സഹകരണ ജനാധിപത്യമില്ലാതെ1093 സംഘങ്ങള്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തില്‍

web desk

ജനാധിപത്യ ഭരണക്രമവും ജനകീയ പരിശോധനയും നടക്കുന്ന സ്ഥാപനങ്ങളാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍. വാര്‍ഷിക പൊതുയോഗവും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പും ഈ ജനകീയ സംവിധാനത്തിന്റെ ശക്തിയാണ്. എന്നാല്‍, സഹകരണ ജനാധിപത്യം പാടേ ഇല്ലാതാക്കി 1093 സഹകരണ സംഘങ്ങളെയാാണ് സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണത്തിലാക്കിയിട്ടുള്ളത്. ചിലയിടത്ത് കോടതി ഇടപെട്ട ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതും സഹകരണ വകുപ്പിന്റെ അനാവശ്യ ഇടപെടല്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് സഹകരണ വകുപ്പിന്റെ നിയന്ത്രണത്തില്‍ 13,725 സഹകരണ സംഘങ്ങളാണുള്ളത്. ഇതില്‍ 1093 എണ്ണം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണസമിതിയെ സര്‍ക്കാര്‍ സസ്പെന്റ് ചെയ്തതാണ്. സ്വയംഭരണ സ്ഥാപനമായ സഹകരണ സംഘങ്ങളില്‍ സര്‍ക്കാരിന്റെ നിയന്ത്രണവും കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് പരിശോധനയും അത്യാവശ്യമാണ്. എന്നാല്‍, സസ്പെന്‍ഷന്‍ എന്നത് അമിതാധികാര പ്രയോഗമാണെന്ന ആക്ഷേപം സഹകാരികളില്‍ നിന്നുയരുന്നുണ്ട്. ജനകീയമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്കു പകരം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന്റെ ചെറുപതിപ്പാണ് സഹകരണ സ്ഥാപനങ്ങളിലും സസ്പെന്‍ഷന്‍ നടപടിയിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്.

രണ്ടര വര്‍ഷത്തോളമായി സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. കേരളബാങ്ക് രൂപവത്കരിക്കുന്നതിന് മുന്നോടിയായിട്ടാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം നീട്ടുന്നതെന്നാണ് സഹകരണ വകുപ്പിന്റെ വിശദീകരണം. സഹകരണ വകുപ്പില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ഭരണവിഭാഗം ജോയിന്റ് രജിസ്ട്രാര്‍മാരെയാണ് ജില്ലാസഹകരണ ബാങ്കില്‍ അഡിമിനിസ്ട്രേറ്റര്‍മാരായി നിയമിച്ചിട്ടുള്ളത്. സംസ്ഥാന സഹകരണ ബാങ്കില്‍ സെക്രട്ടറി റാങ്കിലുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥരെയാണ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിട്ടുള്ളത്. അതിനാല്‍, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപവത്കരിക്കേണ്ട സാഹചര്യം പോലും ഇവിടങ്ങളിലില്ലെന്നാണ് വകുപ്പ് നല്‍കുന്ന വിശദീകരണം.

അതേസമയം, അഡ്മിനിസ്ട്രേറ്ററുടെ കാലാവധി കഴിയുമ്പോള്‍ അത് നീട്ടിനല്‍കുന്ന ഉത്തരവില്‍ പറയുന്നത് ജോയിന്റ് രജിസ്ട്രാര്‍മാരുടെ ജോലിഭാരം നിമിത്തം ജില്ലാബാങ്കുകളില്‍ തിരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയാക്കാനായില്ലെന്നാണ്. ഭരണപരമായ ജോലിഭാരമുള്ള ജോയിന്റ് രജിസ്ട്രാര്‍മാര്‍ അഡ്മിനിസ്ട്രേറ്റര്‍മാരാകുമ്പോള്‍ ബാങ്കിന്റെ തീരുമാനമെടുക്കുന്നതിലും കാലതാമസമുണ്ടാകും. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്, തിരുവനന്തപുരം പോലീസ് സഹകരണ സംഘം എന്നിവിടങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിന്റെ കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതിരുന്നതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. രണ്ടിടത്തും തിരഞ്ഞെടുപ്പ് നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ചുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ തുടരുകയാണ്.

ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 156 സഹകരണ സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഭരണസമിതികളുടെ അഴിമതിയും ക്രമക്കേടും ഗൗരവത്തോടെ കാണേണ്ടതും നടപടിയെടുക്കേണ്ടതുമാണ്. 30 സഹകരണ സംഘങ്ങളുടെ ഭരണസമിതി അഴിമതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടത്. ഈ നടപടി തെറ്റായി കാണാനാവില്ല. എന്നാല്‍, പിരിച്ചുവിട്ട ഭരണസമിതിക്ക് പകരമുള്ള അഡ്മിനിസ്ട്രേറ്റര്‍ ഭരണം സമയപരിധിക്കപ്പുറത്തേക്ക് നീട്ടുന്നതാണ് തിരുത്തേണ്ടത്. ഒരംഗത്തിന് ഒരു വോട്ട്, അംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണസമിതി, ഭരണസമിതിയില്‍ സ്ത്രീപങ്കാളിത്തം, അതിന് പ്രവര്‍ത്തനകാലാവധി . ഇതൊക്കെയാണ് സഹകരണ ജനാധിപത്യത്തിന്റെ ശക്തി. അത് പുന:സ്ഥാപിക്കാന്‍ കോടതികള്‍ക്ക് ഇടപെടേണ്ടി വരുന്നത് സഹകരണ വകുപ്പിന്റെ നടപടി സഹകരണ ജനാധിപത്യത്തിന് വിരുദ്ധമാകുന്നതുകൊണ്ടാണ്.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!