ദാരിദ്ര്യക്കുപ്പയില്‍ സഹകരണ മാണിക്യം വിളയിച്ച മൃദുവിപ്ലവകാരി

വി.എന്‍. പ്രസന്നന്‍

2022 നവംബര്‍ രണ്ടിനു 89-ാം വയസ്സില്‍ അന്തരിച്ച ഇളാ ഭട്ട് ഇന്ത്യയില്‍ സ്ത്രീകള്‍ക്കുള്ള ആദ്യസഹകരണ ബാങ്കായ ‘സേവാ’ ബാങ്കിന്റെ സ്ഥാപകയാണ്. മൃദുവിപ്ലവകാരി എന്നറിയപ്പെടുന്ന അവരുടെ വിപ്ലവം സഹകരണ രംഗത്തായിരുന്നു. ഗുജറാത്തില്‍ സ്വയംതൊഴില്‍ കണ്ടെത്തിയ സ്ത്രീകളെ സംഘടിപ്പിക്കാനും സഹകരണസ്ഥാപനങ്ങളിലൂടെ അവരെ പുരോഗതിയിലേക്കു നയിക്കാനും ജീവിതം സമര്‍പ്പിച്ച ഇളയുടെ സേവനങ്ങള്‍ പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാലും രാജ്യസഭാംഗത്വത്താലും മഗ്‌സാസേ പുരസ്‌കാരത്താലും ആദരിക്കപ്പെട്ടിട്ടുണ്ട്. പ്രമുഖ ഗാന്ധിയനും സബര്‍മതി ആശ്രമസംരക്ഷണ-സ്മാരക ട്രസ്റ്റ് ബോര്‍ഡംഗവുമായിരുന്ന ഇള സ്ത്രീകള്‍ക്കായി രൂപവത്കരിച്ച സ്വയംസഹായ സംഘങ്ങളുടെയും സൂക്ഷ്മ ധനസഹായ സംവിധാനങ്ങളുടെയും മാതൃക ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മാത്രമല്ല വിദേശങ്ങളിലും അനുകരിക്കപ്പെട്ടു. ആക്രി പെറുക്കിയും തയ്ച്ചും തെരുവുകച്ചവടം നടത്തിയും ചിത്രത്തുന്നല്‍ ചെയ്തും ഉപ്പുണ്ടാക്കിയും മരപ്പശക്കായ് ശേഖരിച്ചും ജീവിച്ച
അനേകം സ്ത്രീകളെ സംഘടിപ്പിച്ചു സഹകരിപ്പിച്ചു ശാക്തീകരിച്ചതിന്റെ വിവരങ്ങള്‍ ഇളാഭട്ട് എഴുതിയിട്ടുണ്ട്. അതാണു ‘ദരിദ്രരെങ്കിലും അനേകരുണ്ടു നാം.’ ആ പുസ്തകത്തിലൂടെ…

‘ദരിദ്രരെങ്കിലും അനേകരുണ്ടു നാം’ (ണല അൃല ജീീൃ ആൗ േടീ ങമി്യ) – സഹകരണപ്രസ്ഥാനത്തിലൂടെ സ്ത്രീശാക്തീകരണത്തിന്റെ മകുടോദാഹരണമായി മാറിയ ഇള ആര്‍. ഭട്ടിന്റെ പുസ്തകം. ‘ഇന്ത്യയിലെ സ്വയംതൊഴില്‍ കണ്ടെത്തിയ സ്ത്രീകളുടെ കഥ’ (ഠവല ടീേൃ്യ ീള ടലഹളഋാുഹീ്യലറ ണീാലി ശി കിറശമ) എന്ന ഉപശീര്‍ഷകംകൂടി ഇതിനുണ്ട്. സ്വയംതൊഴില്‍ കണ്ടെത്തിയ നിരക്ഷരയായ ഒരു ദരിദ്രസ്ത്രീയുടെ ചോദ്യമായിരുന്നു ‘ദരിദ്രരാണെങ്കിലും നമ്മള്‍ ധാരാളംപേരുണ്ടല്ലോ’ എന്നത്. ഇളയ്ക്കു പോലും ആത്മവിശ്വാസക്കുറവു തോന്നിയപ്പോള്‍ ഉയര്‍ന്ന ആ ചോദ്യത്തിന്റെ അനന്തരഫലമാണു ‘സേവ’ സഹകരണ ബാങ്ക്. അക്കഥ ഗ്രന്ഥകാരി ഈ പുസ്തകത്തില്‍ പറയുന്നുണ്ട്.

സ്വയംതൊഴില്‍ കണ്ടെത്തിയ പാവപ്പെട്ട സ്ത്രീകളുടെ ജീവിതങ്ങളും പോരാട്ടങ്ങളും എഴുതുമ്പോള്‍ താന്‍ സന്ദിഗ്ധയായിരുന്നുവെന്ന് ഇളാഭട്ട് ആമുഖത്തില്‍ കുറിക്കുന്നു. അവരെക്കുറിച്ചു താന്‍ എഴുതുന്നത് അവര്‍ വായിക്കില്ലെന്നതാണ് ഇളയെ സന്ദേഹിയാക്കിയത്. തന്റെ സാമൂഹിക-സാമ്പത്തികപശ്ചാത്തലവും തന്റെ വീക്ഷണത്തെ പരിമിതപ്പെടുത്തുമല്ലോ? താന്‍ ആരെക്കുറിച്ചാണോ എഴുതുന്നത് അവര്‍ക്കായി സംസാരിക്കാന്‍ തനിക്കു കഴിയുമെന്ന അവകാശവാദം തനിക്കില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. തനിക്കു തന്നെക്കുറിച്ചു മാത്രമേ സംസാരിക്കാനാവൂ.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് 2006 ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണിത്. ആമുഖത്തിനു പുറമെ പത്ത് അധ്യായമുണ്ട്. സ്വയംതൊഴില്‍
കണ്ടെത്തിയ സ്ത്രീകളുടെ ട്രേഡ് യൂണിയന്‍ സംഘടിപ്പിക്കുന്നതിലേക്കു നയിച്ച കാര്യങ്ങള്‍ ഈ പുസ്തകത്തിലുണ്ട്്; ഒപ്പം സംഘടനയുടെ അടിസ്ഥാനദര്‍ശനവും പോരാട്ടങ്ങളും. സാമ്പത്തികവികസനത്തില്‍ ട്രേഡ് സഹകരണസംഘങ്ങള്‍ വഹിക്കുന്ന പങ്കും സമ്പദ്‌വ്യവസ്ഥ സ്ത്രീകളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും അവര്‍ വിവരിക്കുന്നു.

ആമുഖത്തില്‍ ഇള പറയുന്നു: ”നഗരദരിദ്രര്‍ക്കിടയിലാണു ‘സേവ’ പിറന്നത്. അവിടെയാണു ഞാന്‍ തുടങ്ങിയത്; ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളികളോടും (ആക്രി പെറുക്കുന്നവര്‍) തൊഴിലന്തരീക്ഷം നന്നാക്കാനുള്ള അവരുടെ ശ്രമങ്ങളോടുമൊപ്പം. അവരെക്കുറിച്ചുള്ള വിവരണത്തിനുശേഷം വീടുകള്‍ കേന്ദ്രീകരിച്ചു പണിയെടുക്കുന്ന തൊഴിലാളികളുടെ (പഴന്തുണികള്‍ തയ്ച്ചു പാവകളാക്കുകയോ ചെറുകിടയും വന്‍കിടയുമായ വ്യാപാരികള്‍ക്കായി പീസ്‌റേറ്റ് തയ്യല്‍ജോലി ചെയ്യുന്നവരോ ആയ സ്ത്രീകള്‍) കഥയാണ്. യൂണിയന്‍ സംഘാടനത്തിന്റെ കഥയാണിതെങ്കിലും, തൊഴിലാളികളെന്ന നിലയില്‍ ഒരു സ്വത്വം കെട്ടിപ്പടുക്കാനുള്ള സ്ത്രീകളുടെ പോരാട്ടം കൂടിയാണിത്.”

ഗുജറാത്തിലെ കഥയാണിതെങ്കിലും വീടുകള്‍ കേന്ദ്രീകരിച്ചു തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ ലോകവ്യാപക പ്രശ്‌നമാണിതെന്ന് അവര്‍ വ്യക്തമാക്കുന്നു. ഇതുപോലെ ദുരിതത്തിലാണു തെരുവുകച്ചവടക്കാരും. അവരുടെ വായ്പാആവശ്യങ്ങള്‍ നിറവേറ്റാനാണു ‘സേവ’ നഗരദരിദ്രര്‍ക്കു സൂക്ഷ്മതലവായ്പകള്‍ നല്‍കിത്തുടങ്ങിയത്. തുടര്‍ന്നു മെഡിക്കല്‍ സേവനങ്ങളിലേക്കും ലൈഫ് ഇന്‍ഷുറന്‍സിലേക്കും കടന്നു. പിന്നെ ഈ നഗരദരിദ്രര്‍ വരുന്ന ഗ്രാമങ്ങളിലേക്കു തിരിഞ്ഞു. ഇള പറയുന്നു: ”തങ്ങളുടെ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച് ശക്തവും സചേതനവുമായ സംഘടനകള്‍ കെട്ടിപ്പടുക്കാനും സ്വാനുഭവങ്ങളില്‍നിന്നു ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്താനും ആ പ്രക്രിയയില്‍ നമ്മുടെ സമൂഹത്തെയും പരിസ്ഥിതിയെയും ആരോഗ്യകരവും ആദരണീയവും അക്രമരഹിതവും സുസ്ഥിരവുമായവിധം മാറ്റാനും സ്ത്രീകള്‍ക്കു കഴിയുമെന്നതിനു മതിയായ തെളിവുണ്ട്.”

ഭര്‍ത്താവിന്റെ
പ്രോത്സാഹനം

1949 ല്‍ യൂത്തുകോണ്‍ഗ്രസ് നേതാവായിരുന്ന ഭര്‍ത്താവ് രമേഷ് ഭട്ടാണ് ഇളയെ പൊതുരംഗത്തേക്ക് ആകര്‍ഷിച്ചത്. അവരുടേതു പ്രണയവിവാഹമായിരുന്നു. ഇളയുടെ വീടിനടുത്തു സൂറത്തിലെ മൈനഫലിയ എന്ന ചേരിയില്‍ ദരിദ്രര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച രമേഷ് ഭട്ട് ഇളയെ അവിടെ പ്രവര്‍ത്തനത്തിനു നിയോഗിച്ചു. അതേപ്പറ്റി ഇള എഴുതുന്നു: ”എന്റെ പുറന്തോടില്‍നിന്നു പുറത്തുകടക്കാനുള്ള കഴിവില്ലായ്മയില്‍ വിഷമിച്ച് ഞാന്‍ തളര്‍ന്നു നിഷ്‌ക്രിയയായി. മറുപാതിമനുഷ്യര്‍ എങ്ങനെ കഴിയുന്നു എന്ന തിരിച്ചറിവ് ഒരു വിമോചനാനുഭവമായിരുന്നു. അത് എന്നെ ആഴത്തില്‍ സ്വാധീനിച്ചു.”

ഭര്‍ത്താവാണു പൊതുപ്രവര്‍ത്തനത്തിലേക്ക് ആനയിച്ചതെങ്കിലും പിന്നീട് അദ്ദേഹം സഹായവും പ്രോത്സാഹനവുമായി പിന്നില്‍ നിന്നതേയുള്ളൂ. അദ്ദേഹം തികഞ്ഞ സ്വകാര്യത കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നുവെന്ന് ഇള. ഇളയുടെ ഏറ്റവും നല്ല സുഹൃത്ത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ സേവനങ്ങളെ ഇള വിലയിരുത്തുന്നതിങ്ങനെ: ”വളരെ പഴയ പ്രശ്‌നങ്ങള്‍ക്കും പുത്തന്‍ പരിഹാരങ്ങളുമായി മുന്നോട്ടുവരുന്നതില്‍ അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളുടെയും വിശകലനങ്ങളുടെയും സഹായം എനിക്കു നിര്‍ണായകമായിരുന്നു. അദ്ദേഹത്തിന്റെ സമീപനം എന്നെക്കാള്‍ വിട്ടുവീഴ്ചയില്ലാത്തതായിരുന്നു. അഭിപ്രായവ്യത്യാസമുള്ളപ്പോള്‍പ്പോലും രമേഷ് ഒാരോ ചുവടിലും എന്നെ പിന്തുണച്ചു. ആ ഉദാരചൈതന്യം ആത്മവിശ്വാസം നേടാനും എന്റെ സ്വത്വത്തില്‍ വിശ്വസിക്കാനും എന്നെ സഹായിച്ചു.”

 

1955 ല്‍ നിയമബിരുദമെടുത്തപ്പോള്‍ ടെക്‌സ്‌റ്റൈല്‍ ലേബര്‍ അസോസിയേഷന്റെ (ടി.എല്‍.എ) നിയമവിഭാഗത്തില്‍ ഇള ജൂനിയര്‍ അഭിഭാഷകയായി. 1920 ല്‍ മഹാത്മാഗാന്ധിയും അനസൂയാബെന്‍ സാരാഭായിയും ചേര്‍ന്നു സ്ഥാപിച്ച ട്രേഡ് യൂണിയനാണത്. അന്നു വനിതാഅഭിഭാഷകര്‍ കുറവാണ്. ഇളയുംകൂടി സഹായിച്ചാണു യൂണിയന്‍ ഓഫീസില്‍ ഗ്രാറ്റുവിറ്റി ബില്‍ തയാറാക്കിയത്. ഇതു പിന്നീട് പാര്‍ലമെന്റ് പാസ്സാക്കി. രമേഷുമായുള്ള പ്രണയം ഇളയുടെ മാതാപിതാക്കള്‍ ഒടുവില്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് 1956 ഏപ്രിലിലാണ് അവര്‍ വിവാഹിതരായത്.

ഗാന്ധിജിയുടെ
സ്വാധീനം

ഗാന്ധിജി ഇളയെ ഏറെ സ്വാധീനിച്ചു: ”അധ്വാനത്തെയും സാമ്പത്തികശാസ്ത്രത്തെയുംപറ്റിയുളള ഗാന്ധിജിയുടെ ആശയങ്ങള്‍ എന്റെ യുവമനസ്സിനെ ആഴത്തില്‍ സ്വാധീനിച്ചു. സങ്കീര്‍ണത കൂട്ടുന്നതു പുരോഗതിയെ സഹായിക്കില്ലെന്ന ആശയം, അക്രമരാഹിത്യത്തെക്കുറിച്ചുള്ള ആശയം, ഏതുതരം അക്രമവും സുസ്ഥിരസമാധാനത്തിലേക്കോ പുനരുദ്ധാരണത്തിലേക്കോ നയിക്കില്ലെന്ന ആശയം, അന്തസ്സിനെപ്പറ്റിയും തൊഴിലിന്റെ വിശുദ്ധിയെപ്പറ്റിയുമുള്ള ആശയം, മാനുഷികമൂല്യങ്ങളുടെ പ്രാധാന്യത്തെപ്പറ്റിയുള്ള ആശയം, മനുഷ്യന്റെ മാനുഷികതയില്‍ വിട്ടുവീഴ്ച ചെയ്യുന്നതൊന്നും സ്വീകാര്യമല്ലെന്ന ആശയം, ദാരിദ്ര്യം തെറ്റാണെന്നും കാരണം അത് അക്രമവും മനുഷ്യാധ്വാനത്തെ ആദരിക്കാത്തതും പുരുഷന്റെ അല്ലെങ്കില്‍ സ്ത്രീയുടെ മാനുഷികതയെ ഇല്ലാതാക്കുന്നതും അവരുടെ സ്വാതന്ത്ര്യം എടുത്തുകളയുന്നതുമാണെന്ന ആശയം. ലാളിത്യത്തിന് അദ്ദേഹം നല്‍കിയ പ്രാധാന്യത്തിലും ഞാന്‍ ആകൃഷ്ടയായി.”

1968 ല്‍ രണ്ടു തുണിമില്ലുകള്‍ പൂട്ടിയപ്പോള്‍ ആയിരങ്ങള്‍ക്കു തൊഴിലില്ലാതായി. തുണിവ്യവസായം തകരുകയാണെന്ന് ഇളയ്ക്കു മനസ്സിലായി. ഇതു ബാധിച്ച കുടുംബങ്ങളെപ്പറ്റി സര്‍വേ നടത്താന്‍ ഇള നിയുക്തയായി. ഇതിനു വീടുകളില്‍ ചെന്നപ്പോള്‍ കുടുംബം പോറ്റേണ്ട ഭാരം സ്ത്രീകകള്‍ക്കായിരിക്കുകയാണെന്നു മനസ്സിലാക്കി. പുരുഷന്‍മാര്‍ മില്‍ തുറപ്പിക്കാന്‍ സമരത്തിനു പോയി. തെരുവില്‍ പഴങ്ങളും പച്ചക്കറികളും വിറ്റും പീസ് റേറ്റില്‍ തയ്യല്‍വേല ചെയ്തും മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ കൂലിപ്പണിയെടുത്തും സ്ത്രീകള്‍ കുടുംബം പോറ്റി. അവരെ സഹായിക്കാന്‍ കുട്ടികള്‍ വിദ്യാഭ്യാസം വിട്ടു. സ്ത്രീകളുടെ ജോലിക്കു തൊഴില്‍നിയമപരിരക്ഷ ഇല്ലായിരുന്നു. തൊഴില്‍നിയമങ്ങളില്‍ ആ ജോലികള്‍ക്കു നിര്‍വചനമില്ല. ഇളയുടെ നിയമപരിജ്ഞാനം അവിടെ നിഷ്പ്രയോജനമായിരുന്നു. അപ്പോഴാണ് അസംഘടിതമേഖല എത്ര വലുതാണെന്നു മനസ്സിലായത്. സ്ത്രീകള്‍ക്കു തയ്യല്‍പരിശീലനം നല്‍കുന്നതിനപ്പുറം ടി.എല്‍.എ. കാര്യമായൊന്നും ചെയ്തില്ല.

സഹകരണ
രംഗത്തേക്ക്

1968 ല്‍ അഹമ്മദാബാദില്‍ ഐ.എന്‍.ടി.യു.സി. സമ്മേളനത്തിന് ആതിഥ്യം വഹിച്ചതു ടി.എല്‍.എ.യാണ്. ഇള ഐ.എന്‍.ടി.യു.സി.യുടെ വനിതാവിഭാഗത്തിന്റെ പ്രഥമകണ്‍വീനറായി. തൊഴിലാളിസഹകരണ പ്രസ്ഥാനങ്ങളെക്കുറിച്ചു പഠിക്കാന്‍ അവരെ സംഘടന ഇസ്രയേലില്‍ അയച്ചു. അതാണ് ഇളയെ സഹകരണപ്രസ്ഥാനത്തിലേക്കു തിരിച്ചുവിട്ടത്്. ആ കാലം അവര്‍ വിവരിക്കുന്നു: ”1969 ല്‍ ഞാന്‍ ടെല്‍ അവീവിലെത്തി. ജനങ്ങളെ ഏകോപിപ്പിക്കുന്നതിലും തൊഴിലാളിയൂണിയനുകളിലൂടെയും സഹകരണസ്ഥാപനങ്ങളിലൂടെയും രാഷ്ട്രത്തിന്റെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിലൂം മുഴുകിയിരിക്കുകയായിരുന്നു ഇസ്രയേല്‍. മരുപ്രദേശങ്ങള്‍ വികസിപ്പിക്കാന്‍ വലിയ ഊര്‍ജമാണ് ആ രാഷ്ട്രം ചെലവഴിച്ചത്. മരുഭൂമിയിലെ ഒരു കിബ്ബുട്‌സില്‍ ( സമൂഹക്ഷേമത്തിനായി നൂറുകണക്കിനാളുകള്‍ ഒരുമിച്ചു ജോലി ചെയ്യുന്ന രീതിയാണിവിടെ. കിബ്ബുട്‌സ് എന്നാല്‍ സംഘം എന്നര്‍ഥം ) ജോലി ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. അതെല്ലാം എന്നെ ആവേശം കൊള്ളിച്ചു. യൂണിയനുകള്‍ക്കും സഹകരണസ്ഥാപനങ്ങള്‍ക്കും ഇത്ര നന്നായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ആശയമാണ് എന്നെ ഏറ്റവും ഉത്സുകയാക്കിയത്.”

മടങ്ങിയെത്തിയ ഇള വീടുകളിലിരുന്നു ജോലി ചെയ്തിരുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സംഘടിതതൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്കും ലഭിക്കാന്‍ അവര്‍ക്കൊരു യൂണിയനുണ്ടാക്കാന്‍ ഇള തീരുമാനിച്ചു. ടി.എല്‍.എ. നേതാക്കള്‍ പിന്തുണച്ചു. 1972 ഏപ്രിലില്‍ ‘സേവ’ (ടലഹള ഋാുഹീ്യലറ ണീാലി’ െഅീൈരശമശേീി ടഋണഅ) സ്ഥാപിച്ചു. മഹാരാഷ്ട്രയിലെ ദരിദ്രജില്ലയായ ഖണ്ഡേശില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളി സൂപയായിരുന്നു ഇളയുടെ സഹായി. വഴിയോരത്തായിരുന്നു സൂപയുടെ അന്തിയുറക്കം. പകല്‍ അവര്‍ തുണിക്കെട്ടുകള്‍ തലച്ചുമടായി മൊത്തവില്‍പ്പനക്കാരില്‍നിന്നു ചില്ലറവില്‍പ്പനക്കാരിലേക്കും സംഭരണശാലകളിലേക്കും എത്തിച്ചു. കൂലി പകുതിയും അവരെ അവിടെ കൊണ്ടുവന്ന കരാറുകാരനു കൊടുക്കണമായിരുന്നു. ഇങ്ങനെ പണിയെടുക്കുന്ന നൂറിലേറെ സ്ത്രീത്തൊഴിലാളികളുണ്ടായിരുന്നു.

 

ഒരു ദിവസം ടി.എല്‍.എ. ഓഫീസിലെ ടെലിഫോണ്‍ ഓപ്പറേറ്റര്‍ തന്റെ സഹോദരഭാര്യ ചന്ദ പാപ്പുവിനെ ഇളയ്ക്കു പരിചയപ്പെടുത്തി. ചന്ദാ ബെന്‍ എന്നു വിളിക്കും. സ്റ്റീല്‍പാത്രങ്ങളും പ്ലാസ്റ്റിക്‌സാമഗ്രികളും തലച്ചുമടായി സമ്പന്നവീടുകളില്‍ കൊണ്ടുപോയിക്കൊടുത്ത് പകരം അവിടങ്ങളില്‍നിന്ന് ഉപയോഗിച്ച വസ്ത്രങ്ങള്‍ വാങ്ങി വെട്ടിത്തയ്ച്ച് വിവിധതരം വസ്ത്രങ്ങളുണ്ടാക്കി വിറ്റാണ് അവര്‍ ജീവിച്ചിരുന്നത്. വള പണയം വച്ചാണ് അവര്‍ സ്റ്റീല്‍പാത്രങ്ങള്‍ വാങ്ങാന്‍ പണമുണ്ടാക്കിയത്. ഏഴംഗ കുടുംബത്തില്‍ രണ്ടു തയ്യല്‍മെഷീനുണ്ടായിരുന്നു. ജോലിത്തിരക്കുമൂലം ഭക്ഷണം പാകം ചെയ്യാന്‍പോലും സമയമില്ലായിരുന്നു. ചന്തയില്‍നിന്നു ഭക്ഷണം വാങ്ങിക്കഴിക്കുകയായിരുന്നു പതിവ്. ചന്തയിലെ വില്‍പ്പനക്കാരേറെയും സ്ത്രീകളായിരുന്നു. പൂരി മാര്‍ക്കറ്റിലായിരുന്നു ഈ പ്രവര്‍ത്തനമത്രയും. ചന്ദ ബെന്‍ ഞായറാഴ്ചകളില്‍ ഇളയെ മറ്റു സ്ത്രീകളുടെ അടുത്തു കൊണ്ടുപോയി. മരപ്പണിക്കാരും പാട്ടപ്പണിക്കാരും പാവയുണ്ടാക്കുന്നവരും ചന്ദനത്തിരിയുണ്ടാക്കുന്നവരും പെയിന്റ് പണിക്കാരും ബീഡിതെറുപ്പുകാരും പ്രതിമാനിര്‍മാതാക്കളും ഒക്കെയുണ്ടായിരുന്നു അവരില്‍. എല്ലാവരും കടത്തിലായിരുന്നു. 10 മുതല്‍ 20 വരെ ശതമാനം പലിശയ്ക്കു കടമെടുത്താണു തൊഴില്‍സാധനങ്ങള്‍ വാങ്ങിയിരുന്നത്. പ്രാദേശിക ബാങ്കുകളില്‍നിന്നു വായ്പയ്ക്ക് ഇള ശ്രമിച്ചു. ചന്ദ ബെന്നും സൂപയും പച്ചക്കറി വില്‍പ്പനക്കാരി ലക്ഷ്മി ടീറ്റയും ഇളയുടെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകരായി. നേതൃഗുണമുള്ളവരായിരുന്നു അവര്‍. ചന്ദബെന്‍ നന്നായി പ്രസംഗിക്കുമായിരുന്നു. പില്‍ക്കാലത്തു നിരവധി ആഗോളസമ്മേളനങ്ങളില്‍ അവര്‍ ‘സേവ’ യെയും ഇന്ത്യയിലെ സ്വയംതൊഴില്‍ കണ്ടെത്തിയ സ്ത്രീകളെയും പ്രതിനിധാനം ചെയ്തു. കെയ്‌റോയില്‍ ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാസമ്മേളനത്തില്‍ ‘സേവാ’ പ്രതിനിധിയായ അവര്‍ വാഷിങ്ടണില്‍ നടന്ന സൂക്ഷ്മവായ്പാ ഉച്ചകോടിയില്‍ പാനലിസ്റ്റായിരുന്നു. ന്യൂഡല്‍ഹിയില്‍ സ്ത്രീകളുടെ ലോകബാങ്കിങ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 2003ല്‍ അന്തരിച്ചു. ഇള പുസ്തകം എഴുതുന്ന കാലത്തു ലക്ഷ്മി ടീറ്റ കടുത്ത ആസ്മാരോഗിയായിരുന്നു.

1974 ല്‍ ഒാക്‌സ്ഫഡില്‍ പഠിച്ച ധനശാസ്ത്രജ്ഞ ദേവകി ജെയിന്‍ ഇവരോടൊപ്പം കൂടി. സ്ത്രീകളുടെ ചന്തകളും വീടുകളും കണ്ട അവര്‍ സ്തബ്ധയായി. അതു പാടേ വ്യത്യസ്തമായ ഒരു സാമ്പത്തികലോകമായിരുന്നു. ദേവകിയും ഭര്‍ത്താവ് എല്‍.സി. ജെയിനുമാണ് ഇളയ്ക്കു ടി.എല്‍.എ.യ്ക്കു പുറത്തു കിട്ടിയ സഹയാത്രികര്‍. തുണിവ്യവസായവിദഗ്ധയായ സാമൂഹികശാസ്ത്രജ്ഞ ഡോ. കമല ചൗധരിയെ ഡല്‍ഹിയില്‍ പരിചയപ്പെട്ടു. വിപുലമായ തോതില്‍ ദരിദ്രസ്ത്രീകളിലേക്കെത്തിയാല്‍ ‘സേവ’യ്ക്കു വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്നു കമലയാണ് ഇളയെ ബോധ്യപ്പെടുത്തിയത്.

സ്ത്രീപക്ഷബോധം
വളരുന്നു

1975 ല്‍ മെക്‌സിക്കോ നഗരത്തില്‍ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനത്തില്‍ ഇന്ത്യയിലെ സര്‍ക്കാരിതര സന്നദ്ധസംഘടനാ പ്രതിനിധിസംഘത്തിന്റെ ഭാഗമായി ഇള പങ്കെടുത്തു. അപ്പോഴാണു മറ്റു രാജ്യങ്ങളിലെ വനിതാപ്രശ്‌നങ്ങളും പ്രവര്‍ത്തനങ്ങളും മനസ്സിലാക്കിയത്. ബോളീവിയയിലെ ഖനിത്തൊഴിലാളിപ്രശ്‌നവും മലേഷ്യയിലെ തോട്ടംതൊഴിലാളിപ്രശ്‌നവും ആഫ്രിക്കന്‍രാജ്യങ്ങളിലെ സ്ത്രീകളുടെ ജനനേന്ദ്രിയഛേദം പോലുള്ള പ്രശ്‌നങ്ങളും. പാശ്ചാത്യരാജ്യങ്ങളില്‍പ്പോലും സ്ത്രീകള്‍ ദാരിദ്ര്യം അനുഭവിക്കുന്നത് അവര്‍ മനസ്സിലാക്കി. അമേരിക്കയുടെ ചരിത്രത്തില്‍ കറുത്തവര്‍ഗക്കാരായ സ്ത്രീകള്‍ ശബ്ദമുയര്‍ത്തിയ സംഭവങ്ങള്‍ക്കു സ്ഥാനമില്ലെന്ന് അറിഞ്ഞു. യു.കെ.യില്‍ വീട്ടമ്മമാര്‍ തങ്ങളുടെ വീടുകളില്‍ ചെയ്യുന്ന ജോലിക്കു വേതനം ആവശ്യപ്പെടുന്നതറിഞ്ഞ് അദ്ഭുതപ്പെട്ടു. ഇതൊക്കെ ഇളയില്‍ സ്ത്രീപക്ഷബോധം വളര്‍ത്തി.

 

‘സേവാ’ ബാങ്കിന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ ഇളയും ഘാനയിലെ ബിസിനസുകാരിയായ എസ്തര്‍ ഒക്ലൂവും വാള്‍സ്ട്രീറ്റ് ബാങ്കറായ മൈക്കേല വാല്‍ഷും ചേര്‍ന്നു സമ്മേളനത്തിന്റെ ഒടുവിലത്തെ ദിവസം വനിതകളുടെ ലോകബാങ്കിങ് (ണീാലി’ െണീൃഹറ ആമിസശിഴ) എന്ന ആശയം അവതരിപ്പിച്ചു. മൈക്കേലയാണ് അതു യാഥാര്‍ഥ്യമാക്കിയത്. വിമന്‍സ് വേള്‍ഡ് ബാങ്കിങ് ഇന്നു വനിതകളുടെ ലോകബാങ്കിങ്ങില്‍ വലിയ ശക്തിയാണ്. ഹാര്‍വാര്‍ഡ്, യേല്‍ സര്‍വകലാശാലകളില്‍ പഠിച്ച റെനാന ജബ്‌വാല ഒരു വര്‍ഷത്തെ ഗവേഷണത്തിനു ‘സേവ’യിലെത്തി. തുടര്‍ന്ന് അവര്‍ സേവയുടെ അവിഭാജ്യഭാഗമായി.

അതിനിടെ, ‘സേവ’യും ടി.എല്‍.എ.യും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. പ്രത്യേകമായ പ്രവര്‍ത്തനങ്ങള്‍ മൂലം ‘സേവ’ യില്‍ അംഗങ്ങള്‍ വര്‍ധിച്ചു. ടി.എല്‍.എ. തങ്ങളുടെ അനുബന്ധസംഘടനയായാണു ‘സേവ’യെ കണ്ടതെങ്കിലും ‘സേവ’യുടെ അതിവേഗവളര്‍ച്ചയുടെ ഗതി നിയന്ത്രിക്കാന്‍ അതിനു കഴിയാതായി. ‘സേവ’യോടുള്ള ടി.എല്‍.എ.യുടെ സമീപനവും മാറി. ടി.എല്‍.എ.യില്‍ പുതിയ ആശയങ്ങള്‍ക്കു വലിയ സ്ഥാനമില്ലെന്നും അതു പുത്തന്‍വെല്ലുവിളികള്‍ നേരിടാന്‍ അശക്തമാണെന്നും ഇളയ്ക്കു തോന്നി.

1981 ല്‍ മെഡിക്കല്‍ ബിരുദാനന്തരകോഴ്‌സിനു പട്ടികജാതി-വര്‍ഗക്കാര്‍ക്കു രണ്ടു സീറ്റ് സംവരണം ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. സവര്‍ണര്‍ ഇതിനെ എതിര്‍ത്തു. പലേടത്തും സവര്‍ണരും ദളിതരും ഏറ്റുമുട്ടി. ചേരിനിവാസികളായ ദളിതരായിരുന്നു ഇരകളിലേറെയും. പലരും കൊല്ലപ്പെട്ടു. ദളിത്അംഗങ്ങളെ ആക്രമിച്ചതില്‍ ‘സേവ’ പ്രതിഷേധിച്ചു. സ്വയംതൊഴില്‍ കണ്ടെത്തിയവരുടെ വരുമാനം കര്‍ഫ്യൂ മൂലം നിലച്ചു. അവര്‍ പട്ടിണിയായി. ദളിതരോടുള്ള വിവേചനം വ്യാപകമാണെന്നു ‘സേവ’ തിരിച്ചറിഞ്ഞു. പ്രതികൂലകാലാവസ്ഥകള്‍ തരണംചെയ്ത് അവരില്‍നിന്നു മെഡിക്കല്‍ വിദ്യാര്‍ഥികളായി മാറിയവരെ പിന്തുണയ്‌ക്കേണ്ടതാണെന്നു ‘സേവ’ യ്ക്കു തോന്നി. മില്‍ത്തൊഴിലാളികളായ ദളിതര്‍ സമ്മര്‍ദം ചെലുത്തിയിട്ടും രാഷ്ട്രീയലാഭം നോക്കി ടി.എല്‍.എ. നേതാക്കള്‍ വ്യക്തമായ നിലപാടെടുത്തില്ല. സമുദായസൗഹാര്‍ദം ഒരു യൂണിയന്‍പ്രശ്‌നവും സ്ത്രീപ്രശ്‌നവും കൂടിയായി.

ദളിത്‌സംവരണത്തെ
അനുകൂലിക്കുന്നു

ബ്രാഹ്മണസ്ത്രീയായിട്ടും ഇള മെഡിക്കല്‍ ബിരുദാനന്തരകോഴ്‌സിനുള്ള ദളിത്‌സംവരണത്തെ അനുകൂലിച്ചതു സവര്‍ണവിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചു. അവര്‍ വീടിനു കല്ലെറിഞ്ഞു ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. 1981 മെയ് ഒന്നിനു തങ്ങളുടെ ആസ്ഥാനത്തുനിന്നു ‘സേവാ’ ഓഫീസുകള്‍ ഒഴിയണമെന്നു ടി.എല്‍.എ. ആവശ്യപ്പെട്ടു. ഇള ഇതു പ്രതീക്ഷിച്ചില്ല. എന്നാല്‍, ഇത് അനുഗ്രഹമായി കരുതുകയാണു വേണ്ടതെന്നായിരുന്നു ഭര്‍ത്താവ് രമേഷ് ഭട്ടിന്റെ നിലപാട്. ഈ വേര്‍പിരിയല്‍ അനിവാര്യമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ശാന്തമായി ആലോചിച്ചപ്പോള്‍ അതാണു ശരിയെന്ന് ഇളയ്ക്കു മനസ്സിലായി. അമ്പതു വര്‍ഷത്തിനിടെ ടി.എല്‍.എ.യിലെ സ്ത്രീത്തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുകയല്ല, നാലു ശതമാനം കുറയുകയാണു ചെയ്തത്. തുണിമില്ലുകള്‍ ആധുനികീകരിച്ചപ്പോള്‍ സ്ത്രീത്തൊഴിലാളികളെ ഒഴിവാക്കുന്നതിനെ യൂണിയനും അനുകൂലിക്കുകയാണു ചെയ്തത്. സ്ത്രീകള്‍ വീട്ടിലിരുന്നു ജോലിചെയ്യുന്നതാണു നല്ലതെന്നായിരുന്നു ടി.എല്‍.എ. നിലപാട്. ‘സേവ’ വലിയ തോതില്‍ ഉല്‍പ്പാദന സഹകരണ സംഘങ്ങള്‍ രൂപവത്കരിച്ചതും രാഷ്ട്രീയവും മറ്റുമായ പക്ഷപാതങ്ങള്‍ക്കതീതമായി സ്ത്രീകളുടെ ശൃംഖലകള്‍ കെട്ടിപ്പടുത്തതും ടി.എല്‍.എ.യ്ക്ക്ു ദഹിച്ചില്ല. സ്ത്രീകള്‍ക്ക് ആധുനിക സാങ്കേതികവിദ്യ വഴങ്ങുമെന്ന് അവര്‍ വിശ്വസിച്ചില്ല. ദരിദ്രസ്ത്രീകള്‍ക്കു കോടികള്‍ വിറ്റുവരവുണ്ടാക്കുംവിധം കാര്യങ്ങള്‍ മാനേജ് ചെയ്യാനും ആഗോളവിപണിയില്‍ പ്രവേശിക്കാനും കഴിയുമെന്ന് അവര്‍ കരുതിയില്ല.

ടി.എല്‍.എ.യുമായി പിരിയുമ്പോള്‍ ‘സേവ’യ്ക്ക് 4,900 അംഗങ്ങളും ഒരു സഹകരണ ബാങ്കും ഓഫീസ്‌കെട്ടിടവും ഒരു ഗ്രാമീണകേന്ദ്രവും ഒരു വാഹനവും കുറച്ചു ടൈപ്പ്‌റൈറ്ററും ഉണ്ടായിരുന്നു. ബീഡിത്തൊഴിലാളി കമലാ ബെന്നും ഫാക്ടറിയിലെ കരാര്‍ത്തൊഴിലാളി റാമിള ബെന്നും ചിണ്ടിതയ്യല്‍ക്കാരി റഹിമാ ബെന്നുമടക്കം ചെറുപ്പക്കാരായ കുറെ സംഘാടകരെയും ലഭിച്ചു. വിദ്യാസമ്പന്നരായ പ്രൊഫഷണലുകളെ ‘സേവ’യ്ക്ക് ആവശ്യമുണ്ടായിരുന്നു. അപ്പോള്‍ മണാലിയെയും മീനയെയും പോലുള്ള ബിരുദധാരിണികളെ ലഭിച്ചതു സഹായമായി.

1982 ല്‍ ആറായിരമായിരുന്ന ‘സേവ’യുടെ അംഗത്വം 1984 ല്‍ 23,000 ആയി. 2004 ല്‍ ഈ പുസ്തകം ( വി ആര്‍ പുവര്‍ ബട്ട് സോമെനി ) എഴുതുമ്പോള്‍ അംഗസംഖ്യ ഏഴു ലക്ഷമായിരുന്നു. 10 സംസ്ഥാനങ്ങളിലായി ഏഴു ‘സേവ’കള്‍ ഉണ്ട്. സ്വതന്ത്രവും സ്വയംഭരണവുമുള്ള സഹോദരസ്ഥാപനങ്ങളായ ഇവ ഒരുമിച്ചുചേര്‍ന്നു ‘സേവാ ഭാരത്’ എന്ന സംഘടനയുമുണ്ട്.

യൂണിയന്‍ പ്രവര്‍ത്തനവും സഹകരണ സംഘം പ്രവര്‍ത്തനവും ഒരുമിച്ചാണു ‘സേവ’ നടത്തുന്നത്. യൂണിയന്‍ തൊഴില്‍പ്രശ്‌നങ്ങളില്‍ സ്ത്രീകളെ സംഘടിപ്പിക്കുന്നു. തുടര്‍ന്ന് അവര്‍ തൊഴില്‍സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കുന്നു. ഗ്രാമങ്ങളിലെ ഉല്‍പ്പാദകസംഘങ്ങളും സമ്പാദ്യസംഘങ്ങളും അവയുടെ ജില്ലാ അസോസിയേഷനുകളും ഫെഡറേഷനുകളും വിപുലമായ അര്‍ഥത്തില്‍ സഹകരണസ്ഥാപനങ്ങള്‍ തന്നെയെന്ന് ഇള. സഹകരണരംഗത്തെ പ്രവര്‍ത്തനം അവര്‍ ഇങ്ങനെ വിലയിരുത്തുന്നു: ”തൊഴില്‍ സഹകരണസംഘങ്ങള്‍ സ്ത്രീകള്‍ക്കു കൂടുതല്‍ വിലപേശല്‍ശേഷിയും വായ്പാപ്രാപ്യതയും പരിശീലനവും വിപണികളും ലഭ്യമാക്കുകയും ആസ്തികള്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഗ്രാമീണവും നാഗരികവുമായി ‘സേവ’യ്ക്കു തൊണ്ണൂറോളം വ്യത്യസ്ത സഹകരണസംഘങ്ങളുണ്ട്. ചിലത് ഉല്‍പ്പന്നങ്ങള്‍ കേന്ദ്രീകരിച്ചുള്ളവയാണ്. മറ്റുള്ളവ സേവനങ്ങള്‍ കേന്ദ്രീകരിച്ചും. തെരുവുകച്ചവടക്കാരുടെ സഹകരണസംഘങ്ങളും വയറ്റാട്ടികളുടെ സഹകരണസംഘങ്ങളും ആക്രികള്‍ ശേഖരിക്കുന്നവരുടെ സഹകരണസംഘങ്ങളും നെയ്ത്തുകാരുടെ സഹകരണസംഘങ്ങളുമുണ്ട്.”

യഥാര്‍ഥ
നിരക്ഷരര്‍

അംഗങ്ങള്‍ നിരക്ഷരരാണെന്നു പറഞ്ഞു ‘സേവാ’ ബാങ്കിനു സഹകരണ രജിസ്ട്രാര്‍ രജിസ്‌ട്രേഷന്‍ കൊടുത്തില്ല. അവരുടെ സക്രിയസാമ്പത്തികോല്‍പ്പാദനക്ഷമതയ്ക്കല്ല അക്ഷരാഭ്യാസമില്ലായ്മയ്ക്കാണു രജിസ്ട്രാര്‍ പ്രാധാന്യം കല്‍പിച്ചതെന്ന് ഇള പറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും മേശയുടെ അപ്പുറമിരിക്കുന്നവരാണു യഥാര്‍ഥനിരക്ഷരര്‍ എന്നു തനിക്കു തോന്നിയിട്ടുണ്ടെന്നും അവര്‍ പരിഹസിക്കുന്നു. തൊഴിലാളിസഹകരണസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും ബുദ്ധിമുട്ടി. ആക്രി പെറുക്കുന്നവരുടെ സംഘത്തിനുള്ള അപേക്ഷയ്ക്ക് അവര്‍ ഉല്‍പ്പാദനം നടത്തുന്നില്ലെന്നായിരുന്നു തടസ്സവാദം. വയറ്റാട്ടികളുടെ സഹകരണസംഘത്തോടു ചോദിച്ചത് പ്രസവസഹായം എങ്ങനെ സാമ്പത്തികപ്രവര്‍ത്തനമാകുമെന്നാണ്. പച്ചക്കറിക്കച്ചവടക്കാരും പച്ചക്കറിക്കൃഷിക്കാരും സംയുക്ത സഹകരണസംഘത്തിനു ശ്രമിച്ചപ്പോള്‍ വെവ്വേറെ വിഭാഗങ്ങളില്‍പ്പെടുന്നവരായതിനാല്‍ അവര്‍ക്കു തമ്മില്‍ സഹകരിക്കാനാവില്ലെന്നായിരുന്നു മറുപടി.

ഒരു തൊഴില്‍കൊണ്ടുമാത്രം കുടുംബം പുലര്‍ത്താനാകാതിരുന്നതിനാല്‍ ‘സേവാ’ അംഗങ്ങളില്‍ 80 ശതമാനവും പല ജോലിയും ഒരുമിച്ചു ചെയ്തിരുന്നു. അതിനാല്‍ ഇവരെ ഏതു വിഭാഗത്തില്‍പ്പെടുത്തുമെന്നതു പ്രശ്‌നമായി. ഒരേ സ്ത്രീതന്നെ തന്റെ തുണ്ടുഭൂമിയില്‍ കൃഷി ചെയ്യുകയും മറ്റു ഭൂമികളില്‍ കൃഷിപ്പണിക്കു പോവുകയും കൃഷിക്കാലം കഴിയുമ്പോള്‍ വനവിഭവങ്ങള്‍ ശേഖരിക്കുകയും തയ്യല്‍പ്പണി ചെയ്യുകയും ഒക്കെ ചെയ്യുമല്ലോ? അവരെ കര്‍ഷകയായി കണക്കാക്കണോ കര്‍ഷകത്തൊഴിലാളിയായി കണക്കാക്കണോ പീസ്‌റേറ്റ് തുന്നല്‍ത്തൊഴിലാളിയായി കണക്കാക്കണോ എന്നതായി അധികൃതരുടെ പ്രശ്‌നം. അതുകൊണ്ട് അവര്‍ക്കു സാമ്പത്തികസഹായങ്ങളും തൊഴില്‍വൈദഗ്ധ്യം മെച്ചപ്പെടുത്താനുള്ള പരിശീലനങ്ങളും നിഷേധിക്കപ്പെട്ടു. കൃത്യമായി നിര്‍വചിക്കാവുന്ന ഒരു വിഭാഗത്തിലുംപെടാത്തതിനാല്‍ അവര്‍ക്കു സ്വത്വമില്ലാതായി. ട്രേഡ് യൂണിയന്‍ രജിസ്ട്രാര്‍ അവരെ തൊഴിലാളികളായി കണക്കാക്കാത്തതിനാല്‍ ട്രേഡ് യൂണിയനായി രജിസ്റ്റര്‍ ചെയ്യാനായില്ല. തൊഴിലുടമയില്ലാത്തതിനാല്‍ തൊഴിലാളിയായി കണക്കാക്കാനാവില്ല. തൊഴിലാളിയല്ലാത്തതിനാല്‍ യൂണിയനുണ്ടാക്കാനും പറ്റില്ല. ഒരു ദേശീയ തൊഴിലാളിയൂണിയനായി അംഗീകരിക്കപ്പെടാനുള്ള ശ്രമങ്ങള്‍ പുസ്തകമെഴുതുന്ന കാലത്തും ഇള തുടരുകയായിരുന്നു. ഗൃഹാധിഷ്ഠിതതൊഴിലാളികളുടെ എണ്ണം വളരെ കൂടിയപ്പോഴാണ് അന്താരാഷ്ട്ര തൊഴിലാളിസംഘടന പോലും അവരെ അംഗീകരിച്ചത്. അന്താരാഷ്ട്ര തൊഴിലാളിസംഘടനകളും അവരെ സംഘടിത തൊഴിലാളിപ്രസ്ഥാനത്തിനു ഭീഷണിയായാണു കണക്കാക്കിയത്. ഇത്തരം പരികല്‍പ്പനാപരമായ തടസ്സങ്ങള്‍ നീക്കലായിരുന്നു ‘സേവ’യുടെ പാതയിലെ ഏറ്റവും വലിയ ബുദ്ധിമുട്ടെന്ന് ഇള.

പുരുഷന്മാരും
അംഗത്വം തേടുന്നു

സ്ത്രീത്തൊഴിലാളികളെപ്പോലെ പ്രശ്‌നങ്ങളുള്ള പുരുഷത്തൊഴിലാളികളും ‘സേവ’ യില്‍ അംഗത്വം ആവശ്യപ്പെട്ടു. ഇള അനുകൂലവുമായിരുന്നു. എന്നാല്‍, പുരുഷന്‍മാരുള്ളതു തങ്ങളുടെ സ്വതന്ത്രപ്രവര്‍ത്തനത്തിനു തടസ്സമാകുമെന്നും അവര്‍ മേധാവിത്വം സ്ഥാപിക്കുമെന്നും പറഞ്ഞു സ്ത്രീകള്‍ അനുവദിച്ചില്ല. തങ്ങളുടെ വരുമാനവും സമ്പാദ്യവും സ്വകാര്യമായിരിക്കാനും അവര്‍ ആഗ്രഹിച്ചു. അതൊക്കെ നന്നായെന്നു പിന്നീട് ഇളയ്ക്കും തോന്നി. സ്ത്രീകള്‍ക്കു പരിചിതമല്ലാത്ത മേഖലകളിലേക്കു കടക്കാനും പുതിയ ചുമതലകള്‍ ഏറ്റെടുക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അതുമൂലം കഴിഞ്ഞു.

‘സേവ’യുടെ പ്രകൃതം ഇള വിവരിക്കുന്നതിങ്ങനെ: ”സേവ നിരന്തരം മാറുകയാണ്. ചില മേഖലയില്‍ അതിന് ആഴത്തില്‍ വേരുണ്ട്. മറ്റിടങ്ങളില്‍ ഞങ്ങളുടെ വ്യാപനം നേര്‍ത്തതാണ്. ഞങ്ങളുടെ അംഗത്വത്തിലെ മാറ്റത്തിനനുസരിച്ചു ഞങ്ങള്‍ നേരിടുന്ന വെല്ലുവിളികളും വ്യത്യസ്തമാണ്. ഓരോ പുതിയ അംഗവും ഓരോ പുതിയ കൂട്ടം പ്രശ്‌നങ്ങളും ഓരോ പുതിയ കൂട്ടം പരിഹാരങ്ങളും ഒരുകൂട്ടം നിറഞ്ഞ പ്രതീക്ഷകളും കൊണ്ടാണു വരുന്നത്.”

വെള്ളപ്പൊക്കവും വരള്‍ച്ചയും വര്‍ഗീയകലാപങ്ങളും ഒരു വന്‍ഭൂകമ്പവും അംഗങ്ങളെ ഏറെ ബാധിച്ചു. പലപ്പോഴും വികസനപ്രവര്‍ത്തനം ദുരിതാശ്വാസപ്രവര്‍ത്തനത്തിനു വഴിമാറി. 1969 ല്‍ തുണിമില്‍ത്തൊഴിലാളികള്‍ക്കിടയിലുണ്ടായ കലാപസ്ഥലത്തു തങ്ങള്‍ എത്തിയപ്പോഴേക്കും നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് ഇള പറയുന്നുണ്ട്. 1990 കളില്‍ ആഗോളീകരണം പാവപ്പെട്ടവരെ ഏറെ ബാധിച്ചു. 1980 കളിലും തൊണ്ണൂറുകളിലും വര്‍ഗീയസംഘര്‍ഷങ്ങള്‍ പതിവായി. 1992 ല്‍ ബാബ്‌റിമസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന് അഹമ്മദാബാദില്‍ രൂക്ഷമായ പ്രതികരണമാണുണ്ടായത്. 1999 ല്‍ പലേടത്തും വര്‍ഗീയസംഘട്ടനമുണ്ടായി. അതെപ്പറ്റി ഇള പറയുന്നതിങ്ങനെ: ”രാജ്യത്തു നടക്കുന്ന കാര്യങ്ങളുടെ സൂക്ഷ്മപ്രതിരൂപമാണു ‘സേവ’. വിദ്വേഷത്തിന്റെ വിഷാന്തരീക്ഷം ഞങ്ങളുടെ അംഗങ്ങളുടെ ഐക്യത്തിനു ഭീഷണിയാണ്. ‘സേവ’ യുടെ ആന്തരശക്തി പരീക്ഷിക്കപ്പെടുകയും മതപരമായ അതിര്‍വരമ്പുകള്‍ക്കതീതമായി പരസ്പരം സഹായിക്കാനും ശക്തി പകരാനും തൊഴിലെടുക്കുന്ന സോദരിമാരെന്ന ആത്മബന്ധത്തെ ആശ്രയിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്. രണ്ടു കൊല്ലത്തിനിടെ രണ്ടു വന്‍ദുരന്തങ്ങള്‍ ആഘാതമേല്‍പ്പിച്ചു. ആദ്യം, 2001 ല്‍ ഞങ്ങളുടെ അറുപതിനായിരത്തോളം അംഗങ്ങളെ ഭവനരഹിതരാക്കിയ കച്ചിലെ വന്‍ഭൂകമ്പവും പിന്നെ 2002 ല്‍ വര്‍ഗീയകലാപവും. ക്രമസമാധാനം പാലിക്കാനുള്ള പ്രാഥമികചുമതലയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ നഗരത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും നഗരത്തിലെ ഞങ്ങളുടെ അംഗങ്ങളില്‍ ഏകദേശം നാല്‍പതിനായിരം പേര്‍ (കുറച്ചു ഹിന്ദുക്കളും ഭൂരിഭാഗം മുസ്ലിങ്ങളും) ഭവനരഹിതരാവുകയും ദുരിതാശ്വാസക്യാമ്പുകളില്‍ ഞെരുങ്ങിക്കഴിയേണ്ടിവരികയും ചെയ്തു.”

‘സേവ’ യുടെ നഗരാംഗങ്ങളില്‍ മൂന്നിലൊന്നും ന്യൂനപക്ഷസമുദായക്കാരാണെന്നും അന്ന് അവരെ ലക്ഷ്യമാക്കി ആസൂത്രിതവും ക്രൂരവുമായ ആക്രമണങ്ങളുണ്ടായെന്നും ഇള കൂട്ടിച്ചേര്‍ക്കുന്നു. അല്‍പദിവസംമുമ്പുവരെ തൊഴിലും മക്കളുടെ വിദ്യാഭ്യാസവുംപോലുള്ള സമാനപ്രശ്‌നങ്ങളില്‍ ആശങ്കകള്‍ പങ്കുവച്ചിരുന്നവര്‍ പരസ്പരം കഴുത്തിനു പിടിച്ചു. എങ്കിലും, ‘സേവ’ യുടെ മുഖ്യ യൂണിയന്‍സംഘാടകയായ റാമിള ബെന്നിന്റെയും ‘സേവ’ സെക്രട്ടറി റഹിമാ ബെന്നിന്റെയും നേതൃത്വത്തില്‍ അംഗങ്ങള്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ധൈര്യമായി ഇറങ്ങി. വലിയ ഭീഷണികള്‍ നേരിട്ടും ദുരിതാശ്വാസക്യാമ്പുകളില്‍ പ്രവര്‍ത്തിച്ചു. സാധാരണനില പുന:സ്ഥാപിക്കാന്‍ എട്ടു മാസത്തോളമെടുത്തു.

പ്രശ്‌നങ്ങള്‍ക്ക്
മതഭേദമില്ല

തൊഴില്‍ വലിയ സമീകരണശക്തിയാണെന്ന് ഇള പറയുന്നു. ഭ്രാന്തുപിടിച്ച അക്രമങ്ങള്‍ കഴിഞ്ഞപ്പോഴും ഉപജീവനമാര്‍ഗത്തിന്റെയും കടംവീട്ടലിന്റെയും പാര്‍പ്പിടമില്ലായ്മയുടെയും പ്രശ്‌നങ്ങള്‍ക്കു മതഭേദമില്ലായിരുന്നു. ഇരുപതിനായിരത്തോളം വീടുകള്‍ പുനര്‍നിര്‍മിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യേണ്ടിവന്നു. വിധവകളെ മാനസികമായും സാമ്പത്തികമായും സഹായിക്കേണ്ടിവന്നു. ”സേവയിലെ ഹിന്ദുസ്ത്രീകളും മുസ്ലിംസ്ത്രീകളും തുടര്‍ന്നും ജോലിചെയ്യുകയും ചിരിക്കുകയും പരസ്പരം പരിചരിക്കുകയും ചെയ്യുന്നു. അതാണു തൊഴിലില്‍ സഹോദരിമാരായിരിക്കുന്നതിന്റെ മന്ത്രശക്തി.” പക്ഷേ, ഇത്തരം മനുഷ്യനിര്‍മിതദുരന്തങ്ങള്‍ തുടര്‍ച്ചയാവുമ്പോള്‍ വികസനത്തിനു പകരം ദുരിതാശ്വാസത്തിനു പ്രഥമപരിഗണന നല്‍കാന്‍ ‘സേവ’ നിര്‍ബന്ധിതമാകുന്നു.

ഗുജറാത്തിലെ ദാരിദ്ര്യത്തിന്റെ വിവരണമാണു പുസ്തകത്തിലെ ആദ്യ അധ്യായം. 1986 ല്‍ ബംഗാളിലെ ബങ്കുറ ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ ഒരു സ്ത്രീ പറഞ്ഞ കാര്യം പറഞ്ഞാണു തുടക്കം. ”എനിക്കു ജോലിയില്ല. പക്ഷേ, കൊല്ലുന്ന ജോലിഭാരമാണു ഞാന്‍ സഹിക്കുന്നത്” -അവര്‍ പറഞ്ഞു. വീട്ടുജോലിയുടെ അമിതഭാരമാണ് അവര്‍ ഉദ്ദേശിച്ചത്. ദാരിദ്ര്യത്തിന്റെയും സ്ത്രീജീവിതത്തിന്റെയും പ്രശ്‌നങ്ങളും അവരുടെ തൊഴില്‍ദുരിതങ്ങളും വിവരിച്ചശേഷം ഇള പറയുന്നു: ”നിര്‍ഭാഗ്യവശാല്‍ ജനനംമുതല്‍ പെണ്‍കുട്ടി വളരുന്നത് ഏതു കാര്യത്തിലും കുറഞ്ഞ വിഹിതത്തിനുള്ള അര്‍ഹതയേ തനിക്കുള്ളൂ എന്ന ധാരണയിലാണ്. ഭക്ഷണമായാലും കളിയായാലും വിദ്യാഭ്യാസമായാലും സഹോദരന്റെതിനെക്കാള്‍ കുറഞ്ഞ പങ്കുകൊണ്ട് അവള്‍ തൃപ്തിപ്പെടണം. കുടുംബത്തിന്റെ തുച്ഛവരുമാനത്തിലും ചെറിയ ആസ്തികളിലും അവള്‍ക്കു പ്രാപ്യതയും കുറവ്. ജീവിതം മുഴുവന്‍ കഠിനജോലിയും ഭാരിച്ച ചുമതലകളും അവള്‍ക്കു പ്രതീക്ഷിക്കാം. അവളുടെ ആത്മവിശ്വാസത്തിലടക്കം നിലനില്‍പ്പിന്റെ സകലവശങ്ങളിലും ദാരിദ്ര്യം പടര്‍ന്നിരിക്കും.”

ആക്രിസാധനങ്ങള്‍ പെറുക്കുന്ന സ്ത്രീകളെക്കുറിച്ചാണു രണ്ടാം അധ്യായം. ആക്രിസാധനങ്ങളുടെ സമ്പദ്‌വ്യവസ്ഥയെപ്പറ്റി അവര്‍ പറയുന്നു: ” 1890 കളുടെ അവസാനംമുതല്‍ അഹമ്മദാബാദിലെ ജനങ്ങളില്‍ മൂന്നില്‍രണ്ടു ഭാഗവും ജോലിചെയ്തിരുന്നതു തുണിവ്യവസായത്തെ കേന്ദ്രീകരിച്ചാണ്. മില്ലുകളില്‍നിന്നു തള്ളുന്ന പാഴ്ത്തുണികളെ കേന്ദ്രീകരിച്ച് ഒരു ഉപസമ്പദ്‌വ്യവസ്ഥതന്നെ വളര്‍ന്നു. ഉപേക്ഷിക്കപ്പെടുന്ന ഈ വെട്ടുകഷണങ്ങളും മില്‍ത്തുണികളുടെ അറ്റങ്ങളും വലിയ കച്ചവടക്കാര്‍ വാങ്ങി, കരാറുകാരുടെ ശൃംഖലവഴി, വീട്ടിലിരുന്ന് അവകൊണ്ടു വസ്ത്രങ്ങളും കോസടികളും തയ്ക്കുന്ന ചേരികളിലെ മുസ്ലിംസ്ത്രീകള്‍ക്ക് അയക്കുന്നു. ഇരുമ്പിന്റെയും മരത്തിന്റെയും അവശിഷ്ടങ്ങളും ഇതുപോലെ ഉപകരാറുകാര്‍ വഴി പാഴ്‌വസ്തുക്കള്‍കൊണ്ടു ബക്കറ്റുകളും അടുക്കളറാക്കുകളും പാചകസ്റ്റൗകളും ചെറുഫര്‍ണിച്ചറുകളും ഉണ്ടാക്കുന്ന മാര്‍വാഡി സ്ത്രീകള്‍ക്കു വില്‍ക്കുന്നു. നഗരദരിദ്രകുടുംബങ്ങളാണ് ഈ പുനരുപയോഗവസ്തുക്കളുടെ പ്രധാന ഉപഭോക്താക്കള്‍. പാഴ്‌വസ്തുക്കളില്‍ ഏറ്റവും മൂല്യംകുറഞ്ഞവ പോകുന്നതു മില്ലുകളും ഫാക്ടറികളും കടകളും അടിച്ചുവാരി തെരുവില്‍ കളയുന്ന വസ്തുക്കളില്‍നിന്നു വില്‍ക്കാവുന്നവ കണ്ടെത്തി പെറുക്കുന്ന ദളിത്‌സ്ത്രീകളിലേക്കാണ്.”

ആക്രി പെറുക്കുന്നവരെ
സംഘടിപ്പിക്കുന്നു

1970 കളുടെ ഒടുവില്‍ ഗുജറാത്ത് സര്‍വകലാശാലാവിദ്യാര്‍ഥിനി അഞ്ജന ദാവെ ഇളയെ കണ്ടു. ആക്രി പെറുക്കുന്നവരുടെ ദുരിതത്തെപ്പറ്റി ഇള അഞ്ജനയോടു പറഞ്ഞു. അവര്‍ക്ക്് ഒരു ക്ഷേമപദ്ധതിയുമില്ല. അഞ്ജന സഹായിക്കാന്‍ തയാറായി. ബിരുദാനന്തരബിരുദപഠനത്തിന്റെ ഭാഗമായി അഞ്ജന അവരെപ്പറ്റി സര്‍വേ നടത്തി. മാസം 200 രൂപയില്‍ താഴെയാണ് അവരുടെ വരുമാനമെന്നും 90 ശതമാനവും ചേരിനിവാസികളാണെന്നും ഒരു കുടുംബത്തില്‍ ശരാശരി ആറു പേരുണ്ടാകുമെന്നും പകുതിക്കുട്ടികളും സ്‌കൂളില്‍ പോകുന്നില്ലെന്നും 18 ശതമാനം കുടുംബങ്ങള്‍ക്കും സ്ത്രീകളുടെ വരുമാനം മാത്രമാണ് ആശ്രയമെന്നും കണ്ടെത്തി. ആസിഡ്കുപ്പികളും വൈദ്യുതിവയറുകളും ആണികളും കുപ്പികളും വൃത്തികെട്ട തുണികളും നിരന്തരം കൈകാര്യം ചെയ്യുന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. ആക്രി പെറുക്കവെ അവയ്ക്കിടയില്‍ കിടന്ന ഒരു പൈപ്പ്‌ബോംബ് പൊട്ടി ഒരു സ്ത്രീയുടെ കൈയറ്റു. പാഴ്‌വസ്തുക്കള്‍ക്കു കിട്ടുന്ന വിലയും തുച്ഛമായിരുന്നു.

അവരെ സംഘടിപ്പിച്ച കഥ ഇള പറയുന്നു: ”1980 ലെ ഒരു വേനല്‍ദിനത്തില്‍ ആക്രി പെറുക്കുന്ന രണ്ടു സ്ത്രീകള്‍ (ഗിര്‍ധാര്‍നഗറിലെ ദഹിബെന്നും റൈഖാദിലെ ചഞ്ചല്‍ ബെന്നും) എന്നെ അവരുടെ കൂട്ടത്തില്‍ കൊണ്ടുപോയി. ഉച്ചക്കുശേഷം, ആക്രികള്‍ തരംതിരിക്കാന്‍ സ്ത്രീകള്‍ വീട്ടിലെത്തിയപ്പോള്‍ ഞങ്ങള്‍ യോഗം നടത്തി. അവര്‍ തുറന്ന മനസ്സുള്ളവരും അദ്ഭുതകരമാംവിധം കാര്യങ്ങള്‍ ഉറക്കെവിളിച്ചുപറയുന്നവരുമായിരുന്നു. അവരുടെ വ്യക്തിപരമായ വിമുഖത മാറ്റത്തെ സ്വാഗതം ചെയ്യാനുള്ള കൂട്ടായ ആകാംക്ഷയ്ക്കു വഴിമാറി. വിവരം അതിവേഗം അവരുടെ സമൂഹത്തില്‍ പരന്നതോടെ ഒരു വര്‍ഷത്തിനകം ‘സേവ’യുടെ അംഗങ്ങളില്‍ നല്ലൊരു ഭാഗമായി ചഞ്ചല്‍ ബെന്നിന്റെ നേതൃത്വത്തിലുള്ള ആക്രിശേഖരണക്കാര്‍ മാറി. അപ്പോഴേക്കും നഗരത്തിന്റെ മറ്റു ഭാഗങ്ങളില്‍ ആക്രി പെറുക്കുന്നവരെ സംഘടിപ്പിക്കാന്‍ മറ്റൊരു സഹപ്രവര്‍ത്തകയുടെ (രഞ്ജന്‍ ബെന്‍ )സഹായവും എനിക്കു കിട്ടി.” അഞ്ജന അവരുടെ യൂണിയന്‍ സംഘടിപ്പിച്ചു. പിന്നീട് അവര്‍ ലേബര്‍ ഓഫീസറായി ജോലി കിട്ടി പോയപ്പോഴും ഉദ്യോഗസ്ഥയെന്ന നിലയില്‍ കാര്യമായി സഹായിച്ചു.

ടി.എല്‍.എ. ബന്ധങ്ങളുപയോഗിച്ചു ഫാക്ടറികളിലെയും ഓഫീസുകളിലെയും പാഴ്‌വസ്തുക്കള്‍ നേരിട്ട് ശേഖരിക്കാനുള്ള അനുവാദം ‘സേവ’ തരപ്പെടുത്തി. പക്ഷേ, ഇത്തരം വസ്തുക്കളുടെ നീക്കത്തില്‍ അവകാശവാദമുന്നയിച്ച് ഫാക്ടറിത്തൊഴിലാളികളുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഒരു അനൗദ്യോഗികശൃംഖല അതു തടസ്സപ്പെടുത്തി. അദൃശ്യമായ സ്ഥാപിതതാല്‍പ്പര്യങ്ങളുടെ ശക്തി അവഗണിക്കാനാവാത്തതാണെന്ന് അത് ഇളയെ ബോധ്യപ്പെടുത്തി. 1980 കളില്‍ മില്ലുകള്‍ പ്രതിസന്ധിയിലായപ്പോള്‍ പാഴ്‌വസ്തുക്കളുടെ ലഭ്യത കുറഞ്ഞു. 1990 ല്‍ 60 മില്ലുകള്‍ പൂട്ടി. ഒന്നേകാല്‍ലക്ഷം പേര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. പുരുഷന്‍മാര്‍ക്കു ജോലി നഷ്ടപ്പെട്ടപ്പോള്‍ കുടുംബം പോറ്റേണ്ട ചുമതല സ്ത്രീകള്‍ക്കായി. പാഴ്‌വസ്തുക്കള്‍ക്കു മെച്ചപ്പെട്ട വില കിട്ടാന്‍ സ്ത്രീകള്‍ ഇടനിലക്കാരെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഇതിനായി ഇടനിലനിന്നു പ്രവര്‍ത്തിക്കുന്ന ഒരു സഹകരണസ്ഥാപനം അവര്‍ രൂപവത്കരിച്ചു. പക്ഷേ, അതില്‍ ക്രമക്കേടു നടക്കുകയും സ്ഥാപനത്തിനു ബാങ്കിലുണ്ടായിരുന്ന പണം അപ്രത്യക്ഷമാവുകയും ഓഹരിയുടമകളുടെ പണം പോവുകയും ചെയ്തു. ഇതു ‘സേവ’യ്ക്കു പാഠമായി. എങ്കിലും, പ്രതീക്ഷ വെടിഞ്ഞില്ല.

പാഴ്‌വസ്തുക്കള്‍ പെറുക്കുന്നവരിലും ജാതി രൂക്ഷമായിരുന്നു. ദളിതരായ അവര്‍ക്കിടയിലും നെയ്ത്തുകാര്‍ക്കിടയില്‍നിന്നു വന്നവര്‍ ചെരുപ്പുകുത്തികളെക്കാള്‍ ഉയര്‍ന്നവരായി തങ്ങളെ കണക്കാക്കി. ഇവര്‍ രണ്ടുകൂട്ടരും ശുചീകരണജോലി ചെയ്യുന്നവരെക്കാള്‍ ഉയര്‍ന്നവരാണു തങ്ങളെന്നു കരുതി. ഈ ഉപജാതികളെ തകര്‍ക്കാന്‍ പലവുരു ശ്രമിച്ചിട്ടും ഓരോ ഉപജാതിയും അതതു വിഭാഗക്കാരുമായിമാത്രം ഇടപഴകാനാണു താല്‍പ്പര്യപ്പെട്ടത്. എങ്കിലും, ക്രമേണ അവര്‍ മറ്റു സഹകരണപ്രസ്ഥാനങ്ങളുടെ വിജയപരാജയകാരണങ്ങള്‍ മനസ്സിലാക്കി. സര്‍ക്കാരിന്റെ നെയ്ത്തുകേന്ദ്രത്തില്‍നിന്നു ‘സേവ’യിലെ സ്ത്രീകള്‍ നെയ്ത്തു പഠിച്ചു. തുടര്‍ന്ന് അവര്‍ മണ്ഡലി എന്ന സഹകരണസ്ഥാപനം രൂപവത്കരിച്ചു. വിജയം എന്നാണ് മണ്ഡലി എന്ന വാക്കിനര്‍ഥം. അവര്‍ ഷര്‍ട്ടുകളും മറ്റും തയ്ച്ചു പൊതുവിപണിയിലിറക്കി. പണം സമാഹരിച്ച് ചേരിയില്‍ സ്വന്തം ഷെഡ്ഡും സജ്ജമാക്കി.

ചെറുപ്പക്കാരികളായ വേറൊരു വിഭാഗം പാഴ്‌വസ്തുശേഖരണക്കാര്‍ക്കും അവരുടെ പെണ്‍മക്കള്‍ക്കും സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ പുന:ചംക്രമണം ചെയ്ത കടലാസുകൊണ്ട് ഓഫീസ്‌സ്റ്റേഷനറികള്‍ ഉണ്ടാക്കാന്‍ പരിശീലനം ലഭിച്ചു. അവര്‍ ഗീതാഞ്ജലി എന്ന സഹകരണസ്ഥാപനം തുടങ്ങി. അതുവഴി സര്‍ക്കാര്‍ഓഫീസുകളില്‍ ഫയലുകളും മറ്റു സ്റ്റേഷനറികളും വിതരണം ചെയ്യാന്‍ തുടങ്ങി. ശുചീകരണത്തൊഴിലാളിസ്ത്രീകള്‍ പ്രൊഫഷണല്‍ ശുചീകരണരീതികളില്‍ പരിശീലനം നേടി സൗന്ദര്യ എന്ന സഹകരണസ്ഥാപനം ആരംഭിച്ചു. അവര്‍ ഏപ്രണുകളും ഗ്ലൗസുകളുമണിഞ്ഞു വലിയ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും ശുചീകരണജോലികള്‍ സംഘടിപ്പിച്ചു.

സൗന്ദര്യ എന്ന
സഹകരണസംഘം

പാഴ്‌വസ്തുശേഖരണക്കാരായിത്തുടര്‍ന്ന ഭൂരിപക്ഷമാകട്ടെ സുജാത എന്ന സഹകരണസ്ഥാപനത്തില്‍ അണിനിരന്നു. ധാരാളം അംഗങ്ങളുണ്ടായിരുന്നെങ്കിലും ഇതു പിളര്‍ന്നു. ഇതിലൊരെണ്ണം നിര്‍ജീവമായി. സൗന്ദര്യ എന്ന സഹകരണസ്ഥാപനത്തില്‍ അംഗമായി ആക്രി പെറുക്കി ജീവിച്ചിരുന്ന മനേക് ബെന്‍ ധൂലാബായുടെ പുത്രഭാര്യയായി വന്ന വിദ്യാസമ്പന്നയായ മഞ്ജുള ജീവിതസാഹചര്യങ്ങള്‍ മൂലം ശുചീകരണജോലികള്‍ തന്നെ ചെയ്യാന്‍ നിര്‍ബന്ധിതയായ കാര്യവും നേതൃഗുണമുണ്ടായിരുന്ന അവര്‍ സൂപ്പര്‍വൈസറായും മറ്റും ഉയര്‍ന്ന് പില്‍ക്കാലത്തു മണ്ഡലി എന്ന സഹകരണസ്ഥാപനത്തിന്റെ പ്രതിനിധിയായി ജര്‍മനിയില്‍ നടന്ന ശില്പശാലയില്‍ പങ്കെടുത്തതുമൊക്കെ ഈ അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. 1991 ല്‍ മഞ്ജുള സൗന്ദര്യ എന്ന സഹകരണസ്ഥാപനത്തിന്റെ മാനേജരായി 300 സ്ത്രീകളടങ്ങിയ സഹകരണസ്ഥാപനത്തെ വിജയകരമായി മാനേജ് ചെയ്തു. ‘സൗന്ദര്യ’ നേരിട്ട പ്രശ്‌നങ്ങളും പ്രയാസങ്ങളും വിവരിച്ചിട്ട് ഇള പറയുന്നു: ” വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ചെറുകിട താല്‍ക്കാലികജോലികള്‍ ഏറ്റെടുത്തു ‘സൗന്ദര്യ’ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവത്കരിച്ചു. കല്യാണസീസണില്‍ അവര്‍ക്കു നല്ല തിരക്കാണ്. വൃത്തിയായ യൂണിഫോം ധരിച്ച് സ്ത്രീകള്‍ അടിച്ചുവാരുകയും സ്വീകരണവേദി പുഷ്പഹാരങ്ങള്‍കൊണ്ട് അലങ്കരിക്കുകയും കല്യാണത്തിനെത്തുന്നവര്‍ക്കു വെള്ളവും സദ്യയും വിളമ്പുകയും പാത്രങ്ങളും മറ്റും കഴുകിവൃത്തിയാക്കുകയും ചെയ്യുന്നു. നീന്തല്‍ക്കുളങ്ങള്‍, കുളിമുറികള്‍, പൊതുഉദ്യാനങ്ങളിലെ ശൗചാലയങ്ങള്‍ എന്നിവ വൃത്തിയാക്കുന്ന ജോലികളും ‘സൗന്ദര്യ’ ഏറ്റെടുക്കുന്നു. ഒരു സംഘം സ്വകാര്യഭവനങ്ങള്‍ ശുചിയാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റൊരു വിഭാഗം ഹോട്ടല്‍മെയ്ഡ് സര്‍വീസുകളില്‍ സേവനനിരതരാകുന്നു. അവരിപ്പോള്‍ തങ്ങളുടെ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ വിപണനം ചെയ്യാനായി ഒരു വെബ്‌സൈറ്റ് തയാറാക്കിവരികയാണ്.”

ശുചീകരണത്തിലൂടെ സ്വയംതൊഴില്‍ കണ്ടെത്തിയ സ്ത്രീകളുടെ ഈ സഹകരണസ്ഥാപനത്തെയും സ്ഥാപിതതാല്‍പ്പര്യക്കാര്‍ കോടതികയറ്റി. സ്ഥാപനങ്ങളിലെ തൊഴിലാളിയൂണിയനുകളാണ് ഇതു യൂണിയനു ഭീഷണിയാകുമെന്നു ഭയന്നു സാങ്കേതികകാരണങ്ങള്‍ പറഞ്ഞു കോടതിയില്‍ പോയത്. ലേബര്‍ക്കോടതിയും ഹൈക്കോടതിയും കടന്നു സുപ്രീംകോടതിവരെ പോയി. മഞ്ജുളയ്ക്കു നിരന്തരം വക്കീലാഫീസുകളും കോടതികളും കയറിയിറങ്ങേണ്ടിവന്നു. 1999 ല്‍ സര്‍ക്കാര്‍ വനിതാസഹകരണസംഘങ്ങളെ ടെണ്ടര്‍നടപടിക്രമങ്ങളില്‍നിന്ന് ഒഴിവാക്കിയെങ്കിലും ആ നടപടി യൂണിയനുകളുടെ സമ്മര്‍ദത്തെത്തുടര്‍ന്നു പിന്‍വലിച്ചു. ശുചീകരണജോലികളും മാലിന്യനിര്‍മാര്‍ജനജോലികളും ഏറ്റെടുക്കാനുള്ള കരാറുകള്‍ക്കായി ടെണ്ടറുകള്‍ സമര്‍പ്പിക്കാന്‍ സഹകരണസ്ഥാപനം നിര്‍ബന്ധിതമായി. സഹകരണസ്ഥാപനം തൊഴിലാളിസ്ത്രീകള്‍ക്കു മിനിമം വേതനം ഉറപ്പാക്കിയിരുന്നു. ഇതു പരാജയപ്പെടുത്താന്‍ മറ്റു കരാറുകാര്‍ ശുചീകരണജോലികള്‍ക്കു കുറഞ്ഞ തുകയ്്ക്കുള്ള ടെണ്ടറുകള്‍ നല്‍കി. അവര്‍ തൊഴിലാളികള്‍ക്കു കുറഞ്ഞവേതനം നല്‍കിയിരുന്നില്ല. സ്ഥാപനങ്ങള്‍ ടെണ്ടര്‍ഫോമിന് 200 രൂപ മുതല്‍ 500 രൂപവരെ ഈടാക്കിയിരുന്നതും 10,000 രൂപ മുതല്‍ 50,000 രൂപവരെ നിക്ഷേപം ആവശ്യപ്പെട്ടിരുന്നതും ‘സൗന്ദര്യ’ സഹകരണസംഘത്തെ ബുദ്ധിമുട്ടിച്ചിരുന്നു.

വ്യാപാരികളുടെ മനോഭാവത്തില്‍വന്ന മാറ്റം ഇള വ്യക്തമാക്കുന്നു: ”രട്ടന്‍ ബെന്നിനെയും ദിവി ബെന്നിനെയും പോലുള്ളവര്‍ക്കു റോഡരികിലെ ആക്രിശേഖരണം തങ്ങളുടെ സഹകരണപ്രവര്‍ത്തനങ്ങളുമായി ഒത്തുപോകുന്ന ഒന്നായിരുന്നു. ആ സ്ത്രീകള്‍ അപ്പോഴും പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ശേഖരിച്ചു പണത്തിനായി കടക്കാരന്റെ കൈയില്‍ കൊണ്ടുക്കൊടുക്കുമായിരുന്നു. പക്ഷേ, കടക്കാരന് അവരോട് അത്ര മമതയുണ്ടായിരുന്നില്ല. അവര്‍ അദ്ദേഹത്തില്‍നിന്നു പഴയപോലെ പണം കടംവാങ്ങുകയോ മിച്ചംതുക സുരക്ഷിതത്വത്തിനായി അദ്ദേഹത്തെ ഏല്‍പ്പിക്കുകയോ ചെയ്തിരുന്നില്ലെന്നതാണ് ഇതിനു പ്രധാനകാരണം. സഹകരണസ്ഥാപനമായ ‘സേവാ’ ബാങ്കിലെ അംഗങ്ങള്‍ എന്ന നിലയില്‍ അവര്‍ക്കവിടെ സമ്പാദ്യഅക്കൗണ്ട് ഉണ്ടായിരുന്നു.”

ആക്രി ശേഖരിക്കുന്നവരുടെ പ്രാധാന്യം വ്യക്തമാക്കിയും വ്യവസായം ആധുനികമാകുന്തോറും സ്ത്രീകള്‍ പുറന്തള്ളപ്പെടുകയും പുരുഷന്‍മാര്‍ മേധാവിത്വം സ്ഥാപിക്കുകയും ചെയ്യുന്നതു ചൂണ്ടിക്കാട്ടിയുമാണ് രണ്ടാമധ്യായം സമാപിക്കുന്നത്. ”പുന:ചംക്രമണത്തിനു വരുമാനസമ്പാദനാവസരങ്ങള്‍ സൃഷ്ടിക്കാന്‍ വലിയ ശക്തിയുണ്ട്. തൊഴില്‍ശക്തിയുടെ ഔപചാരികവും അനൗപചാരികവുമായ മേഖലകളെ ഒരു വ്യവസായത്തില്‍ കോര്‍ത്തിണക്കാനുള്ള അവസരമാണ് ഇതിലുള്ളത്. നഗരം ശുചിയായി സൂക്ഷിക്കുന്നതിലും അതിനെ നീതിപൂര്‍വകവും തുല്യവുമായ ഒരു സംവിധാനത്തിന്റെ ഭാഗമാക്കുന്നതിലും ആക്രി ശേഖരിക്കുന്നവര്‍ നല്‍കുന്ന വലിയ സേവനത്തെ നഗരാസൂത്രണം അംഗീകരിക്കേണ്ടതുണ്ട്. ഓരോ തവണയും ഒരു വ്യവസായം ആധുനികവും ഔപചാരികവുമാക്കുമ്പോഴും അനൗപചാരികമേഖലയുടെ ഭാഗമായി അതില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ പുറന്തള്ളപ്പെടുകയും പുരുഷന്‍മാര്‍ക്കു മേധാവിത്വമുള്ള ഔപചാരികമേഖല നേട്ടം കൊയ്യുകയും ചെയ്യുന്നു ‘.

”ആക്രി പെറുക്കുന്നവര്‍ ചവറുകൂനകളില്‍നിന്നു പുനരുപയോഗിക്കാവുന്ന സാധനങ്ങള്‍ പെറുക്കി വിവിധ വിഭാഗങ്ങളായി തിരിച്ച് അവയുടെ ഇടപാടുകാരനു വില്‍ക്കുന്നു. ആക്രിയിടപാടുകാരന്‍ അതു വീണ്ടും തരംതിരിച്ചു ശുചിയാക്കി പാക്ക് ചെയ്ത് അവ സംസ്‌കരിച്ചു പുതിയ അസംസ്‌കൃതവസ്തുക്കളാക്കുന്ന ചെറുകിടയൂണിറ്റുകള്‍ക്കും ഫാക്ടറികള്‍ക്കും വില്‍ക്കുന്നു. ഈ വസ്തുക്കള്‍ ഔപചാരികമേഖലയിലെ ഉല്‍പ്പാദനയൂണിറ്റുകള്‍ക്കു വില്‍ക്കപ്പെടുന്നു. അവ പുന:ചംക്രമണം ചെയ്ത ആ വസ്തുക്കള്‍കൊണ്ട് വിപണിക്കുവേണ്ട പുതിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നു. ഇതാണ് ഇന്ത്യയിലെ മിക്ക വ്യവസായത്തിന്റെയും രീതി. ഫാക്ടറിയിലെത്തുംമുമ്പും തൊഴിലാളികളെ ഏറെ ആവശ്യമുള്ള ഉല്‍പ്പാദനപ്രക്രിയയുടെ ഏറിയ പങ്കും നിര്‍വഹിക്കുന്നത് അനൗപചാരികസമ്പദ്‌വ്യവസ്ഥയില്‍ കുറഞ്ഞകൂലിക്കു പണിയെടുക്കുന്നവരാണ്. ഉല്‍പ്പാദനപ്രക്രിയയുടെ ഓരോ ഘട്ടത്തിലും ഓരോ തൊഴിലാളിയെയും വ്യവസായത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും അവിഭാജ്യഘടകമായി അംഗീകരിക്കുകവഴി ദാരിദ്യനിര്‍മാര്‍ജനത്തിനു നിര്‍ണായകമായ തുല്യവും ജനാധിപത്യപരവും പങ്കാളിത്താധിഷ്ഠിതവുമായ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കാന്‍ നമുക്കു തുടക്കമിടാം.”

ചിണ്ടിയും വസ്ത്രങ്ങളും തയ്ക്കുന്നവരെക്കുറിച്ചാണു മൂന്നാമധ്യായം. രണ്ടു മുതല്‍ എട്ടു വരെ ഇഞ്ച് നീളമുള്ള തുണികളുടെ വെട്ടുകഷണങ്ങളാണു ചിണ്ടികള്‍. വസ്ത്രനിര്‍മാണത്തിന്റെ ഉപോല്‍പ്പന്നമാണിത്. 1970 കളുടെ ഒടുവില്‍ അഹമ്മദാബാദ് ഇതിന്റെ വലിയ വ്യാപാരകേന്ദ്രമായിരുന്നു. കരാറുകാര്‍ക്കു കരാര്‍ കൊടുത്താണു മില്ലുകള്‍ അവ തങ്ങളുടെ വളപ്പുകളില്‍നിന്ന് ഒഴിവാക്കിയിരുന്നത്. ഇവ തരംതിരിക്കുമ്പോള്‍ എണ്ണപുരണ്ടു മോശമായ ചിണ്ടി കിലോയ്ക്ക് ഏഴു മുതല്‍ പത്തുവരെ രൂപയ്ക്കു വാങ്ങി വൃത്തിയാക്കിയാണു പാവപ്പെട്ടവര്‍ ഖോള്‍ എന്ന കിടക്കക്കവര്‍ ഉണ്ടാക്കിയിരുന്നത്. ഇതിനകത്തു പഞ്ഞി വാങ്ങിനിറക്കാന്‍ പണമില്ലാത്തവര്‍ പത്രക്കടലാസും മറ്റും നിറച്ചാണ് ഉപയോഗിച്ചിരുന്നത്. അഹമ്മദാബാദില്‍ ഖോള്‍ കിടക്കവിരിയായും സ്ലീപ്പിങ് ബാഗായും നിലംവിരിയായും സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ചാക്കായും ഉപയോഗിച്ചിരുന്നു.

ഖോള്‍ തയ്ക്കുന്ന
പരമദരിദ്രര്‍

പരമദരിദ്രരാണു ഖോള്‍ തയ്ച്ചിരുന്നത്. 1970 കളില്‍ ധരിയാപൂരില്‍ മൂവായിരത്തോളം സ്ത്രീകള്‍ ഇതു തയ്ച്ചിരുന്നു. മിക്കവരും മുസ്ലിങ്ങളായിരുന്നു. ഇവരിലൊരാളായിരുന്നു വിവാഹിതയായി കര്‍ണാടകത്തില്‍നിന്നു ധരിയാപൂരിലെത്തിയ സായ്ദാ ബെന്‍. ഖോള്‍ തയ്ക്കാന്‍ പഠിച്ച് അതു സാവധാനം തയ്ച്ചുകൊടുത്ത അവര്‍ക്കു തുടക്കക്കാരിയായതിനാല്‍ കടക്കാരന്‍ ഒരു ഖോളിനു 30 പൈസയേ നല്‍കിയുള്ളൂ. ഏറെ ദിവസം തയ്ച്ച് 20 ഖോളുമായി ചെന്നപ്പോള്‍ കിട്ടിയ തുച്ഛമായ തുക ഇതിലെ അനീതിയെക്കുറിച്ചു ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചു. അയല്‍ക്കാരിയുടെ തയ്യല്‍മെഷീനിലാണ് അവര്‍ ഖോള്‍ തയ്ച്ചിരുന്നത്. കിട്ടിയ തുകയില്‍നിന്ന് അതിനും വാടക കൊടുക്കണം. കൂട്ടുകാരി ഹുസൈനാ ബെന്നുമായി ചേര്‍ന്നു കടക്കാരനോടു തുക കൂട്ടിച്ചോദിക്കാന്‍ സായ്ദാ ബെന്‍ ധൈര്യം സംഭരിച്ചു. പത്തു പൈസ കൂട്ടിക്കൊടുത്തു. എന്നിട്ടു കടക്കാരന്‍ ഹുസൈനാബെന്നിനോടു പറഞ്ഞു: ”ഇനി ആ സോലാപൂരി പെണ്‍കുട്ടിയെയും കൊണ്ട് എന്റെ കടയില്‍ വരരുത്.” ദാരിദ്ര്യത്തിനും കൂലിക്കുറവിനുംപുറമെ ഗുജറാത്തിയല്ലെന്ന വിവേചനംകൂടി അനുഭവിച്ചത് അവരെ കൂടുതല്‍ ദു:ഖിപ്പിച്ചു. ഹുസൈനാ ബെന്നിന്റെ സഹോദരന്‍ ഷേഖുബായ് ടി.എല്‍.എ.യില്‍ ഭാരവാഹിയായിരുന്നു. അദ്ദേഹം 1977 ല്‍ ഇളയെ കണ്ടു കാര്യം പറഞ്ഞു. ഇള അദ്ദേഹത്തിന്റെ കൂടെ ധരിയാപൂരില്‍ പോയി സ്ത്രീകളുമായി സംസാരിച്ചു. അവിടെ കരീമ ബെന്നിന്റെയും ഹുസൈനാ ബെന്നിന്റെയും സഹായത്തോടെ സര്‍വേ നടത്തി.

സര്‍വേഫലം ചിണ്ടിത്തൊഴിലാളികളുടെ വലിയ യോഗത്തില്‍ അവതരിപ്പിച്ചു. യോഗം കലക്കാന്‍ കല്ലേറുണ്ടായി. എങ്കിലും, ‘സേവ’യില്‍ ആ സ്ത്രീത്തൊഴിലാളികള്‍ അംഗങ്ങളായി. അവര്‍ ‘സേവ’യുടെ പേരില്‍ ചിണ്ടി വ്യാപാരികളുടെ അസോസിയേഷന്‍ പ്രസിഡന്റിന് ആവശ്യങ്ങള്‍ ഉന്നയിച്ചു കത്തയച്ചു. ലേബര്‍ കമ്മീഷണര്‍ക്കു പകര്‍പ്പും നല്‍കി. ആഴ്ചകളോളം പ്രതികരണമുണ്ടായില്ല. അതിനുശേഷമാകട്ടെ ‘സേവ’അംഗങ്ങളെ ജോലി ഏല്‍പ്പിക്കേണ്ടെന്നു തീരുമാനിക്കുകയാണ് അസോസിയേഷന്‍ ചെയ്തത്. കുടുംബാംഗങ്ങള്‍ക്കു സ്ത്രീത്തൊഴിലാളികളുടെ ആവശ്യങ്ങളോട് അനുഭാവമുണ്ടായിരുന്നെങ്കിലും അവര്‍ ‘സേവ’യുടെ ഓഫീസില്‍ പോകുന്നതും തെരുവിലിറങ്ങി വ്യാപാരികളോടു സംസാരിക്കുന്നതും ഇഷ്ടപ്പെട്ടില്ല. സ്ത്രീകള്‍ പ്രകടനം നടത്താന്‍ തീരുമാനിച്ചെങ്കിലും കരീമ ബെന്നും മറ്റ് ആറോഏഴോ പേരും മാത്രമാണു വന്നത്. സായ്ദാ ബെന്‍ പോലും വന്നില്ല. പ്രകടനം പരാജയമായിരുന്നെങ്കിലും, ഒരു രൂപ കൂട്ടാമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഇളയെ വിളിച്ചുപറഞ്ഞു. ‘സേവ’യും അസോസിയേഷനും കരാറില്‍ ഒപ്പിട്ടു. പക്ഷേ, അസോസിയേഷന്‍ വാക്കു പാലിച്ചില്ല. സ്ത്രീകള്‍ തൊഴില്‍വകുപ്പിനു പരാതി നല്‍കി. വ്യാപാരികള്‍ ‘സേവാ’ അംഗങ്ങളെ തൊഴില്‍ നല്‍കാതെ ഒറ്റപ്പെടുത്തി. അപ്പോള്‍ ‘സേവ’ ചെറിയൊരു ഖോള്‍ ഉല്‍പ്പാദന യൂണിറ്റ് തുടങ്ങി. ഇതു തുടങ്ങാന്‍ വേണ്ട 3000 രൂപ ടി.എല്‍.എ. നല്‍കി.

ഖോളിന്
കൂലി കൂട്ടുന്നു

1980 ല്‍ ചിണ്ടിക്കു സര്‍ക്കാര്‍ വില്‍പ്പനനികുതി ചുമത്തി. ഇതു പിന്‍വലിക്കാന്‍ വ്യാപാരികള്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍, ഒരു രൂപയുടെ കൂലിവര്‍ധന നടപ്പാക്കിയാലല്ലാതെ നികുതി പിന്‍വലിക്കരുതെന്നു തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ധനമന്ത്രി തൊഴിലാളികളെ അനുകൂലിച്ചു. അങ്ങനെ എല്ലാ തൊഴിലാളികള്‍ക്കും ഖോളിന് ഒന്നേകാല്‍ രൂപ കൂലി നല്‍കിത്തുടങ്ങി. ‘സേവ’ തുടങ്ങിയ ഖോള്‍ ഉല്‍പ്പാദനയൂണിറ്റ് 1982 ജൂലായില്‍ സബീന സഹകരണസംഘം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തു. അതിനു ഗുജറാത്ത് സഹകരണവകുപ്പിന്റെ പുരസ്‌കാരവും കിട്ടി. ഈ സഹകരണസ്ഥാപനവുമായി സഹകരിച്ചതിന്റെ പേരില്‍ പല സ്ത്രീകളെയും ഭര്‍ത്താക്കന്‍മാര്‍ മര്‍ദിച്ചിട്ടുണ്ട്. സായ്ദാ ബെന്‍ ആയിരുന്നു സബീന സഹകരണസംഘത്തിന്റെ സാരഥി. കരീമ ബെന്‍ ‘സേവ’ യുടെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. യൂണിയന്‍പ്രവര്‍ത്തനവും സഹകരണസംഘം പ്രവര്‍ത്തനവും ഒരുമിച്ചു നടത്താനുള്ള ‘സേവ’ യുടെ ആദ്യശ്രമങ്ങളിലൊന്നായിരുന്നു ഇത്. പക്ഷേ, പിന്നീട് തുണിമില്ലുകള്‍ പൂട്ടിത്തുടങ്ങി. ചിണ്ടി കിട്ടാതായി. ചിണ്ടി വ്യാപാരിഅസോസിയേഷന്‍പോലും പിരിച്ചുവിടേണ്ടിവന്നു. വ്യാപാരികള്‍ക്കും ഖോള്‍ തയ്യല്‍ക്കാര്‍ക്കും ജീവിതമാര്‍ഗം ഇല്ലാതായി. എങ്കിലും, ‘സേവാ’ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു. പഴയ വ്യാപാരികളില്‍ കാശുള്ളവരുടെ മക്കള്‍ ആധുനികസംവിധാനങ്ങളുള്ള ചെറുഫാക്ടറികള്‍ തുടങ്ങി. അവര്‍ ധരിയാപൂരില്‍നിന്നു ‘സേവ’യില്‍ പരിശീലനം ലഭിച്ചവരെ ജോലിക്കെടുത്തു. ഇന്നു ‘സേവ’ യുടെ അംഗങ്ങളില്‍ ഇത്തരം വസ്ത്രനിര്‍മാണ ഫാക്ടറികളിലെ തൊഴിലാളികളുമുണ്ട്.

അനീതിയുടെ
മൂന്നു മുഖങ്ങള്‍

ഇവിടെ തങ്ങള്‍ നേരിട്ട അനീതികളെക്കുറിച്ച് ഇള പറയുന്നുണ്ട്. ”അനീതിക്കു മൂന്നു മുഖങ്ങള്‍ ഞാന്‍ കാണുന്നു. ഒന്ന് സ്ത്രീകള്‍ സ്വയം കാണുന്ന അനീതിയുടെ മുഖം. അതു നേരിട്ടുള്ള ചൂഷകരുടെതാണ്. ആ മുഖം കഠിനമായി മര്‍ദിക്കുന്ന ഒരു പൊലീസുകാരന്റെതാവാം, കഠിനഹൃദയനായ തൊഴിലുടമയുടെതാവാം, അല്ലെങ്കില്‍ ദൂഷിതനായ കരാറുകാരന്റെതാവാം. നേരിട്ടുള്ള ചൂഷകരെ പിന്താങ്ങുന്ന വ്യവസ്ഥയാണു രണ്ടാംനിര അനീതി. ഇതില്‍ സര്‍ക്കാര്‍ഏജന്‍സികളും നീതിന്യായസംവിധാനവും ഉള്‍പ്പെടുന്നു. ബോധവത്കരണം നേടുംവരെ സ്ത്രീകള്‍ ഇതു പ്രത്യക്ഷത്തില്‍ കാണുന്നില്ല. തൊഴിലാളികളെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണു തൊഴില്‍വകുപ്പെങ്കിലും തൊഴിലുടമകളും വ്യാപാരികളും അതിനെ അഴിമതി നിറഞ്ഞതാക്കുകയും പലപ്പോഴും അതു നിയമത്തെ മറികടക്കാന്‍ അവരെ സഹായിക്കുന്നതില്‍ കലാശിക്കുകയും ചെയ്യുന്നു. പാവപ്പെട്ട തെരുവുകച്ചവടക്കാരെ ക്രിമിനലുകളായാണു നഗരസഭ കണക്കാക്കുന്നത്. വിധി പറയാന്‍ വര്‍ഷങ്ങളെടുക്കുന്ന കോടതികള്‍ ഏറിയകൂറും പാവപ്പെട്ടവരുടെ, വിശേഷിച്ച് അനൗപചാരിക സമ്പദ്‌വ്യവസ്ഥയിലുള്ളവരുടെ, സാമ്പത്തികപ്രവര്‍ത്തനങ്ങളെ സഹായിക്കാറില്ല. ഈ ചൂഷണമെല്ലാം നടക്കുന്നതു മൂന്നാമത്തെതും ഏറ്റവും ഉയര്‍ന്നതലത്തിലുള്ളതുമായ അനീതി (നയരൂപവത്കരണവും നിയമനിര്‍മാണവും) മൂലമാണ്. സങ്കുചിതമന:സ്ഥിതിക്കാരും സ്ഥാപിതതാല്‍പ്പര്യക്കാരും പാവപ്പെട്ടവര്‍ അനുഭവിക്കുന്ന യാഥാര്‍ഥ്യങ്ങളോട് ഒരു ബന്ധവുമില്ലാത്തവരുമാണു കാലഹരണപ്പെട്ടതും അപ്രസക്തവും അപ്രായോഗികവും നടപ്പാക്കാനാവാത്തതും പലപ്പോഴും തീര്‍ത്തും ചൂഷണാത്മകവുമായ നയങ്ങള്‍ക്ക് ഉത്തരവാദികള്‍. ഈ മൂന്നു തലത്തിലുമുള്ള ചൂഷണങ്ങള്‍ക്കെതിരെയാണു ‘സേവ’ യുടെ പോരാട്ടം. തൊഴിലുടമകളുമായും കരാറുകാരുമായും പൊലീസുമായും നേരിട്ടുള്ള ചര്‍ച്ചകള്‍ക്കു പുറമെ, ഞങ്ങള്‍ പ്രകടനങ്ങള്‍ നടത്തുകയും സമരം ചെയ്യുകയും ഹര്‍ജികള്‍ നല്‍കുകയും ചെയ്യുന്നു. പ്രശ്‌നത്തിലേക്കു ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഒരേസമയത്തോ പരമ്പരയായോ അത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാ തലത്തിലും നടത്തുന്നുണ്ട്. പ്രചാരണങ്ങളും ശില്‍പശാലകളും പഠനങ്ങളും സമ്മര്‍ദം ചെലുത്തലും വക്കാലത്ത് ഏറ്റെടുക്കലും കോടതിക്കേസുകള്‍ക്കു തയാറെടുക്കലും കൂട്ടായ്മകള്‍ രൂപവത്കരിക്കലുമൊക്കെ ഈ പോരാട്ടത്തിന്റെ ഭാഗമാണ്. എന്നാല്‍, ഈ പോരാട്ടങ്ങള്‍ക്കെല്ലാം അടിസ്ഥാനപരമായി വേണ്ടതു സ്വയം സംഘടിപ്പിക്കലാണ്. സ്ത്രീകള്‍ ഒരൊറ്റയാളെന്നപോലെ ഐക്യത്തോടെ നിലയുറപ്പിച്ചാലേ നേരിട്ടുള്ളതോ നിയമപരമായതോ നയപരമായ തലത്തിലുള്ളതോ അയ ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ടൊക്കെ പ്രയോജനമുള്ളൂ.”

കുട്ടിയുടുപ്പുകള്‍ തയ്ച്ചിരുന്ന ഷാഹ്പൂരിലെ സ്ത്രീകള്‍ ധരിയാപൂരിലെ ചിണ്ടിത്തൊഴിലാളിസ്ത്രീകളുടെ വേതനവര്‍ധനക്കുള്ള സമരം ശ്രദ്ധിച്ചു. 1986 ല്‍ സായ്ദാ ബെന്നിന്റെയും കരീമാ ബെന്നിന്റെയും ബന്ധുക്കളുടെ സഹായത്തോടെ അവിടെ സര്‍വേ നടത്തി. 84 ശതമാനം സ്ത്രീകള്‍ക്കു മാസം 500 രൂപയില്‍ കുറവായിരുന്നു വരുമാനം. വേതനക്കുറവുമൂലം 62 ശതമാനംപേരും വേറെ തൊഴിലുടമകളുടെ കീഴിലേക്കു മാറി. 22 ശതമാനം പേര്‍ ‘സേവാ’ ബാങ്കില്‍നിന്നു വായ്പയെടുത്തു തയ്യല്‍മെഷീന്‍ വാങ്ങിയിരുന്നു. 42 ശതമാനം പേരും ‘സേവ’യില്‍ അംഗങ്ങളായിരുന്നു. 48 ശതമാനത്തിനും ‘സേവാ’ ബാങ്കില്‍ അക്കൗണ്ടും ഉണ്ടായിരുന്നു. തൊഴില്‍വകുപ്പ് തൊഴിലാളിവിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കായി ‘സേവ’യെ നിയോഗിച്ചപ്പോള്‍ ‘സേവ’ ആ അവസരം സ്വയംതൊഴില്‍ വസ്ത്രനിര്‍മാണത്തൊഴിലാളികളെ സംഘടിപ്പിക്കാനും അവരില്‍നിന്നു നേതാക്കളെ കണ്ടെത്താനും ഉപയോഗിച്ചു. 1983 ആയപ്പോള്‍ ഫ്രോക്കും പെറ്റിക്കോട്ടും തയ്ക്കുന്ന നാലായിരത്തോളം സ്ത്രീകളെ സംഘടിപ്പിച്ചു. ഉടമകളോടു വേതനവര്‍ധന ആവശ്യപ്പെട്ടു. പ്രതികരണമുണ്ടായില്ല. തൊഴില്‍വകുപ്പിനു പരാതി നല്‍കി. അതിനിടെ, റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വില്‍പനനികുതിവര്‍ധന പിന്‍വലിപ്പിക്കാന്‍ ‘സേവ’ സഹായിക്കണമെന്നു വ്യാപാരികള്‍ അഭ്യര്‍ഥിച്ചു. ‘സേവ’ മിണ്ടിയില്ല. വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു. മൂന്നുമാസം തൊഴിലാളികള്‍ക്കു പണിയില്ലായിരുന്നു. അപ്പോഴേക്കും വര്‍ഗീയലഹളകളുണ്ടായി. മുസ്ലിംമേഖലകളെയാണ് അത് ഏറ്റവും ബാധിച്ചത്. സ്ത്രീകളുടെ വീടുകള്‍ ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു. തയ്യല്‍മെഷീനുകള്‍ വാങ്ങാന്‍ ‘സേവാ’ ബാങ്ക് കൂടുതല്‍ വായ്പകള്‍ നല്‍കി. ‘സേവാ’ യൂണിയന്‍ ദുരിതാശ്വാസങ്ങള്‍ നല്‍കുകയും തയ്യല്‍ പുനരാരംഭിക്കാന്‍ സബ്‌സിഡി നല്‍കുകയും ചെയ്തു.

അംഗങ്ങളായിരിക്കെ അന്തരിച്ച വനിതാനേതാക്കളുടെ പേരാണു ‘സേവ’ യുടെ ഓഫീസുകള്‍ക്ക് ഇട്ടിരുന്നത്. ഇതു ചിലപ്പോള്‍ തര്‍ക്കങ്ങള്‍ക്കും അതു മൂത്തു കലാപങ്ങള്‍ക്കും കാരണമാകാറുണ്ട്. അത്തരം ചില അനുഭവങ്ങള്‍ ഇളഭട്ട് തന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

മിനിമംവേതനം
ചോദിച്ച് സമരം

1986 ല്‍ വസ്ത്രനിര്‍മാണത്തൊഴിലാളികള്‍ക്കു മിനിമംവേതനം ആവശ്യപ്പെട്ടു ‘സേവ’ സമരം നടത്തി. ബീഡിത്തൊഴിലാളികള്‍ അടക്കമുള്ള സ്ത്രീകള്‍ പിന്തുണച്ചു. സമരം വിജയിക്കുകയും ചെയ്തു. മിനിമം വേതനനിയമത്തിന്റെ പട്ടികയില്‍ റെഡിമെയ്ഡ്് വസ്ത്രം തയ്ക്കലിനെയും ഉള്‍
പ്പെടുത്തണമെന്നാവശ്യപ്പെട്ട് കരീമാ ബെന്നിന്റെ നേതൃത്വത്തില്‍ ധരിയാപൂരിലെ മൂവായിരത്തോളം ചിണ്ടിത്തൊഴിലാളിസ്ത്രീകള്‍ പ്രകടനം നടത്തി. അവര്‍ ലേബര്‍കമ്മീഷണറുമായി തര്‍ക്കിച്ചു. സ്ത്രീകള്‍ സംഘമായി മന്ത്രിമാരെക്കണ്ടും ചര്‍ച്ച നടത്തി. 1987 ഡിസംബറില്‍ തൊഴില്‍മന്ത്രി ഗാര്‍മെന്റ് തൊഴിലാളികള്‍ക്കു മിനിമംവേതനം പ്രഖ്യാപിച്ചു. തൊഴിലാളിസ്ത്രീകള്‍ അദ്ദേഹത്തെ മാലയിട്ടു സ്വീകരിച്ചു. പക്ഷേ, പിറ്റേന്നു പ്രഖ്യാപനം പിന്‍വലിച്ചു. അത്ര ശക്തമായിരുന്നു ഉടമകളുടെ സമ്മര്‍ദം. തൊഴിലാളികള്‍ പല സമ്മര്‍ദവും ചെലുത്തി. 2000 ‘സേവ’ അംഗങ്ങള്‍ ഗുജറാത്ത് വാണിജ്യമണ്ഡലത്തിനു നിവേദനം നല്‍കി. അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെ സഹായത്തോടെ ഗുജറാത്തിലെ റെഡിമെയ്ഡ് വസ്ത്രവ്യവസായത്തെക്കുറിച്ചു സമഗ്രസര്‍വേ നടത്തിക്കുകയും ചെയ്തു. 1988 ല്‍ മിനിമംവേതനം പുന:സ്ഥാപിച്ചു. പക്ഷേ, തൊഴിലുടമകള്‍ തൊഴിലാളികളെ പിരിച്ചുവിട്ടുതുടങ്ങി. പിരിച്ചുവിട്ട 200 തൊഴിലാളികളെ തിരിച്ചെടുപ്പിക്കാന്‍ ‘സേവ’ യുടെ സമ്മര്‍ദങ്ങള്‍ക്കു കഴിഞ്ഞു. ‘സേവ’ യുടെ ഒരു നിര്‍വാഹകസമിതിയംഗത്തിനു കൈക്കൂലി കൊടുത്ത് ഒരു തൊഴിലുടമ ‘സേവ’ യുടെ നിയമതന്ത്രം മനസ്സിലാക്കി. ‘സേവ’ ആ അംഗത്തെ രാജിവെപ്പിച്ചു. മിനിമം വേതനം പ്രഖ്യാപിച്ചെങ്കിലും മിക്ക തൊഴിലുടമകളും നടപ്പാക്കിയില്ല. ഒടുവില്‍ ‘സേവ’ പ്രവര്‍ത്തകര്‍ 1995 മുതല്‍ രണ്ടു വര്‍ഷം തൊഴില്‍വകുപ്പുദ്യോഗസ്ഥരെക്കൊണ്ടു പരിശോധനകള്‍ നടത്തിച്ചും ഹാജര്‍രജിസ്റ്ററുകള്‍ ഉറപ്പാക്കിയും ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യിച്ചുമാണ് അതു നേടിയെടുത്തത്. 2007 ആയപ്പോഴേക്കും സേവയില്‍ 20,000 വസ്ത്രനിര്‍മാണത്തൊഴിലാളികള്‍ അംഗങ്ങളായിരുന്നു.

2003 ലെ ഒരു ട്രേഡ്‌സ് കമ്മറ്റിയില്‍ പങ്കെടുത്തവരുടെ സ്ഥിതി ഇള വിവരിക്കുന്നതിങ്ങനെ: ”55 സ്ത്രീകള്‍ക്കേ തയ്യല്‍മെഷീന്‍ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ വാടകമെഷീനുകളിലാണു പണിയെടുത്തിരുന്നത്. 25 പേര്‍ക്കു മാത്രമേ ഇലക്ട്രിക് മെഷീനുകള്‍ ഉണ്ടായിരുന്നുള്ളൂ. അഞ്ചു കൊല്ലംകൊണ്ടു തയ്യല്‍മെഷീന്റെ വാടക 50 രൂപയില്‍നിന്നു 150 രൂപയായി ഉയര്‍ന്നു. 60 സത്രീകള്‍ 15 വയസ്സില്‍ത്താഴെയുള്ള പെണ്‍മക്കളുടെ സഹായത്തോടെയാണു തയ്ച്ചിരുന്നത്. 63 തൊഴിലാളികള്‍ വാടകവീടുകളിലാണു താമസിച്ചിരുന്നത്. ശരാശരി ദിവസവരുമാനം 30 രൂപ മുതല്‍ 50 രൂപവരെയും. നിയമപ്രകാരമുള്ള 89.60 രൂപയെന്ന മിനിമംവേതനം സ്വപ്‌നം മാത്രമായിരുന്നു. ‘പണിയുണ്ടായിട്ടുവേണ്ടേ വേതനം ചോദിക്കാന്‍’ എന്നു ചോദിച്ചു തൊഴിലാളികള്‍ ദീര്‍ഘനിശ്വാസമുതിര്‍ത്തു. റേവഡി ബസാറില്‍ പെറ്റിക്കോട്ടു വിറ്റിരുന്ന 84 കടകളില്‍ ഒമ്പതെണ്ണമേ തുറക്കുന്നുള്ളൂവെന്ന് അവരിലൊരാള്‍ പറഞ്ഞു; ബാക്കിയൊക്കെ പൂട്ടി.”

2001 ലെ വര്‍ഗീയകലാപവും വസ്ത്രനിര്‍മാണത്തൊഴിലാളികളെ ബാധിച്ചു. കൂടുതലും വീട്ടിലിരുന്നു പണിയെടുത്തിരുന്ന മുസ്ലിങ്ങളെയാണ് ഏറെ ബാധിച്ചത്. നഗരത്തിലെ ഒരു ലക്ഷം ‘സേവ’ അംഗങ്ങളില്‍ നാല്‍പ്പതിനായിരവും ദുരിതാശ്വാസക്യാമ്പുകളിലായി. അവരില്‍ മിക്കവരും മുസ്ലിങ്ങളായിരുന്നു. ‘സേവ’ മന്ദിരപരിസരത്തുനിന്നു കിട്ടി രണ്ടു ബോംബ്. സമയത്തു കണ്ടെത്തി നിര്‍വീര്യമാക്കിയതുകൊണ്ടാണു രക്ഷപ്പെട്ടത്. ‘സേവ’യുടെ രണ്ട് ശാഖാമന്ദിരങ്ങള്‍ തീവച്ചു നശിപ്പിച്ചു. ഇളയും സഹപ്രവര്‍ത്തകരും ദുരിതാശ്വാസക്യാമ്പുകളില്‍ പോയി പ്രവര്‍ത്തിച്ചു. ക്യാമ്പുകളില്‍ 500 തയ്യല്‍മെഷീനുകള്‍ എത്തിച്ചു. അങ്ങനെയുണ്ടാക്കിയ വസ്ത്രങ്ങള്‍ ‘സേവ’യുടെ കടകളിലൂടെ വിറ്റു. പ്രധാനമന്ത്രി വിധവകളെയും അനാഥരായ ഇരകളെയും പുനരധിവസിപ്പിക്കാനുള്ള ചുമതല ‘സേവ’ യെ ഏല്‍പ്പിച്ചു. നൂല്‍ക്ഷാമം നേരിടാന്‍ ‘സേവ’ ഒരു കമ്മറ്റിയുണ്ടാക്കി നിര്‍മാതാക്കളില്‍നിന്നു നേരിട്ടു നൂല്‍ വാങ്ങാന്‍ ശ്രമിച്ചു. കുറെപ്പേരെ തയ്യല്‍മെഷീന്‍ അറ്റകുറ്റപ്പണികളും പരിശീലിപ്പിച്ചു. വര്‍ഗീയലഹളക്കിരയായ 92 വിധവകളെ ദേശീയ ഫാഷന്‍സാങ്കേതികവിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാഷന്‍വസ്ത്രങ്ങള്‍ തയ്്ക്കാന്‍ പരിശീലിപ്പിച്ചു. ‘ കഴിവുകള്‍ വികസിപ്പിക്കാനുള്ള സാധ്യതകള്‍ ഇപ്പോഴും സ്ത്രീകളെ ആവേശം കൊള്ളിക്കുന്നു എന്ന് ഇള.

തെരുവുകച്ചവടക്കാരികളെക്കുറിച്ചാണു നാലാമധ്യായം. അവരെക്കുറിച്ചുള്ള ഒരു ഭാഗം ഇങ്ങനെയാണ്: ”മനേക് ചൗക്കിലെ പാതയോരത്ത് ഇപ്പോള്‍ 313 സ്ത്രീകള്‍ പച്ചക്കറി വില്‍ക്കുന്നുണ്ട്. പലരും തങ്ങളുടെ അമ്മമാരെയും ഭര്‍തൃമാതാക്കളെയുംപോലെ തലമുറകളായി അവിടെയുള്ളവരാണ്. മിക്കവരും ലക്ഷ്മീ ബെന്‍ ടീറ്റയെപ്പോലെ വാഘാരി സമുദായത്തില്‍പ്പെട്ടവര്‍. നഗരം അവര്‍ക്കു ചുറ്റും കൂടുതല്‍ കടകളായും കൂടുതല്‍ ഗതാഗതമായും കൂടുതല്‍ കെട്ടിടങ്ങളായും കൂടുതല്‍ ആളുകളായും വികസിച്ചിട്ടുണ്ട്. പക്ഷേ, ഈ സാമ്പത്തികവികാസംകൊണ്ടു പച്ചക്കറിവില്‍പ്പനക്കാര്‍ക്കു കാര്യമായ നേട്ടമില്ല. അവരെ പ്രാന്തങ്ങളിലേക്കു തള്ളാനോ മാറ്റാനോ മാത്രമേ അത് ഉപകരിച്ചിട്ടുള്ളൂ. യന്ത്രവാഹനങ്ങള്‍ വരുംമുമ്പേ ഇവിടെയുള്ള തെരുവുകച്ചവടക്കാരാണു ചന്തയെ രൂപപ്പെടുത്തുന്നതെങ്കിലും നഗരസഭ അത് അംഗീകരിച്ചിട്ടില്ല. ചന്തയില്‍ ഇടം നല്‍കാനാവാത്തവിധം പരമദരിദ്രരും കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ചവരും അതീവപിന്നോക്കവുമായവരുടെ അനിയന്ത്രിതമായ ഒരു സംഘമായാണ് അതു തെരുവുകച്ചവടക്കാരെ കാണുന്നത്. നഗരാസൂത്രകരെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു വിഭാഗം നിലനില്‍ക്കുന്നേയില്ല. അവരെ ഗതാഗതതടസ്സമായാണു പൊലീസ് കാണുന്നത്. നഗരസഭയെ സംബന്ധിച്ചിടത്തോളം തൊഴിലിടത്തില്‍ നിയമപരമായി അവകാശമില്ലാത്തതിനാല്‍ അവര്‍ അതിക്രമിച്ചുകടന്നവരാണ്.”

തെരുവുകച്ചവടക്കാര്‍ക്ക്
സേവ ബാങ്ക് വായ്പ

ലക്ഷ്മീ ബെന്‍ ടീറ്റയാണു തെരുവുകച്ചവടക്കാരുടെ പ്രശ്‌നം ‘സേവ’യെ അറിയിച്ചത്. പൊലീസ് പിടിച്ചെടുക്കുന്ന സാധനങ്ങള്‍ തിരിച്ചുകൊടുപ്പിക്കുകയാണു ‘സേവ’ ആദ്യം ചെയ്തത്. തെരുവുകച്ചവടക്കാരികള്‍ നല്ല അധ്വാനികളും കച്ചവടമിടുക്കുള്ളവരും സ്ഥിരം ഉപഭോക്താക്കളുള്ളവരുമായിരുന്നു. മൂലധനമില്ലാത്തതായിരുന്നു പ്രശ്‌നം. ‘സേവാ’ ബാങ്ക് അവര്‍ക്കു വായ്പ നല്‍കി. ‘സേവാ’ യൂണിയന്‍ സംഘടനാശക്തിയും. 1977 ആഗസ്റ്റ് 15 ന് അവര്‍ പൊലീസ്അതിക്രമത്തിനെതിരെ പ്രകടനം നടത്തി. 1988 ജനുവരിയില്‍ ഒരു സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവിന്റെ മറവില്‍ പൊലീസ് തെരുവുകച്ചവടക്കാരെ ഒഴിപ്പിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തങ്ങളുടെ കച്ചവടസ്ഥലങ്ങള്‍ തിരിച്ചുപിടിക്കാന്‍ അവര്‍ തീരുമാനിച്ചു. പക്ഷേ. ടി.എല്‍.എ. ഇതിനെ എതിര്‍ത്തു. എങ്കിലും, ഇളയുടെ നേതൃത്വത്തില്‍ ‘സേവാ’ പ്രവര്‍ത്തകരും കച്ചവടക്കാരികളും വില്‍പ്പനസാമഗ്രികള്‍ നിരത്തി. പൊലീസുകാര്‍ പിന്‍വാങ്ങി. ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസ് ഇല്ലാതെവരുമ്പോള്‍ ഗതാഗതക്കുരുക്കു രൂക്ഷമായി പ്രശ്‌നങ്ങളുണ്ടാകട്ടെ എന്നു കരുതിയാണ് അവര്‍ സ്ഥലംവിട്ടത്. എന്നാല്‍, ‘സേവാ’ പ്രവര്‍ത്തകര്‍ ഗതാഗതം നിയന്ത്രിച്ചു. നല്ല കച്ചവടവും കിട്ടി. ആറേഴുദിവസം അങ്ങനെ പോയി. അക്കാലത്താണു തങ്ങള്‍ക്ക് ഏറ്റവും വരുമാനമുണ്ടായതെന്ന് കച്ചവടക്കാരികള്‍ ഇളയോടു പറഞ്ഞു. കാരണം, പൊലീസ് വരാതിരുന്നതിനാല്‍ അവര്‍ക്കു കൈക്കൂലി കൊടുക്കേണ്ടിവന്നില്ല. ആ കാശ് ലാഭമായി. പൊലീസുകാര്‍ക്കു മാത്രമല്ല ഗുണ്ടകള്‍ക്കും നഗരസഭാഉദ്യോഗസ്ഥര്‍ക്കുമൊക്കെ വിഹിതം നല്‍കണമായിരുന്നു. തെരുവില്‍ കച്ചവടം ചെയ്യാനുള്ള അവകാശം നിയമപരമായി കിട്ടാന്‍ അവര്‍ മുഖ്യമന്ത്രിയുടെ അടുക്കല്‍വരെ പോയി. മുഖ്യമന്ത്രി ബാബുഭായ് പട്ടേല്‍ അവരെ വഴക്കുപറയുകയാണു ചെയ്തത്. അദ്ദേഹത്തോടും മറ്റു മന്ത്രിമാരോടും ഇളയും ലക്ഷ്മീ ബെന്നും ചര്‍ച്ച നടത്തി. ഒടുവില്‍, ‘സേവ’യുടെ ഐഡന്റിറ്റികാര്‍ഡ് ഉള്ളവര്‍ക്കു കച്ചവടം നടത്താം എന്നു ധാരണയായി. പൊലീസിന്റെ ശല്യപ്പെടുത്തലും കുറഞ്ഞു. ആ സര്‍ക്കാര്‍ വീഴുംവരെ ‘സേവ’ യുടെ ഐഡന്റിറ്റി കാര്‍ഡുള്ളവര്‍ക്കു പ്രശ്‌നമുണ്ടായില്ല.

 

1981 ല്‍ മെഡിക്കല്‍ സ്‌കൂളിലെ പട്ടികജാതി-വര്‍ഗ സംവരണത്തെത്തുടര്‍ന്നു നാടെങ്ങും പ്രശ്‌നങ്ങളുണ്ടായി. ‘സേവ’യും ടി.എല്‍.എ.യും തമ്മിലുള്ള ബന്ധവും വഷളായി. ആയിടെ സുപ്രീംകോടതിജഡ്ജിയും സൗജന്യ നിയമസഹായസമിതിയുടെ അധ്യക്ഷനുമായിരുന്ന ജസ്റ്റിസ് പി.എന്‍. ഭഗവതി ഇള ഭട്ടിനെ ഒരു സെമിനാറിനു ക്ഷണിച്ചു. നിയമങ്ങള്‍ ദരിദ്രവിരുദ്ധമാണെന്നു കുറ്റപ്പെടുത്തി തെരുവുകച്ചവടക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തെളിവുസഹിതം വിവരിച്ച് മറുപടിയായി ഇള ഒരു കത്തയച്ചു. ജസ്റ്റിസ് ഭഗവതി അതു പൊതുതാല്‍പ്പര്യഹര്‍ജിയായി പരിഗണിച്ചു. ഇന്ദിരാ ജയ്‌സിങ്ങാണു ‘സേവ’യ്ക്കുവേണ്ടി ഹാജരായത്. തെരുവുകച്ചവടക്കാരികള്‍ക്കെതിരായ പ്രോസിക്യൂഷന്‍നടപടികള്‍ കോടതി സ്‌റ്റേ ചെയ്യുകയും അവരെ ഉള്‍ക്കൊള്ളുന്നവിധം ശാശ്വതപരിഹാരം കണ്ടെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. ശാശ്വതപരിഹാരമൊന്നും ഉണ്ടായില്ല. 1986 ല്‍ രാഷ്ട്രപതി ഇളയെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. 1988 ആഗസ്റ്റ് അഞ്ചിന് ഇള തെരുവുകച്ചവടക്കാരുടെ പ്രശ്‌നം രാജ്യസഭയില്‍ പ്രമേയമായി ഉന്നയിച്ചു. പാര്‍ലമെന്റ് ചരിത്രത്തിലാദ്യമായി തെരുവുകച്ചവടക്കാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്തു. തെരുവുകച്ചവടം സംബന്ധിച്ചു ദേശീയനയം രൂപവത്കരിക്കണമെന്ന ഇളയുടെ ആവശ്യം സഭ ഏകകണ്ഠം അംഗീകരിച്ചു. പക്ഷേ, നയമൊന്നും വന്നില്ല. എങ്കിലും, ഉപദ്രവിക്കല്‍ കുറഞ്ഞു.

പില്‍ക്കാലത്ത് അഹമ്മദാബാദില്‍മാത്രം ‘സേവ’യുടെ അംഗത്വം 41,000 ആയി. 2001 ല്‍ ‘സേവ’ ഒരു സര്‍വേയില്‍ കണ്ടെത്തിയത് അഹമ്മദാബാദില്‍ 140 കമ്പോളങ്ങളില്‍ 100 ഇനം കച്ചവടങ്ങളിലായി 80,000 തെരുവുകച്ചവടക്കാരുണ്ടെന്നാണ്. ഔപചാരികസമ്പദ്‌വ്യവസ്ഥയിലെ തൊഴിലില്ലായ്മയാണ് ഇവരുടെ എണ്ണം കൂട്ടുന്നത്. 1995 ജൂണില്‍ റോക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെ സഹായത്തോടെ ‘സേവ’ ഇറ്റലിയിലെ ബെല്ലാജിയോയില്‍ തെരുവുകച്ചവടക്കാരുടെ ലൈസന്‍സ്പ്രശ്‌നത്തില്‍ അന്താരാഷ്ട്ര ശില്‍പ്പശാല നടത്തി. സമ്മേളനം തെരുവുകച്ചവടക്കാരുടെ അവകാശങ്ങള്‍ പ്രഖ്യാപിച്ചു (ആലഹഹമഴശീ കിലേൃിമശേീിമഹ ഉലരഹമൃമശേീി ീള ടൃേലല േഢലിറീൃ)െ. 2022 നവംബറില്‍ ഡര്‍ബനില്‍ സ്ട്രീറ്റ്‌നെറ്റ് ഇന്റര്‍നാഷണല്‍ (ടൃേലല േചല േകിലേൃിമശേീിമഹ) രൂപവത്കരിച്ചു. 1996 ല്‍ ‘സേവ’ സന്നദ്ധസംഘടനകളുടെയും തൊഴിലാളിയൂണിയനുകളുടെയും സഹായത്തോടെ ഇന്ത്യയിലെ 14 പ്രമുഖനഗരങ്ങളിലെ തെരുവുകച്ചവടക്കാരുടെ സര്‍വേ നടത്തി. തുടര്‍ന്നു പാറ്റ്‌ന കേന്ദ്രമാക്കി ഇന്ത്യയിലെ തെരുവുകച്ചവടക്കാരുടെ ദേശീയസഖ്യം (ചമശേീിമഹ അഹഹശമിരല ീള ടൃേലല േഢലിറീൃ,െ കിറശമ ചഅടഢക) രൂപവത്കരിച്ചു. സഖ്യം കേന്ദ്രനഗരവികസന മന്ത്രാലയത്തിന്റെ സഹായത്തോടെ തെരുവുകച്ചവടക്കാര്‍ക്കായി ദേശീയനയം രൂപവത്കരിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച നടത്തി. 30 നഗരങ്ങളിലെ തെരുവുകച്ചവടക്കാരുടെ സംഘടനകള്‍ പങ്കെടുത്തു. അവര്‍ നയത്തിന്റെ കരടു തയാറാക്കാന്‍ ഒരു ടാസ്‌ക്‌ഫോഴ്‌സ് രൂപവത്കരിച്ചതുവരെയുള്ള കാര്യമാണ് ഈ അധ്യായത്തിലുള്ളത്.

‘സേവാ’ ബാങ്കിന്റെ ചരിത്രമാണ് അഞ്ചാമധ്യായം. സ്വയംതൊഴില്‍ കണ്ടെത്തിയ മിക്ക സ്ത്രീകള്‍ക്കും കൊള്ളപ്പലിശക്കാരെ ആശ്രയിക്കാതെ നിവൃത്തിയില്ലായിരുന്നു. നിരക്ഷരരും ദരിദ്രരും മേല്‍വിലാസമില്ലാത്തവരുമായ അവരോടു ദേശസാത്കൃത ബാങ്കുകളിലെ ഉദ്യോഗസ്ഥരും മയത്തോടെയല്ല പെരുമാറിയത്. പണിക്കിടെ ബാങ്കില്‍ പോകാന്‍ അവര്‍ക്കു പറ്റുകയുമില്ലായിരുന്നു. അങ്ങനെയിരിക്കെ, തെരുവുകച്ചവടക്കാരിയായ ചന്ദാബെന്‍ ആണ് ‘സേവാ’ ബാങ്കിനുള്ള നിര്‍ദേശംവച്ചത്. അതെപ്പറ്റി ഇളയുടെ വാക്കുകള്‍: ” 1973 ഡിസംബറില്‍ നാരങ്ങാട്ടിലെ ഒരു ‘സേവാ’യോഗത്തില്‍, പൂരിബസാറില്‍ സെക്കന്റ്ഹാന്റ് ഉടുപ്പുകള്‍ വിറ്റിരുന്ന ചന്ദാ ബെന്‍ എന്നോടു ചോദിച്ചു: ‘എന്തുകൊണ്ടു നമുക്കു സ്വന്തം ബാങ്കു തുടങ്ങിക്കൂടാ?’ ‘നമുക്കു പണമില്ലാത്തതുകൊണ്ട്’- ഞാന്‍ ക്ഷമയോടെ മറുപടി പറഞ്ഞു. ‘ബാങ്കു തുടങ്ങാന്‍ വളരെ വലിയ മൂലധനം വേണം.’ ‘നമ്മള്‍ ദരിദ്രരായിരിക്കാം. എങ്കിലും, നമ്മള്‍ ധാരാളം പേരില്ലേ?’ ചന്ദാ ബെന്‍ പ്രതിവചിച്ചു. ഞാന്‍ സ്തബ്ധയായി. പര്‍വതങ്ങളെ പ്രകമ്പനംകൊള്ളിക്കാനും നമുക്കാവും എന്നതരത്തില്‍ ഞങ്ങളുടെ സംഘത്തിന്റെ കഴിവില്‍ അവര്‍ക്ക് അത്രയ്ക്കു വിശ്വാസമുണ്ടായിരുന്നു. ചന്ദാ ബെന്നിന്റെ വാക്കുകള്‍കേട്ടു യോഗത്തില്‍ എല്ലാവരും ചിന്തിച്ചു, എന്തുകൊണ്ടു പാടില്ല? നമുക്കു നമ്മുടെ ബാങ്ക് വേണം. ഞങ്ങള്‍ എത്ര ഉറക്കെ സ്വപ്‌നം കണ്ടുവോ അത്രയേറെ ആ ആശയം യാഥാര്‍ഥ്യമായിത്തോന്നി.”

ബാങ്ക് എന്ന
ആശയം മറന്നേക്കൂ

തുടര്‍ന്നു സര്‍വേ നടത്തി. ഓരോ തൊഴിലാളിസ്ത്രീയും ശരാശരി 700 രൂപ കടത്തിലാണെന്നു കണ്ടെത്തി. എങ്കിലും, സാമ്പത്തികമായി സജീവമാണ്. കുടുംബത്തിന്റെ നിലനില്‍പ്പിന് അവരുടെ വരുമാനം പ്രധാനവുമാണ്. 1974 ല്‍ ബാങ്കിനു ശ്രമം തുടങ്ങി. ഒരു ഓഹരിക്കു 10 രൂപയായിരുന്നു വില. ആറു മാസംകൊണ്ട് 71,320 രൂപയുടെ പ്രാഥമികമൂലധനമുണ്ടാക്കി. 6287 അംഗങ്ങള്‍. 1974 മെയ് 20ന് ശ്രീ മഹിളാസേവാ സഹകാരിബാങ്ക് ലിമിറ്റഡ് (ടവൃശ ങമവശഹമ ടഋണഅ ടമവമസമൃശ ആമിസ ഘറേ) എന്ന ‘സേവാ’ വനിതാബാങ്ക് സ്ഥാപിതമായി. ദരിദ്രരും നിരക്ഷരരും പല തൊഴിലുമായിക്കഴിയുന്ന താഴേക്കിടയിലുള്ളവരുമാണെന്നു പറഞ്ഞു സഹകരണരജിസ്ട്രാര്‍ രജിസ്‌ട്രേഷന്‍ നല്‍കാന്‍ വിസമ്മതിച്ചു. അദ്ദേഹം ഇളയോടു പറഞ്ഞു: ”ഇളാബെന്‍, ഈ ബാങ്ക് എന്ന ആശയം മറക്കണമെന്നു ഞാന്‍ പറഞ്ഞാല്‍ എന്നെ നിങ്ങളുടെ മൂത്ത സഹോദരനായി കരുതി വിശ്വസിക്കണം. ഈ പാവപ്പെട്ട സ്ത്രീകള്‍ ഒരിക്കലും വായ്പ തിരിച്ചടക്കില്ല. ഒടുക്കം നിങ്ങള്‍ക്ക് ആത്മഹത്യയെപ്പറ്റി ചിന്തിക്കേണ്ടിവരും. ഇത്തരം ആശയങ്ങളൊക്കെ തലയില്‍നിന്നു കളയൂ.”എന്നാല്‍, ഇളയ്ക്ക് അവരെ വിശ്വാസമായിരുന്നു. അവര്‍ ഓഹരിമൂലധനം സമാഹരിച്ചില്ലേ? നിരക്ഷരരാണെന്ന പ്രശ്‌നത്തിനു പരിഹാരമായി ഇള ഓരോരുത്തരെയും ഒപ്പിടാന്‍ പഠിപ്പിച്ചു. പേരു വായിക്കാന്‍ കഴിയാത്തതിനാല്‍ ഓരോ പാസ്ബുക്കിലും അംഗത്തിന്റെ ഫോട്ടോ പതിച്ചു. അതുകൊണ്ടു ‘സേവാ’ ബാങ്കിന് അന്നു ഫോട്ടോബാങ്ക് എന്ന ഇരട്ടപ്പേരുണ്ടായിരുന്നു. ഒരു സബ്‌സിഡിയുമില്ലാതെ അവര്‍ ബാങ്ക് ലാഭത്തിലെത്തിച്ചു. പേരുകൊണ്ടുമാത്രമല്ല ചൈതന്യംകൊണ്ടും അതൊരു സഹകരണബാങ്കാണെന്ന് ഇള എഴുതുന്നു. ( തുടരും )

 

 

Leave a Reply

Your email address will not be published.

Latest News