സഹകരണസംഘങ്ങള്‍ വിവരാവകാശ നിയമത്തിനു കീഴില്‍ വരില്ല- മദ്രാസ് ഹൈക്കോടതി

moonamvazhi

സഹകരണസംഘങ്ങള്‍ 2005 ലെ വിവരാവകാശ നിയമത്തിനു ( RTI  Act  )  കീഴില്‍ വരുന്ന സ്ഥാപനങ്ങളല്ലെന്നു മദ്രാസ് ഹൈക്കോടതി വിധിച്ചു. വിവരാവകാശനിയമപ്രകാരം ഒരു സഹകരണസംഘം ചില വിവരങ്ങള്‍ നല്‍കണമെന്ന തമിഴ്‌നാട് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണു ജസ്റ്റിസ് സി.വി. കാര്‍ത്തികേയന്‍ ഇങ്ങനെ വിധിച്ചതെന്നു ‘ ദ ഹിന്ദു ‘  റിപ്പോര്‍ട്ട് ചെയ്തു.


തിരുവാരൂര്‍ ജില്ലയിലെ കുത്തളം താലൂക്കിലെ പെരുഞ്ചേരി പ്രാഥമിക കാര്‍ഷിക സഹകരണ വായ്പാസംഘം പ്രസിഡന്റാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. പലിശരഹിത വായ്പകള്‍ നല്‍കിയിട്ടുള്ള കര്‍ഷകരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഇങ്ങനെ ഒരു സഹകരണസംഘത്തെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

സഹകരണസംഘം എന്നതു നിയമത്താല്‍ ഏര്‍പ്പെടുത്തപ്പെട്ട, പരമാധികാരമുള്ള സ്ഥാപനമല്ലെന്നും ഒരു നിയമത്തിന്‍കീഴില്‍ സൃഷ്ടിക്കപ്പെട്ട സ്ഥാപനം മാത്രമാണെന്നും കേരള സഹകരണ രജിസ്‌ട്രേഷന്‍ നിയമവുമായി ബന്ധപ്പെട്ട ഒരു കേസില്‍ 2013 ല്‍ സുപ്രീംകോടതിയുടെ വിധിയുണ്ടെന്നു ജസ്റ്റിസ് കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റേത് ഒരു സഹകരണസംഘമായതിനാല്‍ അതൊരു സ്റ്റാറ്റിയൂട്ടറി ബോഡിയല്ലെന്നും അതിനാല്‍ത്തന്നെ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്നും ജഡ്ജി വിധിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!