹകരണമേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇതു കാണിക്കുന്നത്. ആ വിശ്വാസം കാത്തുസൂക്ഷിക്കണം. കേരളത്തിന്റെ സാമ്പത്തികനിലയുടെ നട്ടെല്ലാണു സഹകരണമേഖല.കേരളബാങ്കുപോലുള്ള സഹകരണസ്ഥാപനം 250കോടിയില്‍പരം രൂപയുടെ പ്രവര്‍ത്തനലാഭം കൈവരിച്ചുകഴിഞ്ഞു. സഹകരണഎക്‌സ്‌പോയില്‍ നിരവധി സംഘങ്ങള്‍ ഉല്‍പന്നങ്ങളുമായി രംഗത്തുവരുന്നുണ്ട്. അതില്‍നിന്നു പ്രചോദനം ആര്‍ജിച്ചു കൂടുതല്‍ സംഘങ്ങള്‍ ഉല്‍പന്നനിര്‍മാണമേഖലയിലേക്കു കടന്നുവരണം. കേരളത്തിലെ പല സഹകരണസ്ഥാപനങ്ങളുടെയും ഉല്‍പന്നങ്ങള്‍ ഇ-കോമേഴ്‌സ് സൈറ്റുകളിലടക്കം ബെസ്‌റ്റ് സെല്ലറുകളാണ്. സഹകരണനിയമങ്ങളില്‍ കാലാനുസൃതമായി വ്യാപകമാറ്റങ്ങള്‍ വരുത്തി. പ്രതിസന്ധിയിലാകുന്ന സംഘങ്ങള്‍ പൂട്ടിപ്പോകാതിരിക്കാന്‍ സഹകരണപുനരുദ്ധാരണനിധി നടപ്പാക്കി. നാലുവര്‍ഷംകൊണ്ടു അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങള്‍ സഹകരണരംഗത്തു സൃഷ്ടിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായി. എം.എല്‍.എ.മാരായ കടകംപള്ളി സുരേന്ദ്രന്‍, വി. ജോയ്, അഡ്വ. വി.കെ. പ്രശാന്ത്, എ.എ. റഹീം എംപി, സകരണവകുപ്പു സ്‌പെഷ്യല്‍ സെക്രട്ടറി വീണാ എന്‍ മാധവന്‍, സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബു, സംസ്ഥാനസഹകരണയൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്‌ണന്‍നായര്‍, കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണഓഡിറ്റ് ഡയറക്ടര്‍ ഷെറിന്‍ എം.എസ്, സഹകരണപരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എസ്.യു. രാജീവ് എന്നിവര്‍ സംസാരിച്ചു.