സഹകരണപരിശീലന പാഠ്യപദ്ധതിയില്‍ ബിസിനസ്സും മാര്‍ക്കറ്റിങ്ങും ഉള്‍പ്പെടുത്തും – എന്‍.സി.യു.ഐ

moonamvazhi
നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ( NCUI ) യുടെ പരിശീലനപാഠ്യപദ്ധതിയില്‍ ബിസിനസ്, മാര്‍ക്കറ്റിങ് വിഷയങ്ങളും ഉള്‍പ്പെടുത്തും. ഇതിനുള്ള ശ്രമം എന്‍.സി.യു.ഐ. തുടങ്ങിക്കഴിഞ്ഞു. ബിസിനസ്സും മാര്‍ക്കറ്റിങ്ങും സഹകരണപരിശീലന മൊഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം കേന്ദ്ര സഹകരണമന്ത്രി അമിത് ഷായാണു മുന്നോട്ടുവെച്ചത്.

മാറിയ കാലത്തിനനുസരിച്ചു മാറാന്‍ തങ്ങളും തയാറായിക്കഴിഞ്ഞെന്നു എന്‍.സി.യു.ഐ. ചീഫ് എക്‌സിക്യുട്ടീവ് സുധീര്‍ മഹാജന്‍ അറിയിച്ചു. സഹകാരികളുടെയും സഹകരണമേഖലയുടെയും ആവശ്യങ്ങള്‍ക്കനുസൃതമായി പരിശീലനപദ്ധതിയില്‍ മാറ്റം വരുത്തുമെന്നു അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ സഹകരണ പരിശീലനപാഠ്യപദ്ധതിയുടെയും റിസോഴ്‌സ് സെന്ററായി എന്‍.സി.യു.ഐ. മാറും. ഇക്കാലത്തും വരുംകാലത്തും സഹകരണമേഖല ആശ്രയിക്കാന്‍ പോകുന്ന പാഠ്യക്രമം ഒരുക്കാനായി എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പഠനമേഖലകളില്‍നിന്നും ആവശ്യമായ വിവരങ്ങള്‍ എന്‍.സി.യു.ഐ. ശേഖരിച്ചുവരികയാണ.് ഗ്രാമീണവായ്പാ മേഖല, ക്ഷീരവികസനസംഘങ്ങള്‍, മീന്‍പിടുത്തക്കാരുടെ സംഘങ്ങള്‍ എന്നിവയില്‍ നിന്നാണു തുടക്കത്തില്‍ വിവരങ്ങള്‍ തേടുന്നത്. ഇതിനായി ദേശീയ ക്ഷീരവികസന ബോര്‍ഡ് ( എന്‍.ഡി.ഡി.ബി ) അടക്കമുള്ള ക്ഷീരസംഘങ്ങളുടെ പ്രതിനിധികളുമായി വെബിനാര്‍ നടത്തിക്കഴിഞ്ഞു. വാംമ്‌നികോം, സംസ്ഥാനങ്ങളിലെ ജെ.സി.ടി.കള്‍, എന്‍.സി.സി.ഇ. തുടങ്ങിയ സഹകരണപരിശീലന കേന്ദ്രങ്ങള്‍ക്കു ഇതുസംബന്ധിച്ചു കത്തെഴുതിയിട്ടുമുണ്ട്. പല കേന്ദ്രങ്ങളില്‍ നിന്നും വിവരങ്ങള്‍ കിട്ടുന്നുണ്ട്. അവയൊക്കെ പരിശോധിച്ചുവരികയാണ് – സുധീര്‍ മഹാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!