സാധനങ്ങള്‍ ഇനി വീട്ടിലെത്തും; കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ പോര്‍ട്ടലൊരുങ്ങി

Deepthi Vipin lal

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി കണ്‍സ്യൂമര്‍ഫെഡ്. ഇതിനായി സജ്ജീകരിച്ച കണ്‍സ്യൂമര്‍ഫെഡിന്റെ ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടലിന് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഔദ്യോഗികമായി തുടക്കമിട്ടു. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലെയും നീതി മെഡിക്കല്‍ സ്റ്റോറുകളിലെയും വാട്‌സാപ്പ് നമ്പറില്‍ ലഭിക്കുന്ന ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിന് പുറമേയാണ് ഓണ്‍ലൈന്‍ ഓര്‍ഡറെടുത്ത് സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന സംവിധാനം ആരംഭിക്കുന്നത്.

consumerfed.in എന്ന പോര്‍ട്ടലില്‍ വിവിധ ത്രിവേണികളില്‍ ബുക്ക് ചെയ്യാം. 24 മണിക്കൂറിനകം സാധനങ്ങള്‍ എത്തിക്കും. ബുക്ക് ചെയ്ത ഉടനെ പോര്‍ട്ടല്‍ വഴിയും പിന്നീട് മൊബൈലില്‍ വിളിച്ചും ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാനും കഴിയും. ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ പണം നല്‍കാം. രാവിലെ 9 മുതല്‍ വൈകിട്ട് 7.30 വരെയാണ് സമയം. തുടക്കത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ മാത്രമേ ലഭ്യമാകൂ. വരും നാളുകളില്‍ മരുന്നും വീട്ടുപകരണങ്ങളും ഉള്‍പ്പെടുത്തും.

കണ്‍സ്യൂമര്‍ഫെഡിന്റെ യൂണിറ്റുകളിലൂടെയാണ് നിത്യോപയോഗ സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലായിരുന്നു ആദ്യം ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. വിജയം കണ്ടതോടെ തിരുവനന്തപുരത്തും തുടങ്ങി. മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങൾ വീട്ടിലെത്തിക്കുന്ന സംവിധാനവും കണ്‍സ്യൂമര്‍ഫെഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഓരോ ത്രിവേണി യൂണിറ്റിലും പ്രത്യേകം വാട്‌സ് ആപ്പ് നമ്പര്‍ കണ്‍സ്യൂമര്‍ഫെഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലേക്ക് നിത്യോപയോഗ സാധനങ്ങളുടെ ഓര്‍ഡര്‍ നല്‍കിയാലും ഹോം ഡെലിവറി നല്‍കും.

Leave a Reply

Your email address will not be published.

Latest News