2022 ലെ മികച്ച പത്തു കോഴ്‌സുകള്‍

Deepthi Vipin lal

– ഡോ. ടി. പി. സേതുമാധവന്‍

( പ്രൊഫസര്‍, ട്രാന്‍സ് ഡിസിപ്ലിനറി ഹെല്‍ത്ത്
യൂണിവേഴ്‌സിറ്റി, ബെംഗളൂരു , Email : [email protected])

ജോലിസാധ്യത ഏറെയുള്ള കോഴ്‌സുകളെക്കുറിച്ച് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും സംശയങ്ങളേറെയുണ്ടാവാം. പരമ്പരാഗത എന്‍ജിനിയറിങ,് മെഡിക്കല്‍, പാരാമെഡിക്കല്‍, ശാസ്ത്ര കോഴ്‌സുകള്‍ക്കപ്പുറം പുത്തന്‍ കോഴ്‌സുകളെക്കറിച്ചറിയാനാവും ഏവര്‍ക്കും താല്‍പ്പര്യം. പ്ലസ് ടുവിനു ശേഷമുള്ള ബിരുദ കോഴ്‌സുകളെക്കുറിച്ചറിയാനാണ് വിദ്യാര്‍ഥികള്‍ക്കിഷ്ടം. 2022 ലെ മികച്ച ചില കോഴ്‌സുകള്‍ ചുവടെ ചേര്‍ക്കുന്നു:

1. ഡിജിറ്റല്‍
മാര്‍ക്കറ്റിങ്

കോവിഡിനു ശേഷം കരുത്താര്‍ജിച്ചു വരുന്ന മേഖലയാണു ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. ഓണ്‍ലൈന്‍ ബിസിനസ്സിലേയ്ക്കുള്ള പ്രയാണം ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. സേവന മേഖലയില്‍ ഭാവിതൊഴിലുകള്‍ കൂടുതലായി ഓണ്‍ലൈനാകുന്നതോടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രൊഫഷണലുകള്‍ക്കു സാധ്യതയേറും. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ മൂന്നുവര്‍ഷ ബി.ബി.എ, ബി.എസ്‌സി, ബി.എ. പ്രോഗ്രാമുകളുണ്ട്. കൂടാതെ ഡിപ്ലോമ സര്‍ട്ടിഫിക്കേറ്റ് ഹ്രസ്വകാല പ്രോഗ്രാമുകളുമുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കു ഡിജിറ്റല്‍ മാര്‍ക്കറ്റിങ്് മാനേജര്‍, ബ്രാന്‍ഡ് മാനേജര്‍, സോഷ്യല്‍ മീഡിയ മാനേജര്‍, ഓണ്‍ലൈന്‍ കണ്ടന്റ് ഡെവലപ്പര്‍, ബിസിനസ് അനലിസ്റ്റ്, സ്‌പെഷ്യലിസ്റ്റ്, സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍ സ്‌പെഷ്യലിസ്റ്റ്, വെബ് ഡിസൈനര്‍, പ്രൊഫഷണല്‍ ബ്ലോഗര്‍ തുടങ്ങിയ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിയ്ക്കാം.

ഉല്‍പ്പന്നങ്ങളുടെയോ സേവനങ്ങളുടേയോ മാര്‍ക്കറ്റിങ് ഓണ്‍ലൈനിലൂടെ വിപുലപ്പെടുത്തല്‍, ഇതിനായുള്ള ബ്രാന്‍ഡിങ്, വിപണന തന്ത്രങ്ങള്‍, സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍, കണ്ടന്റ് മാര്‍ക്കറ്റിങ്, സെയില്‍സ് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍, വിവിധ പ്ലാറ്റ്‌ഫോമുകള്‍, വെബ് സൈറ്റുകള്‍ തുടങ്ങിയവയുടെ ക്രമീകരണം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലാണിത്.

പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കു ബിരുദ കോഴ്‌സിനു ചേരാം. രാജ്യത്തിനകത്തും വിദേശത്തും മികച്ച കോഴ്‌സുകളുണ്ട്. നിരവധി ഓണ്‍ലൈന്‍ എഡുടെക് പ്ലാറ്റ്‌ഫോമുകള്‍ വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്നു കോഴ്‌സ് നടത്തിവരുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ എം.ബി.എ., എം.എസ്‌സി പ്രോഗ്രാമുകളുമുണ്ട്. ഐ.ഐ.എം. കല്‍ക്കത്ത, ഡല്‍ഹി സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍, XLRI സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, എസ്.പി. ജെയിന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റ്, ഡി.വൈ. പാട്ടീല്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി, പേള്‍ അക്കാദമി ഡല്‍ഹി, സിംപ്ലിലേണ്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഐ.ഐ.എം. ലഖ്‌നൗ എന്നിവ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സുകള്‍ നടത്തുന്ന പ്രധാന സ്ഥാപനങ്ങളാണ്. തൊഴിലില്‍ മൊബൈല്‍ മാര്‍ക്കറ്റിങ്, റേഡിയോ / ടി.വി. പരസ്യങ്ങള്‍, ഇന്‍ഫ്‌ളുവെന്‍സര്‍ മാര്‍ക്കറ്റിങ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, കണ്ടന്റ് മാര്‍ക്കറ്റിങ്, ഇ-മെയില്‍ മാര്‍ക്കറ്റിങ് എന്നിവയും ഉള്‍പ്പെടുന്നു.

NIIT ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, Upgrad, AIMA, NIELIT എന്നിവയും പ്രധാനപ്പെട്ട സ്ഥാപനങ്ങളാണ്. യു.കെ., ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനു സാധ്യതയുണ്ട്. മികച്ച കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവ അവിടെയുണ്ട്. SAT, TOEFL / IELTS സ്‌കോര്‍ അഡ്മിഷന് ആവശ്യമാണ്. ACT സ്‌കോറും SAT നു പകരമായി പരിഗണിക്കും. മെല്‍ബണ്‍ യൂണിവേഴ്‌സിറ്റി, പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി, ആസ്റ്റണ്‍ യൂണിവേഴ്‌സിറ്റി, കിംഗ്‌സ് കോളേജ് ലണ്ടന്‍, കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റി, ഡബ്ലിന്‍ ബിസിനസ് സ്‌കൂള്‍, സിംഗപ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാര്‍ലോ, ബെര്‍ക്കിലി ഗ്ലോബല്‍ അമേരിക്ക, കെവന്റ്ട്രി യൂണിവേഴ്‌സിറ്റി, നോട്ടിങ്ങ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് സ്ട്രാത്ത് ക്ലൈഡ്, ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രോഗ്രാമുകളുണ്ട്. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കു ബിരുദാനന്തര പഠനത്തിനും വിദേശത്തു യഥേഷ്ടം അവസരങ്ങളുണ്ട്. ക്രിയേറ്റിവിറ്റി, കമ്പ്യൂട്ടര്‍ അഭിരുചി, പരിജ്ഞാനം എന്നിവ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തൊഴിലിനാവശ്യമാണ്. മികച്ച കമ്പനികളില്‍ പ്രതിവര്‍ഷം 18 ലക്ഷം രൂപവരെ ശമ്പളം പ്രതീക്ഷിക്കാം.

2. മോളിക്കുളാര്‍
ബയോളജി

2022 ല്‍ ഏറ്റവും കൂടുതല്‍ ശാസ്ത്ര ഗവേഷണ ഫലങ്ങള്‍ പുറത്തിറങ്ങുക മോളിക്കുളാര്‍ ബയോളജി മേഖലയില്‍ നിന്നായിരിക്കും. കോവിഡിനെത്തുടര്‍ന്ന് ഈ മേഖല വന്‍വളര്‍ച്ച കൈവരിക്കുന്നുണ്ട്. ഡി.എന്‍.എ., ആര്‍.എന്‍.എ., പ്രോട്ടീന്‍ സിന്തസിസ്, സെല്‍ ബയോളജി, ജീനോമിക്‌സ്, ബയോ കെമിസ്ട്രി എന്നിവ കോഴ്‌സിലുള്‍പ്പെടും. കൃഷി, ആരോഗ്യം, ക്ലിനിക്കല്‍ റിസര്‍ച്ച്, ജനറ്റിക്‌സ്, എപ്പിഡമിയോളജി, ബയോ മെഡിക്കല്‍ തുടങ്ങിയ മേഖലകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അവസരങ്ങളുണ്ട്. 2022 ല്‍ നിരവധി വാക്‌സിനുകളാണു വിപണിയിലിറങ്ങുന്നത്. എച്ച്.ഐ.വി., മലേറിയ, ട്യൂബര്‍ക്കുലോസിസ്, കോവിഡ് മള്‍ട്ടി വാലന്റ് വാക്‌സിന്‍ എന്നിവ ഇവയില്‍ ചിലതാണ്. മോളിക്കുളാര്‍ ബയോളജിയില്‍ ഗവേഷണാഭിരുചി അത്യന്താപേക്ഷിതമാണ്. തൊഴില്‍ സാധ്യതയേറെയും വിദേശ രാജ്യങ്ങളിലാണ്.

ജൈവശാസ്ത്ര മേഖലയില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കു പ്ലസ് ടു വിനു ശേഷം ബി.എസ്‌സി. മോളിക്കുളാര്‍ ബയോളജി കോഴ്‌സിനു ചേരാം. ബിരുദാനന്തര എം.എസ്. പ്രോഗ്രാമുകള്‍ രാജ്യത്തിനകത്തും വിദേശത്തുമുണ്ട്. ലേഡി ശ്രീറാം കോളേജ് ഡല്‍ഹി, അമിറ്റി യൂണിവേഴ്‌സിറ്റി പഞ്ചാബ്, ഡി.എല്‍.ടി. സര്‍വകലാശാല ഡെറാഡൂണ്‍, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, BHU, ഗാര്‍ഡന്‍സിറ്റി കോളേജ് ബംഗളൂരു, ലൊയോള, ചെന്നൈ, മദ്രാസ് വിമന്‍സ് ക്രിസ്ത്യന്‍ കോളേജ്, ശിവ നാടാര്‍ യൂണിവേഴ്‌സിറ്റി, അസീം പ്രേംജി സര്‍വകലാശാല, ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ബി.എസ്‌സി. പ്രോഗ്രാമുകളുണ്ട്.

ബി.എസ്‌സി. നാലുവര്‍ഷ ( ഓണേഴ്‌സ് ), മൂന്നുവര്‍ഷ പ്രോഗ്രാമുകളുണ്ട്. മറ്റു ജൈവ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദമെടുത്തവര്‍ക്ക് എം.എസ്‌സി. പ്രോഗ്രാമിനു പഠിക്കാം. നാലുവര്‍ഷ ഓണേഴ്‌സ് കോഴ്‌സെടുത്തവര്‍ക്ക് എം.എസ്സിന് അമേരിക്കയില്‍ അഡ്മിഷന്‍ എളുപ്പമാണ്.
യൂണിവേഴ്‌സിറ്റി ഓഫ് ഹാര്‍വാര്‍ഡ്, മെല്‍ബണ്‍, ബിര്‍മിംഗ്ഹാം, എഡിന്‍ബറോ, ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, എം.ഐ.ടി., എഡിന്‍ബറോ നേപ്പിയര്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് വെസ്റ്റ് ഓഫ് സ്‌കോട്ട്‌ലാന്റ്, ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി, വെസ്റ്റ് മിനിസ്റ്റര്‍, നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റി, കാല്‍ഗരി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന തുടങ്ങി നിരവധി സര്‍വകലാശാലകളില്‍ മോളിക്കുളാര്‍ ബയോളജിയില്‍ ബി.എസ്./ എം.എസ്. പ്രോഗ്രാമുകളുണ്ട്. രാജ്യത്തെ ഐസറുകള്‍, നൈസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബിറ്റ്‌സ് പിലാനി എന്നിവിടങ്ങളിലും മികച്ച പ്രോഗ്രാമുകളുണ്ട്.

പ്ലസ് ടു കഴിഞ്ഞവര്‍ക്കു നേരിട്ടും ബയോളജി ബിരുദധാരികള്‍ക്കു ബിരുദാനന്തര തലത്തിലും മോളിക്കുളാര്‍ ബയോളജി കോഴ്‌സിനു ചേരാം. SAT / ACT ഉം TOEFL / IELTS ഉം അണ്ടര്‍ഗ്രാഡുവേറ്റ് പ്രോഗ്രാമിന് ആവശ്യമാണ്. ബിരുദധാരികള്‍ക്കു അമേരിക്കയില്‍ GRE യും TOEFL ഉം വേണം. മറ്റു രാജ്യങ്ങളിലേക്ക് IELTS മതിയാകും. മെഡിക്കല്‍ ഗവേഷണ രംഗത്തെ ഭാവിതൊഴിലുകള്‍ മോളിക്കുളാര്‍ ബയോളജി മേഖലയിലാണ്. അമേരിക്കയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അഞ്ചു ലക്ഷം രൂപയിലധികം പ്രതിമാസ വേതനം ലഭിക്കും. ബിരുദാനന്തര പഠനത്തിനു ശേഷം ഗവേഷണ സൗകര്യങ്ങളേറെയുണ്ട്.

3. ഡാറ്റാ
സയന്‍സ്

ലോകമെങ്ങും വിപുലമായിവരുന്ന മേഖലയാണു ഡാറ്റാ സയന്‍സ്. വിവര വിജ്ഞാനം, വിശകലനം, ഉപയോഗം തുടങ്ങിയ മേഖലകളില്‍ ഡാറ്റാ സയന്‍സിനും ഡാറ്റാ മാനേജ്‌മെന്റിനും പ്രസക്തിയേറുകയാണ്. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, മാത്തമാറ്റിക്കല്‍ പ്രോഗ്രാമിങ്, ഡാറ്റാ അനാലിസിസ്, ഡാറ്റാബേസ് സിസ്റ്റംസ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ്, ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ സമന്വയിപ്പിച്ചുള്ള പ്രോഗ്രാമുകള്‍ ഡാറ്റാ സയന്‍സിന്റെ പ്രത്യേകതകളാണ്. വിവര സാങ്കേതിക വിദ്യ, ഡാറ്റ അനലിറ്റിക്‌സ്, നെറ്റ്‌വര്‍ക്കിങ്, സെക്യൂരിറ്റി എന്നിവയില്‍ പ്രവര്‍ത്തിയ്ക്കാനുതകുന്ന കരിക്കുലവും ഡാറ്റാ സയന്‍സ് കോഴ്‌സിന്റെ പ്രത്യേകതയാണ്. ഐ.ടി, ഡാറ്റാ ബേസ് ചുറ്റുപാടുകള്‍, വെബ് ഡെവലപ്പ്‌മെന്റ്, ടെക്‌നിക്കല്‍ റൈറ്റിങ് എന്നിവയ്ക്കു ഡാറ്റാ സയന്‍സ് ഏറെ പ്രയോജനപ്പെടും. ബി.എസ്‌സി 3-4 വര്‍ഷ ഡാറ്റാ സയന്‍സ് പ്രോഗ്രാമുകളുണ്ട്. ബിടെക് വിത്ത് ഡാറ്റാ സയന്‍സ് സ്‌പെഷ്യലൈസേഷനുമുണ്ട്.

പ്ലസ് ടു മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചവര്‍ക്കു ഡാറ്റാ സയന്‍സ് ബിരുദം, എം.എസ് / ഇന്റഗ്രേറ്റഡ് എം.എസ്‌സി. പ്രോഗ്രാമുകള്‍ക്കു ചേരാം. ഡാറ്റാ സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കു ഡാറ്റാ അനലിസ്റ്റ്, സയന്റിസ്റ്റ്, ഡാറ്റാ എന്‍ജിനിയര്‍, ഡാറ്റാ ആര്‍ക്കിടെക്ട്, ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങി നിരവധി മേഖലകളില്‍ അക്കാദമിക് കോര്‍പ്പറേറ്റ് തലത്തിലും ഐ.ടി. കമ്പനികളിലും പ്രവര്‍ത്തിയ്ക്കാം . ലോകത്ത് ഡാറ്റാ സയന്‍സ് വിദഗ്ധരുടെ കടുത്ത ക്ഷാമം നിലനില്‍ക്കുന്നു. ഇന്ത്യയില്‍ മാത്രം ഒരു ലക്ഷത്തോളം ഒഴിവുകളുണ്ട്. പ്രതിമാസം ഒന്നര ലക്ഷം രൂപയോളം ശമ്പളം ലഭിയ്ക്കും.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരികള്‍ക്ക് എം.എസ്. പ്രോഗ്രാമിനു ചേരാം. രാജ്യത്തെ ഐ.ഐ.ടി. കള്‍, എന്‍.ഐ.ടി. കള്‍, ഐ.ഐ.ഐ.ടി. കള്‍, ഐസറുകള്‍ എന്നിവയില്‍ മികച്ച ഡാറ്റാ സയന്‍സ് കോഴ്‌സുകളുണ്ട്. അമൃത, വി.ഐ.ടി., ശാസ്ത്ര, ശിവനാടാര്‍, ഡല്‍ഹി, അസിം പ്രേംജി, LPU, അശോക, എസ്.ആര്‍.എം, മണിപ്പാല്‍ സര്‍വകലാശാലകള്‍, സ്റ്റെല്ലാ മേരീസ്, വിമന്‍സ് ക്രിസ്ത്യന്‍ കോളേജ്, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, ലേഡി ശ്രീറാം കോളേജ്, മണിപ്പാല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ മികച്ച ഡാറ്റാ സയന്‍സ് പ്രോഗ്രാമുകളുണ്ട്. അമേരിക്ക, കാനഡ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലും യൂറോപ്യന്‍ സര്‍വകശാലകളിലും ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് മ്യൂണിക്ക്, ഓക്‌സ്‌ഫേര്‍ഡ്, കേംബ്രിഡ്ജ്, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറോ, കിംഗ്‌സ് കോളേജ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റര്‍, വാര്‍വിക്ക്, ഗ്ലാസ്‌ഗോ, ബ്രിസ്റ്റല്‍, ബര്‍മിംഗ്ഹാം, ഷെഫീല്‍ഡ്, ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റികളില്‍ മികച്ച ഡാറ്റാ സയന്‍സ് പ്രോഗ്രാമുകളുണ്ട്.

4. ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജന്‍സ്

കൃത്രിമബുദ്ധിയെന്ന പേരിലറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( എ.ഐ ) കോഴ്‌സിന് ഏറെ സാധ്യതകളാണ് ഇന്നുള്ളത്. ഡീപ്പ് ലേണിങ്, അപ്ലൈഡ് എ.ഐ., മെഷീന്‍ ലേണിങ്, എ.ഐ. എന്‍ജിനിയറിങ്, എ.ഐ. ഫോര്‍ ബിസിനസ് മുതലായവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വരുന്ന പ്രധാനപ്പെട്ട കോഴ്‌സുകളാണ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐ.ടി. വ്യവസായ, ഡാറ്റാ മേഖലകളില്‍ ഗവേഷകര്‍, എന്‍ജിനിയര്‍, ഡാറ്റാ മൈനിങ് – അനാലിസിസ് വിദഗ്ധര്‍, മെഷീന്‍ ലേണിങ് എന്‍ജിനിയര്‍, ഡാറ്റാ സയന്റിസ്റ്റ്, ബിസിനസ് ഇന്റലിജന്‍സ് ഡെവലപ്പര്‍ തുടങ്ങി നിരവധി തസ്തികകളില്‍ പ്രവര്‍ത്തിയ്ക്കാം.

നമുക്കു ചുറ്റും എ.ഐ. ഉണ്ട്. സെല്‍ഫ് ഡ്രൈവിങ് കാറുകള്‍, മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയറുകള്‍, റോബോട്ടിക് വാക്വം ക്ലീനര്‍, ചാറ്റ് ബോട്ട്‌സ് മുതലായവ ഇവയില്‍ ചിലതാണ്. ഫിനാന്‍ഷ്യല്‍ സേവനം, ആരോഗ്യം, സാങ്കേതികവിദ്യ, മീഡിയ മാര്‍ക്കറ്റിങ്, നാഷണല്‍ സെക്യൂരിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, കൃഷി, ഗെയിമിങ്, റീട്ടെയില്‍ എന്നിവയില്‍ എ.ഐ. ആപ്ലിക്കേഷനുകളുണ്ട്. ഭാവി സാങ്കേതിക വിദ്യയാണിത്. റോബോട്ടിക്‌സ്, മെക്കാട്രോണിക്‌സ്, ഓട്ടോമൊബൈല്‍ മേഖലയില്‍ എ.ഐ. ആപ്ലിക്കേഷനുകളുണ്ട്. ടെസ്ലയുടെ ഡ്രൈവറില്ലാക്കാര്‍ ഇതില്‍പ്പെടും. Python, C/C++, MAT LAB എന്നീ പ്രോഗ്രാമുകള്‍ എ.ഐ. പഠിയ്ക്കുന്ന വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കണം. ആശയവിനിമയം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സഹകരണം, അനലിറ്റിക്കല്‍ നൈപുണ്യ ശേഷി എന്നിവ എ.ഐ. പഠിതാക്കള്‍ക്ക് ആവശ്യമാണ്. ഡാറ്റാ അനലിറ്റിക്‌സ്, യൂസര്‍ എക്‌സ്പീരിയന്‍സ്, നാച്ച്വറല്‍ ലാംഗ്വേജ് പ്രൊസസിങ്, ഗവേഷണം, റിസര്‍ച്ച് സയന്റിസ്റ്റ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍, എ.ഐ. എന്‍ജിനിയര്‍, ഡാറ്റാ മൈനിങ് ആന്റ് അനാലിസിസ് എന്നിവ പ്രധാനപ്പെട്ട തൊഴില്‍ മേഖലകളാണ്. എ.ഐ. യില്‍ നിരവധി ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാമുകളുണ്ട്.

പ്ലസ് ടു മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച വിദ്യാര്‍ഥികള്‍ക്കു ബിരുദ പ്രോഗ്രാമിനു ചേരാം. നാലുവര്‍ഷ ബി.എസ്‌സി. ( ഓണേഴ്‌സ് ) ബി.ടെക്, മൂന്നുവര്‍ഷ ബി.സി.എ. പ്രോഗ്രാമുകളുണ്ട്. ബി.ടെക് എ.ഐ., മെഷീന്‍ ലേണിങ് ബി.എസ്‌സി പ്രോഗ്രാമുകളുണ്ട്. ബി.ടെക് കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്ങിലും എ.ഐ. സ്‌പെഷലൈസേഷനുകളുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂര്‍, വി.ഐ.ടി., അമൃത മണിപ്പാല്‍, ശാസ്ത്ര യൂണിവേഴ്‌സിറ്റികള്‍, ഐ.ഐ.ടി., ഐ.ഐ.ഐ.ടി. കള്‍, അമിറ്റി യൂണിവേഴ്‌സിറ്റി, സെയിന്റ് ഗിറ്റ്‌സ് കോളേജ് കോട്ടയം, നിരവധി സ്വകാര്യ, ഡീംഡ്, സര്‍ക്കാര്‍-എന്‍ജിനിയറിങ് കോളേജുകള്‍ എന്നിവിടങ്ങളില്‍ ബിരുദ പ്രോഗ്രാമുകളുണ്ട്. അമേരിക്ക, യു.കെ., സിംഗപ്പൂര്‍, കാനഡ, ആസ്‌ട്രേലിയ, ജര്‍മനി, ന്യൂസിലാന്റ് സര്‍വകലാശാലകളിലും മികച്ച പ്രോഗ്രാമുകളുണ്ട്. സ്റ്റാന്‍ഫോര്‍ഡ്, കാര്‍ണിജെമിലന്‍, ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കൊളംബിയ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ, ഗ്ലാസ്‌ഗോ, ലിവര്‍പൂള്‍, എഡിന്‍ബറോ സര്‍വകലാശാലകളില്‍ മികച്ച ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. തുടക്കക്കാര്‍ക്ക് പ്രതിമാസം രണ്ടു ലക്ഷം രൂപയോളം ശമ്പളം പ്രതീക്ഷിക്കാം.

5. കുലിനറി
ആര്‍ട്‌സ്

കോവിഡ് കാലത്തു ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ മാന്ദ്യമുണ്ടായിരുന്നെങ്കിലും കുലിനറി ആര്‍ട്‌സ് കോഴ്‌സുകള്‍ക്കു എല്ലായിടത്തും സാധ്യതയേറുകയാണ്. ഭക്ഷ്യമേഖലയിലെ വൈവിധ്യമായ ഉല്‍പ്പന്നങ്ങള്‍, റെഡി ടു ഈറ്റ് വിഭവങ്ങള്‍ എന്നിവയ്ക്കു വന്‍ സാധ്യതകളാണുള്ളത്. മൂന്നുവര്‍ഷ ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകള്‍ കുലിനറി ആര്‍ട്‌സിലുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് എക്‌സിക്യൂട്ടീവ് ഷെഫ്, ബാന്‍ക്വെറ്റ് ഷെഫ്, ഫുഡ് പ്രൊഡക്ഷന്‍ മാനേജര്‍, ഷെഫ്, കാറ്ററിങ്് മാനേജര്‍, ബെയ്ക്കര്‍, ഫുഡ് സ്റ്റൈലിസ്റ്റ്, കുലിനറി ആര്‍ട്ടിസ്റ്റ് തുടങ്ങി വിവിധ തലങ്ങളില്‍ അവസരങ്ങളുണ്ട്. കുലിനറി എന്നാല്‍ പാചകം എന്നാണര്‍ഥം. ഭക്ഷണം പാചകം ചെയ്യല്‍, പ്രദര്‍ശനം മുതലായവ ഇവയില്‍പ്പെടും. ഇവര്‍ക്കു ഫുഡ് സയന്‍സ്, ന്യൂട്രീഷന്‍, ഡയറ്റ് എന്നിവയില്‍ അറിവുണ്ടായിരിക്കണം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ഡല്‍ഹി, ഒബറോയ് സെന്റര്‍ ഓഫ് ലേണിങ് ആന്റ് ഡെവലപ്പ്‌മെന്റ് ഡല്‍ഹി, കുലിനറി അക്കാദമി ഹൈദരബാദ്, മണിപ്പാല്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കുലിനറി ആര്‍ട്‌സ് ഡല്‍ഹി, IHMCT ഗോവ, ഔറംഗാബാദ് എന്നിവിടങ്ങളില്‍ കോഴ്‌സുണ്ട്.

ബാച്ചിലേഴ്‌സ് ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്-കുലിനറി സ്‌പെഷ്യലൈസേഷന്‍, ബി.വോക്, ബി.എ., ബി.എസ്‌സി. BHM, BA in International Culinary പ്രോഗ്രാമുകളുണ്ട്. വിദേശത്തു നിരവധി മികച്ച കുലിനറി ആര്‍ട്‌സ് കോളേജുകളുണ്ട്. ബാര്‍സിലോണ, പാരീസ്, ഓക്‌ലാന്റ്, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ മികച്ച കുലിനറി ആര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. Le Cordon Bleu പാരീസ,് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കുലിനറി ആര്‍ട്‌സ് ന്യൂയോര്‍ക്ക്, യു.കെ., ആസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ മികച്ച കുലിനറി ആര്‍ട്‌സ് പ്രോഗ്രാമുകളുണ്ട്. കോഴ്‌സിനോടൊപ്പം മികച്ച ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ് അവസരങ്ങളും ലഭിയ്ക്കും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജി ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണു രാജ്യത്തെ വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കു വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത് (NCHMCT -JEE). 2022 ലെ പരീക്ഷ ജൂലായ് ആദ്യ വാരത്തില്‍ നടക്കും. നോട്ടിഫിക്കേഷന്‍ ഫെബ്രുവരിയിലോ മാര്‍ച്ചിലോ പ്രതീക്ഷിക്കാം. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. www.nchmjee.nta.nic.in. കുലിനറി ആര്‍ട്‌സില്‍ എം.ബി.എ. പ്രോഗ്രാമുകളും ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കു തുടക്കത്തില്‍ ഒന്നര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളം ലഭിയ്ക്കും.

6. ആക്ച്വറിയല്‍
സയന്‍സ്

ഇന്‍ഷൂറന്‍സ്, ധനകാര്യം, വ്യവസായം, ബാങ്കിങ് തൊഴില്‍ മേഖലകളില്‍ കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, മെത്തഡോളജി ഉപയോഗിച്ചുള്ള റിസ്‌ക് അസസ്സ്‌മെന്റാണ് ആക്ച്വറിയല്‍ സയന്‍സ്. മാത്തമാറ്റിക്‌സ്, പ്രോബബിലിറ്റി തിയറി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിനാന്‍സ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവ ആക്ച്വറിയല്‍ സയന്‍സില്‍പ്പെടുന്നു. ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകള്‍ ആക്ച്വറി സയന്‍സിലുണ്ട്. ഏറെ എളുപ്പത്തില്‍ തൊഴില്‍ ലഭിയ്ക്കാവുന്ന മേഖലയാണിത്. പ്ലസ് ടു മാത്തമാറ്റിക്‌സ് ഗ്രൂപ്പെടുത്തവര്‍ക്കു ബി.എസ്‌സി ആക്ച്വറിയല്‍ സയന്‍സ് കോഴ്‌സിനു ചേരാം. മറ്റു കോഴ്‌സുകളെ അപേക്ഷിച്ച് പഠിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള കോഴ്‌സാണിത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ നടത്തുന്ന ACET വഴിയാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. ഓണ്‍ലൈന്‍ വഴി പരീക്ഷയ്ക്ക് അപേക്ഷിക്കാം. വര്‍ഷത്തില്‍ മൂന്നു തവണ പരീക്ഷ നടത്തും. www.actuariesindia.com. ബിരുദ പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് എം.ബി.എ., പി.ജി.ഡി.എം. പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. വിദേശ രാജ്യങ്ങളിലും ആക്ച്വറിയല്‍ സയന്‍സ് പ്രോഗ്രാമുകളുണ്ട്. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി ജര്‍മനി, യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ യു.കെ, ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് പ്ലിമൗത്ത്, ലൈസെസ്റ്റര്‍, സൗത്താംപ്ടണ്‍, മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ആക്ച്വറിയല്‍ സയന്‍സില്‍ യു.ജി., പി.ജി., പ്രോഗ്രാമുകളുണ്ട്. മികച്ച ശമ്പളം ലഭിക്കുന്ന തൊഴിലാണ് ആക്ചറിയുടേത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, എ.ഡി.ബി, വേള്‍ഡ് ബാങ്ക്, ഐ.എം.എഫ്. തുടങ്ങിയ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങളുണ്ട്.

7. ബിസിനസ്
ഇക്കണോമിക്‌സ്

ബിസിനസ്, മാനേജ്‌മെന്റ്, എന്റര്‍പ്രണര്‍ഷിപ്പ് എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍ക്കുള്ള മികച്ച ഇക്കണോമിക്‌സ് പ്രോഗ്രാമാണു ബിസിനസ് ഇക്കണോമിക്‌സ്. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കു മാനേജ്‌മെന്റ്, സംരംഭകത്വ, ബിസിനസ,് ബാങ്കിങ്, സര്‍ക്കാര്‍, റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്, അധ്യാപനം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാം. ഉപരിപഠനത്തിനു രാജ്യത്തിനകത്തും വിദേശത്തും അവസരങ്ങളുണ്ട്. ബി.എ. ബിസിനസ് ഇക്കണോമിക്‌സ് / ബി.എ. ഇക്കണോമിക്‌സ് വിത്ത് ബിസിനസ് ഇക്കണോമിക്‌സ് സ്‌പെഷ്യലൈസസേഷന്‍ കോഴ്‌സുകളുണ്ട്. കേരള സര്‍വകലാശാല, ക്രൈസ്റ്റ് ബാംഗ്ലൂര്‍, എല്‍.പി.യു., ശിവനാടാര്‍, അസിം പ്രേംജി, അശോക, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ലേഡി ശ്രീറാം കോളേജ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ ബിസിനസ് ഇക്കണോമിക്‌സ് കോഴ്‌സുകളുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് എം.ബി.എ. പ്രോഗ്രാമിനു ചേരാം. സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കു തയാറെടുക്കാം. ബിസിനസ് അനലറ്റിക്‌സ്, പ്രൊജക്ട് മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, റിസ്‌ക് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ എം.ബി.എ. പൂര്‍ത്തിയാക്കി രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴില്‍ നേടാം. കോര്‍പ്പറേറ്റ് തലത്തിലും തൊഴിലവസരങ്ങളുണ്ട്.

യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട, നോര്‍ത്ത് ഈസ്റ്റേണ്‍ ഹാര്‍വാര്‍ഡ്, അരിസോണ സ്റ്റേറ്റ്, ഐവി ലീഗ് സര്‍വകലാശാലകളില്‍ വിദേശത്തു ബി.എ., എം.എ., പ്രോഗ്രാമുകളുണ്ട്. യു.കെ. യിലെ കിങ്‌സ് കോളേജ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്, റീഡിങ്് സര്‍വകലാശാല എന്നിവിടങ്ങളിലും മികച്ച ഇക്കണോമിക്‌സ് പ്രോഗ്രാമുകളുണ്ട്.

മാനേജ്‌മെന്റ്
കോഴ്‌സുകള്‍

സാമ്പത്തിക മാന്ദ്യത്തിനുശേഷം കരുത്താര്‍ജിയ്ക്കുന്ന മേഖലയാണു മാനേജ്‌മെന്റ്. മാനേജ്‌മെന്റ് കോഴ്‌സുകളില്‍ പ്രൊജക്ട് മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, അഗ്രി ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കു സാധ്യതയേറുന്നു. ഇവയില്‍ ബി.ബി.എ., ബി.കോം കോഴ്‌സുകളുണ്ട്. പ്രൊജക്ട് മാനേജ്‌മെന്റ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കു പ്രൊജക്ട് മാനേജ്‌മെന്റ്, കണ്‍സല്‍ട്ടന്‍സി, പ്ലാനിങ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കാം. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കു പ്രൊജക്ട് മാനേജ്‌മെന്റില്‍ എം.ബി.എ. യ്ക്കു പഠിയ്ക്കാം. ഓണ്‍ലൈന്‍ റീട്ടെയില്‍ വളര്‍ച്ച കൈവരിച്ചതോടെ സപ്ലൈ ചെയിന്‍, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കു സാധ്യതയുണ്ട്. റീട്ടെയില്‍, ജി.എസ്.ടി. എന്നിവ സപ്ലൈ ചെയിന്‍ കോഴ്‌സുകളുടെ വളര്‍ച്ചയ്ക്കുപകരിക്കും.

കാര്‍ഷിക മേഖലയില്‍ അഗ്രി ബിസിനസ് മാനേജ്‌മെന്റില്‍ തൊഴിലവസരങ്ങളുണ്ട്. കൃഷിയിലെ മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം, ബ്രാന്‍ഡിങ്, പാക്കേജിങ്, വിപണനം, കയറ്റുമതി എന്നിവ ഇതിനു കരുത്തേകുന്നു. കാര്‍ഷിക മേഖലയില്‍ സംരംഭകത്വം വിപുലപ്പെടുമ്പോള്‍ എന്റര്‍പ്രണര്‍ഷിപ്പ് മാനേജ്‌മെന്റിനും അവസരങ്ങളുണ്ട്. അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍, പ്രിസിഷന്‍ ഫാമിങ് എന്നിവ 2022 ല്‍ മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. പ്ലസ് ടു ഏതു ഗ്രൂപ്പെടുത്തവര്‍ക്കും മാനേജ്‌മെന്റ് ബിരുദ കോഴ്‌സിനു ചേരാം. ബിരുദാനന്തര പഠനത്തിന് CAT എഴുതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ്, സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജിന്‍ഡാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, RICS, NIPM, SPA എന്നിവിടങ്ങളില്‍ എം.ബി.എ. യ്ക്കു ശ്രമിക്കാം. ഐവി ലീഗില്‍പ്പെടുന്ന വിദേശ സര്‍വകലാശാലകളില്‍ അമേരിക്ക, യുകെ. എന്നിവിടങ്ങളിലും ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും GMAT, IELTS പൂര്‍ത്തിയാക്കി ഒരു വര്‍ഷം പ്രൊഫഷണല്‍ എം.ബി.എ. യ്ക്കും രണ്ടുവര്‍ഷ റിസര്‍ച്ച് എം.ബി.എ. യ്ക്കും ശ്രമിക്കാം.

8. നഴ്‌സിങ്
കോഴ്‌സ്

കോവിഡാനന്തരം ആഗോളതലത്തില്‍ ഏറെ സാധ്യതയുള്ള കോഴ്‌സാണു നഴ്‌സിങ്. കോവിഡിനുശേഷം കെയറിങ്് സാങ്കേതിക വിദ്യയില്‍ ലോകമെങ്ങും വന്‍ മാറ്റങ്ങള്‍ കാണുന്നുണ്ട്. അടുത്തിടെയാണു കേരളത്തില്‍നിന്നു നോര്‍ക്ക ജര്‍മനിയിലേക്കു നഴ്‌സിങ് ബിരുദധാരികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടി സ്വീകരിച്ചത്. ലോകമെങ്ങും നഴ്‌സുമാരുടെ കടുത്ത ക്ഷാമം നിലനില്‍ക്കുന്നുണ്ട്. 2025 ഓടെ ഇതു വര്‍ധിക്കുമെന്ന് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നഴ്‌സസും ഫ്‌ളോറന്‍സ് നൈറ്റിംഗേള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും വിലയിരുത്തുന്നു. എല്ലാ വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും നഴ്‌സിങ് പ്രൊഫഷണലുകള്‍ക്കു സാധ്യതയേറെയുണ്ട്. പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഗ്രൂപ്പെടുത്തവര്‍ക്കു നാലുവര്‍ഷ ബി.എസ്‌സി. നഴ്‌സിങ്ങിനു ചേരാം. നഴ്‌സിങ് ഡിപ്ലോമയുമുണ്ട്. നഴ്‌സിങ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോളേജുകളില്‍ മാത്രമെ അഡ്മിഷനു ശ്രമിക്കാവൂ. നഴ്‌സിങ് ഇന്ത്യയില്‍ നിന്നു പൂര്‍ത്തിയാക്കി വിദേശത്തു തൊഴിലിനു ശ്രമിക്കാം. മികച്ച വേതനം ലഭിക്കുന്ന വിഭാഗമാണ് നഴ്‌സുമാര്‍. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. രാജ്യത്തിനകത്തും വിദേശത്തും ബിരുദാനന്തര ബിരുദത്തിനു പഠിയ്ക്കാം. വിദേശത്തു IELTS പൂര്‍ത്തിയാക്കിയവര്‍ക്കു ബിരുദാനന്തര ബിരുദത്തിനു പഠിയ്ക്കാം.

9. ഡിസൈന്‍
കോഴ്‌സുകള്‍

ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ ഡിസൈന്‍, പ്രൊഡക്ട് ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍ എന്നിവയുള്‍പ്പെടുന്ന ബാച്ചിലര്‍ ഓഫ് ഡിസൈന്‍ ( ബി ഡെസ് ) കോഴ്‌സുകള്‍ക്ക് അവസരങ്ങളുണ്ട്. രാജ്യത്തു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, ഐ.ഐ.ടി. കള്‍, എം.ഐ.ടി., പേള്‍ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളില്‍ ബി. ഡെസ് കോഴ്‌സുകളുണ്ട്. പ്ലസ് ടു രണ്ടാം വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏതു ഗ്രൂപ്പെടുത്തവര്‍ക്കും പരീക്ഷയെഴുതാം. ക്രിയേറ്റിവിറ്റി, താല്‍പ്പര്യം എന്നിവയുള്ളവര്‍ക്കു മികച്ച തൊഴിലാണിത്. ബിരുദാനന്തര എം. ഡെസ് പ്രോഗ്രാമുകളുണ്ട്. മാത്തമാറ്റിക്‌സ് പഠിച്ചവര്‍ക്ക് ഫാഷന്‍ ടെക്‌നോളജിയ്ക്കും പഠിയ്ക്കാം. NIFT ( ബി.എഫ്. ടെക്, ബി. ഡെസ് ), NID, UCEED പരീക്ഷകളുണ്ട്. ആസ്‌ട്രേലിയ, സിംഗപ്പൂര്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അവസരങ്ങളുണ്ട്. സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കു കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ തൊഴില്‍ ലഭിയ്ക്കും.

10. ഫുഡ്
ടെക്‌നോളജി

2022 അവസാനിക്കുമ്പോഴേക്കും മൊത്തം റീട്ടെയില്‍ വിപണിയുടെ 70 ശതമാനം ഫുഡ് റീട്ടെയില്‍ കയ്യടക്കും എന്നാണു കണക്കാക്കുന്നത്. റെഡി ടു കുക്ക്, റെഡി ടു ഈറ്റ് സംസ്‌കരണ മേഖലയില്‍ വന്‍ വളര്‍ച്ച പ്രതീക്ഷിക്കാം. കൃഷി അഗ്രി ബിസിനസ്സിലേക്കും ഭക്ഷ്യ സംസ്‌കരണത്തിലേക്കും മാറും. ഫുഡ് സയന്‍സ്, ന്യൂട്രീഷന്‍, ഡയറ്റെറ്റിക്‌സ് കോഴ്‌സിനും അവസരങ്ങളുണ്ട്. സുരക്ഷിതമായ ഭക്ഷണത്തെക്കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്മാരായിത്തുടങ്ങി. മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം, രോഗപ്രതിരോധശേഷി ഉയര്‍ത്തുന്ന ഭക്ഷ്യവസ്തുക്കള്‍, തെറാപ്യൂട്ടിക് ഡയറ്റ്, ന്യൂട്രസ്യൂട്ടിക്കല്‍സ് എന്നിവയുടെ വിപണി കോവിഡാനന്തരം വന്‍ വളര്‍ച്ചയാണു കൈവരിച്ചുവരുന്നത്.

പ്ലസ് ടു സയന്‍സ് ഗ്രൂപ്പെടുത്തവര്‍ക്കു ഫുഡ് ടെക്‌നോളജി ബി.ടെക്, ബി.എസ്‌സി. പ്രോഗ്രാമുകള്‍ക്കു ചേരാം. ജെ.ഇ.ഇ. മെയിന്‍ സ്‌കോറിലൂടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി ( തഞ്ചാവൂര്‍ ), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് മാനേജ്‌മെന്റ് ( സോണിപ്പറ്റ്, ഹരിയാന ) എന്നിവിടങ്ങളില്‍ ചേരാം. രാജ്യത്തെ കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ് സര്‍വകലാശാലകളിലും ബി.ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഫുഡ് പ്രൊസസിങ് വ്യവസായം, ഫുഡ് റീട്ടെയില്‍, ഓണ്‍ലൈന്‍ ഫുഡ് കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിയ്ക്കാം. ബിരുദശേഷം എം. ടെക്കിനും അവസരങ്ങളുണ്ട്. ബി.എസ്‌സി. ഫുഡ് ആന്റ് ന്യൂട്രീഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കു ബിരുദാനന്തര പഠനത്തിനുശേഷം ഡയറ്റീഷ്യനാകാം. വിദേശത്ത് ഏറെ ഗവേഷണ സാധ്യതയുള്ള മേഖലയാണു ഫുഡ് സയന്‍സ്. അമേരിക്കയിലാണ് അവസരങ്ങളേറെയുള്ളത്. ഫുഡ് സയന്‍സ്, പാക്കേജിങ്, ബ്രാന്‍ഡിങ്, റീട്ടെയില്‍, ഇ-കൊമേഴ്‌സ് രംഗത്ത് ഏറെ അവസരങ്ങളുണ്ട്.

വിദേശ
പഠനത്തിന്
മികച്ച
പതിനൊന്നു
സ്‌കോളര്‍ഷിപ്പ്

വിദേശ പഠനത്തിനു സാമ്പത്തിക സ്രോതസ്സായി നിരവധി സ്‌കോളര്‍ഷിപ്പുകളും ഫെല്ലോഷിപ്പുകളും അസിസ്റ്റന്റ്ഷിപ്പുകളുമുണ്ട്. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഇവ ലഭിക്കാന്‍ സാധ്യതയേറെയാണ്. ഇന്ത്യയില്‍ നിന്നു വിദേശ പഠനത്തിനു തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന നിരവധി സ്‌കോളര്‍ഷിപ്പ് / ഫെല്ലോഷിപ്പ് പ്രോഗ്രാമുകളുണ്ട്. ചില സ്‌കോളര്‍ഷിപ്പുകള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യൂറോപ്പ്, അമേരിക്ക, ആസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലുള്ളവര്‍ക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്.

ചില സ്‌കോളര്‍ഷിപ്പുകള്‍ വിദ്യാര്‍ഥി പഠിയ്ക്കാനുദ്ദേശിക്കുന്ന സര്‍വകലാശാലകള്‍ അനുവദിക്കുന്നവയാണ്. സ്‌കോളര്‍ഷിപ്പ് / ഫെല്ലോഷിപ്പ് എന്നിവയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യത നേടുന്നതു വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷനുള്ള ഓഫര്‍ലെറ്റര്‍ ലഭിച്ച ശേഷമാണ്.
ഇന്ത്യയില്‍ നിന്നു പ്ലസ് ടു വിനു ശേഷം വിദേശ രാജ്യങ്ങളില്‍ അണ്ടര്‍ ഗ്രാഡുവേറ്റ് പഠനത്തിനും ( നമ്മുടെ ബിരുദ പ്രോഗ്രാം ), ബിരുദാനന്തരം ഗ്രാഡുവേറ്റ് പ്രോഗ്രാമിനും ( ബിരുദാനന്തര പഠനം ) ശ്രമിക്കാം. ബിരുദാനന്തര പഠനത്തിനു ശേഷം ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ പ്രോഗ്രാമുകള്‍ക്കു ശ്രമിക്കുന്നവരുമുണ്ട്. എന്നാല്‍, അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമുകളെക്കാള്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമുകള്‍ക്കാണു സ്‌കോളര്‍ഷിപ്പുകളേറെയും. ഇവ രാജ്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പ്രധാനപ്പെട്ട സ്‌കോളര്‍ഷിപ്പുകള്‍ ഇവയാണ് :

1. ബ്രിട്ടീഷ് കൗണ്‍സില്‍
ഗ്രേറ്റ് സ്‌കോളര്‍ഷിപ്പ്

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യു.കെ. യിലെ സര്‍വകലാശാലകളില്‍ അണ്ടര്‍ ഗ്രാഡുവേറ്റ് പഠനത്തിനും ഒരു വര്‍ഷത്തെ ബിരുദാനന്തര പഠനത്തിനും നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. 2022-23 അക്കാദമിക് വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്രതിവര്‍ഷം നാല്‍പ്പതോളം പേര്‍ക്കു സ്‌കോളര്‍ഷിപ്പ് അനുവദിക്കും. യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറോ, കെന്റ്, മാഞ്ചസ്റ്റര്‍, പ്ലിമൗത്ത്, ന്യൂകാസില്‍ തുടങ്ങി ഇരുപത്തിയഞ്ചോളം യു.കെ. സര്‍വകലാശാലകളില്‍ ഗ്രാഡുവേറ്റ് പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഇന്ത്യയില്‍ നിന്നു ബിരുദം നേടിയിരിക്കണം. www.britishcouncil.in

2. കോമണ്‍ വെല്‍ത്ത്
ഷെയേര്‍ഡ് സ്‌കോളര്‍ഷിപ്പ്

യു.കെ. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് യു.കെ. യില്‍ ബിരുദാനന്തര പഠനം, ഗവേഷണം എന്നിവയ്ക്കു നല്‍കുന്ന മികച്ച സ്‌കോളര്‍ഷിപ്പാണിത്. വിദ്യാര്‍ഥിയുടെ ഫീസും മറ്റുള്ള മുഴുവന്‍ ചെലവുകളും യാത്രാച്ചെലവുകളും ഇതില്‍പ്പെടും. 2022-23 ലെ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. www.cscuk.fedo.gov.uk

3. സാള്‍ടയര്‍
സ്‌കോളര്‍ഷിപ്പ്

നെതര്‍ലാന്റ്‌സില്‍ മുഴുവന്‍ സമയ ബിരുദാനന്തര പഠനത്തിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു 8000 പൗണ്ട് ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസായി നല്‍കും. സ്‌കോട്ട്‌ലാന്റില്‍ ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്ന ഈ സ്‌കോളര്‍ഷിപ്പിനു സ്‌കോട്ടിഷ് സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. www.scotland.org/scholarship

4. ഓറഞ്ച് ടുലിപ്പ്
സ്‌കോളര്‍ഷിപ്പ്

നെതര്‍ലാന്റ്‌സില്‍ അണ്ടര്‍ ഗ്രാഡുവേറ്റ്, ഗ്രാഡുവേറ്റ് പഠനത്തിനു നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പാണിത്. ഡച്ച് സര്‍വകലാശാലകളിലെ ടൂഷന്‍ ഫീസ് 100 ശതമാനവും ഇതിലൂടെ ലഭിക്കും. ചില സര്‍വകലാശാലകള്‍ അപേക്ഷയ്ക്കു നിബന്ധനകള്‍ വെയ്ക്കാറുണ്ട്. www.studyinholland.nl

5. ചര്‍പാക്
സ്‌കോളര്‍ഷിപ്പ്

ഫ്രാന്‍സില്‍ ബിരുദാനന്തര പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പാണിത്. 30 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ട്രാവല്‍ ഗ്രാന്റും ട്യൂഷന്‍ ഫീസും ഇതിലൂടെ ലഭിയ്ക്കും. സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കാമ്പസ് ഫ്രാന്‍സ് വെബ്‌സൈറ്റില്‍ നിന്നു ലഭിക്കും. www.inde.campasfrance.org

6. ഫുള്‍ബ്രൈറ്റ് നെഹ്‌റു
റിസര്‍ച്ച് ഫെല്ലോഷിപ്പ്

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പാരിസ്ഥിതിക പഠനം, നിയമം, പൊതുജനാരോഗ്യം, ലിംഗനീതി, ആര്‍ട്‌സ്, സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പാണിത്. അക്കാദമിക നിലവാരം, ബിരുദ പ്രോഗ്രാം എന്നിവ വിലയിരുത്തിയുള്ള സ്‌കോളര്‍ഷിപ്പാണിത്. എല്ലാ പഠനച്ചെലവുകളും വഹിക്കുന്ന ഫുള്‍ബ്രൈറ്റ് നെഹ്‌റു സ്‌കോളര്‍ഷിപ്പ് അമേരിക്കയും ഇന്ത്യാ ഗവണ്‍മെന്റും ചേര്‍ന്നാണു നടപ്പാക്കുന്നത്. സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ യൂണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യ എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ വെബ്‌സൈറ്റില്‍ നിന്നും എഡുക്കേഷന്‍ യു.എസ്.എ. ഓഫീസില്‍ നിന്നും ലഭിക്കും. www.usief.org.in/fulbrigth

7. കോര്‍ണല്‍ യൂണിവേഴ്‌സിറ്റി
ടാറ്റ സ്‌കോളര്‍ഷിപ്പ്

ടാറ്റ എഡുക്കേഷന്‍ ആന്റ് ഡെവലപ്‌മെന്റ് ട്രസ്റ്റും കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ അമേരിക്കയില്‍ അണ്ടര്‍ഗ്രാഡുവേറ്റ്, ഗ്രാഡുവേറ്റ് പഠനത്തിനു നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. www.cornell.edu

8. ഡോ. അബ്ദുള്‍ കലാം
സ്‌കോളര്‍ഷിപ്പ്

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയില്‍ എന്‍ജിനിയറിങ് ഐ.ടി. മേഖലയില്‍ ബിരുദാനന്തര പഠനത്തിനു നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പാണിത്. www.internationalunsw.edu.au. ആസ്‌ട്രേലിയയില്‍ അണ്ടര്‍ ഗ്രാഡുവേറ്റ്, ഗ്രാഡുവേറ്റ് പഠനത്തിനും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

9. എറാസ്മസ് മുണ്ടസ്
സ്‌കോളര്‍ഷിപ്പ്

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു യൂറോപ്യന്‍ രാജ്യങ്ങളില്‍ ബിരുദാനന്തര പഠനത്തിനുള്ള മികച്ച സ്‌കോളര്‍ഷിപ്പാണിത്. ജോയിന്റ് മാസ്റ്റേഴ്‌സ് പ്രോഗ്രാമിനുള്ള ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കു നാലു സെമസ്റ്റര്‍ പ്രോഗ്രാം ഓരോ സെമസ്റ്ററില്‍ ഓരോ രാജ്യത്തു പഠിയ്ക്കാം. പഠനം, യാത്ര, ജീവിതച്ചെലവുകള്‍ എന്നിവ ഇതിലൂടെ ലഭിക്കും. ഇന്ത്യയില്‍ നിന്നു ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എറാസ്മസ് മുണ്ടസ് ട്രസ്റ്റിന്റെ കീഴില്‍ വരുന്ന രാജ്യങ്ങളില്‍ ഉപരിപഠനം നടത്താം. www.erasmusplus.ec.europa.ea

10. ബ്രിട്ടീഷ് ഷെവനിങ്
സ്‌കോളര്‍ഷിപ്പ്

യു.കെ. ഗവണ്‍മെന്റിന്റെ ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഓഫര്‍ ചെയ്യുന്ന സ്‌കോളര്‍ഷിപ്പാണിത്. യു.കെ. ഫോറിന്‍ ആന്റ് കോമണ്‍വെല്‍ത്ത് ഓഫീസാണു സ്‌കോളര്‍ഷിപ്പിനുള്ള ഫണ്ട് വകയിരുത്തുന്നത്. ബിരുദാനന്തര പഠനത്തിനു പ്രതിവര്‍ഷം 1500 സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കും. ട്യൂഷന്‍ ഫീസും ജീവിതച്ചെലവും ഇതില്‍പ്പെടും. രണ്ടു വര്‍ഷം വരെയുള്ള പഠനക്കാലയളവിലേക്കാണു സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.
ശാസ്ത്രവിഷയങ്ങള്‍, ജേര്‍ണലിസം, ഹ്യുമാനിറ്റീസ്, കൃഷി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. യു.കെ. യിലെ മികച്ച സര്‍വകലാശാലകളില്‍ ഉപരിപഠനം നടത്താം. www. chevening.org

11. ഫെലിക്‌സ്
സ്‌കോളര്‍ഷിപ്പ്

യു.കെ.യിലെ തിരഞ്ഞെടുത്ത സര്‍വകലാശാലകളില്‍ ബിരുദാനന്തര / ഡോക്ടറല്‍ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പാണിത്. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ്, റീഡിങ് എന്നിവയില്‍ ഉപരിപഠനത്തിനു വേണ്ടി അഡ്മിഷന്‍ ലഭിച്ചവര്‍ക്കു ഫെലിക്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.felixscholarship.org

Leave a Reply

Your email address will not be published.