വെളുക്കാന്‍ തേച്ചത് ….

Deepthi Vipin lal

പി.ആര്‍. പരമേശ്വരന്‍

‘2020 ഫെബ്രുവരി ലക്കം

ഒരൊറ്റ രാജ്യം, ഒരൊറ്റ നികുതി ‘ എന്ന ലക്ഷ്യത്തോടെയുള്ള ജി.എസ്.ടി. സംവിധാനം നടപ്പാക്കിയിട്ട് രണ്ടര വര്‍ഷം പിന്നിടുന്നു. ലക്ഷ്യമിട്ട നികുതിപിരിവിലെത്താന്‍ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. അര്‍ഹതപ്പെട്ട വിഹിതം സംസ്ഥാനങ്ങള്‍ക്കും പൂര്‍ണമായി കിട്ടുന്നില്ല. എവിടെയാണ് പിഴച്ചത് ?

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നൊരു ചൊല്ലുണ്ട്. മെച്ചപ്പെട്ട നികുതിനടത്തിപ്പ്, സുതാര്യത, കൂടുതല്‍ വരുമാനം എന്നിവ ലക്ഷ്യമിട്ട് രാജ്യത്ത് നടപ്പാക്കിയ ജി.എസ്.ടി. സംവിധാനം രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന സന്ദേഹമാണിത്. ടീത്തിംഗ് ട്രബ്ള്‍സ് ( teething roubles) ഇംഗ്ലീഷിലെ മനോഹരമായ പ്രയോഗമാണ്. പിച്ചവച്ച് കാലുറപ്പിച്ച് ഒരു കുഞ്ഞ് വളര്‍ന്ന് പല്ലുമുളച്ച് കരുത്തനാകുംവരെയുള്ള കാലത്തെ സൂചിപ്പിക്കുന്നതാണിത്. രണ്ടര വര്‍ഷം കഴിഞ്ഞിട്ടും സ്വയം നടക്കാനാകാതെ വന്നാല്‍ എന്താ ചെയ്യുക ? ജി.എസ്.ടി. സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കാനാവാത്തതാണ് എന്നല്ല സൂചന. എങ്കിലും, കാലുറപ്പിക്കേണ്ട കാലത്തും ലക്ഷ്യമില്ലാതെ വേച്ചുവേച്ചുള്ള ഗതി ആരോഗ്യകരമല്ല.

ഇത്രയൊക്കെ പറയാന്‍ കാരണം മോശമാകുന്ന സാമ്പത്തിക സ്ഥിതിയില്‍ അതിലും മോശമാകുന്ന നികുതിപിരിവ് നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരുകളും നട്ടം തിരിയുന്നതിനാലാണ്. ജി.എസ.്ടി. നടപ്പാകുമ്പോള്‍ ആദ്യത്തെ അഞ്ചു വര്‍ഷത്തോടെ സംഭവിക്കാവുന്ന സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം പരിഹരിക്കാന്‍ ഓരോ സംസ്ഥാനത്തിനും കേന്ദ്രം 14 ശതമാനം കോമ്പന്‍സേഷന്‍ വിഹിതം നിശ്ചയിച്ചിരുന്നു. ജി.എസ്.ടി.യില്‍ സംസ്ഥാനങ്ങളുടെ വിഹിതത്തിനുപുറമേ ഈ കോമ്പന്‍സേഷന്‍ വിഹിതവും സംസ്ഥാനങ്ങള്‍ക്കു അവകാശപ്പെട്ടതാണ്. കേന്ദ്രം ഈ തുകകള്‍ അനുവദിക്കാത്തതില്‍ സംസ്ഥാനങ്ങള്‍ പരാതിപ്പെട്ടത് ഈയിടെയാണ്. അവസാനം കേന്ദ്രസര്‍ക്കാര്‍ ഈ കോമ്പന്‍സേഷന്‍ വിഹിതം ( രണ്ടു കൊല്ലത്തെ കുടിശ്ശിക ഉണ്ടായിരുന്നു ) അനുവദിച്ചെങ്കിലും സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട പൂര്‍ണവിഹിതം ഇതുവരെയും കിട്ടിയിട്ടില്ല.

വരുമാന പ്രതിസന്ധിയില്‍ കേന്ദ്രവും

കേന്ദ്രത്തെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കേന്ദ്രം ലക്ഷ്യമിട്ട നികുതിപിരിവ് രണ്ടാം വര്‍ഷവും സാധ്യമാക്കാനായില്ലെന്നതിനാല്‍ വരുമാന പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് അവരും. കണക്കുകള്‍ നോക്കൂ. 2017 ജൂലായ് ഒന്നിനാണ് ജി.എസ്.ടി. സംവിധാനം രാജ്യമാകെ നിലവില്‍ വന്നത്. 2017-18 ലെ സി.എ.ജി. റിപ്പോര്‍ട്ട് പ്രകാരം നികുതിപിരിവില്‍ പത്തു ശതമാനം കുറവ് ആണ് ആ വര്‍ഷം ഉണ്ടായത്. ഇനി 2018-2019 ലെ ബജറ്റ് മതിപ്പ് പരോക്ഷ നികുതി വരുമാനം 7.43 ട്രില്യണ്‍ ( ഒരു ട്രില്യണ്‍ ലക്ഷം കോടി ) ആണ്. എന്നാല്‍, യഥാര്‍ഥത്തില്‍ കിട്ടിയ വരുമാനം 22 ശതമാനം കുറഞ്ഞ് 5.81 ട്രില്യണും.

2019-20 വര്‍ഷത്തെ കണക്കുകളില്‍ ഡിസംബറില്‍ മാത്രമാണ് അല്പമെങ്കിലും പ്രതീക്ഷക്കു വകയുണ്ടായത്. ഒരു മാസം ശരാശരി ജി.എസ്.ടി.  വരുമാനം 1.18 ട്രില്യണ്‍ എന്നു കണക്കാക്കിയെങ്കിലും ഡിസംബറിലൊഴികെ 2019 ല്‍ ഈ ശരാശരി ഒരു ട്രില്യണ് അടുത്തുവരെ എത്തിയില്ല. ഡിസംബറില്‍ മാത്രം ഈ ഒരു ട്രില്യണ്‍ പരിധികടന്ന് 1.08 ട്രില്യണ് അടുത്തെത്തി. എന്തൊക്കെയായാലും 2019-20 ലും ജി.എസ്.ടി. വരുമാനത്തില്‍ രണ്ടു ട്രില്യണിന്റെ കുറവ് ഉറപ്പ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

ഉന്നത ലക്ഷ്യങ്ങള്‍

കൂടുതല്‍ സുതാര്യത, നടത്തിപ്പില്‍ ലാളിത്യം, വരുമാനത്തില്‍ വര്‍ധന, നികുതി വെട്ടിപ്പിനുള്ള സാധ്യതകള്‍ തടയല്‍ എന്നിങ്ങനെ ഉന്നത ലക്ഷ്യങ്ങളുമായി തുടങ്ങിയ ജി.എസ്.ടി. ക്ക് നികുതിപിരിവ് ലക്ഷ്യം കൈവരിക്കാനായില്ല എന്നതു മാത്രമല്ല ഒരു പോരായ്മയായി അവശേഷിക്കുന്നത്. നികുതി ഘടനകളുടെ സങ്കീര്‍ണതകളും ബാഹുല്യവും ഒഴിവാക്കി ‘ ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി ‘ എന്നതാണ് ലക്ഷ്യമിട്ടതെങ്കിലും നിരവധി സ്ലാബുകളില്‍, പലതരം ഒഴിവുകളും വ്യത്യസ്ത സെസ്സുകളും ഉള്‍പ്പെടെ ഇപ്പോഴും അത്ര ലളിതമല്ല പരോക്ഷ നികുതി വ്യവസ്ഥ. ജി.എസ്.ടി.യില്‍ത്തന്നെ നാലു സ്ലാബുകളില്‍ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ. കൂടാതെ, സ്വര്‍ണത്തിനു മൂന്ന് ശതമാനം, വജ്ര മേഖലയില്‍ ഒന്നര ശതമാനം, പ്ലാറ്റിനം ഉള്‍പ്പെടെ വിലയേറിയ ലോഹങ്ങള്‍ക്ക് 0.25 ശതമാനം എന്നിങ്ങനെ വിവിധ നിരക്കുകള്‍. വാഹനങ്ങള്‍ക്ക് 28 ശതമാനം എന്ന മുന്തിയ നിരക്കാണെങ്കിലും അവിടെയും പല വിഭജനങ്ങള്‍ ഏര്‍പ്പെടുത്തി. വാഹന വിഭാഗങ്ങളിലും പ്രത്യേക സെസ്സുകളുണ്ട്. ചിലതരം വാഹനങ്ങളുടെ നികുതി 50 ശതമാനം വരെ വരും. ഇനി ഇവയൊന്നും കൂടാതെ ജി.എസ്.ടി.യില്‍പ്പെടാത്ത വസ്തുക്കളുമുണ്ട്. ഉപഭോക്തൃ വില സൂചിക കണക്കാക്കുന്ന വസ്തുക്കളില്‍ പകുതിയും ജി.എസ്.ടി.  നിരക്കുകളുടെ പുറത്താണ്. ഇവക്കൊക്കെ പൂജ്യം നികുതിയോ മറ്റു പ്രദേശിക, സംസ്ഥാന നിരക്കുകളോ ആണ്. പലതിനും നികുതിയില്ല. ഏറെ വരുമാനം നല്‍കുന്ന പെട്രോളിയം ജി.എസ്.ടി. സംവിധാനത്തിനു പുറത്താണ്. സിഗരറ്റും – അതായത് പുകയില, മദ്യം എന്നിവ, അങ്ങനെത്തന്നെ. ഇവയൊക്കെയാണ് നികുതി വരുമാനത്തില്‍ മുന്‍നിരയില്‍ വരുന്ന ഉല്പന്നങ്ങള്‍. കേന്ദ്ര നികുതി വരുമാനം, ജി.എസ്.ടി. കണക്കില്‍ കുറയുന്നതില്‍ ആര്‍ക്കെങ്കിലും പോരായ്മ കണ്ടെത്താന്‍ കഴിയുമോ?

സമയം ലാഭിക്കുന്നു

ഇനി മറ്റൊരു വാദം പരിശോധിക്കാം. അത് ഇന്‍വോയ്‌സ് മാച്ചിംഗ് . ഇതൊരു തരം ഒത്തുനോക്കലാണ്. അതായത,് ജി.എസ.്ടി. എന്നത് ഡെസ്റ്റിനേഷന്‍ ടാക്‌സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു ഉല്പന്നം വിറ്റഴിക്കുന്ന ഘട്ടത്തില്‍ മാത്രമേ നികുതി ചുമത്താവൂ എന്നര്‍ഥം. പഞ്ചാബില്‍ ഉല്പാദിപ്പിച്ച വസ്തു കേരളത്തില്‍ ഒരാള്‍ വാങ്ങുമ്പോള്‍ കേരളത്തില്‍ നടക്കുന്ന ആ വില്പനഘട്ടത്തിലാണ് നികുതി ചുമത്തുക. ഇതിനിടെ പഞ്ചാബില്‍ നടന്ന ഉല്പാദന പ്രക്രിയയിലും അത് കേരളത്തില്‍ എത്തിയ കൈമാറ്റ പ്രക്രിയകളിലും പലതരം നികുതികള്‍ക്കു വിധേയമായിട്ടുണ്ടാകാം. ജി.എസ്.ടി.ക്ക് മുമ്പ് ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ചരക്ക് കടത്തുമ്പോള്‍ കടത്തു നികുതി നിലവിലുണ്ടായിരുന്നു (ചില വലിയ സംസ്ഥാനങ്ങള്‍ക്കകത്തു മേഖലാ നികുതികളും ഉണ്ടായിരുന്നു). ജി.എസ്.ടി. വന്നതോടെ ഇത്തരം പ്രവേശന നികുതികളും നിബന്ധനകളും ഒഴിവായി. അതായത് ചരക്കു ഗതാഗതത്തില്‍ വലിയൊരു സമയലാഭം ജി.എസ.്ടി. കൊണ്ടു സാധ്യമായി. രാജ്യത്തിന്റെ ഒരു കോണില്‍ നിന്നു മറ്റൊരു കോണിലേക്കു ചരക്കുകള്‍ എത്തിക്കുന്നതില്‍ 20 ശതമാനം സമയ ലാഭമാണ് ജി.എസ്.ടി. നടപ്പാവുകയും സംസ്ഥാനാതിര്‍ത്തികളിലെ ചെക്കുപോസ്റ്റുകള്‍ ഇല്ലാതാവുകയും ചെയ്തതിനാല്‍ സാധ്യമായത്. ഇനി ഇന്‍വോയ്‌സ് മാച്ചിംഗിലേക്കു മടങ്ങാം.

നേരത്തെ പറഞ്ഞതുപോലെ ഉല്പാദന ഘട്ടത്തില്‍ നിര്‍മാതാവിന്, വിതരണക്കാരന്, അസംസ്‌കൃത വസ്തു സപ്ലയര്‍ക്ക് എന്നിങ്ങനെ പല ഘട്ടങ്ങളിലുണ്ടായ നികുതി ബാധ്യത, വില്പന ഘട്ടത്തില്‍ ലഭ്യമായ നികുതിവരുമാനത്തില്‍ നിന്നു കുറയ്ക്കാം. അപ്പോള്‍ യഥാര്‍ഥ ഉല്പാദകന് എല്ലാ കണക്കുകളും ബില്ലുകളും ചെലവും തമ്മില്‍ തട്ടിച്ചു നോക്കി കണക്കുകള്‍ സമര്‍പ്പിച്ചാല്‍ നികുതി ഇളവ് ലഭിക്കും. അതായത് കൃത്യമായി, സത്യസന്ധമായി വ്യവസായമോ ബിസിനസോ നടത്തിയാല്‍ അതതുവര്‍ഷം തന്നെ ഗുണം ലഭിക്കുന്ന സ്ഥിതി. ഇങ്ങനെ ഇന്‍വോയിസ് മാച്ചിംഗ് നടത്തുമ്പോള്‍ നികുതി വെട്ടിക്കാനുള്ള സാധ്യതകള്‍ കുറയ്ക്കാം, അതിനായുള്ള പ്രേരണ കുറയും, നികുതി ലാഭം പ്രതീക്ഷിച്ച് കൃത്യമായി കണക്കുകള്‍ സമര്‍പ്പിക്കാനുള്ള സാധ്യതകള്‍ വര്‍ധിക്കും. ഇവയൊക്കെയാണ് ജി.എസ്.ടി. സംവിധാനത്തിന്റെ പ്രതീക്ഷയായുണ്ടായിരുന്നത്. എന്നാല്‍, ജി.എസ്.ടി. സംവിധാനത്തിലും തട്ടിപ്പിനുള്ള പുതിയ വഴികളാണ് കയറ്റുമതിക്കാരും മറ്റ് ഉല്പാദകരും തേടിയത്.

നികുതി തട്ടിപ്പിന്റെ വഴികള്‍

വ്യാജ ഇന്‍വോയ്‌സ് ബില്ലുകള്‍ സൃഷ്ടിക്കുകയാണ് ഒരു വഴി. വ്യാജ ഇന്‍വോയ്‌സ് ബില്ലുകള്‍ സൃഷ്ടിച്ച് നിര്‍മാണച്ചെലവ് പെരുപ്പിച്ചുകാട്ടി, നിര്‍മാണഘട്ടത്തില്‍ നികുതിച്ചെലവ് പെരുപ്പിച്ചുകാട്ടി കൂടുതല്‍ നികുതിയിളവ് നേടിയെടുക്കുകയാണ് ഇവര്‍ ചെയ്തത്. ഇത് നികുതിയിളവല്ല. ഉല്പാദന, വിതരണ ഘട്ടത്തില്‍ നികുതിച്ചെലവ് കൃത്രിമമായി ഉയര്‍ത്തിക്കാട്ടി കയറ്റുമതിഘട്ടത്തിലോ ആഭ്യന്തര വില്പനഘട്ടത്തിലോ ഉണ്ടാകുന്ന നികുതിച്ചെലവുമായി തട്ടിച്ച് കൂടുതല്‍ ആനുകൂല്യം നേടിയെടുക്കുകയാണ് യഥാര്‍ഥത്തില്‍ നടക്കുന്നത്. ഇതുവരെ ഇത്തരം 9385 നികുതി വെട്ടിപ്പുകള്‍ കണ്ടെത്തിക്കഴിഞ്ഞു. 45,682 കോടിയുടെ തട്ടിപ്പാണ് ഇവയിലാകെ നടന്നത്. യഥാര്‍ഥത്തില്‍ നടന്ന നികുതിത്തട്ടിപ്പ് ഇതിലും എത്രയോ മടങ്ങാകും. കാരണം, ഓരോ വര്‍ഷവും പൂര്‍ത്തിയാക്കേണ്ട ഈ ഇന്‍വോയ്‌സ് മാച്ചിംഗും നികുതി സംബന്ധിച്ച വര്‍ഷാവസാന വിശകലനക്കണക്കും ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ല. കൂടാതെ, ഓരോ ബില്ലിലെയും കണക്കുകള്‍ ഓരോ ഇടപാടുകാരന്റേതും ഓരോന്നായി പരിശോധിച്ച് ഉറപ്പിക്കുക അസാധ്യവുമാണ്. അതിനു തക്ക പ്രവര്‍ത്തനമികവ് ( ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഇലക്ട്രോണിക് ഗേറ്റ്‌വേയുടെ കാര്യത്തിലും ) ഇനിയും കൈവരിക്കാനിരിക്കുന്നതേയുള്ളൂ.

ഇതുവരെ 166 രാജ്യങ്ങളില്‍ ഇങ്ങനെ ഒറ്റ നികുതി നിരക്ക് നടപ്പാക്കിയിട്ടുണ്ട്. ഇവ നടപ്പാക്കിയ വികസിത രാജ്യങ്ങള്‍ സാമൂഹിക ജീവിതാവസ്ഥകളിലും മനുഷ്യവികസനശേഷി സൂചികകളിലും ഏറെക്കുറെ സമതുലിതവും ഉന്നതവുമായ മികവും ഗുണശേഷിയും കൈവരിച്ചവയാണ്. ഇവയിലൊക്കെ ശക്തവും ദൃഢവും സുരക്ഷിതവുമായ ( സാമ്പത്തികാസമത്വം ഉണ്ടെങ്കിലും ) സാമൂഹികക്ഷേമ പദ്ധതികളുടെ പിന്‍ബലവുമുണ്ട്. ഇന്ത്യയെപ്പോലെ പ്രാദേശികാസമത്വങ്ങള്‍, ഭാഷ, വിദ്യാഭ്യാസ, മാനുഷികശേഷിപരമായ ഭിന്നതകള്‍, ദുര്‍ബലമായ കാര്‍ഷിക വ്യവസ്ഥ എന്നിങ്ങനെ വ്യത്യസ്തങ്ങളായ വെല്ലുവിളികള്‍ നിറഞ്ഞവയല്ല അവയൊന്നും. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള നാലു നികുതി നിരക്കുകളും അവ കൂടാതെയുള്ള പ്രത്യേക സെസ്സുകളും ഉള്‍പ്പെടെ സങ്കീര്‍ണമായ നികുതി നിരക്കുകളും ( നേരത്തെ കണ്ടവയേക്കാള്‍ ഈ സങ്കീര്‍ണത കുറഞ്ഞിട്ടുണ്ടെന്നു മാത്രം ) വീണ്ടും ഏകീകരിച്ച് എല്ലാ വസ്തുക്കള്‍ക്കും രണ്ടു നിരക്ക് ( ഇന്നുള്ള അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിവയ്ക്ക് പകരം ഇവയ്ക്കിടയില്‍ രണ്ട് നിരക്കുമാത്രം. അതായത് 12 , 18 അല്ലെങ്കില്‍ 10,15 ) ഏര്‍പ്പെടുത്തുക അസാധ്യമാണ്. ദരിദ്രര്‍ ഉപയോഗിക്കുന്നവക്ക് കൂടുതല്‍ നികുതിയിളവ് , അതായത് കുറഞ്ഞ നിരക്ക് , ഇന്നത്തെ പിന്നാക്കാവസ്ഥയില്‍ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴും സങ്കീര്‍ണമായ ഈ ജി.എസ്.ടി.  നികുതി വ്യവസ്ഥ ഫലപ്രദമായ നടത്തിപ്പിലൂടെ കൂടുതല്‍ ഫലപ്രദമാക്കാനേ ഇന്ത്യക്കാവൂ.

നികുതി ഒഴിവാകലും വ്യാജ ഇന്‍വോയ്‌സുകള്‍ ഉപയോഗിച്ചുള്ള വന്‍കിട തട്ടിപ്പുകളും നന്നായി നടക്കുന്ന നികുതി വ്യവസ്ഥകളുള്ള രാജ്യങ്ങളിലും അസാധാരണമല്ല. എന്നാല്‍, ഇവ കഴിയുന്നത്ര കുറയ്ക്കാനും തട്ടിപ്പുകള്‍ കണ്ടെത്താനുമുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും നികുതി വ്യവസ്ഥയ്ക്ക് വിധേയമാവാന്‍ ജനതക്കുള്ള സന്നദ്ധത വര്‍ധിക്കുകയും ചെയ്താലെ ഇവ ഒരു പരിധി വരെ കുറയൂ. നികുതി നല്‍കുന്നതു തന്നെ ശിക്ഷയാണെന്ന ജനങ്ങളുടെ മനോഭാവം മാറണം. എല്ലാവരെയും കുറ്റവാളികളായി കാണുന്ന, എല്ലാവരും തട്ടിപ്പുകാരാണെന്ന ഉദ്യോഗസ്ഥ മനോഭാവത്തിലും മാറ്റം വരണം. കൂടാതെ, ഇലക്ട്രോണിക് ഗേറ്റ്‌വേ എന്ന സംവിധാനം കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയും തങ്ങളുടെ നികുതിക്കണക്കുകള്‍ എപ്പോഴും അനായാസം ഒരു കച്ചവടക്കാരന് അല്ലെങ്കില്‍ വ്യവസായിക്ക് കാണാനാവുകയും നടപ്പാക്കലും പരാതി പരിഹരിക്കലും വേഗത്തിലാക്കുകയും ചെയ്താല്‍ ജി.എസ്.ടി. നിരക്കുകള്‍ ഇനിയും ഏകീകരിക്കാനാകും. വൈദ്യുതി വിതരണം, പെട്രോള്‍, മദ്യം, പുകയില എന്നിവയും ഈ നികുതി വ്യവസ്ഥക്കു കീഴിലാക്കുകയും സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ വിഹിതം ഉറപ്പാവുകയും ചെയ്താല്‍ ജി.എസ.്ടി. സംബന്ധിച്ച ആശങ്കകള്‍ അസ്ഥാനത്താകും.

സംസ്ഥാനാന്തര ചരക്കുഗതാഗതത്തില്‍ ജി.എസ്.ടി. വരുത്തിയ അനായാസത, നികുതി കാര്യങ്ങളില്‍ ഫെഡറല്‍ വ്യവസ്ഥകളും ആശയങ്ങളും താല്പര്യങ്ങളും പരിഗണിക്കല്‍ എന്നിവയില്‍ ജി.എസ്.ടി. കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ അഭിനന്ദനീയമാണ്. കൂടുതല്‍ ശക്തമായ ഫെഡറല്‍ വ്യവസ്ഥയ്ക്ക് ജി.എസ.്ടി. സമിതി യോഗങ്ങള്‍ ഉദാഹരണമാണ്. രണ്ടു വര്‍ഷത്തിനിടയില്‍ 37 യോഗങ്ങള്‍ ചേര്‍ന്നു തീരുമാനമെടുത്തത് സങ്കീര്‍ണതകളുടെ ഇന്നത്തെ ലോകത്ത് അനുകരണീയമായ മാതൃകയാണ്.

തുടക്കത്തില്‍ പറഞ്ഞ ടീത്തിംഗ് ട്രബ്ള്‍സ് മാറിയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി മാറുമോ എന്ന ഭീതി അകറ്റാനാകും. അതിന് തീരുമാനങ്ങളെടുക്കാന്‍ കൂടുതല്‍ ശക്തമായ, വിദഗ്ധരുള്‍പ്പെട്ട സമിതികളും ആവശ്യമാണ്. കൂടുതല്‍ സുതാര്യതയും ഈ മേഖലയില്‍ വേണം. 2017-18ല്‍ സി.എ.ജി. യുടെ റിപ്പോര്‍ട്ടില്‍ത്തന്നെ പൂര്‍ണമായ വിവരങ്ങള്‍ തങ്ങള്‍ക്കു നല്‍കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു എന്ന് കുറ്റപ്പെടുത്തിയിട്ടുണ്ട്. സുതാര്യതയും നല്ല ലക്ഷ്യങ്ങളോടെയുള്ള വിദഗ്ധരുടെ പഠനങ്ങളും ആധുനിക കാലത്ത് ഏറ്റവും വേണ്ടതാണെന്ന് സര്‍ക്കാര്‍ മറക്കുന്നുണ്ടോ എന്നു ഭയക്കണം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!