പുതിയ സഹകരണ നയംആവിഷ്‌കരിക്കും – അമിത് ഷാ

Deepthi Vipin lal

ആദ്യത്തെ ദേശീയ സഹകാരി സംഗമം ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് പുതിയ സഹകരണ നയം കൊണ്ടുവരുമെന്ന് ചടങ്ങില്‍ അദ്ദേഹം അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. എട്ടു കോടി ആളുകള്‍ വെര്‍ച്വലായും പങ്കെടുത്തു. ‘ സഹകരണത്തില്‍നിന്നു സമൃദ്ധി ‘ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ഒരു ചുവടുവെയ്പ് എന്ന സന്ദേശത്തോടെയാണു സമ്മേളനം സംഘടിപ്പിച്ചത്. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ജൂലായില്‍ രൂപവത്കരിച്ച പുതിയ സഹകരണ മന്ത്രാലയത്തിന്റെ അധികച്ചുമതലയുള്ള മന്ത്രിയായി സ്ഥാനമേറ്റ അമിത് ഷാ അഭിസംബോധന ചെയ്ത ആദ്യത്തെ ദേശീയ സഹകരണ സമ്മേളനമാണിത്.

രാജ്യത്തിന്റെ വികസനത്തിനായി സഹകരണ മന്ത്രാലയത്തിന് വളരെ പ്രധാനപ്പെട്ട സംഭാവന നല്‍കാന്‍ കഴിയുമെന്നു അമിത് ഷാ പറഞ്ഞു. ഇതിനായി പുതിയ പദ്ധതികളും രൂപരേഖയും തയ്യാറാക്കുകയും സുതാര്യത ഉറപ്പ് വരുത്തുകയും വേണം. പ്രഥമ സഹകരണ മന്ത്രാലയത്തിന്റെ മന്ത്രിയായി തന്നെ തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ട്. ഇതിനു തനിക്ക് അവസരം നല്‍കിയതില്‍ പ്രധാനമന്ത്രിയോട് നന്ദി പറയുന്നു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തെ ഗ്രാമീണ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ഈ അവസരത്തില്‍ പുതിയ സഹകരണ നയവും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കും. ഇന്ന് രാജ്യത്തെ 91 ശതമാനം ഗ്രാമങ്ങളിലും ചെറുതോ വലുതോ ആയ സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് – അമിത് ഷാ പറഞ്ഞു.

രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക, പ്രത്യേക ഭരണ, നിയമ, നയ ചട്ടക്കൂട് രൂപവത്കരിക്കുക, മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ വികസനം സാധ്യമാക്കുന്നതിനുള്ള പ്രക്രിയകള്‍ കാര്യക്ഷമമാക്കുക എന്നിവയാണ് സഹകരണ മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇഫ്കോ (IFFCO), നാഷണല്‍ കോ -ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, അമുല്‍, സഹകാര്‍ ഭാരതി , നാഫെഡ് , ക്രിബ്കോ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!