വരുന്നൂ അഗ്മാര്‍ക്ക് മാതൃകയില്‍’സഹകരണ മാര്‍ക്ക്’

web desk

ഹകരണ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്രീകൃത ഗുണപരിശോധനാ ലാബ് തുടങ്ങാനും ‘സഹകരണ മാര്‍ക്ക്’ ഏര്‍പ്പെടുത്താനും സഹകരണ വകുപ്പ് ആലോചിക്കുന്നു. ഇതിനുള്ള പദ്ധതി തയാറാക്കാന്‍ വകുപ്പ് നിര്‍ദ്ദേശിച്ചു. സഹകരണ മേഖലയില്‍ മാര്‍ക്കറ്റിങ് സംവിധാനം ശക്തിപ്പെടുത്താനും വിപണിസാധ്യത ഉറപ്പുവരുത്താനുമാണ് പുതിയ പദ്ധതി.

കേരളത്തിലെ നിരവധി സഹകരണ സംഘങ്ങള്‍ സ്വന്തം നിലയിലും കണ്‍സോര്‍ഷ്യം അടിസ്ഥാനത്തിലും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ചെറുകിട സംരംഭങ്ങള്‍ നടത്തുന്നുണ്ട്. തേയിലമുതല്‍ സോപ്പുവരെയുള്ള ഉല്‍പന്നങ്ങള്‍ സഹകരണ സംരംഭങ്ങള്‍ നിര്‍മിക്കുന്നുണ്ട്. സഹകരണ സംഘങ്ങളുടെ ഒട്ടേറെ ബ്രാന്‍ഡ് വെളിച്ചെണ്ണ വിപണിയിലുണ്ട്. ഇവയെല്ലാം മായമില്ലാത്ത വെളിച്ചെണ്ണ എന്ന നിലയില്‍ പേരെടുത്തതാണ്. ആരോഗ്യവകുപ്പ് ഈയിടെ നടത്തിയ പരിശോധനയില്‍ 168 ബ്രാന്‍ഡ് വെളിച്ചെണ്ണയില്‍ മായം കണ്ടെത്തിയിരുന്നു. എന്നാല്‍, ഇവയില്‍ സഹകരണ സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച ഒറ്റ ബ്രാന്‍ഡും ഉണ്ടായിരുന്നില്ല.

ഭക്ഷ്യവസ്തുക്കള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവയെല്ലാം സഹകരണ സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇവയ്ക്കൊന്നും കേന്ദ്രീകൃതമായ ഒരു മാര്‍ക്കറ്റിങ് സംവിധാനമില്ലെന്നതാണ് പ്രധാന പോരായ്മ. ഇത് പരിഹരിക്കാനുള്ള ആദ്യപടിയാണ് ‘സഹകരണ മാര്‍ക്ക്’ നല്‍കാനുള്ള തീരുമാനം. ഓരോ ഉല്‍പ്പന്നവും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കി ബ്രാന്‍ഡ് നല്‍കാനാണ് ആലോചന. ഇത്തരം പരിശോധനയ്ക്ക് ഒരു ടെസ്റ്റിങ് ലാബ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്രീകൃത വിപണിയും ഏകീകൃത ബ്രാന്‍ഡിങ്ങും കൊണ്ടുവരാന്‍ കുടുംബശ്രീ നടപടി തുടങ്ങിയിട്ട് ഏറെ നാളായി. ഇത് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. എന്നാല്‍, സഹകരണ മേഖലയില്‍ ഇത്രയേറെ സംരംഭങ്ങളും നിരവധി ഉല്‍പ്പന്നങ്ങളും ഉണ്ടായിട്ടും വിപണി വിപുലപ്പെടുത്താനുള്ള കേന്ദ്രീകൃത ശ്രമം ഉണ്ടായിരുന്നില്ല. ഇത് പരിഹരിക്കാനാണ് സഹകരണ വകുപ്പിന്റെ ഇടപെടല്‍.’ സഹകരണ മാര്‍ക്ക്’ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സഹകരണ മാര്‍ക്കറ്റിങ് ശൃംഖല ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News