പൊന്നില്‍പ്പൊതിഞ്ഞ വിജയകഥ
‘ ഇതൊക്കെ എത്ര കാലം ഉണ്ടാകാനാണ്. ഒരു വര്‍ഷം കൊണ്ടിത് പൂട്ടും ‘. കുടുംബശ്രീയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് എട്ടു വനിതകള്‍ ചേര്‍ന്ന് ‘ നിര്‍മാല്യംഗോള്‍ഡ് ‘ എന്ന പുതു സംരംഭം തുടങ്ങുമ്പോള്‍ പുച്ഛിച്ചവരും പരിഹസിച്ചവരും കുറവല്ല. പക്ഷേ, എല്ലാ വെല്ലുവിളികളേയും പരിഹാസങ്ങളേയും സധൈര്യം നേരിട്ട്, അതിജീവിച്ച് വിജയകരമായ പതിനൊന്നാം വര്‍ഷത്തില്‍ എത്തി നില്‍ക്കുകയാണ് നിര്‍മാല്യം ഗോള്‍ഡ്. സംസ്ഥാനത്താദ്യമായി ഗോള്‍ഡ് പ്ലേറ്റിംഗ് ആഭരണങ്ങള്‍ നിര്‍മിച്ച കുടുംബശ്രീ യൂണിറ്റാണിത്.
2008 ഫെബ്രുവരി 29 നായിരുന്നു തുടക്കം. കോഴിക്കോട് നല്ലളം ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 13, 16 വാര്‍ഡുകളിലെ എട്ടു കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് നിര്‍മാല്യം ഗോള്‍ഡ് തുടങ്ങിയത്. ഇപ്പോള്‍ കൂട്ടത്തില്‍ നാലു പേരേയുള്ളു. എം. നിര്‍മലയാണ് യൂണിറ്റിന് നേതൃത്വം നല്‍കുന്നത്. ചെറുവണ്ണൂര്‍ ടൗണിലെ വാടകക്കെട്ടിടത്തിലാണ് ഓഫീസ്.
ഒരു ചെറുകിട സംരംഭം തുടങ്ങാന്‍ അവസരം കിട്ടിയപ്പോള്‍ അത് വ്യത്യസ്തമായ മേഖലയിലായിരിക്കണമെന്ന നിര്‍ബന്ധം നിര്‍മലയ്ക്കുണ്ടായിരുന്നു. ‘ ഒരുപാട് ‘ ചെറുകിട സംരംഭങ്ങള്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ, പലപ്പോഴും അച്ചാര്‍ നിര്‍മാണത്തിലും പലഹാര നിര്‍മാണത്തിലുമൊക്കെ അത് ഒതുങ്ങിപ്പോകാറാണ് പതിവ്. അതില്‍ നിന്നു വ്യത്യസ്തമാകണം ഞങ്ങള്‍ തുടങ്ങാന്‍ പോവുന്ന സംരംഭം എന്നാഗ്രഹമുണ്ടായിരുന്നു . പക്ഷേ, എന്തു തുടങ്ങും എന്ന് സംശയമായിരുന്നു. അപ്പോഴാണ് ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ടി. ശിവദാസന്‍ ആഭരണ നിര്‍മാണ യൂണിറ്റ് എന്ന ആശയം അവതരിപ്പിക്കുന്നത്. ആ ആശയത്തില്‍ നിന്നാണ് ഇന്നു കാണുന്ന ഈ വിജയത്തില്‍ ഞങ്ങള്‍ എത്തി നില്‍ക്കുന്നത്. ആദ്യകാലത്ത് ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യത്തെ ഒരു വര്‍ഷം ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. സമയം നോക്കാതെ ഞങ്ങള്‍ പണിയെടുത്തു. അവധിപോലുമില്ലാതെ ഞായറാഴ്ച്ചകളില്‍പ്പോലും വീടുകളില്‍ കയറി ഞങ്ങളുടെ ബിസിനസ്സിനെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തിക്കൊടുത്തു. ഇന്ന് ആ അവസ്ഥയൊക്കെ മാറി . ഇപ്പോള്‍ ആളുകള്‍ ഞങ്ങളെ ഇങ്ങോട്ടു വിളിച്ചു തുടങ്ങി. ഞങ്ങളുടെ തീരുമാനം തെറ്റായില്ല. സന്തോഷം തോന്നുന്നു ‘ – യൂണിറ്റ് സെക്രട്ടറിയായ നിര്‍മല പറയുന്നു. നിര്‍മലക്കു പുറമേ രഞ്ജിനി, പ്രീതി, സുലോചന എന്നിവരാണ് ഈ പെണ്‍കൂട്ടായ്മയിലുള്ളത്.
ഉല്‍പാദകരും വിതരണക്കാരും ഒന്ന്
ആഭരണങ്ങളുടെ ഉല്‍പാദകരും വിതരണക്കാരും നാലു പേരുംതന്നെ. നേരിട്ടുള്ള ഇടപാട് ഉപഭോക്താക്കളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാക്കാനും സഹായിക്കുന്നു. പലതരം ഡിസൈനുകളിലുള്ള വള, മാല, കമ്മല്‍, പാദസരങ്ങള്‍, ലോക്കറ്റുകള്‍ എന്നിവ ഇവിടെ നിര്‍മക്കുന്നുണ്ട്.
തുടക്കത്തില്‍ ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളാണ് നിര്‍മിച്ചിരുന്നത്. ഇപ്പോള്‍ ഇമിറ്റേഷന്‍ ഗോള്‍ഡാണുണ്ടാക്കുന്നത്. ആറുമാസത്തെ ഗ്യാരന്റി നല്‍കുന്നുണ്ട്. യൂണിറ്റിലെ എല്ലാ അംഗങ്ങള്‍ക്കും ആഭരണ നിര്‍മാണത്തില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. തൃശ്ശൂരിലെ എ വണ്‍ കമ്പനിയാണ് ഗോള്‍ഡ് പ്ലേറ്റിംഗില്‍ പരിശീലനം നല്‍കിയത്.
30 രൂപ മുതല്‍ 2500 രൂപ വരെയുള്ള ആഭരണങ്ങള്‍ ഇവിടെ ലഭിക്കും. തികഞ്ഞ സാങ്കേതിക മികവോടെയും കാലത്തിനനുസരിച്ചുള്ള ഫാഷനിലുമാണ് ആഭരണങ്ങള്‍ തയാറാക്കുന്നത്. 30 രൂപ മുതല്‍ 900 രൂപവരെയാണ് വളകളുടെ നിരക്ക്. മാലകള്‍ക്ക് 150 മുതല്‍ 2500 വരെയും പാദസരങ്ങള്‍ക്ക് 100 മുതല്‍ 600 വരെ രൂപയുമാണ് നിരക്ക്.
നിര്‍മാല്യം ഗോള്‍ഡിന്റെ പരസ്യത്തിനു വേണ്ടി ഇന്നേവരെ ഒറ്റപ്പൈസ ഇവര്‍ക്ക് ചെലവിടേണ്ടി വന്നിട്ടില്ല. ആഭരണങ്ങള്‍ ഉപയോഗിച്ചവര്‍ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങളാണ് ഇവരുടെ കരുത്ത്. അനുഭവസ്ഥരില്‍ നിന്ന് കേട്ടറിഞ്ഞ് നിരവധിയാളുകള്‍ ആഭരണങ്ങള്‍ വാങ്ങാനായി എത്തുന്നുണ്ട്. ഉപഭോക്താക്കളുടെ വിശ്വാസമാണ് എല്ലാത്തിനെക്കാളും വലുതെന്ന് നിര്‍മാല്യം ഗോള്‍ഡിന്റെ സാരഥികള്‍ പറയുന്നു.
മുതല്‍മുടക്ക് ഒമ്പതു ലക്ഷം
ഒമ്പതു ലക്ഷം രൂപ മുതല്‍ മുടക്കിയാണ് നിര്‍മാല്യം ഗോള്‍ഡ് തുടങ്ങിയത്. ഫെഡറല്‍ ബാങ്കില്‍ നിന്ന് 4.75 ലക്ഷം രൂപയുടെ ലോണെടുത്തു. കുടുംബശ്രീ സംസ്ഥാന മിഷന്റെ സബ്‌സിഡിയായി ഒരു ലക്ഷം രൂപയും ജില്ലാ മിഷന്റെ ടെക്‌നോളജി ഫണ്ടില്‍ നിന്നു മൂന്നു ലക്ഷം രൂപയും കിട്ടി. യൂണിറ്റ് അംഗങ്ങളുടെ വിഹിതമായി 25000 രൂപയും എടുത്തു. അങ്ങനെ ഒമ്പത് ലക്ഷം രൂപയുടെ മുതല്‍മുടക്ക്. ബാങ്കിന്റെ ലോണ്‍ മൂന്നര വര്‍ഷംകൊണ്ട് അടച്ചുതീര്‍ത്തു. മുപ്പത്തിയൊന്ന് ലക്ഷം രൂപയാണ് ഒരു വര്‍ഷത്തെ വിറ്റുവരവ്. കഠിനാധ്വാനവും ആത്മാര്‍ഥമായ പ്രവര്‍ത്തനുമാണ് തങ്ങളുടെ വിജയത്തിനുപിന്നിലെന്ന് യൂണിറ്റംഗങ്ങള്‍ വിശ്വസിക്കുന്നു. കുടുംബശ്രീയുടെ ലേബല്‍ ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സംരംഭമായതുകൊണ്ടാണ് ആളുകളുടെ വിശ്വാസം നേടാനായത്. ‘ അവരുടെ വിശ്വാസം ഞങ്ങള്‍ക്കു ലഭിച്ച വലിയ അംഗീകാരമാണ്. കുടുംബശ്രീയില്‍ നിന്നുള്ള ഒരു ഉല്‍പന്നവും വ്യാജമാവില്ല എന്നുള്ള ഉറപ്പ് ജനങ്ങള്‍ക്കുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഞങ്ങള്‍ നടത്തിയിട്ടില്ല. ഒരു മായവും ചേര്‍ക്കാത്ത ബിസിനസാണ് ഞങ്ങളുടേത് ‘ – നിര്‍മാല്യം സാരഥികള്‍ പറയുന്നു. ലാഭവിഹിതത്തിനു പുറമെ യൂണിറ്റംഗങ്ങള്‍ക്ക് പ്രതിമാസം എട്ടായിരത്തിനും പത്തായിരത്തിനുമിടയില്‍ വരുമാനം ലഭിക്കുന്നുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് പ്രധാന വിപണി. നേരത്തേ കര്‍ണാടകയിലെ ഉഡുപ്പിയിലും ആഭരണങ്ങള്‍ ഏജന്റുമാര്‍ വഴി വിററിരുന്നു. ഇപ്പോഴത് നിര്‍ത്തി. ഇപ്പോള്‍ 1200 സ്ഥിരം ഇടപാടുകാരുണ്ട് നിര്‍മാല്യം ഗോള്‍ഡിന്.
വ്യത്യസ്തമായ തൊഴിലും സ്ഥിരവരുമാനവും എന്ന ആശയത്തില്‍ നിന്നാണ് നിര്‍മാല്യം ഗോള്‍ഡിലേക്ക് ഈ പെണ്‍കൂട്ട് എത്തിച്ചേര്‍ന്നത് . കുടുംബശ്രീ മിഷന്റെ സഹകരണം കൂടി ലഭിച്ചപ്പോള്‍ ആശയം പ്രാവര്‍ത്തികമാക്കാനുള്ള ഊര്‍ജം ലഭിച്ചു. വളരെ സമയമെടുത്ത് വിപണി സാധ്യതയെക്കുറിച്ച് വിശദമായ പഠനം നടത്തി. അതിനുശേഷമാണ് ആഭരണ നിര്‍മാണത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. പതിനൊന്നു വര്‍ഷം മുമ്പ് തങ്ങളെടുത്ത തീരുമാനം തെറ്റായിപ്പോയില്ല എന്ന സന്തോഷത്തിലാണ് ഇവര്‍.
മെയ്ദിനത്തില്‍ തുറന്നു പ്രവര്‍ത്തിച്ചപ്പോള്‍ ‘ അല്ല നിങ്ങള്‍ തൊഴിലാളികളല്ലേ അവധിയെടുക്കുന്നില്ലേ ‘ എന്ന ചോദ്യമുയര്‍ന്നു. ‘ ഇതിന്റെ മുതലാളിയും തൊഴിലാളിയുമൊക്കെ ഞങ്ങളു തന്നെയല്ലേ ‘ എന്നായിരുന്നു നിര്‍മലയുടെയും കൂട്ടുകാരികളുടെയും ചിരിച്ചുകൊണ്ടുള്ള മറുപടി. ആ ഒരു മറുപടിയില്‍ത്തന്നെയുണ്ട് ഇവരുടെ വിജയ രഹസ്യം. ഇവിടെ മുതലാളിയും തൊഴിലാളിയുമൊക്കെ ഈ നാലു വനിതകള്‍ തന്നെയാണ്. ശക്തമായ ഈ കൂട്ടായ്മയാണ് ഇവരുടെ വിജയ രഹസ്യവും.