സഹകരണ സംഘങ്ങളിലെ നിയമനം സുതാര്യമല്ലെങ്കില്‍ സര്‍ക്കാര്‍ റദ്ദാക്കും

moonamvazhi

സഹകരണ സംഘങ്ങളില്‍ ഭരണസമിതിക്ക് നേരിട്ട് നിയമിക്കാവുന്ന തസ്തികകളിലും നിയമനരീതി സുതാര്യമാകണമെന്ന് സര്‍ക്കാര്‍. പ്യൂണ്‍- നൈറ്റ് വാച്മാന്‍ തസ്തികകളില്‍ നടത്തിയ നിയമനത്തെ കുറിച്ച് ഒരു ഉദ്യോഗാര്‍ത്ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പരാതി ഉയര്‍ന്ന നിയമനം, പരാതിക്കാര്‍ പിന്മാറിയിട്ടും സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു.

കോട്ടയം ജില്ലയിലെ ചിറക്കടവ് സര്‍വീസ് സഹകരണ സംഘത്തിലെ പ്യൂണ്‍, വാച്മാന്‍ തസ്തികയിലേക്കുള്ള നിയമനമാണ് തര്‍ക്കത്തിലായത്. നിയമനത്തില്‍ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ടിന്‍സി ജേക്കബ് ജോയിന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. അഭമുഖത്തിന് മുമ്പുതന്നെ നിയമിക്കേണ്ടവരെ നിശ്ചയിച്ചിരുന്നുവെന്നായിരുന്നു പരാതി. ടിന്‍സി ഹൈക്കോടതിയിലും ഹരജി നല്‍കി. പരാതിയില്‍ തീര്‍പ്പുണ്ടാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി.

നിയമനത്തെ കുറിച്ച് അസിസ്റ്റന്റ് രജിസ്ട്രാര്‍ അന്വേഷിച്ചു. പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കണമെങ്കില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും അതുവരെ നിയമനം നിര്‍ത്തിവെക്കണമെന്നും എ.ആര്‍. റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനം നിര്‍ത്തിവെക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടു. എ.ആര്‍. സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ നിയമനത്തില്‍ സുതാര്യ സംശയിച്ചുവെങ്കിലും, ജോയിന്റ് രജിസ്ട്രാര്‍ സ്‌റ്റേ റദ്ദാക്കി നിയമനത്തിന് അനുമതി നല്‍കി. ഇതിനെതിരെയാണ് ടിന്‍സി സര്‍ക്കാരിന് അപ്പീല്‍ നല്‍കിയത്.

അപ്പീലില്‍ വേഗം തീര്‍പ്പുണ്ടാക്കി നിയമനം വേഗത്തില്‍ നടത്തണമെന്ന് കാണിച്ച് മറ്റൊരു ഉദ്യോഗാര്‍ത്ഥിയും ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചു. ഇതോടെ പരാതിക്കാരെ സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി നേരില്‍കേട്ടു. താന്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കേണ്ടതില്ലെന്നും നിയമന നടപടികളില്‍ യാതൊരു ആക്ഷേപവുമില്ലെന്നും നേരില്‍കേള്‍ക്കലില്‍ പരാതിക്കാരിയായ ടിന്‍സി അറിയിച്ചു. നടപടികളെല്ലാം ക്രമപ്രകാരമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമന നടപടികളുമായി മുന്നോട്ടുപോകാന്‍ ഉത്തരവ് നല്‍കിയതെന്ന് ജോയിന്റ് രജിസ്ട്രാറും അറിയിച്ചു.

പരാതിക്കാരിയടക്കം പിന്‍മാറിയിട്ടും അപ്പീല്‍ തള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നിയമനത്തില്‍ സുതാര്യത വേണമെന്ന വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പരിഗണിച്ചത്. അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ നിയമനത്തിലെ സുതാര്യതയില്‍ സംശയം പ്രകടിപ്പിച്ചതായി സര്‍ക്കാര്‍ വിലയിരുത്തി. ഈ റിപ്പോര്‍ട്ട് റദ്ദാക്കാതെയും കൂടുതല്‍ അന്വേഷണം നടത്താതെയുമാണ് ജോയിന്റ് രജിസ്ട്രാര്‍ നിയമന നടപടി തുടരാന്‍ അനുമതി നല്‍കിയത്. എന്നാല്‍, നിയമന നടപടികളില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി കണ്ടെത്താന്‍ തെളിവുമില്ല. അതിനാല്‍, ആക്ഷേപം ഉയര്‍ന്ന സ്ഥിതിക്ക് നിയമനം പൂര്‍ണമായി റദ്ദാക്കി പുതിയ അപേക്ഷ സ്വീകരിച്ച് നിയമന നടപടി പൂര്‍ത്തിയാക്കാന്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കി സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പി.എസ്.രാജേഷ് ഗവര്‍ണറുടെ അനുമതിയോടെ ഉത്തരവിറക്കി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!