ബ്രാന്റ് ചാണകവുമായി മില്‍മ; ക്ഷീരസംഘങ്ങള്‍ വഴി കൂട്ടായ്മ

Deepthi Vipin lal

ക്ഷീരകര്‍ഷകര്‍ക്ക് പരമാവധി വരുമാനം ഉറപ്പാക്കാനാകുന്ന വിധത്തില്‍ മില്‍മ പുതിയ സാധ്യതകള്‍ തേടുന്നു. ചാണകം പാക്കറ്റിലാക്കി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാനാണ് തീരുമാനം. ഇതിന് ക്ഷീരസംഘങ്ങളിലൂടെ കര്‍ഷക കൂട്ടായ്മകളുണ്ടാക്കും. ക്ഷീരകര്‍ഷകര്‍ക്ക് പാലാണ് ഇപ്പോള്‍ പ്രധാന വരുമാനമാര്‍ഗം. ചാണകം മികച്ച ജൈവവളമാണെങ്കിലും അതിന് വിപണി സാധ്യത കുറവായിരുന്നു. ഇത് മാറികടക്കാനാണ് ‘ബ്രാന്‍ഡ് ചാണകം’ എന്ന ആശയവുമായി മില്‍മ വരുന്നത്.

മില്‍മയുടെ അനുബന്ധ സ്ഥാപനമായ മലബാര്‍ റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ ചാണകപ്പൊടി ബ്രാന്‍ഡ് ചെയ്ത് വില്‍പനയ്ക്ക് തയ്യാറാക്കുന്നത്. . ക്ഷീര വീട്ടുകൃഷി, നഴ്സറി, പൂന്തോട്ടങ്ങള്‍ എന്നിവയ്ക്ക് ഗുണമേന്‍മയുള്ള പാക്കറ്റ് ചാണകപ്പൊടി നല്‍കും. 1,2,5,10 കിലോഗ്രാം പായ്ക്കറ്റുകള്‍ക്ക് യഥാക്രമം 25, 27, 70, 110 എന്നിങ്ങനെയാണ് വില. വന്‍കിട കര്‍ഷകര്‍ക്ക് പായ്ക്കറ്റില്‍ അല്ലാതെയും എത്തിക്കും.

പാലില്‍നിന്നുള്ള വരുമാനവും ക്ഷീരകര്‍ഷകര്‍ക്കുവരുന്ന ചെലവും കണക്കാക്കുമ്പോള്‍ ഒരുലിറ്റര്‍ പാലിന് രണ്ടുമുതല്‍ നാലുരൂപവരെയുള്ള നഷ്ടമുണ്ടെന്നാണ് മില്‍മ നടത്തിയ പഠനത്തില്‍ കണക്കാക്കിയിട്ടുള്ളത്. പശുവിനെ വളര്‍ത്തുന്നത് ഒരു സ്വയം തൊഴിലായി ഏറ്റെടുക്കുന്നതിനാലും, പാല്‍ അളക്കുന്നതിന് അനുസരിച്ച് ക്ഷീരസംഘങ്ങള്‍ കൃത്യമായി പണം നല്‍കുന്നതിനാലുമാണ് ഈ മേഖലയില്‍ കര്‍ഷകര്‍ തുടരുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വിലയാണ് പാലിന് ഇപ്പോള്‍ ക്ഷീരസംഘങ്ങള്‍ നല്‍കുന്നത്. അതിനാല്‍, പാല്‍ വില കൂട്ടിനല്‍കി കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തിലാണ് ചാണകത്തിന് വിപണി മൂല്യം ഉണ്ടാക്കാനുള്ള ശ്രമം മില്‍മ നടത്തുന്നത്.

ചെറുകിട ക്ഷീര കര്‍ഷകര്‍ മുതല്‍ വലിയ ഡയറിഫാമുകള്‍ വരെ നേരിടുന്ന വലിയ വെല്ലുവിളിയാണ് കന്നുകാലികളുടെ ചാണക സംസ്‌കരണം. പ്രാദേശികമായി കൃഷിക്ക് വളരെക്കുറിച്ച് വളം മാത്രമേ ചെലവാകുകയുള്ളൂ. ചാണകം ഉണക്കി പൊടിവളമാക്കുന്നതും സംഭരിക്കുന്നതും എല്ലാം വലിയ ചെലവു വരുന്നതുമാണ്. ഈ സാഹചര്യത്തിലാണ് സഹായവുമായി മില്‍മ എത്തിയിരിക്കുന്നത്. കൃഷിവകുപ്പ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍, സര്‍ക്കാരിന്റെ ഫാമുകള്‍ എന്നിവയ്ക്കായി വലിയ തോതില്‍ ചാണകം നല്‍കാനുള്ള അനുമതിക്കായി മില്‍മ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ചിനു വേണ്ടി എം.ആര്‍.ഡി.എഫ്. ഇപ്പോള്‍ വലിയ അളവില്‍ ചാണകം നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!