ക്ലിപ്തപ്പെടുത്താത്ത ബാധ്യതയും ക്ലിപ്ത ബാധ്യതയും

Deepthi Vipin lal

സഹകരണ മേഖല താണ്ടിയ വഴികള്‍ – 4

ടി. സുരേഷ് ബാബു

സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് മലയാളികളെ ബോധവത്കരിക്കാന്‍ വി.കെ. കുഞ്ഞന്‍ മേനോന്‍ 1931 ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ‘ സഹകരണ പ്രസ്ഥാനം ‘. 28 അധ്യായങ്ങളും 188 പേജുമുള്ള ഈ ഗ്രന്ഥം സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ഭവവും ലക്ഷ്യങ്ങളും വളര്‍ച്ചയും വിശദമാക്കുന്നു. കൊച്ചിയിലെ ഭാഷാ പരിഷ്‌കരണക്കമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകം അച്ചടിച്ചത് തൃശ്ശൂര്‍ മംഗളോദയം പ്രസ്സില്‍. വില ഒരുറുപ്പിക

പരസ്പര സഹായത്തിനായി ഒരു സഹകരണ സംഘം സ്ഥാപിക്കുമ്പോള്‍ പണമിടപാടില്‍ അതിന്റെ ബാധ്യത എങ്ങനെയാവണം എന്നതിനെക്കുറിച്ചാണ് ‘ സഹകരണ പ്രസ്ഥാന ‘ ത്തിന്റെ പതിനഞ്ചാം അധ്യായം ചര്‍ച്ച ചെയ്യുന്നത്. സംഘങ്ങളുടെ തുടക്കകാലത്ത് ഇത് വലിയൊരു തര്‍ക്കവിഷയമായിരുന്നു എന്നുവേണം കരുതാന്‍. അന്ന് പല പണക്കാരും ജന്മിമാരും സഹകരണ സംഘങ്ങളില്‍ ചേരാതെ മാറിനിന്നിരുന്നത് ഈ ബാധ്യത സംബന്ധിച്ച തീര്‍ച്ചയില്ലായ്മ കാരണമായിരുന്നു. എന്തെങ്കിലും കാരണത്താല്‍ സംഘം പൊളിഞ്ഞാല്‍ തങ്ങളുടെ സ്വത്ത് മുഴുവന്‍ നഷ്ടപ്പെട്ടു പോകുമല്ലോ എന്ന് അവര്‍ ശങ്കിച്ചത് സ്വാഭാവികം മാത്രം.

രണ്ടു തരം ബാധ്യതയാണ് സംഘങ്ങളിലുള്ളത്. ഒന്ന്, ക്ലിപ്തമല്ലാത്ത ബാധ്യത. മറ്റൊന്ന് , ക്ലിപ്തമായിട്ടുള്ള ബാധ്യത. ക്ലിപ്തമല്ലാത്ത ബാധ്യതയില്‍ ബാധ്യതക്ക് ഇത്രത്തോളം എന്നു അതിരു കല്‍പ്പിച്ചിട്ടില്ല. എന്നാല്‍, ക്ലിപ്ത ബാധ്യതയില്‍ ബാധ്യതക്ക് അതിരു കല്‍പ്പിച്ചിട്ടുണ്ടാവും. അതായത്, ക്ലിപ്തപ്പെടുത്താത്ത ബാധ്യതയോടുകൂടിയാണ് ഒരു സംഘം സ്ഥാപിക്കുന്നതെങ്കില്‍ ആ സംഘത്തിലെ ഓരോ അംഗത്തിന്റേയും സകല സ്വത്തും സംഘത്തിന് കടപ്പെട്ടിരിക്കും. സംഘഭരണത്തില്‍ ഉദാസീനതയോ നോട്ടക്കുറവോ വന്ന് സംഘം കടത്തിലായാല്‍ കടസംഖ്യ മുഴുവന്‍ വസൂലാക്കുന്നതുവരെ എല്ലാ സംഘാംഗങ്ങളുടെയും എല്ലാ സ്വത്തിലും കൈവെക്കാന്‍ കടക്കാര്‍ക്ക് അവകാശമുണ്ട്. എല്ലാ അംഗങ്ങളുടെയും എല്ലാ സ്വത്തും കടക്കാര്‍ക്ക് പണയപ്പെട്ടിരിക്കുന്നു എന്നര്‍ഥം. അതേസമയം, ബാധ്യത ക്ലിപ്തപ്പെടുത്തിയതാണെങ്കില്‍ അംഗങ്ങള്‍ക്ക് പേടിക്കാനില്ല. ഒരാള്‍ എത്ര ഓഹരി എടുത്തിട്ടുണ്ടോ ആ സംഖ്യക്കു മാത്രമേ സംഘത്തിന്റെ കടത്തിന് അവര്‍ ഉത്തരവാദിത്തം എടുക്കേണ്ടതുള്ളു.

ജര്‍മനിയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കകാലത്ത് സംഘങ്ങളില്‍ ക്ലിപ്തപ്പെടുത്തിയ ബാധ്യതയേ പാടുള്ളു എന്ന നിയമം ഉണ്ടായിരുന്നില്ലെന്ന് ഗ്രന്ഥകര്‍ത്താവ് വി.കെ. കുഞ്ഞന്‍ മേനോന്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണത്രെ ആദ്യകാല സഹകാരിയായിരുന്ന ജര്‍മന്‍കാരന്‍ എഫ്. ഡബ്ല്യൂ. റെയ്ഫീസന്‍ ക്ലിപ്തപ്പെടുത്താത്ത ബാധ്യതയോടുകൂടിയ സംഘങ്ങള്‍ സ്ഥാപിച്ചത്. ആ ഏര്‍പ്പാട് പില്‍ക്കാലത്ത് ഏറ്റവും ഗുണം ചെയ്തു എന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം. എന്നാല്‍, അമേരിക്കയില്‍ വന്‍ പണക്കാരും ഭൂവുടമകളുമായ കൃഷിക്കാര്‍ക്ക് ക്ലിപ്തപ്പെടുത്താത്ത ബാധ്യതയോട് തീരെ സമ്മതമുണ്ടായിരുന്നില്ല. കാരണം, സംഘം പൊളിഞ്ഞാല്‍ അവരുടെ സ്വത്തെല്ലാം കടക്കാര്‍ കൊണ്ടുപോകുമായിരുന്നു. അതേസമയം, വിവേകത്തോടും നിയന്ത്രണത്തോടും കൂടി ഒരു സംഘം നടത്തുകയാണെങ്കില്‍ ക്ലിപ്തപ്പെടുത്താത്ത ബാധ്യത കൊണ്ട് പേടിക്കേണ്ട കാര്യമൊന്നുമില്ല എന്നാണ് കുഞ്ഞന്‍ മേനോന്‍ പറയുന്നത്.

ഇംഗ്ലണ്ടിലെ നിയമം

ക്ലിപ്ത ബാധ്യത ഇംഗ്ലണ്ടില്‍ നിയമാനുസൃതമാക്കിയത് ഒട്ടു സംശയത്തോടെയാണ്. ജോയന്റു സ്റ്റോക്ക് കമ്പനി ( കൂട്ടു കച്ചവടക്കമ്പനി ) കളില്‍ ആള്‍ക്കാര്‍ ചേരാന്‍ മടിച്ചു നിന്നതാണ് അവിടെ ക്ലിപ്ത ബാധ്യതാ നിയമം കൊണ്ടുവരാന്‍ കാരണമായത്. 1700 മുതല്‍ 1720 വരെയുള്ള കാലത്ത് പല ജോയന്റ് സ്റ്റോക്ക് കമ്പനികളും പൊളിയുകയും അസംഖ്യം പേര്‍ക്ക് പണം നഷ്ടപ്പെടുകയും ചെയ്തിരുന്നു. കമ്പനികളില്‍പ്പെട്ട ഓരോരുത്തരും കമ്പനിയുടെ എല്ലാ കടങ്ങള്‍ക്കും ബാധ്യതയുള്ളവരായിരുന്നതിനാല്‍ ലാഭമുള്ള കമ്പനികളില്‍പ്പോലും ഓഹരികളെടുത്ത് അംഗങ്ങളായിച്ചേരാന്‍ ആള്‍ക്കാര്‍ മടിച്ചിരുന്നു. ഇംഗ്ലണ്ടില്‍ സംശയിച്ചു സംശയിച്ച് 1862 ല്‍ മാത്രമാണ് ക്ലിപ്ത ബാധ്യതാ നിയമം പ്രാബല്യത്തിലാക്കിയത്.

ഒരു സംഘത്തില്‍ അംഗമായിച്ചേരുന്ന ഒരു ദരിദ്രന്റെ ക്ലിപ്തമല്ലാത്ത ബാധ്യതയ്ക്ക് എത്രത്തോളം വിലയുണ്ട് എന്ന കാര്യവും അക്കാലത്ത് ചര്‍ച്ചാവിഷയമായിരുന്നു. ദരിദ്രന്റെ ഭൗതിക സ്വത്തിന് ഒരു വിലയുമില്ല എന്നാണ് വൂള്‍ഫ് എന്ന ആദ്യകാല സഹകാരി അഭിപ്രായപ്പെടുന്നത്. എന്നാല്‍, സഹകരണ പ്രസ്ഥാനത്തില്‍ ഒരുവന്റെ പ്രധാന സ്വത്തായി ഗണിക്കപ്പെടുന്നത് കൃത്യബോധം, സത്യനിഷ്ഠ, മര്യാദ, പ്രയത്‌നശീലം മുതലായ ഗുണങ്ങളാണെന്ന്് അദ്ദേഹം സമര്‍ഥിക്കുന്നു. പണക്കാരനു മാത്രമല്ല ദരിദ്രനും സംഘത്തില്‍ ഒരു സ്ഥാനമുണ്ടെന്നര്‍ഥം. ക്ലിപ്തമല്ലാത്ത ബാധ്യതയോടുകൂടിയ സംഘത്തില്‍ ജ•ികളോ പണക്കാരോ ചേര്‍ന്നിട്ടുണ്ടെങ്കില്‍ അവരുടെ ബാധ്യതയ്ക്കു മാത്രമേ വിലയുള്ളു എന്നാണ് വൂള്‍ഫ് പറയുന്നത്. ഇതറിയാവുന്നതുകൊണ്ടാണ് റെയ്ഫീസന്‍ ജ•ിമാരെയും സംഘത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചിരുന്നത്. എന്നാല്‍, അവര്‍ ചേരാന്‍ മടിച്ചു നിന്നു. ‘ പരിഷ്‌കാരം തികച്ചുമുള്ള യൂറോപ്പു രാജ്യങ്ങളില്‍ത്തന്നെ ആ കാര്യത്തില്‍ ജനങ്ങള്‍ ശങ്കിക്കുമ്പോള്‍ ഇന്ത്യാരാജ്യ നിവാസികളുടെ കാര്യം പറവാനുണ്ടോ ‘ എന്നാണ് ഗ്രന്ഥകര്‍ത്താവ് ചോദിക്കുന്നത്.

വിശ്വാസമുണ്ടാക്കാന്‍

ക്ലിപ്തമല്ലാത്ത ബാധ്യതയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാക്കാനും കടക്കാര്‍ക്ക് വേണ്ടത്ര ഉറപ്പു കിട്ടാനും കുറെ കാര്യങ്ങള്‍ നിഷ്‌കര്‍ഷിക്കേണ്ടതുണ്ടെന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്. അവയെപ്പറ്റി ഇങ്ങനെയാണ് അദ്ദേഹം വിവരിക്കുന്നത് : 1. അംഗങ്ങളെ നല്ലവണ്ണം പരിശോധിച്ച ശേഷമേ തിരഞ്ഞെടുക്കാവൂ. അതായത്. പുതുതായി ചേരുന്നയാള്‍ എല്ലാവരെയുംപോലെ സംഘബാധ്യത വഹിക്കാന്‍ തയാറാണ് എന്ന് ബാക്കി അംഗങ്ങള്‍ക്ക് ബോധ്യപ്പെടണം. 2. പുതുതായി ചേരുന്നയാള്‍ അപ്പോള്‍ നിലവിലുള്ള സംഘബാധ്യതയില്‍ താനും പങ്കാളിയാകുന്നു എന്ന് സമ്മതിക്കണം. 3. തങ്ങള്‍ക്കു സമ്മതമല്ലാത്ത വിധത്തിലുള്ള ബാധ്യതയില്‍ സംഘത്തെ പെടുത്തുന്നു എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവര്‍ക്ക് സംഘത്തില്‍ നിന്നൊഴിയാന്‍ അനുമതി കൊടുക്കണം. 4. ഇടയ്ക്ക് ഒഴിഞ്ഞുപോകുന്ന അംഗങ്ങളുടെ ബാധ്യത ഒരു നിശ്ചിതകാലം വരെ നിലനിര്‍ത്തണം. 5. സംഘാംഗങ്ങളുടെ ഓഹരികള്‍ സംഘത്തിന്റെ അനുവാദത്തോടെ മറ്റുള്ളവരുടെ പേരിലാക്കാന്‍ അനുവദിക്കണം. 6. ബാധ്യതയ്ക്ക് ഒരു വിലയും കല്‍പ്പിക്കാത്തവരെ സംഘത്തില്‍ നിന്നു പുറന്തള്ളണം. 7. കണക്കുകള്‍ കൃത്യമായി വെക്കണം. അത് വെടിപ്പായി പരിശോധിക്കുകയും വേണം. കണക്കുകള്‍ പരിശോധിക്കാനുള്ള അവകാശം എല്ലാ അംഗങ്ങള്‍ക്കുമുണ്ടായിരിക്കണം. 9. നിയമത്തില്‍ ഭേദഗതി വരുത്തുമ്പോള്‍ ഭൂരിപക്ഷം നോക്കണം. 10. സംഘസ്വത്ത് ഏതുവിധം വിനിയോഗിക്കണം എന്നു തീരുമാനിക്കേണ്ടത് അംഗങ്ങളാണ്. 11. ബാധ്യതയ്ക്ക് താങ്ങായി ഒരു കരുതല്‍ധനം ശേഖരിക്കണം. 12. കരുതല്‍ധനത്തിലേക്ക് കൂടുതല്‍ തുക നീക്കിവെക്കാനായി കുറഞ്ഞ ഡിവിഡന്റേ നല്‍കൂ എന്ന് വ്യവസ്ഥ വെക്കണം. 13. കണക്കുകള്‍ പരിശോധിക്കാനും എപ്പോഴെങ്കിലും സംഘം പിരിച്ചുവിടാനും തങ്ങളുടെ ബാധ്യത ഒഴിവാക്കാനും അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം.

ക്ലിപ്തപ്പെടുത്താത്ത ബാധ്യതയുള്ള സംഘമാണ് തുടങ്ങുന്നതെങ്കില്‍ ഒരു നിബന്ധന പാലിക്കുന്നതാണ് നല്ലതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. എല്ലാ അംഗങ്ങളും തമ്മില്‍ത്തമ്മില്‍ നല്ലവണ്ണം അറിയുന്നവരായിരിക്കണം എന്നതാണ് ഇൗ നിബന്ധന. ഇത് സാധ്യമാവണമെങ്കില്‍ ഒരു നിശ്ചിത പ്രദേശത്തുള്ളവരെ മാത്രമേ സംഘാംഗമായി ചേര്‍ക്കാന്‍ പാടുള്ളു. എന്നാല്‍, ബാധ്യത ക്ലിപ്തപ്പെടുത്തിയതാണെങ്കില്‍ ഈ നിബന്ധന പാലിക്കേണ്ടതില്ല. ദൂരെ ദിക്കിലുള്ളവരെയും സംഘത്തില്‍ ചേര്‍ക്കാം.

രക്ഷാനടപടികള്‍

ക്ലിപ്തപ്പെടുത്താത്ത ബാധ്യതയുള്ള സംഘങ്ങള്‍ക്ക് വരാനിടയുള്ള അപകടങ്ങള്‍ തരണം ചെയ്യാന്‍ ചില രക്ഷാ നടപടികള്‍ കൂടി എടുക്കണമെന്നാണ് ഗ്രന്ഥകാരന്റെ വാദം. 1. പണം വര്‍ധിപ്പിക്കാന്‍ സഹായകമായ ഏതെങ്കിലും വ്യവസായത്തിനു മാത്രമേ കടം വായ്പാ സംഘത്തില്‍ നിന്നു കടം കൊടുക്കൂ എന്നു തീരുമാനിക്കണം. 2. നിശ്ചിത സമയത്ത് കണിശമായി പണം തിരിച്ചടയ്ക്കുമെന്ന ഉറപ്പും ജാമ്യവും നല്‍കിയാലേ പണം കൊടുക്കാവൂ. 3. കൊടുത്ത പണം ഉദ്ദിഷ്ട കാര്യത്തിനു തന്നെയാണ് ചെലവാക്കുന്നത് എന്നു നോക്കാന്‍ ഭരണ സമിതിയുടെ മേല്‍നോട്ടമുണ്ടാവണം. വ്യവസ്ഥ തെറ്റിക്കുന്നവരോട് പണം തിരിച്ചുതരാനാവശ്യപ്പെടണം. 4. സംഘത്തില്‍ ഒരു കരുതല്‍ ധനം നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

സഹകരണ പ്രസ്ഥാനത്തില്‍ ക്ലിപ്ത ബാധ്യതയോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കു വരാവുന്ന ദോഷങ്ങളെക്കുറിച്ച് എം.എല്‍. ഡാര്‍ലിങ് എന്ന സഹകാരി പറഞ്ഞ കാര്യങ്ങളും ഇവിടെ കുഞ്ഞന്‍ മേനോന്‍ ഉദ്ധരിക്കുന്നു. ആ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം : ‘ റെയ്ഫീസന്‍ സമ്പ്രദായത്തിന്റെ അടിസ്ഥാനം ക്ലിപ്തപ്പെടുത്താത്ത ബാധ്യത എന്നതാണ്. ജര്‍മനിയില്‍ സഹകരണ വില്ലേജ് ബാങ്കുകള്‍ സ്ഥാപിച്ചയിടങ്ങളിലെല്ലാം ഈ സമ്പ്രദായമാണ് പാലിച്ചുപോന്നത്. എന്നാല്‍, ചില വില്ലേജുകളില്‍ ക്ലിപ്ത ബാധ്യതയുള്ള സംഘങ്ങളുമുണ്ട്. ആ പ്രദേശങ്ങളില്‍ ജന്മിമാരും സംഘങ്ങളില്‍ ചേര്‍ന്നു എന്നതാണ് ഇതിനുള്ള മുഖ്യ കാരണം. ജന്മിക്ക് ക്ലിപ്തമില്ലാത്ത ബാധ്യത ഇഷ്ടമില്ല. എന്തെന്നാല്‍, തന്റെ സകല സ്വത്തും സംഘത്തിനുവേണ്ടി പണയപ്പെടുത്താന്‍ ജന്മി തയാറല്ല. അതുപോലെ, ക്ലിപ്തപ്പെടുത്താത്ത ബാധ്യത കുടിയാന്മാരും ഇഷ്ടപ്പെട്ടിരുന്നില്ല. ഒന്നോ രണ്ടോ ജന്മിമാരുടെ ഉദാസീനതകൊണ്ട് തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ടാലോ എന്നതായിരുന്നു അവരുടെ ഭയം. അതിനാല്‍, ജന്മിയും കുടിയാനും അംഗങ്ങളായി ചേരുന്ന സംഘമാണെങ്കില്‍ ബാധ്യത ക്ലിപ്തപ്പെടുത്തേണ്ടിവരും.’

പരസ്പര സഹായ സംഘങ്ങളുടെ ഉദ്ദേശ്യത്തോട് കൂടുതല്‍ യോജിക്കുന്നത് ക്ലിപ്തപ്പെടുത്താത്ത ബാധ്യതയാണെന്നാണ് സഹകരണ മേഖലയിലെ പലരുടെയും അഭിപ്രായമെന്ന് ‘ സഹകരണ പ്രസ്ഥാനം ‘ ചൂണ്ടിക്കാട്ടുന്നു. ക്ലിപ്ത ബാധ്യതയുള്ള സംഘങ്ങളില്‍ ദൂരസ്ഥലത്തുള്ളവരെയും അംഗമാക്കാന്‍ വാസന കൂടും എന്നാണ് സഹകാരികളുടെ വിലയിരുത്തല്‍. ഇങ്ങനെയുള്ള അംഗങ്ങള്‍ സംഘത്തില്‍ ചേരുമ്പോള്‍ ഭരണ സമിതിയിലുള്ളവര്‍ക്ക് ജോലി വര്‍ധിക്കുന്നു. അപ്പോളവര്‍ ശമ്പളക്കാരെ നിയമിക്കുന്നു. അകലെയുള്ള മെമ്പര്‍മാര്‍ പലപ്പോഴും പൊതുയോഗത്തിനു വരില്ല. അതോടെ യോഗം ചേരാന്‍ കോറമില്ലാതാവും. അതിനു പുറമേ, സംഘം കൊണ്ട് കുടിയാനെപ്പോലെ വലിയ ആവശ്യങ്ങളൊന്നുമില്ലാത്തതിനാല്‍ ജ•ിക്ക് സംഘകാര്യങ്ങളില്‍ താല്‍പ്പര്യം കുറയും.

ആദ്യകാല സംഘങ്ങളുടെ തുടക്കവും ഘടനയും

സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കകാലത്ത് ഇന്ത്യയില്‍ സഹകരണ വകുപ്പും അതിലെ ഉദ്യോഗസ്ഥരും സംഘങ്ങള്‍ തുടങ്ങാന്‍ എങ്ങനെയൊക്കെ സഹായിച്ചു എന്നതിനെയും സംഘങ്ങളുടെ ഘടനയെയും കുറിച്ച് പതിനേഴാം അധ്യായത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട് കുഞ്ഞന്‍ മേനോന്‍. സഹകരണ പ്രസ്ഥാനത്തിന്റെ പ്രചാരത്തിനായി അതത് സംസ്ഥാന സര്‍ക്കാരുകള്‍ ആദ്യം ചെയ്തത് സഹകരണ വകുപ്പ് സ്ഥാപിക്കുക എന്നതാണ്. രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, അസി. രജിസ്ട്രാര്‍, ഇന്‍സ്‌പെക്ടര്‍, സൂപ്പര്‍വൈസര്‍, മറ്റുദ്യോഗസ്ഥര്‍ എന്നിങ്ങനെയായിരുന്നു നിയമനം. തുടക്കകാലത്ത് സഹകരണത്തെപ്പറ്റി അറിവ് കുറവായിരുന്നതുകൊണ്ടും നാട്ടുകാരില്‍ ഭൂരിഭാഗവും ദരിദ്രരും നിരക്ഷരരുമായിരുന്നതുകൊണ്ടും അവരെ സഹായിക്കേണ്ടത് അത്യാവശ്യമായാണ് സര്‍ക്കാര്‍ കണ്ടിരുന്നത്. 1920-30 കാലമായപ്പോഴേക്കും പഠിപ്പുള്ളവരും പരോപകാര തല്‍പ്പരരുമായ ചില ജോലിക്കാര്‍ രംഗത്തു വന്നതോടെ സര്‍ക്കാരിന്റെ ചുമതല അല്‍പ്പമൊന്നു കുറഞ്ഞു. നാട്ടിന്‍പുറങ്ങളില്‍ സ്ഥാപിക്കുന്ന സംഘങ്ങളിലെ അംഗങ്ങള്‍ പൊതുവേ നിര്‍ധനരായിരുന്നതിനാല്‍ അവരില്‍ നിന്ന് പിരിച്ചെടുക്കുന്ന ഓഹരിസംഖ്യ വളരെ കുറവായിരിക്കും. അതുകൊണ്ട് സംഘത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റാതെ വരുന്നു. അതിനാല്‍ ആ പ്രദേശത്തെ പല സംഘങ്ങള്‍ ചേര്‍ന്ന് ഒരു സെന്‍ട്രല്‍ ബാങ്ക് സ്ഥാപിക്കുന്നു. പുറമേയുള്ളവര്‍ക്കും ഇതില്‍ അംഗങ്ങളാകാം. പണമുള്ളവര്‍ക്ക് സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷപവും നടത്താം. ദേശ സംഘങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരാണ് സെന്‍ട്രല്‍ ബാങ്കിന്റെ ഭരണം നടത്തുന്നത്. പണമാവശ്യമുള്ള ദേശ സംഘങ്ങള്‍ ആവശ്യം പോലെ ഈ ബാങ്കില്‍ നിന്നു കടമെടുക്കുന്നു. ചെലവൊന്നുമില്ലാത്ത സംഘങ്ങള്‍ തങ്ങളുടെ പണം ബാങ്കില്‍ നിക്ഷേപമായും ഇടുന്നു. ഇതേ രീതിയില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ പലതും കൂടിച്ചേര്‍ന്ന് എല്ലാറ്റിനും തലവനായി ഒരു ബാങ്ക് ( അപ്പക്‌സ് ബാങ്ക് ) സ്ഥാപിക്കുന്നു. ഇതിനു സര്‍ക്കാരിന്റെ സഹായമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പണക്കാര്‍ വലിയ സംഖ്യ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ മടിച്ചിരുന്നില്ല. കുഞ്ഞന്‍ മേനോന്‍ തുടര്‍ന്നെഴുതുന്നു : ‘ ഇങ്ങനെ ഏറ്റവും നിസ്സാരമായ വില്ലേജ് ബാങ്കിനെയും മഹാ ഗംഭീരമായ പ്രധാന ( അപ്പക്‌സ് ) ബാങ്കിനെയും കൂട്ടിയിണക്കിക്കൊണ്ട് ഈ പ്രസ്ഥാനം പടര്‍ന്നുപിടിച്ച് സര്‍വത്ര വ്യാപിച്ചുകിടക്കുന്നു. ഈ സ്ഥാപനങ്ങളെല്ലാം സഹകരണ വകുപ്പിലെ രജിസ്ട്രാര്‍ മുതലായ ഉദ്യോഗസ്ഥരുടെ ഉപദേശത്താലും മേല്‍നോട്ടത്താലുമാണ് നടത്തപ്പെടുന്നത് ‘ .

സര്‍ക്കാരിന്റെ മേല്‍നോട്ടം

പ്രധാന ബാങ്കിനു ആദ്യകാലത്ത് സര്‍ക്കാര്‍ സഹായമുണ്ടായിരുന്നതിനാല്‍ കണക്കു പരിശോധനയിലും മറ്റും സര്‍ക്കാരിന്റെ മേല്‍നോട്ടമുണ്ടായിരുന്നു. ചെറിയ വില്ലേജ് ബാങ്കുകളുടെ കണക്കുകള്‍ പരിശോധിക്കുന്നതില്‍ സെന്‍ട്രല്‍ ബാങ്കുകളും പ്രധാന ബാങ്കും ശ്രദ്ധിച്ചിരുന്നു. ഇംഗ്ലണ്ടില്‍ ആദ്യകാലത്ത് സഹകരണ പ്രസ്ഥാനത്തിനു ഏറെ ഗുണം ചെയ്തിട്ടുള്ള കോ-ഓപ്പറേറ്റീവ് യൂണിയന്‍ എന്ന ഏര്‍പ്പാട് ബ്രിട്ടീഷുകാര്‍ ഇന്ത്യയിലും തുടങ്ങിയിരുന്നു. സംഘങ്ങള്‍ എല്ലാം ‘ ഒരു കെട്ടായി ഒന്നായിരിക്കുന്നു എന്ന ഭാവം ‘ ഉണ്ടാക്കിത്തീര്‍ക്കുക എന്ന മുഖ്യലക്ഷ്യത്തോടെയാണ് ഈ കോ-ഓപ്പറേറ്റീവ് യൂണിയനുകള്‍ രൂപം കൊണ്ടിരുന്നത്. യൂണിയനുകളുടെ മറ്റു ലക്ഷ്യങ്ങള്‍ ഇവയായിരുന്നു. 1. ജനസംഖ്യാ കണക്ക്, ജനങ്ങളുടെ ധനസ്ഥിതി, തൊഴില്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുക. 2. സഹകരണ സംബന്ധിയായ പുസ്തകങ്ങള്‍, മാസികകള്‍, ലഘുപത്രികകള്‍ തുടങ്ങിയവ പ്രസിദ്ധപ്പെടുത്തുക. 3. സാമാന്യേന എല്ലാ സംഘങ്ങളും നടത്തേണ്ട പ്രവൃത്തികള്‍ക്ക് ഒരു കാര്യപരിപാടി തയാറാക്കുക.

ഇന്ത്യയില്‍ പ്രധാനപ്പെട്ട സംസ്ഥാന തലസ്ഥാനങ്ങളില്‍ കോ-ഓപ്പറേറ്റീവ് യൂണിയനുകള്‍ സ്ഥാപിച്ചിരുന്നു. മദിരാശിയില്‍ മദ്രാസ് പ്രൊവിന്‍ഷ്യല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ക്ലിപ്തം, ബോംബെയില്‍ ബോംബെ കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട്, ബംഗാളില്‍ ബങ്കാള്‍ കോ- ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍ എന്നിങ്ങനെയാണ് യൂണിയനുകള്‍ അറിയപ്പെട്ടിരുന്നത്. സഹകരണം എന്ന ഏര്‍പ്പാടിന് അതത് സംസ്ഥാനങ്ങളില്‍ എല്ലാവരുടെയുമിടയില്‍ പ്രചാരമുണ്ടാക്കാനായി പല മാസികകളും ത്രൈമാസികകളും ലഘു പത്രികകളും ഇംഗ്ലീഷിലും നാട്ടുഭാഷകളിലും പ്രസിദ്ധീകരിച്ചിരുന്നതായി ഗ്രന്ഥകര്‍ത്താവ് എടുത്തു പറയുന്നു.

ഭൂപണയ ബാങ്കുകള്‍

‘ സഹകരണ പ്രസ്ഥാന ‘ ത്തിന്റെ പത്തൊമ്പതാം അധ്യായം നീക്കിവെച്ചിരിക്കുന്നത് ഭൂപണയ ബാങ്കുകളെ ( Land Mortgage Banks ) ക്കുറിച്ച് പറയാനാണ്. ‘ വസ്തു പണയത്തിന്മേല്‍ ദീര്‍ഘകാലം കൊണ്ട് കുറേശ്ശെയായി വീട്ടത്തക്കവണ്ണം കടം കൊടുക്കുന്ന ബാങ്കുകള്‍ ‘ എന്നാണ് ഭൂപണയ ബാങ്കിനു നല്‍കുന്ന വിശേഷണം. 1925 ല്‍ മദ്രാസ് ഗവണ്‍മെന്റാണ് ആദ്യത്തെ ഭൂപണയബാങ്കിന് അനുവാദം കൊടുത്തത്. ഇതിന്റെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് വിവരിക്കുന്നതിങ്ങനെ: ‘ കൃഷിക്കാരുടെ താല്‍ക്കാലികമായ ചില ആവശ്യങ്ങളെ നിവൃത്തിക്കുന്നതിനു മാത്രമുള്ള സംഖ്യയേ നാട്ടുപുറങ്ങളിലുള്ള ചെറിയ കടംവായ്പ സംഘങ്ങള്‍ക്കു കൊടുക്കുവാന്‍ സാധിക്കുകയുള്ളു. തങ്ങളുടെ സര്‍വസ്വവും പണയപ്പെടുത്തി ദീര്‍ഘകാലമായിട്ടു കടത്തില്‍പ്പെട്ടു ക്ലേശിക്കുന്ന കൃഷിക്കാര്‍ക്കു ഋണമോചനമുണ്ടാക്കിക്കൊടുക്കുവാന്‍ അവയെക്കൊണ്ടു കഴിയുന്നതല്ല. അതിനാല്‍ അതിലേക്കൊരു നിവൃത്തിമാര്‍ഗമായിട്ടാണ് ‘ ലാന്‍ഡ് മോര്‍ട്ട്‌ഗേജ് ബാങ്കു ‘ ളുടെ ആവിര്‍ഭാവം. കൃഷിക്കാരെ – വിശേഷിച്ചും ചെറിയ വസ്തുടമസ്ഥന്മാരെ – കടത്തില്‍ നിന്നു മോചിപ്പിക്കുന്നതിനും അവരുടെ വസ്തുക്കളെ നന്നാക്കുന്നതിനും കൃഷി പരിഷ്‌കൃതരീതിയില്‍ ചെയ്യിക്കുന്നതിനും മറ്റുമായി അവര്‍ക്കു വസ്തുപണയത്തിന്മേല്‍ ദീര്‍ഘകാലം കൊണ്ടു കുറേശ്ശെയായി വീട്ടത്തക്കവണ്ണം ആവശ്യമുള്ള പണം കടം കൊടുക്കുക എന്നതാണ് മേപ്പടി ബാങ്കുകളുടെ പ്രയോജനം.’

1929 ആയപ്പോഴേക്കും മദ്രാസ് സംസ്ഥാനത്ത് ഇരുപതോളം ഭൂപണയ ബാങ്കുകള്‍ സ്ഥാപിതമായി. ഈ ബാങ്കുകള്‍ക്ക് പണം സുലഭമായി കിട്ടുന്നതിനുവേണ്ടി 1929 ഒക്ടോബര്‍ 25 ന് സര്‍ക്കാര്‍ മദിരാശിയില്‍ ഒരു സെന്‍ട്രല്‍ ബാങ്ക് സ്ഥാപിക്കാന്‍ അനുവദിച്ചു. ഓഹരി സംഖ്യ, നിക്ഷേപം, ഡിബെഞ്ചര്‍ ലോണ്‍ എന്നിങ്ങനെയാണ് ഭൂപണയ ബാങ്കിലേക്ക് പണമുണ്ടാക്കിയിരുന്നത്. അതത് ജില്ലകളിലെ ഇത്തരം ബാങ്കുകളെ സെന്‍ട്രല്‍ ബാങ്കില്‍ അംഗങ്ങളാക്കും. ഒറ്റക്കൊറ്റക്കും ഓഹരിയെടുത്ത് ബാങ്കില്‍ അംഗങ്ങളായി ചേരാം. കുഞ്ഞന്‍ മേനോന്‍ തുടര്‍ന്നെഴുതുന്നു : ‘ ബാങ്കില്‍ നിന്നു പുറപ്പെടുവിക്കുന്ന ഡിബെഞ്ചര്‍ വാങ്ങി ബാങ്കിലേക്കു പണം കടം കൊടുക്കുന്നതിനും ബാങ്കില്‍ പണം സൂക്ഷിപ്പിടുന്നതിനും ( നിക്ഷേപിക്കുന്നതിനും ) ബാങ്കില്‍ ഓഹരി ചേരുന്നതിനും ജനങ്ങള്‍ക്കു വിശ്വാസം ഉണ്ടാകുവാന്‍ വേണ്ടി ഗവണ്‍മെന്റു തന്നെ ഡിബെഞ്ചര്‍ വാങ്ങിക്കുകയും ആരെങ്കിലും ഡിപ്പോസിറ്റു ചെയ്യുന്ന പണത്തിന് 100 -ക്ക് 6 വീതം പലിശ മുട്ടിച്ചു തന്നുകൊള്ളാമെന്നു വാഗ്ദത്തം ചെയ്കയും ചെയ്തിട്ടുണ്ട്. ‘

ഈ ഏര്‍പ്പാട് കൃഷിക്കാര്‍ക്ക് വലിയെരനുഗ്രഹമായി മാറി എന്നാണ് കുഞ്ഞന്‍ മേനോന്‍ എഴുതുന്നത്. കൃഷിക്കാര്‍ സാധാരണ തങ്ങളുടെ വസ്തു പണയപ്പെടുത്തി നൂറുക്ക് പന്ത്രണ്ടും പതിനഞ്ചും വീതം പലിശക്കാണ് പണക്കച്ചവടക്കാരുടെ കൈയില്‍ നിന്നു കടം വാങ്ങിയിരുന്നത്. ഇതു കാരണം അവര്‍ക്ക് ഒരുകാലത്തും പണക്കച്ചവടക്കാരുടെ പിടിയില്‍ നിന്നു മോചനം കിട്ടിയിരുന്നില്ല. ആണ്ടു തോറുമുള്ള കൃഷിക്കാരുടെ ആദായം നിത്യച്ചെലവിനും കടപ്പലിശയ്ക്കും മാത്രമേ കഷ്ടി മതിയാവുള്ളു. അപ്പോള്‍പ്പിന്നെ സ്വന്തം വസ്തു നന്നാക്കാനോ അതില്‍ നിന്ന് കൂടുതല്‍ വരുമാനം കിട്ടുന്ന മറ്റു കാര്യങ്ങള്‍ ചെയ്യാനോ അവര്‍ക്കെങ്ങനെ സാധിക്കും ?. ആ നിലയ്ക്ക് നോക്കുമ്പോള്‍ ഭൂപണയ ബാങ്കുകള്‍ കൃഷിക്കാര്‍ക്ക് ഏറെ ഗുണമാണ് ചെയ്യുന്നത്. എന്തെന്നാല്‍, ബാങ്കില്‍ നിന്ന് നൂറുക്ക് ഏഴര അല്ലെങ്കില്‍ ഏറിയാല്‍ ഒമ്പതു വീതം പലിശയേ കൊടുക്കേണ്ടതുള്ളു എന്നതുതന്നെ കാരണം. മുതല്‍ പതിനഞ്ചോ ഇരുപതോ കൊല്ലം കൊണ്ട് കൊടുത്തുതീര്‍ത്താല്‍ മതിയാകും. ‘ അപ്പോള്‍ താന്‍ കടക്കാരനാണ് എന്ന വിചാരവും തന്നിമിത്തമുള്ള ബുദ്ധിക്ഷയവും കൂടാതെ ഉത്സാഹത്തോടെ വേല ചെയ്യുവാന്‍ അങ്ങനെയുള്ള കൃഷിക്കാരനു സാധിക്കുന്നു ‘ എന്നാണ് കുഞ്ഞന്‍ മേനോന്‍ പറയുന്നത്.

ഇന്ത്യയില്‍ ഇത്തരം ബാങ്കുകള്‍ കുറവാണെന്നാണ് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ജര്‍മനിയില്‍ ഭൂപണയ ബാങ്കുകള്‍ക്ക് നൂറു നൂറ്റമ്പത് കൊല്ലത്തെ പഴക്കമുണ്ടെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ബാങ്കിന്റെ നടത്തിപ്പ് വില്ലേജ് ബാങ്കുകളെപ്പോലെ അത്ര എളുപ്പമല്ലത്രെ. ‘ എത്രതന്നെ അതിനെ വിവരിച്ചാലും സാധാരണന്മാര്‍ക്ക് അതു നടത്തുന്ന രീതിയെപ്പറ്റി സ്വരൂപജ്ഞാനമുണ്ടാക്കുവാന്‍ പ്രയാസമായിരിക്കും ‘ എന്നു പറഞ്ഞാണ് ഗ്രന്ഥകാരന്‍ പത്തൊമ്പതാം അധ്യായം അവസാനിപ്പിക്കുന്നത്.

( തുടരും )

Leave a Reply

Your email address will not be published.

Latest News
error: Content is protected !!