സഹകരണ ഓഡിറ്റ് സ്വതന്ത്രമാക്കണം

Deepthi Vipin lal

സഹകരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത, വിശ്വാസ്യത, പ്രവര്‍ത്തന മികവ് തുടങ്ങിയവ വിലയിരുത്തുന്ന സംവിധാനമാണു സഹകരണ ഓഡിറ്റ്. സഹകരണ നിയമത്തിന്റെ ശക്തമായ പിന്‍ബലത്തില്‍ത്തന്നെയാണു കേരളത്തിലെ സഹകരണ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടക്കുന്നത്. 37 വര്‍ഷത്തിനു ശേഷം സഹകരണ ഓഡിറ്റ് മാന്വല്‍ പുതുക്കി ഓഡിറ്റ് നടപടിക്രമങ്ങളും തന്ത്രങ്ങളും രീതികളും അടിമുടി പരിഷ്‌കരിക്കാന്‍ നടപടി പൂര്‍ത്തീകരിക്കുന്നതിനിടയിലാണു സര്‍ക്കാര്‍ – സഹകരണ ഓഡിറ്റ് ഏകീകരണത്തിനുള്ള പുതിയ നീക്കവും തുടര്‍ന്നുള്ള വിവാദങ്ങളും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ധന-തദ്ദേശ സ്വയംഭരണ-സഹകരണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണു മൂന്നു വകുപ്പുകളുടെ കീഴിലുള്ള ഓഡിറ്റ് ഏകീകരിക്കാനും ഡയറക്ടര്‍ ജനറല്‍ ഓഫ് സ്റ്റേറ്റ് ഓഡിറ്റ് എന്ന തസ്തിക സൃഷ്ടിച്ച് പുതിയ സംവിധാനത്തിന്റെ നിയന്ത്രണം ഏല്‍പ്പിക്കാനും തീരുമാനിച്ചത്. സര്‍ക്കാറിന്റെ നയപ്രഖ്യാപനത്തിലോ ബജറ്റ് പ്രസംഗത്തിലോ ഇല്ലാത്ത ഈ തീരുമാനം തമിഴ്‌നാട്ടില്‍ അടുത്ത കാലത്ത് ഓഡിറ്റ് മേഖലയിലുണ്ടായ മാറ്റത്തിന്റെ ചുവടുപിടിച്ചാണ്. സഹകരണ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇലക്ട്രോണിക് രീതികളിലേക്കു മാറുമ്പോള്‍ ഓഡിറ്റും മാറണമെന്നും സ്ഥാപനങ്ങളില്‍ നേരിട്ടുചെന്ന് ഓഡിറ്റ് ചെയ്യുന്നതിനു പകരം റിമോട്ട് ഓഡിറ്റ് പ്രയോഗത്തിലാക്കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നു. ഓഡിറ്റിന്റെ വേഗം കൂട്ടാനും തെറ്റുകള്‍ അപ്പപ്പോള്‍ തിരുത്താനും പുതിയ സംവിധാനം വേണമെന്നാണ് യോഗത്തിലെ മിനുട്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഉയര്‍ന്ന തസ്തിക സൃഷ്ടിക്കുന്നതും സഹകരണ രംഗം പോലുള്ള ജനകീയ സംവിധാനത്തെ ബാധിക്കുന്നതുമായ തീരുമാനം രാഷ്ടീയ നേതൃത്വത്തിന്റെ അറിവോടെയായിരുന്നോ എന്നു വ്യക്തമായിട്ടില്ല.

സഹകരണ സ്ഥാപനങ്ങളുടേയും സര്‍ക്കാര്‍ – തദ്ദേശഭരണ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനലക്ഷ്യങ്ങളും വരുമാന സ്രോതസ്സും ചെലവുരീതികളും വ്യത്യസ്തമാണ്. ഒരേ അളവുകോല്‍ കൊണ്ട് അവയുടെ പ്രവര്‍ത്തനം വിലയിരുത്താനാവില്ല. ജനങ്ങളില്‍ നിന്നു നികുതി പിരിക്കുകയും പൊതുപണം ജനക്ഷേമത്തിനു ചെലവഴിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ -തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റും സഹകാരികളുടേയും നിക്ഷേപകരുടേയും പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഓഡിറ്റും രണ്ടു ദിശയില്‍ത്തന്നെയാണു സഞ്ചരിക്കുന്നത്. സി. ആന്റ്. എ.ജി. പോലും ഓഡിറ്റ് രംഗത്തു സ്‌പെഷലൈസേഷനു മുന്തിയ പരിഗണന നല്‍കുമ്പോള്‍ കേരളത്തില്‍ വിവിധ ഓഡിറ്റ് വിഭാഗങ്ങളെ കൂട്ടിക്കെട്ടുന്നതിനു മുമ്പ് വിഷയം ബന്ധപ്പെട്ട മേഖലയില്‍ ചര്‍ച്ചക്കു വിധേയമാക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് നിര്‍വഹിക്കുന്നതു സംസ്ഥാന സര്‍ക്കാറുകള്‍ പ്രത്യേക നിയമനിര്‍മാണം നടത്തിയാണ്. 1994 ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിന്റെ പരിധിയിലാണു തദ്ദേശ ഭരണ സ്ഥാപനങ്ങള്‍. 1969 ലെ കേരള സഹകരണ സംഘം നിയമത്തിലെ ഓഡിറ്റ് സംബന്ധിച്ച വ്യവസ്ഥകള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടുമായി പൊരുത്തപ്പെടുന്നവയല്ല. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗമായ പെര്‍ഫോമന്‍സ് ഓഡിറ്റിനേയും പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്താനാണു തീരുമാനം. റിമോട്ട് ഓഡിറ്റ് എന്ന ആശയവും അത്ര ഗുണം ചെയ്യുമെന്നു കരുതാനാവില്ല. ജനാധിപത്യ സ്ഥാപനങ്ങളായ സഹകരണ സംഘങ്ങള്‍ സന്ദര്‍ശിക്കാതെയും നേതൃത്വം നല്‍കുന്നവരെ കാണാതെയും പ്രവര്‍ത്തനം വിലയിരുത്താതെയും ദൂരത്തിരുന്നു കമ്പ്യൂട്ടര്‍ വഴി ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയാല്‍ അതു സ്ഥാപനത്തിനും സഹകാരികള്‍ക്കും ഉപയോഗപ്പെടില്ല. സഹകരണ മേഖലയിലെ ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷത നേരിട്ടു വിലയിരുത്തിയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഏറെ പ്രസക്തമാണ്. യഥാര്‍ഥത്തില്‍ വേണ്ടതു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സഹകരണ ഓഡിറ്റിനെ പ്രാപ്തമാക്കലാണ്. സര്‍ക്കാറിന്റേയും സഹകരണ വകുപ്പിന്റേയും നിയന്ത്രണത്തില്‍ നിന്നു സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിഭാഗമായി സഹകരണ ഓഡിറ്റ് മാറണം.

 

– എഡിറ്റര്‍

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!